ആസന്നമായ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന സര്‍ക്കാര്‍. അതു സുപ്രീം കോടതിയില്‍ നിന്ന് ഫണ്ട് ശേഖരണം സംബന്ധിച്ച് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് കനത്ത പ്രഹരം കിട്ടിയതിന് പിന്നാലെ. ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി പറഞ്ഞത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ തലയ്ക്കല്‍ കിട്ടിയ അടിയാണ്. കാരണം പേരും വിവരവും വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന വാങ്ങാനുള്ള ഇലക്ടറല്‍ ബോണ്ട് സംവിധാനം ബിജെപിയാണ് 2018ല്‍ കൊണ്ടുവന്നത്. പ്രതിപക്ഷ എതിര്‍പ്പിനെ അവഗണിച്ച് പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷത്തില്‍ പാസാക്കിയെടുത്തതാണ് പേരു വെളിപ്പെടുത്തേണ്ടാത്ത സംഭാവന സ്‌കീം. അതില്‍ പിന്നെ ഇലക്ടറല്‍ ബോണ്ടിലൂടെ വന്ന പണത്തിന്റെ 75% വും ഒഴുകിയത് ബിജെപിയെന്ന ഒറ്റ പാര്‍ട്ടിയിലേക്കാണ്.
ജനങ്ങളെ ഒളിച്ച് അങ്ങനെ സംഭാവന വാങ്ങിക്കൂട്ടേണ്ടെന്ന് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ സുപ്രീം കോടതി ഉത്തരവിട്ടതോടെ പത്തിയ്ക്ക് അടികിട്ടിയ പാമ്പിനേ പോലെയായി ബിജെപി. 2018 മുതല്‍ ഇങ്ങോട്ട് അഞ്ച് വര്‍ഷത്തിനിടെ വാങ്ങിക്കൂട്ടിയ ഇലക്ടറല്‍ ബോണ്ടെന്ന ഓമന പേരിലുള്ള സംഭാവനയുടെ വിവരങ്ങള്‍ പാര്‍ട്ടികള്‍ വെളിപ്പെടുത്തണമെന്നും മാര്‍ച്ചിന് മുമ്പായി വേണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയതോടെ മറ്റേതൊരു പാര്‍ട്ടിയേക്കാലും ഞെട്ടിത്തരിച്ചത് ബിജെപിയാകും. കാരണം കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ പോലും ഇലട്കറല്‍ ബോണ്ട് വഴി 2000 കോടിയിലധികം ബിജെപിയ്ക്ക് കിട്ടിയെന്നാണ് കണക്ക്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കയ്യിലുള്ള വിവര പ്രകാരം 2018- 23 കാലഘട്ടത്തില്‍ ആകെ കിട്ടിയ 12,000 കോടി ഇലക്ടറല്‍ ബോണ്ടില്‍ 6565 കോടിയും പോയിരിക്കുന്നത് ബിജെപി അക്കൗണ്ടിലേക്കാണ്. ബാക്കി തുകയെല്ലാം കൂടിയാണ് ഇന്ത്യാ മഹാരാജ്യത്തിലുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം കൂടി കിട്ടിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നതില്‍ തര്‍ക്കമില്ല, ഇത്തരത്തില്‍ എല്ലാ കണക്കും പോരട്ടേയെന്ന് സുപ്രീം കോടതി പറഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളിലേക്ക് ഇന്‍കം ടാക്‌സിനെ വിട്ടൊരു ശ്രദ്ധ തിരിക്കല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായ നികുതി വകുപ്പ് പക്ഷേ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ് ട്രഷറര്‍ വാര്‍ത്താസമ്മേളനം നടത്തി മിനിറ്റുകള്‍ക്കകം മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു. കോണ്‍ഗ്രസിന്റെ പരാതിയില്‍ ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (ഐടിഎടി) ആണ് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചത്. തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആഞ്ഞടിച്ചിരുന്നു. പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന്‍ പറഞ്ഞത് ഇത് ജനാധിപത്യ നടപടി ക്രമങ്ങളെ അസ്വസ്ഥമാക്കുന്ന അടിയാണെന്നാണ്.
ക്രൗഡ്ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കവേയാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത് ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നതാണെന്നും അജയ് മാക്കന്‍ പറഞ്ഞു.
‘ജനാധിപത്യം നിലനില്‍ക്കുന്നില്ല, ഏകപാര്‍ട്ടി ഭരണമാണ് ഇവിടെ നടക്കുന്നത്. പ്രധാന പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നു. കോടതിയില്‍നിന്നും മാധ്യമങ്ങളില്‍നിന്നും ജനങ്ങളില്‍നിന്നും ഞങ്ങള്‍ നീതി പ്രതീക്ഷിക്കുന്നു.
അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും അജയ് മാക്കന്‍ അറിയിച്ചിട്ടുണ്ട്. 210 കോടിരൂപയാണ് യൂത്ത്‌കോണ്‍ഗ്രസിനോടും കോണ്‍ഗ്രസിനോടും നല്‍കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും 115 കോടി രൂപ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ആരോപിക്കുന്നു. 115 കോടി അക്കൗണ്ടില്‍ നിലനിര്‍ത്തണമെന്ന് ആദായ നികുതി അപ്പലേറ്റ് ട്രൈബൂണല്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് മുകളിലുള്ള പണം ഉപയോഗിക്കാമെന്നതാണ് മരവിപ്പിക്കല്‍ നടപടികളെ തള്ളിക്കൊണ്ടുള്ള ഉത്തരവിലുള്ളത്. അതിനര്‍ഥം കോണ്‍ഗ്രസ് അക്കൗണ്ടിലുള്ള 115 കോടി മരവിപ്പിച്ചുവെന്നത് തന്നെയാണ്. കറന്റ് അക്കൗണ്ടുകളില്‍ നിലവിലുള്ളതിനേക്കാള്‍ കൂടിയ തുകയാണിതെന്ന് അജയ് മാക്കന്‍ ട്വീറ്റ് ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര അടക്കം തുടരുമ്പോള്‍ ബിജെപി കോണ്‍ഗ്രസിനെ പൂട്ടുകയാണെന്ന് വ്യക്തമാവുകയാണ്. ന്യായ് യാത്രയെ മാത്രമല്ല എല്ലാ തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നും കോണ്‍ഗ്രസ് ആവലാതിപ്പെടുന്നുണ്ട്. അക്കൗണ്ടിലുള്ള 115 കോടി ഉപയോഗ ശൂന്യമാക്കി നിര്‍ത്തുന്നതില്‍ ആദായ നികുതി വകുപ്പിന്റെ നടപടി വിജയിച്ചുവെന്ന് വേണം പറയാന്‍. അക്കൗണ്ട് മരവിപ്പിക്കല്‍ നീക്കി അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിച്ചെന്ന് പറയുമ്പോഴും 115 കോടിയുടെ ഫ്രീസാക്കലില്‍ നിന്ന് രക്ഷപ്പെടാതെ കുരിക്കി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ അടക്കം താറുമാറാക്കി കഴിഞ്ഞു ബിജെപി.