ഹൈദരാബാദിലെ യുവ ഡോക്ടരെ ബലാത്സംഗം ചെയ്ത പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലചെയ്ത സംഭവത്തില്‍ തെലങ്കാന പൊലീസിനെ അനുകൂലിച്ച് ബാഡ്മിന്റണ്‍ താരം സൈന നേവാള്‍.
മഹത്തായ കാര്യമാണ് ഹൈദരാബാദ് പോലീസ് ചെയ്തതെന്നു പറഞ്ഞ സൈന, ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പോലീസ് നടപടിയോട് ചോദ്യങ്ങളുമായാണ് മറ്റൊരു ബാഡ്മിന്റണ്‍ താരമായ ജ്വാല ഗുട്ട പ്രതികരിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള പൊലീസ് നടപടികളിലൂടെ ഭാവിയില്‍ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ നടക്കില്ലെന്ന് ഉറപ്പു വരുത്താനാവുമോ എന്ന് ജ്വാല ഗുട്ട ചോദിക്കുന്നു. സാമൂഹിക സ്വാധീനം കണക്കിലെടുക്കാതെ ബലാത്സംഗത്തിലേര്‍പ്പെടുന്ന എല്ലാവര്‍ക്കും ഇതേ രീതിയിലാവുമോ ശിക്ഷ? എന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം പോലീസ് നടപടിയെ അനൂകൂലിച്ചും വിമര്‍ശിച്ചും വിവിധ കോണുകളില്‍ നിന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്. പോലീസ് നടപടി രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
നവംബര്‍ 28-നാണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്.
Read more
ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പ്രതികളുടെ മൃതദേഹം ഷാദ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.