ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

വിപിന്‍ദേവ്

ശത്രുക്കളുടെ തലച്ചോറില്‍ ഇരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന. മാസങ്ങള്‍ക്ക് മുന്‍പ് ശത്രു നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് അവരെ മരണത്തിലേക്ക് വഴിതെളിക്കുന്ന കൂര്‍മ്മത. കാക്കയുടെ കണ്ണുകളും കുറുക്കന്റെ ബുദ്ധിയുമുള്ളവരെന്നാണ് ഇവരെ ലോകം വിശേഷിപ്പിക്കുന്നത്. മൂന്ന് ഗ്രാം സ്ഫോടക വസ്തുകൊണ്ട് ശത്രുരാജ്യത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ചാവേറുകളെ പോലും മാനസികമായി തളര്‍ത്താന്‍ പോന്ന സാമര്‍ദ്ധ്യം.

ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിനെ കുറിച്ചുള്ള വിശേഷണങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ചാര പ്രവര്‍ത്തനത്തിലും രഹസ്യാന്വേഷണത്തിലും അവസാന വാക്കായ മൊസാദിന്റെ ചരിത്രത്തിലെ ഓരോ ഏടുകളും കേട്ടിരിക്കുന്നവരുടെ പോലും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കും. ശത്രു എത്ര ഉന്നതനായാലും അവരുടെ കിടപ്പറയില്‍ കടന്നും രഹസ്യങ്ങള്‍ ചൂഴ്ന്നെടുക്കാനുള്ള മൊസാദിന്റെ വൈദഗ്ധ്യം ലോകപ്രശസ്തമാണ്.

അതിന്റെ അവസാന ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലെബനനില്‍ നടന്നതെന്നാണ് ലോകം മുഴുവന്‍ ചിന്തിക്കുന്നത്. ഹിസ്ബുള്ള അനുയായികളുടെ പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചതിലും പിന്നാലെ വാക്കി ടോക്കികളില്‍ സ്ഫോടനം നടന്നതിലും തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള നേതാക്കളും ഇറാനും ആവര്‍ത്തിച്ച് പറയുമ്പോഴും ഇസ്രായേല്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.

പ്രത്യാക്രമണം നടത്തുമെന്ന് ഹിസ്ബുള്ളയും ഇറാനും പറയുമ്പോഴും സ്ഫോടനം എങ്ങനെ സംഭവിച്ചുവെന്നോ ആരാണ് ഇതിന്റെ പിന്നിലെന്നോ ഇരുകൂട്ടര്‍ക്കും കൃത്യമായ വിവരമില്ല. എന്നാല്‍ ലോക രാജ്യങ്ങള്‍ക്കെല്ലാം വ്യക്തമാണ് ഇത്തരത്തിലൊരു ആക്രമണം നടത്താന്‍ മൊസാദിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന്.

അതിന് കാരണം മൊസാദിന്റെ ചരിത്രമാണ്. നിങ്ങള്‍ക്കിടയിലും അവരുണ്ടാകും, നിങ്ങള്‍ക്കൊപ്പവുമുണ്ടാകും. എന്നാല്‍ അത് കണ്ടെത്തുകയെന്നത് അസാധ്യമാണ്. അതിനൊരു ഉദാഹരണമാണ് മൊസാദിന്റെയും ഇസ്രായേലിന്റെയും എക്കാലത്തെയും ഹീറോ ആയ എലി കോഹന്‍ ഡമാസ്‌കസിന്റെ ചരിത്രം. 2019ല്‍ പുറത്തിറങ്ങിയ ദ സ്പൈ എന്ന മിനി സീരീസിലൂടെയാണ് എലി കോഹനെ ലോകം വീണ്ടും ഓര്‍ത്തെടുക്കുന്നത്.

