നികുതി ഭീകരത

ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതിപ്പിച്ച 2023-24 വര്‍ഷത്തെ ബജറ്റിനെ കേരളം ഉണ്ടായതിന് ശേഷമുള്ള ഏറ്റവും ഭാവനാശൂന്യമായ ബജറ്റെന്ന് നിസംശയം വിളിക്കാം. ഒരു ബജറ്റിലൂടെ സംസ്ഥാനം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന വിശ്വാസമൊന്നും ആര്‍ക്കുമില്ല. എന്നാല്‍ ഒരോ ബജറ്റും ഒരു കുഞ്ഞിന്റെ ജനനം പോലെയായിരിക്കണമെന്ന് ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയാറുണ്ട്. പുത്തന്‍ പ്രതീക്ഷകള്‍ നിറച്ചുകൊണ്ടായിരിക്കണം അവ കടന്നുവരേണ്ടത്. എന്നാല്‍ കെ എന്‍ ബാലഗോപാലിന്റെ 2023-24 ബഡ്ജറ്റാകട്ടെ കടുത്ത നിരാശയുടെ കാര്‍മേഘങ്ങളെ മാത്രമാണ് നമുക്ക് കാണിച്ചു തരുന്നത്.

എല്ലാറ്റിനും നികുതി വര്‍ധിപ്പിക്കാന്‍ ഒരു ബജറ്റിന്റെ ആവിശ്യമില്ല. അത് മന്ത്രി സഭക്ക് ഒരു ഉത്തരവിലൂടെ ചെയ്യാവുന്ന കാര്യമേയുള്ളു. ജനങ്ങളില്‍ നിന്നും പണം പിരിക്കുന്ന ഒരു ഫിനാന്‍സ് കമ്പനിയായി മാറുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്, മറിച്ച് ജനങ്ങളുടെ കയ്യിലേക്ക് കൂടുതല്‍ പണമെത്തിക്കുകയും ആ പണം വിപണിയില്‍ ചിലവാക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ഫെസിലിറ്റേറ്റര്‍ ആയി മാറുകയാണ് ആധുനിക സര്‍ക്കാരുകളുടെ ദൗത്യം. ജനങ്ങളുടെ കയ്യില്‍ പണമില്ലങ്കില്‍ വിപണി ചലിക്കില്ലന്നത് സാമ്പത്തിക ശാസ്ത്രത്തിന്റെ ബാലപാഠം മാത്രമാണ്. ഈ ബജറ്റ് തെയ്യാറാക്കുമ്പോള്‍ മന്ത്രി മറന്നു പോയതും അത് തന്നെയാണ്.

കേരളത്തില്‍ ഏറ്റവും അധികം നന്നായി പോകുന്ന രണ്ട് വ്യാപര മേഖലയാണ് സേവന മേഖലയും ഗതാഗതവും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വ്യാപാര സെസ് ഏര്‍പ്പെടുത്തിയതോടെ കനത്ത ആഘാതമാണ് ഈ രണ്ട് മേഖലകള്‍ക്കും ഉണ്ടാവുക. ലാഭകരമായ രണ്ട് വ്യവസായങ്ങളെ തകര്‍ക്കുക എന്നതല്ലാതെ മറ്റൊരു പ്രയോജനവും ഇത് മൂലം ഉണ്ടാകില്ല. ഇനി മുതല്‍ ലോറികള്‍ക്കും ബസിനും ഒരു ദിവസം ഇന്ധനം നിറക്കാന്‍ കുറഞ്ഞത് 200-300 രൂപ വരെ അധികം വേണ്ടിവരും. കോവിഡിന് ശേഷം ട്രാന്‍സ്‌പോര്‍ട്ടിംഗ് വ്യവസായം ഒന്നു പച്ചപിടിച്ചു വരുന്നേയുള്ളു. സ്വകാര്യ ബസുകളിലൊക്കെ ആളുകയറി തുടങ്ങുന്നേയുള്ളു. മാസത്തില്‍ മുപ്പത് ദിവസവും സര്‍വ്വീസ് നടത്തുന്ന ഒരു സ്വകാര്യബസിന് ഇന്ധനചിലവായി നിലവില്‍ മുടക്കുന്ന പണം കൂടാതെ പതിനായിരം രൂപയോളം കൂടുതല്‍ നല്‍കേണ്ടി വരും. അതോടെ അയാളുടെ ബാങ്ക് ലോണ്‍ അടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. ട്രാന്‍സ്‌പോര്‍ട്ടിംഗ് ബിസിനസ് പോലുള്ളവ പിടിച്ചു നില്‍ക്കുന്നതിന് ഡെയ്‌ലി ക്യാഷ് ഫ്‌ളോ അഥവാ ദിവസേനെയുളള പണം വരവ് അത്യാവിശ്യമാണ്. ആ ക്യാഷ് ഫ്‌ളോയെ കുത്തനേ ഇടിക്കാനേ ഈ സെസ് വര്‍ധന ഉപകരിക്കുകയുള്ളു.

