ത്രിഭാഷ നയത്തിന്റെ പേരില്‍ തമിഴരോട് പോരടിച്ച വീറും വാശിയും ഒന്നും മറാത്തഭൂമിയിലേക്ക് എത്തിയപ്പോള്‍ കാവിപ്പാര്‍ട്ടിയ്ക്കില്ല. മഹാരാഷ്ട്രയില്‍ ഹിന്ദിയുടെ കാര്യത്തില്‍ ദേശീയ വിദ്യാഭ്യാസ നയവുമായി ചെല്ലുമ്പോള്‍ ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടില്‍ എടുത്ത കടുംപിടുത്തം ബിജെപിക്കാര്‍ക്കില്ല. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബിജെപി നേതാക്കള്‍ ഓരോരുത്തരായി നടത്തിയ വാഗ്വാദങ്ങളൊന്നും മഹാരാഷ്ട്രയുടെ കാര്യത്തില്‍ ഇല്ല. ദക്ഷിണേന്ത്യയില്‍ ഹിന്ദിയെ ‘ദേശീയ ഭാഷ’ മുഖമായി നിര്‍ബന്ധിച്ചു കെട്ടിയേല്‍പ്പിക്കാന്‍ കാണിച്ച വാശിയും വീറുമെല്ലാം മറാത്തക്കാരുടെ മുന്നിലെത്തിയപ്പോള്‍ സംഘപരിവാരത്തിനില്ല. മറാത്തഭൂമിയില്‍ തങ്ങളുടെ ‘അതിദേശീയത ഭാഷാരാഷ്ട്രീയം’ വിലപ്പോവില്ലെന്ന് അറിയാവുന്ന സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മയപ്പെടലിന്റെ മറ്റൊരു മുഖമാണ് പുറത്തെടുത്തിരിക്കുന്നത്.
Read more
തമിഴ്‌നാട്ടിലെ ദ്വിഭാഷ നയത്തേയും ദ്രാവിഡ സംസ്‌കാരത്തേയും സനാതന വിഷയത്തിലടക്കം കടന്നാക്രമിച്ചവര്‍ക്ക് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് അച്ചടക്കം പാലിച്ചു നില്‍ക്കാനറിയാം. അതീവ ശ്രദ്ധയോടെയാണ് ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ എന്‍ഇപി അഥവാ നാഷണല്‍ എജ്യുക്കേഷന്‍ പോളിസി നടപ്പാക്കുന്നത്. ത്രിഭാഷ നയം മഹാരാഷ്ട്രയില്‍ അംഗീകരിക്കുമ്പോള്‍ ശിവസേനയേയും മറ്റ് മറാത്താവാദി സംഘടനകളേയും മയപ്പെടുത്താനും സമരസപ്പെടുത്താനും മറാത്ത ഭാഷയുടെ മേന്മയും മറാത്താവാദവും പ്രകീര്‍ത്തിച്ചാണ് ബിജെപി സര്‍ക്കാര്‍ ഓരോ പടിയായി മുന്നോട്ട് വെയ്ക്കുന്നത്. തമിഴ്‌നാട്ടില്‍ ത്രിഭാഷ നയം അംഗീകരിക്കാതെ ഹിന്ദിക്കെതിരായി സ്റ്റാലിന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നപ്പോള്‍ ഫണ്ട് വിതരണം തടസപ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പകവീട്ടി സംസ്ഥാനത്തെ ഞെരുക്കിയത്. എന്നാല്‍ മഹാരാഷ്ട്രയുടെ കാര്യം വരുമ്പോള്‍ മറാത്ത ബെല്‍റ്റില്‍ ഒരു തര്‍ക്കത്തിനുള്ള ധൈര്യം ബിജെപിയ്ക്കില്ല.