പൗരത്വ രജിസ്റ്ററില്‍ പേര് ചേര്‍ക്കാനായി കൈക്കൂലി വാങ്ങിയ ദേശീയ പൗരത്വ രജിസ്റ്ററിയിലെ രണ്ട് ഉദ്യോഗസ്ഥരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ഗുവാഹത്തിയില്‍ താമസിക്കുന്ന കാജറി ഘോഷ് ദത്ത എന്ന സ്ത്രീയില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി ചോദിച്ചെന്ന കേസിലാണ് സയിദ് ഷാജഹാന്‍ എന്ന ഫീല്‍ഡ് ഓഫീസര്‍ അറസ്റ്റിലായത്.
പൗരത്വ രജിസ്റ്ററിലെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യപ്പെട്ട് ഷാജഹാനെ സമീപിച്ചപ്പോഴാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ പണം കൊടുക്കാതെ ദത്ത അസം ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീടാണ് സെയിദ് ഷാജഹാന്‍ അറസ്റ്റിലാവുന്നത്. ഷാജഹാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാഹുല്‍ പര്‍ഷാര്‍ എന്ന മറ്റൊരു ഉദ്യോഗസ്ഥനും ദത്തയുടെ പരാതിയില്‍ അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ ജൂലായില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പൗരത്വ രജിസ്റ്റര്‍ അനുസരിച്ച് 40.7 ലക്ഷം പേര്‍ ഒഴിവാക്കപ്പെടും. ഇതിനെതിരെ അസമിലും ബന്ധപ്പെട്ട മറ്റ് സംസ്ഥാനങ്ങളിലും വന്‍ പ്രക്ഷോഭം നടന്നിരുന്നു. മതിയായ രേഖകളില്ലാത്തവരെ ഒഴിവാക്കി അന്തിമ പട്ടിക വരുന്ന ജൂലായ് 31 ന് പുറത്തിറക്കും. ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെടുന്നവര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം.