നെഞ്ചില്‍ പോറലുണ്ടാക്കിയ വാക്കുകള്‍: എംടി

1. എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല.
ഓ, പരിഭ്രമിക്കാനൊന്നുമില്ല.
വഴിയില്‍ തടഞ്ഞുനിര്‍ത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നുംചെയ്യില്ല.
ഒരു ബന്ധവും സങ്കല്പിക്കാതെ… വെറുതെ…
എനിക്കു നിങ്ങളെ ഇഷ്ടമാണ്.

(മഞ്ഞ്)

2.സേതൂന് എന്നും ഒരാളോട് മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളു, സേതൂനോട് മാത്രം
(കാലം)

3.മരണം അയാളെ വേദനിപ്പിച്ചില്ല, കാരണം ജീവിതത്തെ സ്‌നേഹിച്ചിരുന്നില്ല

(ശത്രു)

4. ബീജം ഏറ്റുവാങ്ങുന്ന ഗര്‍ഭപാത്രങ്ങള്‍, വിത്തുവിതയ്ക്കാന്‍ മാത്രമായ വയലുകള്‍, പിന്നെ എന്തെല്ലാം! നിങ്ങള്‍ ഈ സ്ത്രീയെ കണ്ടില്ല. എന്റെ അമ്മയെ!’

(രണ്ടാമൂഴം)

5.രാത്രിയുടെ തണുത്തുറഞ്ഞ നിശ്ശബ്ദതയില്‍ ആ ചങ്ങലകിലുക്കം തുടര്‍ച്ചയായി പോറലുണ്ടാക്കി

(ഇരുട്ടിന്റെ ആത്മാവ്)

6. അതിന് അച്ഛനില്ല, അച്ഛന്റെ പേര് പറയണമെന്ന് എന്നെങ്കിലും നിര്‍ബന്ധം വരുമ്പോള്‍, നളന്‍ അല്ലെങ്കില്‍ അര്‍ജുനന്‍ അല്ലെങ്കില്‍ ഭീമന്‍

(പരിണയം)

7. മനസില്‍ കൊണ്ട പ്രണയത്തിന് മേല്‍ കാലത്തിന് ഒരു കൊത്തുവേലയും ചെയ്യാനാവില്ല.

(വാനപ്രസ്ഥം)

8. വരും വരാതിരിക്കില്ല, കാത്തിരിപ്പിനോളം വലിയ പ്രാര്‍ത്ഥനയില്ല

(മഞ്ഞ്)

9.മരിച്ചുപോയ ഇന്നലയെച്ചൊല്ലി, ജന്മമെടുക്കാത്ത നാളെയെച്ചൊല്ലി, എന്തിന് വേദനിക്കുന്നു. നിറഞ്ഞ പാനപാത്രം നിന്നെ കാത്തിരിക്കുന്നു.

(അക്കല്‍ദാമയില്‍ പൂക്കള്‍ വിടരുമ്പോള്‍)

10.കാണുമ്പോള്‍ നീയെന്താണ് ചോദിക്കുക?
എന്തു ചോദിക്കാന്‍? ഞാനൊന്നും ചോദിക്കില്ല. ഒന്നു കാണണം. അതു തന്നെ.

(മഞ്ഞ്)