പ്രീതിയോ ഭീതിയോ ദ്വേഷമോ പക്ഷപാതമോ കൂടാതെ കര്‍ത്തവ്യം നിര്‍വ്വഹിക്കുമെന്ന് ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തു മന്ത്രി പദത്തിലേറിയ വ്യക്തി തനിക്ക് ഇഷ്ടമുള്ളയാളെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിയമിക്കണമെന്ന് ഒരിക്കലും എഴുതി നല്‍കാന്‍ പാടില്ല. ഒന്നാം പിണറായി മന്ത്രി സഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്ത ഇ പി ജയരാജന് മന്ത്രി പദം രാജിവക്കേണ്ടി വന്നത് തന്റെ ഭാര്യാ സഹോദരിയുടെ മകനെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിയമി്ക്കണമെന്ന് സ്വന്തം ലെറ്റര്‍ ഹെഡ്ഡില്‍ എഴുതി നല്‍കിയതിനാലാണ്. ഈ വിഷയം നിയമസഭയില്‍ വന്നപ്പോള്‍ അന്ന് മുഖ്യമന്ത്രി ജയരാജനെ കൈവിട്ട് കൊണ്ട് അദ്ദേഹത്തിന് രാജിയല്ലാത വേറേ മാര്‍ഗമുണ്ടായിരുന്നില്ല. അതിനെക്കാള്‍ ഗുരുതരമായ വീഴ്ചയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണ്ണര്‍ക്ക് മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി തനിക്ക് വേണ്ടപ്പെട്ടയാളെ വൈസ് ചാന്‍സലറാക്കണമെന്നാവശ്യപ്പെട്ട് എഴുതി നല്‍കുന്നത് ഗുരുതരമായ സ്വജന പക്ഷപാതമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.