1924ല്‍ സിറിയയിലെ ജൂത ദമ്പതികളുടെ മകനായി ജനിച്ച എലി കോഹന്റെ ആദ്യ കാല പ്രവര്‍ത്തനം ഈജിപ്തില്‍ നിന്നുള്ള ജൂതന്മാരെ ഇസ്രായേലിലേക്ക് കടക്കാന്‍ സഹായിക്കുക എന്നതായിരുന്നു. തുടര്‍ന്ന് ഈജിപ്തില്‍ ഇസ്രായേലിനായി അയാള്‍ ചാരപ്രവര്‍ത്തനം ആരംഭിച്ചു. 1956ല്‍ ഈജിപ്ത് വിട്ട കോഹന്‍ ഇസ്രായേലിലെത്തി മൊസാദില്‍ ചേരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

എന്നാല്‍ 1960കളിലെ ഇസ്രായേല്‍-സിറിയ അസ്വാരസ്യങ്ങള്‍ കോഹനെ മൊസാദിന് പ്രിയപ്പെട്ടവനാക്കി. സിറിയന്‍ ഭാഷാപ്രാവീണ്യമുള്ള കോഹനെ മൊസാദ് അര്‍ജന്റീനയിലേക്ക് അയച്ചു. അവിടെ കമാല്‍ അമീന്‍ താബെറ്റ് എന്ന പുതിയ പേരില്‍ സിറിയയിലെ പ്രബലമായ പ്രവാസി സമൂഹത്തിന്റെ വിശ്വാസ്യത നേടി. തുടര്‍ന്ന് 1962ല്‍ അര്‍ജന്റീനയില്‍ നിന്ന് സിറിയന്‍ ജനതയുടെ അനുഗ്രഹാശുസുക്കളോടെ കോഹന്‍ സിറിയയില്‍ എത്തുമ്പോള്‍ ഉന്നത സൈനിക ഉദ്യോഗസ്ഥനായ അമീന്‍ അല്‍ ഹാഫീസുമായുള്ള അടുത്ത ചങ്ങാത്തം പിന്‍ബലമായി.

1963ല്‍ ബാത്തിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തോടെ ഹാഫീസ് സിറിയയുടെ അധികാരം പിടിച്ചെടുത്തതോടെ കോഹനെ ആഭ്യന്തര ചുമതല ഏല്‍പ്പിക്കാന്‍ വരെ ആലോചനയുണ്ടായി. കോഹന്‍ അപ്പോഴും തന്റെ ചാരപ്രവര്‍ത്തനം കൃത്യമായി തുടര്‍ന്നുപോന്നിരുന്നു. സിറിയയുടെ സൈനിക രഹസ്യങ്ങള്‍ ഉള്‍പ്പെടെ മൊസാദിന് യഥാസമയം ലഭിച്ചുകൊണ്ടേയിരുന്നു.

1965ല്‍ സിറിയന്‍ പ്രസിഡന്റിന്റെ ഉറ്റ സുഹൃത്തും രാജ്യത്തിന്റെ നയതന്ത്ര-സൈനിക വിഷയങ്ങളില്‍ പോലും സ്വാധീനമുണ്ടായിരുന്ന ഒറ്റുകാരനെ സിറിയ കണ്ടെത്തി നഗര മധ്യത്തില്‍ തൂക്കിക്കൊല്ലുകയായിരുന്നു. ഒരു പക്ഷേ സിറിയയ്ക്ക് കോഹനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മൊസാദിന്റെ നീക്കങ്ങളെ കുറിച്ചുള്ള ഒരു അധ്യായം കൂടി ചരിത്രത്തില്‍ നിന്ന് മൂടിവയ്ക്കപ്പെടുമായിരുന്നു.

മൊസാദിന്റെ ചരിത്രമെടുത്താല്‍ ശത്രുപാളയത്തില്‍ കടന്നുകൂടി അവരുടെ ബുദ്ധിസിരാ കേന്ദ്രങ്ങളില്‍ കടന്നുകൂടി നടത്തിയ ആക്രമണങ്ങള്‍ ഏറെയാണ്. അതുകൊണ്ടാണ് ലെബനനിലെ സ്ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ മൊസാദാണെന്ന സംശയം ബലപ്പെടുന്നതും. തായ്വാനിലെ ഗോള്‍ഡ് അപ്പോളോ കമ്പനിയില്‍ നിന്നും പേജറുകള്‍ വാങ്ങിയെന്ന് ഹിസ്ബുള്ള കേന്ദ്രങ്ങള്‍ പറയുമ്പോള്‍ തങ്ങള്‍ പേജര്‍ നിര്‍മ്മിക്കുന്നില്ലെന്നും ബിഎസി എന്നൊരു യൂറോപ്യന്‍ കമ്പനിയ്ക്ക് ഉത്പാദനം നടത്താനുള്ള ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നുമാണ് കമ്പനിയുടെ വിശദീകരണം. ബിഎസിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിക്കാതായതോടെ പിന്നിലുള്ള ബുദ്ധി കേന്ദ്രത്തെ പറ്റി ലോകത്തിന് ഊഹിക്കാം.

