വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ ഫെയ്സ്ബുക്കിൽ വീഡിയോ ഇട്ടതിന് അറസ്റ്റ് ചെയ്ത അഗളി സ്വദേശിയെ ട്രോളി കേരള പൊലീസ്. അഗളി കള്ളമല സ്വദേശി ശ്രീജിത്ത് രവീന്ദ്രൻെറ വിദ്വേഷപരമായ വീഡിയോയും ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ദൃശ്യവും ചേർത്താണ് ട്രോൾ വീഡിയോ. വർഗീയ ചേരിതിരിവ് പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസിൻെറ സോഷ്യൽ മീഡിയ സെന്ററാണ് ഫെയ്സ്ബുക്കിൽ ട്രോൾ പോസ്റ്റ് ചെയ്തത്.
മോഹൻലാൽ അഭിനയിച്ച ‘‘നിന്നിഷ്ടം എന്നിഷ്ടം’’ എന്ന സിനിമയിലെ ‘മോഹഭംഗ മനസ്സിലേ…’ എന്ന ഗാനമാണ് ട്രോൾ വീഡിയോയുടെ പശ്ചാത്തലത്തിൽ ചേർത്തിരിക്കുന്നത്. ഡൽഹിയിലെ സംഘപരിവാർ അക്രമത്തെ അനുകൂലിച്ചും കലാപത്തിന് ആഹ്വാനം ചെയ്തുമായിരുന്നു ശ്രീജിത്ത് രവീന്ദ്രെൻറ എഫ്.ബി പോസ്റ്റ്. അഗളി പൊലീസ് രാവിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത ഇയാളെ വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറത്തും അഗളി പൊലീസ് സ്റ്റേഷനിലുമായി എട്ടോളം പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയും ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളുമാണ് പരാതി നൽകിയത്. മതസ്പർദ്ധ വളർത്തൽ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇയാളെ ഉച്ചക്ക് ശേഷം മണ്ണാർകാട് മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കും.
സ്വന്തമായി സംസാരിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഇയാൾ വിദ്വേഷ പരാമർശം നടത്തിയത്. മോശമായ പദപ്രയോഗങ്ങളും നടത്തിയിരുന്നു.