മുത്തലാഖ് - ശബരിമല ബില്ലുകള്‍ അവതരിപ്പിച്ചു: മുത്തലാഖ് നിരോധന ബില്‍ ഭരണഘടനാവിരുദ്ധമെന്ന് പ്രതിപക്ഷം

മുത്തലാഖ് നിരോധന ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു. മുസ്ലിം സ്ത്രീകളെ ശാക്തീകരിക്കാനും അവരുടെ സംരക്ഷണത്തിനുമായാണ് നിയമം കൊണ്ടു വരുന്നതെന്ന് ബില്‍ അവതരിപ്പിച്ച നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അതേസമയം, സര്‍ക്കാറിന്റെ നീക്കത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നതായും മുസ്ലിം സ്ത്രീകള്‍ക്ക് ഉന്നമനമുണ്ടാക്കുന്നതല്ല ഈ ബില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ശശി തരൂര്‍ എം.പിയും പറഞ്ഞു.

ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യ ഉപേക്ഷിക്കുന്ന പുരുഷന് ഒരു വര്‍ഷത്തെ തടവുശിക്ഷയാണ്. മുസ്ലിം പുരുഷന് മാത്രം കടുത്ത ശിക്ഷ എന്തിന് നല്‍കണമെന്നാണ് കോണ്‍ഗ്രസ് ചോദിച്ചത്. മാത്രമല്ല, ഈ ബില്ല് കൊണ്ട് മുസ്ലിം സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകുന്നില്ലെന്നും കോണ്‍ഗ്രസ് വാദിച്ചു. ബില്ലിലെ വ്യവസ്ഥകള്‍ പുതുക്കി അവതരിപ്പിക്കണമെന്നും നിലവിലെ വ്യവസ്ഥകള്‍, ഒരു മതവിഭാഗത്തെ പ്രകോപിപ്പിക്കാന്‍ മാത്രം ഉതകുന്നതാണെന്നും ശശി തരൂര്‍ ആരോപിച്ചു.

ബില്ലിനെ പരിഹസിച്ച എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി, ഭാര്യയെ തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്താല്‍, എങ്ങനെ ഭര്‍ത്താവ് ഭാര്യക്ക് ചെലവിന് കൊടുക്കും എന്നു ചോദിച്ചു. ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഒവൈസി ആരോപിച്ചു. എസ്.പി നേതാവ് അസം ഖാനാകട്ടെ, തലാഖ് പോലുള്ളവയ്ക്ക് ഖുറാനില്‍ കൃത്യമായ വ്യവസ്ഥകളുണ്ടെന്നും അതു പാലിച്ച് മാത്രമേ മുന്നോട്ടു പോകാനാകൂ എന്നും വ്യക്തമാക്കി. തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷ ബഹളമായി.

മുത്തലാഖ് ബില്ലിനെച്ചൊല്ലി ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ വലിയ വാക്‌പോരാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയ ശേഷം എന്‍.ഡി.എ സര്‍ക്കാര്‍ ആദ്യമായി അവതരിപ്പിക്കുന്ന ബില്ലാണിത്. പതിനേഴാം നിയമസഭ പരിഗണിക്കുന്ന ആദ്യത്തെ ബില്ല്. നേരത്തെ ലോക്‌സഭ പാസ്സാക്കിയ ബില്ല് പിന്നീട് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചതോടെ ബില്ല് ലാപ്‌സായി.

Read more

ശബരിമലയില്‍ യുവതീപ്രവേശനം തടയാനുള്ള ബില്‍ എന്‍.കെ പ്രേമചന്ദ്രനാണ് അവതരിപ്പിച്ചത്. നേരത്തെ ശബരിമല യുവതീപ്രവേശന വിഷയം ലോക്‌സഭയില്‍ ബി.ജെ.പി, എം.പി മീനാക്ഷി ലേഖി ഉന്നയിച്ചിരുന്നു. ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് യുവതീപ്രവേശം തടയാന്‍ ശബരിമലയില്‍ നിയമനിര്‍മ്മാണം വേണമെന്ന് മിനാക്ഷി ലേഖി അഭിപ്രായപ്പെട്ടത്. ആചാരസംരക്ഷണത്തിന് ഭരണഘടനാ പരിരക്ഷ വേണം. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ വേണമെന്നും ലേഖി പറഞ്ഞു.