നേതാക്കളുടെ സെല്‍ഫ് ഗോളുകള്‍ നിയന്ത്രിക്കാന്‍ പാടുപെട്ട് കോണ്‍ഗ്രസ് നേതൃത്വം

അടിക്കുന്ന ഗോളുകൾ സ്വന്തം കോർട്ടിലേക്ക് തട്ടി കോൺഗ്രസ് നേതാക്കൾ. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപ്പറ്റിക്കുക എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ ഇതിനുവേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നതെല്ലാം അസ്ഥാനത്തു വീഴുന്ന കാഴ്ചയാണ് ഗുജറാത്തില്‍ കാണാന്‍ സാധിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ നടത്തിയ പ്രസ്താവന ഇപ്പോള്‍ പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്. മണിശങ്കര്‍ അയ്യര്‍ മോഡിയെ തരംതാഴ്ന്നവനെന്ന് വിളിച്ചതിനെ പിന്നാലെ, ഇദ്ദേഹത്തെ വിമര്‍ശിച്ച് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിതും രംഗത്തെത്തിയിരിക്കുകയാണ്. മറ്റുപാര്‍ട്ടികളെയും നേതാക്കളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളെ എതിര്‍ത്തുകൊണ്ടാണ് ഷീലാ ദീക്ഷിത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുഖച്ഛായക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന കുറ്റകരവും യോജിക്കാന്‍ കഴിയാത്തതുമാണ്. ഇവര്‍ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, തങ്ങളുടെ വാക്കുകളെ കരുതലോടെ ഉപയോഗിക്കണം. നമ്മുടെ പ്രസിഡന്റിന്റെ കൈകള്‍ ശക്തിപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഷീലാ ദീക്ഷിത് ട്വീറ്റ് ചെയ്തിരിക്കുന്നത്.