ആഭ്യന്തരമന്ത്രി കസേരയിൽ ആളുണ്ടോ?

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്റെയും ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെയും കൊലപാതകങ്ങൾ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തെ ഒരിക്കൽ കൂടി അസ്വസ്ഥമാക്കിയിരിക്കുകയാണ്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ ഏറിയ 2016 മുതൽ രണ്ടാം പിണറായി സർക്കാർ ഭരണം തുടരുന്ന 2021 വരെ മുപ്പതോളം രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നിരിക്കുന്നത്. കൊലപാതക വാർത്ത കേട്ടാൽ സ്വാഭാവികമായും ഒരു മനുഷ്യന് ഉണ്ടാകാവുന്ന നടുക്കത്തിന് പകരം, നിസ്സംഗമായ പ്രതികരണങ്ങളിലേക്ക് മലയാളി മനസ്സ് മാറിയിട്ടുണ്ടെങ്കിൽ അതിൽ തെറ്റ് പറയാനാവില്ല.

കഴിഞ്ഞ ഒരു മാസത്തെ മാത്രം കണക്കെടുത്താൽ അക്രമി സംഘങ്ങളുടെ ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ടത് അഞ്ച് പേർക്കാണ്. നവംബർ 17 ന് RSS കാരനായ സഞ്ജിത്തിനെ പാലക്കാട് വെച്ച് വെട്ടി കൊലപ്പെടുത്തി. ഡിസംബർ 2 ന് തിരുവല്ലയിൽ വെച്ച് CPM കാരനായ സന്ദീപിനെ വെട്ടി കൊന്നു.
ഡിസംബർ 11 ന്, തിരുവനന്തപുരത്ത് സുധീഷിനെ ലഹരി ക്വട്ടേഷൻ സംഘം വെട്ടി കൊന്നു, എന്നിട്ടും പക തീരാത്ത അക്രമികൾ കൊല്ലപ്പെട്ട വ്യക്തിയുടെ കാൽ വെട്ടിയെടുത്ത് വലിച്ചെറിഞ്ഞ സംഭവം കേരളത്തിൽ ഇതിന് മുമ്പ് കേട്ടുകേൾവിയില്ലാത്ത തരം ക്രൂരതയാണ്.

ഒടുവിലായി ഡിസംബർ 19 ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ SDPIക്കാരനായ ഷാനിനെയും BJP ക്കാരനായ രഞ്ജിത്തിനെയും അക്രമികൾ വെട്ടി കൊന്നു. ആലപ്പുഴയിൽ നടന്ന ഈ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് ജില്ലയിൽ രണ്ട് ദിവസത്തേക്ക് നിരോധാജ്ഞ പ്രഖ്യാപിച്ചു. എന്നാൽ ഈ പ്രഖ്യാപനം ഉണ്ടായ അന്ന് തന്നെ അതായത് നിരോധനാജ്ഞ നിലനിൽക്കെ ആലപ്പുഴ ആര്യാട് കൈതകത്ത് ഗുണ്ടാ ആക്രമണം ഉണ്ടാവുകയും സംഭവത്തില്‍ ആര്യാട് സ്വദേശിയായ വിമലിന് വെട്ടേൽക്കുകയും ചെയ്തു. ഈ സംഭവങ്ങൾ എല്ലാം വിരൽ ചൂണ്ടുന്നത് നമ്മുടെ സർക്കാരിന്റെ പിടിപ്പുകേടിലേക്കാണ്. പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിന്റെയും അതിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുടെയും.