സേവനമേഖലയെ, പ്രത്യേകിച്ച് വ്യാപാര മേഖലയെ നാനാവിധത്തില്‍ തളര്‍ത്തുന്ന ബജറ്റാണിത്. ഇന്ധന വില വര്‍ധനയുടെ പ്രശ്‌നമെന്തെന്നാല്‍ അത് ഭക്ഷ്യ വിലവര്‍ധനെയെ സൃഷ്ടിക്കുമെന്നതാണ്. കേരളത്തില്‍ 73 ലക്ഷം ആളുകള്‍ സ്വയം തൊഴില്‍ ചെയ്യുന്നവരോ, സ്ഥിരവരുമാനമില്ലാത്തവരോ ആണ്. 73 ലക്ഷം ആളുകളെ മൂന്ന് പേര്‍ ആശ്രയിച്ചു ജീവിക്കുന്നുവെന്ന് കരുതുക, അപ്പോള്‍ 2.20 കോടി ആളുകളാണ് കേരളത്തില്‍ സ്ഥിര വരുമാനമില്ലാത്തവരായുള്ളത്. ഈ ഭക്ഷ്യ വിലവര്‍ധനവ് ഏറ്റവും ബാധിക്കുക അവരെയായിരിക്കും. ഇന്ധന സെസ് കൂടാതെ ബൈക്കുകള്‍ക്കും കാറുകള്‍ക്കും രണ്ട് ശതമാനം വരെ ഒറ്റത്തവണ നികുതി കൂട്ടിയത്, ഗാര്‍ഹിക ഗാര്‍ഹികേതര കെട്ടിടങ്ങള്‍ക്കുള്ള നികുതി കൂട്ടാനുള്ള തിരുമാനം ഇവയെല്ലാം വ്യാപാരമേഖലയെ വലിയതോതില്‍ ബാധിക്കുന്നതാണ്.

92 ശതമാനം സാധനങ്ങളും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് കേരളം. അത് കൊണ്ട് തന്നെ ഭീമമായ വ്യാപാര കമ്മിയാണ് കേരളത്തിനുളളത്. കേരളം വ്യവസായ സൗഹൃദമാണെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു സര്‍ക്കാരാണിത്. വ്യവസായ സൗഹൃദമാവുക എന്നാല്‍ രാഷ്ട്രീയമായി വ്യവസായ സൗഹൃദമാവുക എന്നതുപോലെ തന്നെ സാമ്പത്തികമായി വ്യവസായ സൗഹൃദമാവുക എന്നത് കൂടിയുണ്ട്. കേരളത്തില്‍ എന്ത് വ്യവസായം ആരംഭിച്ചാലും അതിനുളള അസംസ്‌കൃത വസ്തുക്കള്‍ പുറത്ത് നിന്ന് വരണം.അങ്ങിനെ കൊണ്ടുവന്നു വ്യവസായങ്ങളെ ലാഭത്തിലാക്കുക എന്നതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. അത് കൊണ്ട് മേയ്ക് ഇന്‍ കേരളാ എന്നൊക്കെയുളളത് വെറും പ്രഖ്യാപനം മാത്രമാണ്.

