നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് ചുരുക്കിക്കാണിച്ചു ; ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിനെതിരേ തെളിവുകള്‍ പുറത്ത്

ഏഷ്യാനെറ്റ്, റിപ്പബ്ലിക്ക് ടിവി ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭാ നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. നാമനിര്‍ദേശ പത്രികയില്‍ സ്വത്തു ചുരുക്കിക്കാണിച്ചതിനുള്ള തെളിവുകളുമായി നാഷണല്‍ ഹെറാള്‍ഡ് ആണ് രംഗത്തെത്തിയിരിക്കുന്നത്. 35 കോടി രൂപയുടെ ആസ്തിയും 88 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ടന്നായിരുന്ന രാജീവ് ചന്ദ്രശേഖര്‍ പത്രികയില്‍ വ്യക്തമാക്കിയിരുന്നത്. വെക്ട്രാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ 99.97 ശതമാനം ഓഹരികളും ജൂപിറ്റര്‍ ഗ്ലോബല്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 50.75 ശതമാനം ഓഹരികളും മിന്‍സ്‌ക് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 62.83 ഓഹരികളും ഗാര്‍ഡന്‍സിറ്റി പ്ലാന്റേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 88.05 ശതമാനം ഓഹരികളും തന്റെ പേരിലുണ്ടെന്നും എംപി  വ്യക്തമാക്കിയിരുന്നു.

അതേസമയം, പ്രധാന കമ്പനിയായ ജൂപ്പിറ്റര്‍ കാപ്പിറ്റലിന്റെ ഡയറക്ടറാണെന്നുള്ള കാര്യം രാജീവ് ചന്ദ്രശേഖര്‍ പത്രികയില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇതിന്റെ സബ്‌സിഡിയറി കമ്പനിയാണ് ജൂപിറ്റര്‍ ഗ്ലോബല്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമറ്റഡ്. ചന്ദ്രശേഖറിന്റെ സ്വന്തം വെബ്‌സൈറ്റില്‍ പറയുന്നതനുസരിച്ച് 640 കോടി രൂപ നിക്ഷേപത്തിലാണ് ജൂപിറ്റര്‍ കാപിറ്റല്‍ കമ്പനി ആരംഭിച്ചത്. ഈ കമ്പനിയില്‍ നിലവില്‍ 6455 കോടി രൂപയുടെ നിക്ഷേപവും ആസ്തിക്കുമൊപ്പം 30 കമ്പനികള്‍ കൂടി ജൂപിറ്റര്‍ കാപിറ്റലിന്റെ ഉടമസ്ഥതയിലുണ്ടെന്നും നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോര്‍പ്പറേറ്റ് അഫേഴ്‌സ് മന്ത്രാലയം വ്യക്തമാക്കുന്നതനുസരിച്ച് 2005 ഓഗസ്റ്റ് 23 മുതല്‍ ജൂപിറ്റര്‍ കാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് രാജീവ് ചന്ദ്രശേഖര്‍.

ഇലക്ഷന്‍ കമ്മീഷന്‍ നിയമത്തിലെ 26ാം ചട്ടമനുസരിച്ച് മത്സരാര്‍ത്ഥികള്‍ തന്റെ പേരിലുള്ളതും ജീവിത പങ്കാളിയുടെ പേരിലുള്ളതും ആശ്രിതരുടെ പേരിലുള്ളതുമായ ആസ്തികളും ബാധ്യതയും വ്യക്തമാക്കണമെന്നും ക്രിമിനല്‍ പശ്ചാതലം വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കണമെന്നും വ്യക്തമാക്കുന്നു. ഇതില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ തെരഞ്ഞെടുപ്പ് ചട്ട വിരുദ്ധമായി കണക്കാക്കുന്നതാണ്.