സോഷ്യല്‍ മീഡിയ എന്ന ചാവുനിലം

സെബാസ്റ്റ്യന്‍ പോള്‍

വ്യാജവാര്‍ത്തയും വ്യാജ ആരോപണവും മധുവിനു പുതുമയുള്ള കാര്യങ്ങളല്ല. കര്‍മ്മനിരതനായിരിക്കേണ്ട കാലത്തുണ്ടായ ഗുരുതരമായ ആരോപണം അദ്ദേഹത്തെ തളര്‍ത്തുകയും ദീര്‍ഘകാലം നിഷ്‌ക്രിയനാക്കുകയും ചെയ്തു. പ്രതീക്ഷയോടെ ആരംഭിച്ച ഉമ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം അദ്ദേഹം അവസാനിപ്പിച്ചു. അന്ന് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നില്ല. വ്യാജവാര്‍ത്തയുടെ പ്രസരണത്തിന് മാധ്യമം ആവശ്യമില്ല. മനുഷ്യന്റെ ഉത്തരവാദിത്വമില്ലാത്ത നാവും ജിജ്ഞാസയുള്ള കാതും മാത്രം മതി വ്യാജവാര്‍ത്തയുടെ ലോകയാനത്തിന്. ഒടുവില്‍ സിഗ്നലുകള്‍ പൂര്‍ണമായും തകര്‍ന്ന് എവിടെയെങ്കിലും അത് വീണടിയും.

മധു അന്തരിച്ചുവെന്നതാണ് ഏറ്റവും പുതിയ വ്യാജവാര്‍ത്ത. മരണാനന്തരം സുഹൃത്തുക്കളുടെയും സമൂഹത്തിന്റെയും പ്രതികരണം എന്തായിരിക്കുമെന്ന് ജീവിച്ചിരിക്കുമ്പോള്‍ അറിയാന്‍ കഴിയുന്നത് നല്ലതാണ്. അപ്രകാരം ചരമക്കുറിപ്പ് വായിക്കാന്‍ അവസരം കിട്ടിയ ആളാണ് വിഖ്യാത അമേരിക്കന്‍ എഴുത്തുകാരനായ മാര്‍ക് ട്വെയ്ന്‍. അതിശയോക്തി അല്‍പം കൂടിപ്പോയി എന്നു മാത്രമാണ് തന്നെ കുറിച്ചുള്ള ചരമക്കുറിപ്പുകള്‍ വായിച്ചതിനുശേഷം അദ്ദേഹം പത്രാധിപരെ അറിയിച്ചത്. പത്രത്തിനെതിരെ നടപടി വേണമെന്ന് അദ്ദേഹം പ്രസിഡന്റിനോട് ആവശ്യപ്പെട്ടില്ല. ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടി ഉണ്ടാകുമായിരുന്നില്ല.
മധുവിനെ കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോട് ആവശ്യപ്പെട്ടുവെന്നാണ് വാര്‍ത്ത. അത് വേണ്ടിയിരുന്നില്ല. വാര്‍ത്തയിലെ നിജവും വ്യാജവും പൊലീസ് പരിശോധിക്കുന്നതില്‍ അപകടമുണ്ട്. ആവശ്യമായ തിരുത്തലും വിശദീകരണവും ആകാമെന്നല്ലാതെ ഇത്തരം കാര്യങ്ങളില്‍ പൊലീസിന്റെ ഇടപെടല്‍ ഒഴിവാക്കണം. സോഷ്യല്‍ മീഡിയയിലെ അഴിഞ്ഞാട്ടം പൊലീസിന്റെ വിവേചനാധികാരത്തിനു വിടാവുന്ന കുറ്റമല്ല.

വിശ്വാസ്യതയുള്ള മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത മാത്രമാണ് ജനം വിശ്വസിക്കുന്നത്. മരണവാര്‍ത്ത നല്‍കുന്നതില്‍ പത്രങ്ങളും ടെലിവിഷനും മേല്‍വിലാസമുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകളും വലിയ തോതില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കഴിയുമെങ്കില്‍ പരേതനോടു കൂടി ഒന്നു വിളിച്ചു ചോദിച്ചതിനു ശേഷമാണ് മനോരമ ചരമവാര്‍ത്ത സ്ഥിരീകരിക്കുന്നത്. നിര്യാതരായി എന്ന പേജാണ് മനോരമയുടെ ഏറ്റവും വിശ്വാസ്യതയുള്ള പേജ്. കുമാരനാശാന്റെ കാലത്തു നിന്ന് വ്യത്യസ്തമായി പ്രമുഖരുടെ ചരമം മാധ്യമങ്ങള്‍ തല്‍ക്ഷണം ആഘോഷമാക്കുന്ന കാലമാണിത്. മഹാകവിയുടെ അപകടവാര്‍ത്ത ആറാം ദിവസമാണ് മാതൃഭൂമിക്ക് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത്.

സന്ദേഹമാണ് സത്യത്തിലേക്കുള്ള വഴി. ആരെങ്കിലും പറയുന്നതോ എവിടെയെങ്കിലും കേള്‍ക്കുന്നതോ അപ്പാടെ വിശ്വസിക്കുന്നവര്‍ സന്ദേഹികളാകുന്നില്ല. പത്രങ്ങള്‍ മാത്രമുള്ള കാലത്ത് തെറ്റ് തിരുത്താന്‍ ഇരുപത്തിനാല് മണിക്കൂര്‍ വേണമായിരുന്നു. ഇന്ന് നുണയെ മറികടന്ന് മുന്നേറാന്‍ സത്യത്തിനു സാങ്കേതികവിദ്യയുടെ തുണയുണ്ട്. അങ്ങനെയുള്ള കാലത്ത് വ്യാജപ്രചാരകരെ നേരിടുന്നതിന് പൊലീസിനെ ഇറക്കേണ്ട കാര്യമില്ല. പൊലീസുകാര്‍ കള പറിക്കാനിറങ്ങിയാല്‍ കളയ്‌ക്കൊപ്പം വിളയും പിഴുതെറിയപ്പെടും.

Latest Stories

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