ആലപ്പുഴയിലെ കെഎസ് ഷാന്റെയും രഞ്ജിത്ത് ശ്രീനിവാസന്റെയും കൊലപാതകങ്ങൾ കേവലം 12 മണിക്കൂറിനുള്ളിലാണ് നടക്കുന്നത്. രണ്ട് വ്യത്യസ്ത രാഷ്ട്രീയ സംഘടനകളുടെ, പ്രത്യേകിച്ച് വൈരികളായ രാഷ്ട്രീയ സംഘടനകളുടെ സംസ്ഥാന നേതാക്കളാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊല്ലപ്പെട്ടത്. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സർക്കാരിനും ഭരണകക്ഷി പാർട്ടികളുടെ അണികൾക്കും ബുദ്ധിജീവികൾക്കും പതിവ് പോലെ പറയാം, എന്നാൽ അത് വിശ്വാസത്തിലെടുക്കുക ബുദ്ധിമുട്ടാണ്. സംഘർഷം ഉണ്ടാവാൻ സാധ്യത ഉള്ള പ്രദേശമാണ്. വളരെ ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടന്നത്. എന്നാൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ, ഒരു സൂചന പോലും പൊലീസിന് ലഭിച്ചില്ലെന്നാണോ! പിന്നെ എന്തിനാണ് ഇന്റലിജൻസ് സംവിധാനങ്ങൾ. അതോ അങ്ങനെ ഒന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്നില്ലേ. പതിവ് തെറ്റാതെ ഇപ്രാവശ്യവും സർവകക്ഷി സമാധാന യോഗം നടക്കും നേതാക്കൾ ഒരു മേശക്ക് ചുറ്റുമിരുന്ന് ചായകുടിച്ച് അടുത്ത യോഗത്തിന് കാണാം എന്ന് പറഞ്ഞ് കൈകൊടുത്ത് പിരിയും.

ഷാന്റെയും രഞ്ജിത്ത് ശ്രീനിവാസന്റെയും കൊലപാതകത്തിൽ പ്രതികരിച്ചുകൊണ്ട് സി.പി.എമ്മിന്റെ യുവജന സംഘടനയുടെ നേതാവ് എ.എ റഹിം പറഞ്ഞത് മതനിരപേക്ഷ കേരളം ഉണരേണ്ടതുണ്ടെന്നാണ്. ക്ഷമിക്കണം, ഉണരേണ്ടത് കേരളത്തിലെ മതനിരപേക്ഷ ജനതയല്ല. ഉണരേണ്ടത് ഈ സംസ്ഥാനം ഭരിക്കുന്ന സർക്കാരും, ഈ നാട്ടിലെ പൊലീസ് സംവിധാനവും രാഷ്ട്രീയ നേതാക്കളുമാണ്. ഇത്തരം അക്രമ സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മുൻകരുതൽ നടപടി എടുക്കേണ്ടത് കേരളത്തിലെ ആഭ്യന്തര വകുപ്പാണ്. എന്നാൽ അതുണ്ടായില്ല, വിലയേറിയ രണ്ടു ജീവനുകൾ നമുക്ക് നഷ്ട്ടപെട്ടു. പൊലീസ് സംവിധാനം പൂർണമായും പരാജയപെട്ടു എന്ന വ്യാപകമായ വിമർശനത്തിൽ നിന്നും ഒളിച്ചോടാൻ സർക്കാരിനാവില്ല. സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്നതിൽ ആഭ്യന്തര വകുപ്പും ആ വകുപ്പ് കയ്യാളുന്ന മന്ത്രിയും തീർച്ചയായും ഉത്തരവാദികളാണ്. ഒന്നുകിൽ സംസ്ഥാനത്തെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവണം. അതല്ലെങ്കിൽ ആഭ്യന്തര മന്ത്രി ആ സ്ഥാനത്ത് നിന്നും മാറി നിൽക്കണം. വർഗ്ഗീയമായ സ്വാധീനം ചെലുത്താൻ ശക്തിയുള്ള രണ്ട് സംഘടനകളുടെ സംസ്ഥാന നേതാക്കളാണ് കൊല്ലപ്പെട്ടിരിക്കുന്നത് ഇനിയും സർക്കാർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വലിയ പ്രത്യഘാതങ്ങൾ കേരളം നേരിടേണ്ടിവരും. അത്തരമൊരു സാഹചര്യത്തിലേക്ക് കേരളം പോകില്ലെന്ന് തല്ക്കാലം നമുക്ക് പ്രത്യാശിക്കാം.

Latest Stories

'എടാ മോനെ സൂപ്പറല്ലെ?'; സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇനി മറ്റൊരു സിനിമ ചെയ്യില്ല.. ഇങ്ങനൊരു ത്രീഡി സിനിമ വേറൊരു നടനും 40 വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ടാവില്ല: മോഹന്‍ലാല്‍

ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭർത്താവ്; ബാഗിലിട്ട് കഴുകി കൊണ്ടുവരുന്നതിനിടെ പിടികൂടി പൊലീസ്

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സോ?

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