2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റെയ്‌സറാണ് നവംബറില്‍ നടക്കുന്ന അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍. എങ്ങനെയാണ് ഇന്ത്യയിലെ നിലവിലെ ട്രെന്‍ഡ് എന്ന് വെളിവാക്കുന്നതാകും നവംബറില്‍ നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം തെലങ്കാന തിരഞ്ഞെടുപ്പ്. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ മോദി ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമോ അതോ ഇന്ത്യ മുന്നണിയുടെ മുന്നേറ്റമുണ്ടാകുമോയെന്ന ചോദ്യത്തിനെല്ലാം കൃത്യമായ ഉത്തരം കിട്ടില്ലെങ്കിലും എങ്ങനെയാണ് രാജ്യത്തിന്റെ ഇലക്ടറേറ്റ് ചിന്തിക്കുന്നതെന്നതിന്റെ നിര്‍ണായക സൂചന കിട്ടും. 16.1 കോടി വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തുക.
60.2 ലക്ഷം കന്നി വോട്ടര്‍മാര്‍ ഈ അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഭാഗധേയമാകുമെന്നത് പുത്തന്‍ വോട്ടര്‍മാരുടെ പ്രതീക്ഷയും നിര്‍ണയവുമെന്താണെന്നതിന്റെ ട്രെന്‍ഡ് വെളിവാക്കും. നവംബര്‍ മാസത്തില്‍ തന്നെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാവും എല്ലായിടങ്ങളിലും ഒന്നിച്ച് ഡിസംബര്‍ മൂന്നിന് റിസള്‍ട്ട് വരും. മിസോറാമില്‍ നവംബര്‍ ഏഴിന് വോട്ടെടുപ്പ് തുടങ്ങുന്നതോടെയാണ് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് തുടക്കമാകുക. ഛത്തീസ്ഗഢില്‍ മാത്രം രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം നവംബര്‍ ഏഴിനും രണ്ടാം ഘട്ടം നവംബര്‍ 17നും നടക്കും. ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനൊപ്പമാകും മധ്യപ്രദേശിലെ വോട്ടെടുപ്പ്, അതായത് എംപിയില്‍ 17ന് തിരഞ്ഞെടുപ്പ്. രാജസ്ഥാനില്‍ ഒറ്റഘട്ടമായി നവംബര്‍ 23ന് വോട്ടെടുപ്പ് നടക്കും. ഏറ്റവും ഒടുവില്‍ വോട്ടെടുപ്പ് നടക്കുന്നത് തെലങ്കാനയിലാണ് നവംബര്‍ 30ന്. ഡിസംബര്‍ മൂന്നിന് അറിയാം നവംബറിലെ അങ്കത്തില്‍ ആര് നേടിയെന്ന്.
2018ല്‍ ഈ അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിലും വിജയിച്ച് ഹാട്രിക് നേടിയിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നു. പക്ഷേ ഇപ്പോള്‍ രണ്ടിടങ്ങളിലെ കോണ്‍ഗ്രസ് അധികാരത്തിലുള്ളു. ഛത്തീസ് ഗഢിലും രാജസ്ഥാനിലും. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് ശിവ് രാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. കോണ്‍ഗ്രസിന്റെ കാലുവാരി ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും ബിജെപി കൂടാരം കേറിയതാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയത്.
ഇനി ഈ അഞ്ച് സംസ്ഥാനങ്ങളിലെ നിലവിലെ ഭരണപക്ഷം ആരൊക്കെയെന്ന് നോക്കാം.