ന്യൂമെറിക് അല്ലെങ്കില്‍ ആല്‍ഫാ ന്യൂമെറിക് രൂപത്തില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന കാലഹരണപ്പെട്ട പേജറുകള്‍ ഇസ്രായേലി ചാരസംഘടനകള്‍ക്ക് ട്രാക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ ഹിസ്ബുള്ള ഫെബ്രുവരിയില്‍ തിരഞ്ഞെടുത്ത തീരുമാനം മൊസാദ് മാസങ്ങള്‍ക്ക് മുന്‍പേ മനസില്‍ കണ്ടെന്നുവേണം മനസിലാക്കാന്‍.

ബ്രിട്ടീഷ് സൈനിക വിദഗ്ധര്‍ പറയുന്നത് അനുസരിച്ച് പേജറുകളില്‍ നിറച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ ആല്‍ഫാ ന്യൂമെറിക് സന്ദേശങ്ങള്‍ അയച്ച് ട്രിഗര്‍ ചെയ്ത് സ്ഫോടനം നടത്തിയെന്നാണ്. എന്നാല്‍ സെല്ലുലാര്‍ നെറ്റ്വര്‍ക്കുമായി ബന്ധമില്ലാത്ത പേജറുകളില്‍ അത് എങ്ങനെ സാധ്യമാകുമെന്ന് വിശദീകരിക്കാന്‍ അവര്‍ക്കുമായില്ല. ഇപ്പോഴും ആ വിവരം അജ്ഞാതമായി തുടരുന്നു.

12 പേര്‍ കൊല്ലപ്പെടുകയും ഹിസ്ബുള്ളയുടെ ഉന്നത നേതാക്കന്മാരുള്‍പ്പെടെ 2800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനത്തിന് പിന്നാലെ ആയിരുന്നു വാക്കി ടോക്കികള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 20 പേര്‍ മരിക്കുകയും 450ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഇവിടെയും മൊസാദിന്റെ കണ്‍കെട്ട് വിദ്യ പ്രകടമാണ്. പൊട്ടിത്തെറിച്ച വാക്കിടോക്കികളുടെ ഉത്പാദനം 10 വര്‍ഷം മുന്‍പ് നിര്‍ത്തിയിരുന്നതായി ജാപ്പനീസ് കമ്പനി ഐ കോം അറിയിച്ചു.

ഒടുവിലായി ലെബനനില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സോളാര്‍ പാനലുകള്‍ വരെ പൊട്ടിത്തെറിച്ചുവെന്നാണ്. ഇസ്രായേല്‍ സൈന്യത്തിന്റെ സൈബര്‍ ചാര സംഘടനയായ യൂണിറ്റ് 8200 ആണ് സ്ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴും ഉത്തരം ലഭിക്കാതെ അവശേഷിക്കുന്ന ചില ചോദ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് മൊസാദിലേക്ക് മാത്രമാണ്.

ഫെബ്രുവരിയില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ച് പേജറിലേക്ക് മാറാനുള്ള തീരുമാനത്തിലേക്ക് ഹിസ്ബുള്ള നേതാക്കളെത്തിയതില്‍ ഒരു മൊസാദ് സ്റ്റൈല്‍ അവശേഷിക്കുന്നുണ്ട്. കമ്പനി ഉത്പാദനം നിര്‍ത്തിയ പേജറുകളുടെ നിര്‍മ്മാണ ലൈസന്‍സ് നേടിയ അജ്ഞാത കമ്പനി മൊസാദിന്റെ സൃഷ്ടിയല്ലേ? 10 വര്‍ഷം മുന്‍പ് നിര്‍മ്മാണം ഉപേക്ഷിച്ച വാക്കിടോക്കികള്‍ ഹിസ്ബുള്ളയുടെ കൈകളിലെത്തിയതിന് പിന്നിലും മൊസാദിന്റെ ആസൂത്രണ മികവില്ലേ? ഹിസ്ബുള്ളയിലും ഹമാസിലും യമനിലെ ഹൂതികള്‍ക്കിടയിലും എത്ര എലി കോഹന്‍മാരുണ്ടെന്ന് കണ്ടറിയണം.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