ശശി തരൂര്‍ എന്ന ആധുനിക മനുഷ്യന്‍

ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുകയാണ്. ഒരു പക്ഷെ തരൂരിന്റെ അകന്ന ബന്ധുകൂടിയായ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ മാത്രമാണ് ഇതിന് മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷനായ ഏക മലയാളി. 1978 ല്‍ അമേരിക്കയിലെ പ്രശസ്തമായ ഫ്ളെക്ച്ചര്‍ സ്‌കൂള്‍ ഓഫ് ലാ ആന്റ് ഡിപ്ളോമസിയില്‍ നിന്ന് ഇന്റര്‍നാണഷല്‍ റിലേഷന്‍സില്‍ ഡോക്ടറേറ്റ് നേടുമ്പോള്‍ തരൂരിന്റെ പ്രായം വെറും 22 വയസ്. അതിന് മുമ്പ് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം നേടുമ്പോള്‍ കഷ്ടിച്ച് വയസ് 19. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ പ്രവേശിക്കണമെന്നായിരുന്നു തരൂരിന്റെ ചെറുപ്പത്തിലെ ആഗ്രഹമെങ്കിലും ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയോട് എതിര്‍പ്പുള്ളത് കൊണ്ട് അതിന് തുനിയാതെ യു എന്നില്‍ ചേര്‍ന്നു. 1978 മുതല്‍ 2007 വരെ ഐക്യ രാഷ്ട്ര സഭയിലെ വിവിധ ചുമതലകളില്‍, 2007 ല്‍ അണ്ടര്‍ സെക്രട്ടറി ജനറലിന്റെ കസേരയില്‍ നിന്നും സ്വയം ഇറങ്ങിപ്പോന്നു.

ജയിക്കില്ലന്ന് ഉറപ്പുള്ള മല്‍സരത്തില്‍ തരൂരിന് മല്‍സരിക്കാന്‍ മടിയില്ലന്ന് നമ്മള്‍ തിരിച്ചറിഞ്ഞത് 2006 ല്‍ യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ബാന്‍ കി മൂണിനോട് മല്‍സരിച്ചപ്പോഴാണ്. അമേരിക്കയുടെ അതി ശക്തമായ പിന്തുണ ദക്ഷിണകൊറിയാക്കാരനായ ബാന്‍ കി മൂണിനായിരിക്കുമെന്ന് ഉറപ്പാണെന്നും അതു കൊണ്ട് തന്നെ തരൂര്‍ മല്‍സരിച്ചാല്‍ നിലം തൊടില്ലന്നും മറ്റാരെക്കാളും നന്നായി തരൂരിനറിയമായിരുന്നു. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിനെക്കൊണ്ട് തന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിപ്പിക്കാനും അത് വഴി ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയെന്ന ധാരണ ലോകം മുഴുവന്‍ പരത്താനും ശശി തരൂരിന് കഴിഞ്ഞു. ഇതേ ചടുലതയാണ് ജീവിതത്തില്‍ പലപ്പോഴും തരൂര്‍ പ്രകടിപ്പിച്ചിട്ടുളളത്. ഒറ്റയാനായി കടന്ന് വന്ന് അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും ഒരു പോലെ തനിക്ക് പിന്നില്‍ അണിനിരത്താന്‍ എക്കാലവും അസാമാന്യ വൈഭവം തന്നെ തരൂരിന് ഉണ്ടായിരുന്നു.

