കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇടതുപക്ഷസര്‍ക്കാര്‍ കോവിഡിനോടു പൊരുതിക്കൊണ്ടിരിക്കുന്നു എന്ന് ആരോഗ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞത് ഒരു നാവുപിഴ മാത്രമാണെന്ന് ആര്‍ക്കും മനസ്സിലാകും. പക്ഷെ പുതിയ ആരോഗ്യമന്ത്രിയെ വിഷമവൃത്തത്തിലാക്കുന്നത് അതൊന്നുമല്ല. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യസംവിധാനങ്ങള്‍ നിലവിലുള്ള കേരളത്തില്‍ ദൈനംദിന കോവിഡ് കണക്ക് ദിവസംതോറും കൂടുന്നതല്ലാതെ കുറയുന്നില്ല എന്നതാണ്. പതിനായിരത്തില്‍ താഴെ പിടിച്ചുകെട്ടുന്നതില്‍ നമ്മളൊരിക്കല്‍ വിജയിച്ചിട്ടും ഇപ്പോള്‍ പ്രതിദിനം ഇരുപതിനായിരത്തിനുമുകളിലാണ് കണക്ക്. ടിപിആര്‍ ശരാശരി 14 %ഉം. ഈ കാര്യം പറയുമ്പോഴെല്ലാം കേരളത്തില്‍ ടെസ്റ്റുകളുടെ എണ്ണം കൂടിയതുകൊണ്ടാണെന്ന ന്യായം നിരത്തുന്നതില്‍ കാര്യമൊന്നുമില്ല. നമ്മള്‍ നമ്പര്‍ വണ്‍ ആകാനാണ് ശ്രമിക്കേണ്ടത് ആണെന്നു സമര്‍ത്ഥിക്കാനല്ല.
ആവശ്യത്തിനും അനാവശ്യത്തിനും പിഴയിടുന്ന കാര്യത്തില്‍ കുപ്രസിദ്ധി നേടിക്കഴിഞ്ഞു നമ്മുടെ പോലീസ്. സെക്ടര്‍ മജിസ്ട്രേട്ടുമാരെവരെ ആളുകള്‍ വഴിയില്‍ പരിഹസിക്കുന്ന അവസ്ഥവരെ എത്തിയത് ഇവിടത്തെ ജനങ്ങള്‍ നിയമം അനുസരിക്കാത്തവരായിട്ടൊന്നുമല്ല. ആരോഗ്യമന്ത്രിക്ക് പോലീസിനെ നിയന്ത്രിക്കാനൊന്നുമാകില്ല. എന്നാല്‍ വകുപ്പിനുള്ളില്‍ നിന്നും ചെയ്യാന്‍ കഴിയുന്ന പലതും ചെയ്യാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. ഏറ്റവുമധികം ആളുകള്‍ യാത്രക്കായി ആശ്രയിക്കുന്ന ബസ്സുകളില്‍ ഇപ്പോഴും സാനിറ്റൈസര്‍ ഇല്ല എന്നത് ഒരു ഉദാഹരണം മാത്രമാണ്. വാക്സിനെവിടെ എന്ന ചോദ്യത്തിന് വരുമെന്ന് മറുപടി. പ്രൈവറ്റ് ആശുപത്രികളില്‍ ആവശ്യത്തിന് ഉണ്ടല്ലോ എന്നു ചോദിച്ചാല്‍ ഉത്തരമില്ല. യഥാസമയം സൗജന്യവാക്സിന്‍ കൊടുക്കുമെന്ന വാഗ്ദാനം ജലരേഖയായിരിക്കുന്നു.
ചില രോഗികളുടെ ബന്ധുക്കളാല്‍ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ട കേസ് മാത്യു കുഴലനാടന്‍ ഉന്നയിക്കുമ്പോള്‍ അങ്ങനെയൊന്ന് തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന് മന്ത്രി പറഞ്ഞതാണ് ഇതിനിടയില്‍ വിചിത്രമായത്. പ്രത്യേകിച്ചും ആരോഗ്യമന്ത്രിയെ രണ്ടുവട്ടവും മുഖ്യമന്ത്രിയെ ഒരു വട്ടവും നേരില്‍ക്കണ്ട് പരാതി ബോധിപ്പിച്ചിരുന്നു എന്ന് ഐഎംഎ പ്രതിനിധി വെളിപ്പെടുത്തുമ്പോള്‍ വായിച്ച ഓല മാറിപ്പോയതാണെന്നു പറയേണ്ടിവരുന്നത് ദയനീയമാണ്.
ശ്ലാഘനീയമായ സേവനം കാഴ്ചവെച്ച മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ മാറ്റി വീണാ ജോര്‍ജ്ജിനെ പ്രതിഷ്ഠിച്ചപ്പോള്‍ വിമര്‍ശനങ്ങളുന്നയിച്ചവര്‍ക്ക് പാര്‍ടി കൊടുത്ത മറുപടി അര്‍ത്ഥവത്തായിരുന്നു സംശയമില്ല. ശൈലജ ടീച്ചറും മന്ത്രിയായപ്പോള്‍ പുതിയതായിരുന്നു എന്നും ഒരു യുവജനപ്രതിനിധി അവസരം അര്‍ഹിക്കുന്നു എന്നുമാണത്. തീര്‍ച്ചയായും അത് സ്വാഗതാര്‍ഹം തന്നെ. പക്ഷെ പലപ്പോഴും പാര്‍ട്ടിയുടെ സ്ഥാനത്തിരിക്കുന്നവരെ അല്ലെങ്കില്‍ അധികാരസ്ഥാനത്തിരിക്കുന്നവരെ തെറ്റുതിരുത്താനോ സേവനം മെച്ചപ്പെടുത്താനോ അനുവദിക്കാതിരിക്കുന്നത് എന്താണ്. അവര്‍ വിമര്‍ശനത്തിന് അതീതരാണെന്നുള്ള രീതിയില്‍ സൃഷ്ടിച്ചുവെക്കുന്ന ഒരു കളക്റ്റീവ് കോഗ്നീഷനാണ്.
സാമൂഹ്യ പ്രതിബന്ധതയുള്ള ആളെന്ന നിലയില്‍ ആരോഗ്യമന്ത്രി ശ്രദ്ധിക്കേണ്ടത് നിങ്ങളെ വിമര്‍ശിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍നിന്നും ആരുമുണ്ടാകില്ല. ഒരു ബാഡ്ജണിഞ്ഞാല്‍ വിമര്‍ശനം പാടില്ല എന്നതിനാല്‍ തെരുവിലെ ചുവരെഴുത്തുകള്‍ നോക്കാതെ നിങ്ങള്‍ക്ക് മാതൃകാപരമായി മുന്നോട്ടുപോകാന്‍ കഴിയില്ല എന്നതാണ്. ഓല വായിക്കാന്‍ മാത്രമായി ഒരു മന്ത്രിയെ ആവശ്യമില്ല. പരിമിതികള്‍ പാദാലങ്കാരമാക്കാതെ അധികാരത്തിന്‍റെ പരമാവധി ജനത്തിന് ഗുണം ചെയ്യുന്ന ആരോഗ്യവകുപ്പ് ഇവിടെയുണ്ടായാല്‍ അതിന്‍റെ പേരില്‍ കുറെയധികം കാലം നിങ്ങള്‍ ഓര്‍മ്മിക്കപ്പെടും.