പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന്റെ രക്ഷകനാവുമോ?

പ്രമുഖ തിരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിന്റെ പുനുരുജ്ജീവനത്തിനായുളള തന്ത്രങ്ങള്‍ മെനയാനുള്ള ഉത്തരവാദിത്വം പാര്‍ട്ടി ഹൈക്കമാന്‍ഡ് ഏല്‍പ്പിക്കാന്‍ പോകുന്നുവെന്ന വിധത്തിലുള്ള ചര്‍ച്ചകള്‍ ആ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നുവരുന്നുണ്ട്. പ്രശാന്ത് കിഷോറിനെ ഒരു കണ്‍സള്‍ട്ടന്റ് ആയി വയ്കണോ അതോ കോണ്‍ഗ്രസില്‍ തന്നെ ഉന്നത സ്ഥാനം കൊടുത്ത് നേതൃത്വത്തില്‍ ഉള്‍പ്പെടുത്തണോ എന്ന തലത്തിലേക്കാണ് ചര്‍ച്ചകള്‍ പോകുന്നത്. ചര്‍ച്ചകളിന്‍മേല്‍ സമൂര്‍ത്തമായ ഒരു തിരുമാനം എടുക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് ഇതുവരെ കഴിഞിട്ടില്ല.

2014 ലെ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്ന് പ്രതിഭാസമാണ് പ്രശാന്ത് കിഷോര്‍ എന്ന ബീഹാര്‍ സ്വദേശിയായ 45 കാരന്‍. ഹൈദരാബാദിലെ എഞ്ചിനീറിംഗ് പഠനത്തിന് ശേഷം ഐക്യ രാഷ്ട്ര സഭയിലെ ചില ഏജന്‍സികളിലൊക്കെ ജോലി ചെയ്ത ശേഷമാണ് പ്രശാന്ത് കിഷോര്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വിദ്ഗ്ധനായി മാറിയത്. 2013 ലാണ് സിറ്റിസണ്‍ ഫോര്‍ അക്കൗണ്ടബിള്‍ ഗവര്‍ണന്‍സ് എന്നൊരു കമ്പനി പ്രശാന്ത് കിഷോര്‍ രൂപീകരിക്കുന്നത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി പബ്ളിക് റിലേഷന്‍ തന്ത്രങ്ങള്‍ ആവിഷ്്കരിക്കുക എന്നതായിരുന്നു പ്രസ്തുത കമ്പനിയുടെ ഉദ്ദേശ ലക്ഷ്യം. ഇദ്ദേഹത്തെ ആദ്യം നന്നായി ഉപയോഗപ്പെടുത്തിയത് ബി ജെ പിയായിരുന്നു. 2014ലെ നരേന്ദ്രമോദിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച പ്രചരണ പരിപാടികളായ ചായ് പേ ചര്‍ച്ച, ത്രി ഡി റാലി, റണ്‍ ഫോര്‍ യൂണിറ്റി എന്നിവയുടെ ഉപജ്ഞാതാവും പ്രശാന്ത് കിഷോര്‍ തന്നെയായിരുന്നു.

2014 ല്‍ അധികാരത്തില്‍ വന്നതോടെ മോദി പതിയെ പ്രശാന്ത് കിഷോറിനെ ഒഴിവാക്കുകയോ അല്ലങ്കില്‍ പ്രശാന്ത് കിഷോര്‍ അവിടുന്ന് സ്വയം പിന്‍മാറുകയോ ചെയ്തു. 2015 ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നീതിഷ് കുമാറിന്റെ പ്രചരണ തന്ത്രങ്ങളുടെ ചുക്കാന്‍ ഏറ്റെടുത്ത് കൊണ്ട്് പ്രശാന്ത് കിഷോര്‍ ഐ പാക്ക് അഥവാ ഇന്‍ഡ്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി എന്ന പുതിയൊരു പബ്ളിക്ക് റിലേഷന്‍-പൊളിറ്റിക്കല്‍ സ്ട്രേറ്റജി കമ്പനിക്ക് രൂപം കൊടുത്തു. ആ തിരഞ്ഞെടുപ്പില്‍ നിതീഷിന്റ വന്‍ വിജയത്തിന് പിന്നില്‍ ഐ പാക്കിന്റെ പുത്തന്‍ പരസ്യ വിതരണ തന്ത്രങ്ങളുണ്ടായിരുന്നത് നിഷേധിക്കാനാകാത്ത സത്യമായിരുന്നു.