സംസ്ഥാനം 100 രൂപ കടമെടുക്കുമ്പോള്‍ അതില്‍ 20 രൂപ അടക്കുന്നത് പഴയ കടത്തിന്റെ പലിശ തീര്‍ക്കാനാണ്. കിഫ്ബിയില്‍ അമ്പതിനായിരം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചുവെന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം അമ്പതിനായിരം കോടി രൂപ കടമെടുക്കുന്നു എന്ന് തന്നെയാണ് അര്‍ത്ഥം. കടം കൂടും തോറും നികുതിയും സെസും കൂടും. ശരിക്കും ഒരു നികുതി ഭീകരത തന്നെയാണ് ജനങ്ങളുടെ മേല്‍ ഈ ബജറ്റില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇടതു പക്ഷം ഹൃദയ പക്ഷം എന്നൊക്കെയുള്ള കാല്‍പ്പനിക മുദ്രാവാക്യങ്ങളെ മാറ്റി നിര്‍ത്തിയിയാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് അമ്പേ നിരാശപ്പെടുത്തന്നാതാണെന്ന് പറയേണ്ടി വരും. നികുതിക്കെതിരെ, വറുതിക്കെതിരെ സമരം ചെയ്യു സഖാക്കളെ എന്നായിരുന്നു കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവര്‍ പണ്ട് എസ് എഫ് ഐ യിലും ഡി വൈ എഫ് ഐയിലും ആയിരുന്നപ്പോള്‍ വിളിച്ച മുദ്രാവാക്യം. അത്തരക്കാര്‍ അധികാരത്തിലേറിയപ്പോള്‍ വര്‍ധിച്ച നികുതിയും അതു വഴി വറുതിയും ഒരു ദയയുമില്ലാതെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.

Latest Stories

IPL 2025: തലയും പിള്ളേരും ലീഗിന് പുറത്തേക്ക്? ഇന്ന് അതിനിർണായക ദിനം; ചെന്നൈ ക്യാമ്പിൽ ആശങ്ക

'ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ല, നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം'; മഞ്ജുഷ സുപ്രീംകോടതിയിൽ

മാരിയോ വർഗാസ് യോസ: സാഹിത്യത്തിന്റെ അനശ്വര വിപ്ലവകാരി

'പൊൻമാൻ ഫഹദിനെ വെച്ച് ചെയ്യാൻ വിചാരിച്ചിരുന്ന സിനിമ, ബ്രൂണോ എന്ന കഥാപാത്രം ചെയ്യുമെന്ന് വിചാരിച്ചില്ല'; ആനന്ദ് മന്മഥൻ

വിദ്യാർഥികളെക്കൊണ്ട് 'ജയ് ശ്രീറാം' വിളിപ്പിച്ചു; തമിഴ്നാട് ഗവർണർക്കെതിരെ പ്രതിഷേധം, പുറത്താക്കണമെന്ന് ആവശ്യം

IPL 2025: മോശം ഫോമിൽ ഉള്ളപ്പോൾ തന്നെ ഞാൻ ഇടുന്ന റെക്കോഡ് നിനക്ക് ഒന്നും താങ്ങാൻ പറ്റുന്നില്ല, അപ്പോൾ നല്ല ഫോമിൽ ആയിരുന്നെങ്കിലോ; ധോണിയെയും തകർത്ത് അതുല്യ നേട്ടം സ്വന്തമാക്കി രോഹിത്

ഡൽഹി കത്തോലിക്കാ അതിരൂപതയുടെ കുരിശിന്റെ വഴി റാലി തടഞ്ഞ് ഡൽഹി പോലീസ്; പക്ഷപാതപരവും അന്യായവുമെന്ന് അതിരൂപത വക്താവ്

'വഖഫിന്‍റെ പേരിൽ നടന്നത് ഭൂമി കൊള്ള, പല ഭൂമികളും തട്ടിയെടുത്തു'; വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് വഖഫ് നിയമങ്ങളെ മാറ്റി മറിച്ചുവെന്ന് നരേന്ദ്ര മോദി

'കാറ് ബോംബ് വച്ച് പൊട്ടിക്കും, കൊലപ്പെടുത്തും'; സൽമാൻ ഖാന് വീണ്ടും വധഭീഷണി

നെയ്യാറ്റിൻകരയിലെ ഗോപന്റെ മരണം; കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്