രാജസ്ഥാനില്‍ 2018ല്‍ ഭരണം പിടിച്ചത് കോണ്‍ഗ്രസാണ്. അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടര്‍ഭരണം തേടിയാണ് വോട്ട് തേടുന്നത്. 200 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം 101 ആണ്. കോണ്‍ഗ്രസിന് 100ഉം ബിജെപിക്ക് 73 സീറ്റും കിട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍. മായാവതിയുടെ ബിഎസ്പിയുടെ പിന്തുണ കിട്ടിയതോടെ കേവല ഭൂരിപക്ഷത്തില്‍ ഒരു അംഗത്തിന്റെ കുറവുണ്ടായിരുന്ന കോണ്‍ഗ്രസിന് ആറ് എംഎല്‍എമാരെ കൂടി കിട്ടി. കോണ്‍ഗ്രസിനുള്ളില്‍ സച്ചിന്‍ പൈലറ്റ് – അശോക് ഗെഹ്ലോട്ട് പോര് നിലനില്‍ക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിനെ ബാധിക്കാത്ത വിധത്തില്‍ സംഘടനാപരമായി കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസിനാകുന്നുണ്ട്. ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ വര്‍ധിച്ച തോതില്‍ ഭരണവിരുദ്ധ വികാരം ഇല്ലാത്തതും കോണ്‍ഗ്രസിന് രാജസ്ഥാനില്‍ മേല്‍ക്കൈ നല്‍കുന്നുണ്ട്. പല അഭിപ്രായ സര്‍വ്വേകളും രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയം പ്രവചിക്കുന്നുണ്ട്. സംഘടനാപരമായി ബിജെപി വലിയ പ്രതിസന്ധി രാജസ്ഥാനില്‍ നേരിടുന്നുവെന്നതും കോണ്‍ഗ്രസിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ വസുന്ധര രാജെ സിന്ധ്യയും കേന്ദ്രനേതൃത്വവും തമ്മിലുള്ള ഉടക്കും രാജസ്ഥാനില്‍ ബിജെപി സാധ്യതകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇനി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചു അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ശിവ് രാജ് സിംഗ് ചൗഹാനെ മാറ്റി നിര്‍ത്തി പുതുമുഖത്തെ മുഖ്യമന്ത്രി പ്രതിച്ഛായയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രങ്ങള്‍ കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ട്. നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി മധ്യപ്രദേശ് പിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. 230 സീറ്റുകളുള്ള നിയമസഭയില്‍ കഴിഞ്ഞ കുറി 114 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്, ബിജെപി 109 സീറ്റും. 116 എന്നതാണ് മധ്യപ്രദേശിലെ മാന്ത്രിക നമ്പര്‍. കോണ്‍ഗ്രസ് മധ്യപ്രദേശ് പിടിക്കാന്‍ ഓപ്പറേഷന്‍ താമരയാല്‍ അട്ടിമറിക്കപ്പെട്ട് ഇറങ്ങിയപ്പോള്‍ മുതല്‍ സംഘടനാപരമായി തയ്യാറെടുക്കുന്നുണ്ട്. കമല്‍നാഥിന്റെ നേതൃത്വത്തില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ 2018നേക്കാള്‍ മികച്ച രീതിയില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ പാകത്തിലുള്ളതാണ്.
ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗല്‍ സ്ട്രാറ്റജിയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 90 അംഗ നിയമസഭയില്‍ 46 എന്ന കേവലഭൂരിപക്ഷം കടന്ന് 68 സീറ്റുകള്‍ നേടിയാണ് 2018 തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ജയിച്ചത്. 15 സീറ്റായിരുന്നു ബിജെപിയുടെ സമ്പാദ്യം. പിന്നീടങ്ങോട്ട് കോണ്‍ഗ്രസിന്റെ പല സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് സ്ട്രാറ്റജിസ്റ്റു പോലായിരുന്നു ഭൂപേഷ് ബാഗല്‍. ഹാട്രിക് വിജയം നേടി തുടര്‍ഭരണം തേടിയിറങ്ങിയ ബിജെപിയുടെ രമണ്‍ സിങിനെ മലര്‍ത്തിയടിച്ചാണ് കോണ്‍ഗ്രസ് അന്ന് അധികാരത്തില്‍ വന്നത്. ഇക്കുറി തുടര്‍ഭരണം തേടിയാണ് ബാഗലും കോണ്‍ഗ്രസും ഛത്തീസ് ഗഢില്‍ ഇറങ്ങുന്നത്.