2017 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചരണത്തിന്റെ ചുക്കാനും കോണ്‍ഗ്രസിന് വേണ്ടി പ്രശാന്ത് കിഷോര്‍ ഏറ്റെടുത്തു. രണ്ട് തവണ തുടര്‍ച്ചയായി അസംബ്ളി തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട സംസ്ഥാനമായിരുന്നു പഞ്ചാബ് , 2017 ലെ തിരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ അമരീന്ദരന്‍ സിംഗിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുണ്ടായ ഉജ്വല വിജയത്തിന്റെ ക്രെഡിറ്റ് പ്രശാന്ത് കിഷോറിന് നല്‍കാന്‍ കോണ്‍ഗ്രസ്നേതാക്കള്‍ മല്‍സരിക്കുകയായിരുന്നു. എന്നാല്‍ 2017 ലെ ഉത്തര്‍ പ്രദേശിലെ അസംബ്ളി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചരണ തന്ത്രങ്ങള്‍ രൂപപ്പെടുത്താനുള്ള ചുമതല പ്രശാന്ത് കിഷോറിനെ ഏല്‍പ്പിച്ചെങ്കിലും ആ തിരഞ്ഞെടുപ്പ് 300 ലധികം സീറ്റുകളോടെ ബി ജെ പി തൂത്തുവാരി. 27 വര്‍ഷമായി യു പി യില്‍ അധികാരത്തിന് പുറത്തു നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്് എന്നത്കൊണ്ട് പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ എത്ര മികച്ചതായാലും അത് ജനങ്ങളിലേക്കെത്താന്‍ സാധ്യതയില്ലന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ ആദ്യമേ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ 2019 ലെ ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ജഗ്മോഹന്‍ റെഡ്ഡിക്ക് വേണ്ടിയും, 2021 ല്‍ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്ക് വേണ്ടിയും, 2020 ല്‍ കെജ്രിവാളിന് വേണ്ടി ഡല്‍ഹി അസംബ്ളി തിരഞ്ഞെടുപ്പിലും പ്രശാന്ത് കിഷോര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുകയും ഉജ്വല വിജയങ്ങള്‍ സമ്മാനിക്കുകയും ചെയ്തു

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസിന്റെ രക്ഷനാകാന്‍ കഴിയുമോ? കോണ്‍ഗ്രസിന്റെ ജനപിന്തുണയിലുണ്ടായ വലിയ അപചയം പരിഹരിച്ച് അതിനെ വീണ്ടും മാസ് അപ്പീലുള്ള പാര്‍ട്ടിയാക്കി മാറ്റാന്‍ തക്ക ആയുധങ്ങള്‍ ഈ പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റിന്റെ കയ്യിലുണ്ടോ? എന്താണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സംഭവിച്ച യഥാര്‍ത്ഥ തിരിച്ചടി എന്ന കാര്യത്തില്‍ പ്രശാന്ത് കിഷോറിന് കൃത്യമായ ധാരണകളുണ്ടോ? ഈ സമയത്ത് സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങളാണിത്.

രാഹുല്‍ ഗാന്ധി എം പിയായിരിക്കുന്ന, കോണ്‍ഗ്രസിന്റെ കരുത്തുറ്റ കോട്ട എന്നറിയപ്പെടുന്ന കേരളത്തില്‍പോലും തുടര്‍ച്ചയായി രണ്ടാ ംതവണയും സി പി എം ഭരണം നിലനിര്‍ത്തി. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന സംഘപരിവാരിന്റെ എക്കാലത്തെയും വലിയ സ്വപ്നത്തെ 2024 ഓടെ സാക്ഷാല്‍ക്കരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണവര്‍. ഒരിക്കല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിലെല്ലാം തന്നെ കോണ്‍ഗ്രസ് ഇന്ന് മൂന്നാമത്തെയോ നാലാമത്തെയോ പാര്‍ട്ടിയാണ്. മഹാരാഷ്ട്ര മാത്രം ഉദാഹരണമായി എടുത്താല്‍ മതി. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര അടിത്തറ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു കഴഞ്ഞു. എന്തിന് ഞങ്ങള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണം എന്ന് ഏതെങ്കിലും പ്രദേശത്തെ ജനങ്ങള്‍ ചോദിച്ചാല്‍ അതിന് കൃത്യമായി മറുപടി നല്‍കാന്‍ പറ്റുന്ന അവസ്ഥയിലല്ല കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍. ബി ജെ പിയാകട്ടെ ഹിന്ദു -മുസ്ളീം എന്ന വിഭാഗീതയത വളരെ കൃത്യമായി രാജ്യത്ത് സൃഷ്ടിച്ചു കഴിഞ്ഞു. വളരെ ദീര്‍ഘകാലം നിലനില്‍ക്കേണ്ട പദ്ധതിയുമായാണ് സംഘപരിവാര്‍ മുന്നോട്ട് പോകുന്നത്.

