ഡല്‍ഹിയില്‍ പ്രശസ്ത ഗൈനക്കോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. അരുണ്‍ ഗാദ്രയ്ക്കു നേരെ കൈയേറ്റശ്രമം. ഒരു സംഘമാളുകള്‍ അദ്ദേഹത്തെ തടഞ്ഞുവെയ്ക്കുകയും മതം ചോദിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബിജ്‌നോറില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഡോ. ഗാദ്രെ. അതിനിടെ ഡല്‍ഹിയിലെത്തിയ അദ്ദേഹത്തെ കൊണാട്ട് പ്ലേസിന് സമീപത്തെ ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ചാണ് രാവിലെ ആറുമണിയോടെ ആറോളം പേരടങ്ങുന്ന സംഘം തടഞ്ഞതും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്. ആദ്യം ഡോക്ടറുടെ മതം അന്വേഷിച്ച സംഘം, ജയ് ശ്രീറാം വിളിയ്ക്കാന്‍ ആവശ്യപ്പെട്ടു. ഭീഷണിയെ തുടര്‍ന്ന് പതിയെ ജയ് ശ്രീറാം വിളിച്ചെങ്കിലും ഉച്ചത്തില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അനന്ത് ബഗായിത്കറോടാണ് ഡോ. ഗാദ്രെ സംഭവം വെളിപ്പെടുത്തിയത്.
സംഭവത്തെ തുടര്‍ന്ന് ഡോ. ഗാദ്രെ കടുത്ത മാനസിക വിഷമത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത കാലത്ത് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ആരോഗ്യമേഖലയില്‍ പ്രശസ്തനാണ് ഡോ.അരുണ്‍ ഗാദ്രെ. സ്വകാര്യ ആരോഗ്യമേഖലയില്‍ രോഗികളുടെ അവകാശത്തിനായി പോരാടിയ ഡോ. പ്രകാശ് ആംതെയോടൊപ്പം ദീര്‍ഘകാലം ജോലി ചെയ്തിട്ടുണ്ട്. നിരവധി പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ് ഡോ. ഗാദ്രെ. വര്‍ഷങ്ങളായി മഹാരാഷ്ട്രയിലെ വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന ഗാദ്രെയുടെ ഭാര്യ ഡോ. ജ്യോത്സ്‌ന ഗാദ്രെയും പ്രശസ്തയാണ്.