അതിന്റെ ഏററവും വലിയ ഉദാഹരണമായിരുന്നു 2009 ല്‍ തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാ തിരഞ്ഞെടുപ്പ്. തരൂരാണ് സ്ഥാനാര്‍ത്ഥിയെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസുകാര്‍ തനി സ്വരൂപം കാണിച്ചു. തിരുവനന്തപുരം നഗരത്തിലെങ്ങും തരൂരിന്റെ കോലങ്ങള്‍ നിരത്തിക്കത്തിച്ചു. അദ്ദേഹത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. എന്നാല്‍ തരൂര്‍ ഉറച്ച് നിന്നുവെന്ന് മാത്രമല്ല ആരും തനിക്കെതിരെ അനങ്ങിപ്പോകരുതെന്ന തിട്ടൂരം കോണ്‍ഗ്രസ് ഹൈക്കാമാന്‍ഡിനെക്കൊണ്ടിറക്കിക്കുകയും ചെയ്തു. അവസാനം തരൂരിനെ പാരവച്ചാല്‍ പാര്‍ട്ടിക്കു പുറത്ത് പോകുമെന്ന അവസ്ഥയുണ്ടാക്കിയ ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തത്. തരൂരിനെ ഡല്‍ഹിനായര്‍ എന്ന് അധിക്ഷേപിച്ച എന്‍ എസ് എസ് ന്റെ സുകുമാരന്‍ നായര്‍ പോലും പിന്നീടു തരൂരിന്റെ സുഹൃത്തായി.

ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുമ്പോള്‍ ചില സവിശേഷതകള്‍ ആ മല്‍സരത്തിന് കൈവരുന്നത് എന്ത് കൊണ്ട്? തരൂര്‍ അല്ലാ മറ്റേത് നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിച്ചാലും ആ മല്‍സരത്തിന് ഇത്ര വലിയ ഹൈപ്പ് ലഭിക്കില്ല. കാരണം മറ്റൊന്നുമല്ല. ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വ്വം ചില ആധുനിക മനുഷ്യരില്‍ ഒരാളാണ് ശശി തരൂര്‍ എന്ന് ഇന്ത്യന്‍ മധ്യവര്‍ഗം വിശ്വസിക്കുന്നു. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും ആധുനിക സമൂഹമാകാന്‍ നന്നെ ബുദ്ധിമുട്ടുന്ന രാജ്യമാണ് ഇന്ത്യ. അചാരങ്ങളും അനാചാരങ്ങളും മതവും ജാതിയും വരിഞ്ഞുമുറുക്കിയിരിക്കുന്ന , തികച്ചും ഒരു മധ്യകാല സമൂഹത്തിന്റെ മനസാണ് കഴിഞ്ഞ 75 വര്‍ഷമായിട്ടും ഇന്ത്യക്കുള്ളത്. ഏത് ഒരു ഇന്ത്യന്‍ മധ്യവര്‍ത്തികുടുംബത്തിന്റെയും വലിയ സ്വപ്നം എന്നത് തങ്ങളുടെ മക്കള്‍ വിദേശത്ത് നിന്ന് വിദ്യാഭ്യാസം നേടണമെന്നും, മികവാര്‍ന്ന ഒരു നാഗരിക ജീവിതം നയിക്കണമെന്നും, ലോകഭാഷയായ ഇംഗ്ളീഷ് തന്‍മതയത്വത്തോടെ കൈകാര്യം ചെയ്യണമെന്നുമാണ്. ഈ ഗുണങ്ങളെല്ലാം നാല് ദശാബ്ദം മുമ്പ് കൈവരിച്ചയാളാണ് ശശി തരൂര്‍.