ബി ജെ പിയെ സംബന്ധിച്ചിടത്തോളം ഒരു കോടിയലധികം വരുന്ന ആര്‍ എസ് എസ് കേഡര്‍മാര്‍ എപ്പോള്‍ വേണമെങ്കിലും സുസജ്ജമാക്കാന്‍ കഴിയും. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് ദൃശ്യമായിരുന്നു. വോട്ടേഴ്സ് ലിസ്റ്റിലെ ഒരു ഷീറ്റിന് ഒരാള്‍ എന്ന കണക്കിലാണ് അവിടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ ഏകോപിപ്പിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന് കേരളമുള്‍പ്പെടെയുള്ള ഒരു സംസ്ഥാനത്തും അത്തരത്തില്‍ സുസംഘടിതമായ രീതിയില്‍ കേഡര്‍മാരെ സൃഷ്ടിക്കാന്‍ കഴിയില്ല. അവിടെയാണ് കോണ്‍ഗ്രസ്നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി. കേരളം പോലുള്ള സംസ്ഥാനത്ത് പോലും അസംബളി തിരഞ്ഞെടുപ്പില്‍ അടുക്കും ചിട്ടയുമോടെ പ്രവര്‍ത്തിക്കാന്‍ ഉള്ള ഒരു സംവിധാനമില്ലായിരുന്നു, അപ്പോള്‍ മറ്റു സംസ്ഥാനങ്ങളുടെ കാര്യം ആലോചിക്കണോ?
കോണ്‍ഗ്രസില്‍ നെഹ്റു കുംബത്തിന് പുറത്ത് നിന്നുള്ള അധ്യക്ഷനോ ഉപാധ്യക്ഷനോ വേണമന്ന് പ്രശാന്ത് കിഷോര്‍ നിര്‍ദേശം വച്ചുവെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിന്   പുറത്ത് നിന്ന് ഒരു അധ്യക്ഷനെ തേടാന്‍ നെഹ്റു കുടുംബത്തിന് താല്‍പര്യമുണ്ടാകില്ല, കാരണം അത് രണ്ട് അധികാര കേന്ദ്രങ്ങള്‍ പാര്‍ട്ടിയിലുണ്ടാക്കും. വര്‍ക്കിംഗ് പ്രസിഡന്റ് ജോലി ചെയ്യാന്‍ ഒരു വൈസ് പ്രസിഡന്റിനെ വയ്കാനേ അവര്‍ക്ക് താല്‍പര്യം കാണു. അടിസ്ഥാനപരമായി നെഹ്റു കുടംബത്തിന്റെ പിടി കോണ്‍ഗ്രസില്‍ ഇല്ലാതാകുന്ന ഒരു കാര്യത്തിനും അവര്‍ സമ്മതം മൂളില്ല.

1985 മുതല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയുടെ ഗ്രാഫ് താഴോട്ടാണ് , അതിനെ തിരിച്ച് മേലോട്ട് കൊണ്ടുവരാനുള്ള മാന്ത്രികവടിയൊന്നും പ്രശാന്ത് കിഷോറിനെന്നല്ല ആര്‍ക്കും കാണില്ല.. അടിവേരുകള്‍ ദുര്‍ബലമായ വന്‍മരം പോലെയാണ് ഈ പാര്‍ട്ടി, നെഹ്റു കുടൂംബം എന്ന പേര് പുതിയ തലമുറയെ കാര്യമായി സ്വാധീനിക്കുന്നുമില്ല, പുതിയ വേരുകള്‍ പൊടിച്ചു തുടങ്ങിയാലല്ലാതെ അതിന് ഇനി പുനര്‍ജന്‍മം ഇല്ല. നെഹ്റു കുടുംബം എന്ന ലെഗസിക്ക് ചുറ്റും വട്ടം കറങ്ങുന്ന പാര്‍ട്ടിയായി തുടരാതെ പുതിയ ആശയങ്ങളുള്ളവരെയും, പുതിയ കാഴ്ചപ്പാടുകള്‍ ഉ്ളള ചെറുപ്പക്കാരെയും,ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവര്‍ക്ക് വിശ്വസിക്കാനും കഴിയുന്ന ജന നേതാക്കളെയും ഉള്‍പ്പെടുത്തി കോണ്‍ഗ്രസിന്റെ നേതൃതലം വിപൂലീകരിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും പ്രതീക്ഷിക്കാം, ഇല്ലങ്കില്‍ പ്രശാന്ത് കിഷോര്‍ അല്ല ദൈവം തമ്പുരാന്‍ താഴെ ഇറങ്ങി വന്നാലും ഈ പാര്‍ട്ടി രക്ഷപെടാനുള്ള യാതൊരു സാധ്യതയുമില്ല.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