സിനിമ ആരുടെയും തറവാട് സ്വത്തല്ല; വിജയ് സേതുപതി

സിനിമ ആരുടെയും സ്വകാര്യ സ്വത്തല്ലെന്ന് തമിഴ് നടന്‍ വിജയ് സേതുപതി. ചെന്നൈ ഫിലിം ഫെസ്റ്റിവെല്ലില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സിനിമ ഒരാളുടെയും തറവാട്ട് സ്വത്തല്ല. ഇന്ന് വിജയ് സേതുപതി വന്നു, അതിനു മുന്‍പ് രജനി സാര്‍ വന്നു, അതിനു മുന്‍പ് എംജിആര്‍ വന്നു. ആര്‍ക്കു വേണമെങ്കിലും സിനിമയില്‍ വരാം. ഇവിടെ വന്നാല്‍ എല്ലാവരും ഒന്നുപോലെയാണ്. ആരുടെയും സ്വത്തല്ല സിനിമ. സിനിമ സമുദായത്തിന്റെ ഒരു പ്രതിഫലനമാണ്. സിനിമ ഉളളതുകൊണ്ടാണ് ഞങ്ങളുളളത്. അല്ലാതെ ഞങ്ങളുളളതുകൊണ്ടല്ല സിനിമയുളളത്. സിനിമ എല്ലാവരുടെയും പൊതുസ്വത്താണ് വിജയ് പറഞ്ഞു.

തമിഴ് മക്കളുടെ മക്കള്‍സെല്‍വനാണ് വിജയ് സേതുപതി. ആ പേരിന് അനുയോജ്യനാണ് താനെന്ന് വിജയ് പലതവണ തെളിയിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ട് താരം നേടിയെടുത്ത ഇമേജാണത്. 13 വര്‍ഷം മുമ്പാണ് തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലേക്കുളള സേതുപതിയുടെ വരവ്. പല സിനിമകളിലും വളരെ ചെറിയ റോളുകളില്‍ അദ്ദേഹം മുഖം കാട്ടി. പല സംവിധായകരുടെ വീടിന് പുറത്തും പല പോസുകളിലുളള ഫോട്ടോകളുമായി അവസരം തേടി ആ ചെറുപ്പക്കാരന്‍ കാത്തിരുന്നു. രാത്രി ഏറെ വൈകി മാത്രമാണ് വീട്ടിലേക്ക് മടങ്ങുക. സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലാണെന്ന് വീട്ടുകാര്‍ കരുതാന്‍ വേണ്ടി മാത്രമാണ് വൈകുവോളം കാത്തിരുന്ന് വീട്ടിലേക്ക് മടങ്ങാറുളളതെന്ന് വിജയ് പറഞ്ഞിട്ടുണ്ട്. തമിഴില്‍ സൂപ്പര്‍ സ്റ്റാറായി വളര്‍ന്നിട്ടും എളിമ മായാത്ത വ്യക്തിത്വമാണ് വിജയ് സേതുപതിയെ സിനിമാലോകത്തിന് പ്രിയങ്കരനാക്കിയത്.