സ്വതന്ത്ര പൂര്‍വ്വ ഇന്ത്യയില്‍ ഉണ്ടായിരുന്ന ആധുനിക മനസുള്ള നേതാക്കള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വംശനാശം വന്ന ജീവികളായിമാറി. ഏല്ലാ മേഖലയിലും ശരാശരിയും താഴെ നിലവാരമുള്ളവര്‍ നമ്മളെ നയിച്ചു തുടങ്ങി. അതോടെ രാഷ്ട്രീയത്തിലുള്‍പ്പെടെ എല്ലാ രംഗത്തും കടുത്ത ജീര്‍ണ്ണതയും നിലവാരത്തകര്‍ച്ചയും അനുഭവപ്പെട്ടു തുടങ്ങി. അങ്ങിനെ വന്നപ്പോള്‍ എങ്ങിനെയെങ്കിലും ഇന്ത്യ വിടുക എന്നതുമായി ചെറുപ്പക്കാരുടെ ലക്ഷ്യം. അവിടേക്കാണ് ശശി തരൂരിനെ പോലെ സമകാലീന ലോകത്തെക്കുറിച്ച് വലിയ അറിവും അനുഭവ സമ്പത്തുമുള്ളരാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. അത് രാഷ്ട്രീയ രംഗത്ത് വലിയ മാറ്റമാണുണ്ടാക്കിയത്.അതിന് ശേഷം ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ നിന്നുള്‍പ്പെടെയുള്ള പ്രഗല്‍ഭ മസ്തിഷ്‌കങ്ങള്‍ പലരും രാഷ്ട്രീയത്തിലേക്കിറങ്ങുന്ന സാഹചര്യമുണ്ടായി. കഴിവുള്ള മനുഷ്യര്‍ രാഷ്ടീയത്തിലേക്കിറങ്ങിയില്ലങ്കില്‍ ഒന്നിനും കൊള്ളാത്തവര്‍ നമ്മളെ ഭരിക്കുമെന്ന ആപ്ത വാക്യത്തെക്കുറിച്ച് ജനങ്ങള്‍ കാര്യമായി ചിന്തിച്ചു തുടങ്ങിയതും തരൂരിന്റെ രാഷ്ട്രീയാഗമനത്തോടെയാണ്.

എന്താണ് ശശി തരൂരിന്റെ പ്രത്യേകത. രാഷ്ട്രീയം മുഖ്യതൊഴിലാക്കി മാറ്റിയ പഴയ തലമുറയില്‍ നിന്നും മാറി ജീവിക്കാനായി മാന്യമായ തൊഴിലും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയവും എന്ന ചിന്ത യുവാക്കളില്‍ വളര്‍ന്ന് വരാന്‍ കാരണമാക്കിയത് ശശിതരൂരിന്റെ രാഷ്ട്രീയ പ്രവേശനമായിരുന്നു. ആരുടെ കയ്യില്‍ നിന്നും കാര്യമായ സംഭാവനകള്‍ വാങ്ങിക്കാതെ മൂന്ന് തവണ ലോക്സഭയിലേക്ക് മല്‍സരിച്ചു ജയിക്കാന്‍ തരൂരിന് കഴിഞ്ഞു. കാരണം ആ തിരഞ്ഞെടുപ്പുകളിലൊക്കെ അദ്ദേഹം ചിലിവാക്കിയത് കൂടുതലും അദ്ദേഹത്തിന്റെ പണമായിരുന്നു. ഇത് വളരെ നല്ലൊരു തുടക്കമായിരുന്നു.

ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുമോ ഇല്ലയോ എന്നതല്ല ഇവിടെ വിഷയം, ലോകത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് രാജ്യത്തെ മുന്നോട്ട്നയിക്കാന്‍ കഴിയുന്ന അനേകം പ്രഗല്‍ഭമതികള്‍ നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ രാഷ്ട്രീയമെന്നാല്‍ അഴിമതിയുടെയും, കുതികാല്‍വെട്ടിന്റെയും ആരോപണങ്ങളുടയും ഒക്കെ ചളിക്കുണ്ടാണെന്നും അതിലിറങ്ങി നമ്മുടെ പ്രതിഭയും കഴിവും നശിപ്പിക്കണ്ട എന്ന കരുതിയുമാണ് അവരെല്ലാം മാറി നില്‍ക്കുന്നത്. എന്നാല്‍ ശശി തരൂരിനെപ്പോലൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സിക്കാന്‍ ഒരുങ്ങുകയും ധൈര്യപൂര്‍വ്വം തന്റെ ആശയധാരകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ അത് അനേകര്‍ക്ക് ഒരു പ്രചോദനമാകുമെന്നതാണ് വസ്തുത.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി