കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ട ഒരു സ്നാക്കാണ് പൊട്ടറ്റോ ചിപ്സ്. വായിലിട്ടാൽ കറുമുറെ കറുമുറെ അലിയുന്ന ഈ രസികൻ ചിപ്സ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമ്മൾ പലതവണ കേട്ടിട്ടുണ്ട്. അതിലടങ്ങിയിരിക്കുന്ന കലോറിയുടെ കണക്കും കേട് വരാതിരിക്കാൻ ചേർക്കുന്ന ചേരുവകളും അറിഞ്ഞ ശേഷം പൊട്ടറ്റോ ചിപ്സുമായുള്ള ചങ്ങാത്തം വേണ്ടെന്ന് വെച്ചവർ പോലും കടകളിലെ ചില്ലലമാരകളിൽ പല വർണങ്ങളിൽ ഇരുന്ന് അവർ പല്ലിളിച്ച് കാട്ടുമ്പോൾ അറിയാതെ ഒരു കവർ വാങ്ങിപ്പോകും. ഒരിക്കൽ കഴിച്ചാൽ പറയേണ്ടതില്ലല്ലോ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുകയും ചെയ്യും. ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കുന്ന ഈ പലഹാര സാധനത്തിൽ ചേർക്കുന്ന അഡിറ്റീവ്സ് നമുക്ക് ചിന്തിക്കാൻ സാധിക്കുന്നതിനപ്പുറം ദൂഷ്യങ്ങളാണ് ശരീരത്തിലുണ്ടാക്കുകയെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ആകർഷകമായ നിറവും രുചിയും രൂപവും നിലനിർത്തുന്നതിന് കടകളിൽ ലഭ്യമായ പൊട്ടറ്റോ ചിപ്സ് പാക്കറ്റുകളിൽ ചെറിയ തോതിൽ സോഡിയം ബൈസൾഫേറ്റ് എന്ന രാസവസ്തു ചേർക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ടോയിലെറ്റ് ക്ലീനറുകളിൽ സർവ്വസാധാരണമായി കാണപ്പെടുന്ന രാസവസ്തുവാണ് സോഡിയം ബൈസൾഫേറ്റ്. പൊട്ടറ്റോ ചിപ്സ് പാക്കറ്റുകളിൽ ഇവ വളരെ ചെറിയ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളുവെങ്കിലും വൈറ്റമിൻ ബി12-ഉം സോഡിയം ബൈസൾഫേറ്റും തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന ഉത്പന്നം മരണകാരണം വരെ ആയേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ചില ഉരുളക്കിഴങ്ങ് ഇനങ്ങളിൽ വൈറ്റമിൻ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോൾ കടകളിൽ നിന്ന് പൊട്ടറ്റോ ചിപ്സ് വാങ്ങുന്ന ശീലം നിർത്തുന്നത് തന്നെയാണ് നല്ലത്.
ഇനിയിപ്പോൾ പൊട്ടറ്റോ ചിപ്സ് കഴിക്കുന്ന ശീലം ഉപേക്ഷിക്കാനേ കഴിയുന്നില്ലെങ്കിൽ കടയിൽ ലഭിക്കുന്നതിനേക്കാൾ രുചികരമായി നമുക്കിത് വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളു. ഉരുളക്കിഴങ്ങ് കഴുകി തൊലി കളഞ്ഞ് കനം കുറഞ്ഞ, വട്ടത്തിലുള്ള കഷ്ണങ്ങളാക്കുക. ഒരു വലിയ പാത്രത്തിൽ ചെറുചൂടുവെള്ളമെടുത്ത് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ രണ്ട് തവണ കഴുകിയെടുക്കുക. ശേഷം കഷ്ണങ്ങൾ വെള്ളത്തിൽ നിന്നും ഊറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് ഉപ്പും നിങ്ങളുടെ ഇഷ്ടാനുസരണം എരിവോ പുളിയോ ലഭിക്കുന്നതിനുള്ള മസാലകളും ചേർത്ത് ഒരു തുറന്ന പാത്രത്തിൽ വെയിലത്ത് ഉണക്കിയെടുക്കുക. ഇവ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിച്ചാൽ ഏറെക്കാലം കേട് കൂടാതെയിരിക്കും. പിന്നീട് ആവശ്യാനുസരണം എടുത്ത് ചെറുതീയിൽ എണ്ണയിൽ വറുത്തുകോരാം. കടകളിൽ കിട്ടുന്ന പൊട്ടറ്റോ ചിപ്സിനേക്കാൾ രുചികരമാണെന്ന് മാത്രമല്ല ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന ഒന്നും ഇവയിൽ ചേരുന്നില്ലെന്നതും ഹോംമെയ്ഡ് പൊട്ടറ്റോ ചിപ്സിന്റെ മേന്മയാണ്.