മിസോറാമില്‍ പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടാണ് 2018 തിരഞ്ഞെടുപ്പ് തൂത്തുവാരിയത്. മുഖ്യമന്ത്രിയായത് സൊറാതാങ്ക. പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസും മാറിമാറി അധികാരത്തില്‍ വന്ന ചരിത്രമാണ് മിസോറാമിന്റെ. ഏറ്റവും കൂടുതല്‍ കാലം മിസോറാം ഭരിച്ചത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ലാല്‍ തന്‍ഹാവ്‌ലയായിരുന്നു. 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് ശേഷം 40 അംഗ നിയമസഭയില്‍ 27 സീറ്റുകള്‍ പിടിച്ചായിരുന്നു മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസിന് 4ഉം ബിജെപിക്ക് ഒന്നും സീറ്റുകള്‍ മാത്രമാണ് മിസോറാമില്‍ കിട്ടയത്. 21 ആണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. എന്തായാലും ബിജെപിയുടെ കീഴില്‍ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാണ് എംഎന്‍എഫ്.
തെലങ്കാന സംസ്ഥാനം രൂപംകൊണ്ടതിന് ശേഷമുള്ള മൂന്നമാത്തെ തിരഞ്ഞെടുപ്പാണിത്. കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസാണ് അധികാരത്തിലുള്ളത്. തെലങ്കാന പിടിയ്ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കോണ്‍ഗ്രസാണ് ബിആര്‍എസിന്റെ പ്രധാന എതിരാളി. ത്രികോണ പോര് എന്നൊക്കെ പറയാമെങ്കിലും പൊതുവേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ബിജെപിയോടുള്ള കല്ലുകടി ആന്ധ്രാപ്രദേശായിരുന്ന കാലത്തും തെലങ്കാന ആയിരുന്ന കാലത്തും സംസ്ഥാനം വ്യക്തമാക്കിയിട്ടുള്ളതാണ്. ബിജെപി- ബിആര്‍എസ് ബാന്ധവത്തിലൂടെ പുത്തന്‍ കഥകള്‍ തെലങ്കാന പറയുമോ എന്ന ചോദ്യം മാത്രമേ അതില്‍ അട്ടിമറി സാധ്യതയായുള്ളു. ആന്ധ്രാ പ്രദേശില്‍ കോണ്‍ഗ്രസ് അടിവേര് നല്ല ആഴത്തില്‍ പണ്ട് മുതല്‍ക്കേ ആഴ്ന്നുകിടക്കുന്നതിനാല്‍ ഇപ്പോള്‍ പാര്‍ട്ടിയ്ക്കുണ്ടായ പുത്തന്‍ ഉണര്‍വ്വ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അവസരം നല്‍കുമോയെന്ന് കണ്ടറിയണം. 119 സീറ്റുകളില്‍ നിലവില്‍ കെസിആറിന്റെ പാര്‍ട്ടിയ്ക്ക് 88 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 19 അംഗങ്ങളും അസൗദ്ദിന്‍ ഒവൈസിയുടെ പാര്‍ട്ടിക്ക് ഏഴും എംഎല്‍എമാരുണ്ട്. ഒരു സീറ്റ് മാത്രമാണ് 2018ല്‍ ബിജെപിക്ക് കിട്ടിയത്. 60 ആണ് തെലങ്കാനയിലെ മാജിക് നമ്പര്‍.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യ മഹാരാജ്യം എങ്ങോട്ട് ചായുമെന്നതിന്റെ ഏകദേശ രൂപം ഈ അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പ് നല്‍കും. 2024ല്‍ രാജ്യം എങ്ങോട്ടെന്ന് അറിയാന്‍ 2023 ഡിസംബര്‍ മൂന്നിന്റെ ഫലസൂചനകള്‍ വഴികാട്ടിയാകുമെന്നതില്‍ സംശയമില്ല.