കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതാണ് ബിജെപിയുടെ ലക്ഷ്യമെങ്കില്‍ ബിജെപിയെ വീഴ്ത്താന്‍ പ്രതിപക്ഷ ഐക്യത്തിനായി ഒരുമിച്ചവരും ഇപ്പോള്‍ അത് തന്നെയാണ് പറയുന്നത്, കോണ്‍ഗ്രസ് മുക്ത ഇന്ത്യ മുന്നണിയെന്ന്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ത്യ മുന്നണിയ്ക്കുള്ളില്‍ കോണ്‍ഗ്രസ് വിരുദ്ധ സമീപനം പ്രത്യക്ഷത്തില്‍ തന്നെ പ്രകടമാവുകയാണ്. ഡല്‍ഹി ഇപ്പോള്‍ കാണുന്നത് കോണ്‍ഗ്രസ് ഇല്ലാത്ത പ്രതിപക്ഷ ഐക്യത്തിന്റെ പ്രാരംഭ രൂപമാണ്. ആംആദ്മി പാര്‍ട്ടിയുടെ കടുംവെട്ട് ഡിമാന്‍ഡുകള്‍ക്ക് വഴങ്ങാതിരുന്ന കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ ഡല്‍ഹിയില്‍ കനത്ത പോര് ഉടലെടുക്കുമ്പോള്‍ ഇന്ത്യ മുന്നണിയിലെ മറ്റ് പാര്‍ട്ടികള്‍ പക്ഷം പിടിക്കാന്‍ നിര്‍ബന്ധിതരായി. കോണ്‍ഗ്രസിനെ ഒരിക്കല്‍ പോലും പ്രധാന സഖ്യകക്ഷിയായി കാണാത്ത പ്രാദേശിക പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തി ആംആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.