ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ഡല്‍ഹി ബിജെപി 2025 ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചത് ഇന്നലെയായിരുന്നു. തിരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങാന്‍ തുടങ്ങിയതിന്റെ പിറ്റേ ദിവസം ഡല്‍ഹി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ ഒരു മന്ത്രി രാജിവെച്ച് പാര്‍ട്ടി വിട്ടിറങ്ങിയതായി തലസ്ഥാനത്തെ പ്രധാനവാര്‍ത്ത. ആംആദ്മി പാര്‍ട്ടിയുടെ ദീര്‍ഘകാല നേതാക്കളില്‍ ഒരാളായ ആഭ്യന്തരവകുപ്പും ധനകാര്യ വകുപ്പുമെല്ലാം കൈകാര്യം ചെയ്തിരുന്ന കൈലാഷ് ഗെഹ്ലോട്ട് രാജിവെച്ച് മന്ത്രി സ്ഥാനം ഉപേക്ഷിച്ചത് മാത്രമല്ല ആംആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും ഉപേക്ഷിച്ചാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി പുറത്തുപോയത്. പോകുന്ന പോക്കില്‍ ആംആദ്മി പാര്‍ട്ടിയുടെ എല്ലാമെല്ലാമായ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിക്കുകയും ആപ്പ് എന്ന പാര്‍ട്ടിയുടെ നടപടികളേയും വിമര്‍ശിച്ചാണ് കൈലാഷ് പടിയിറങ്ങിയത്. ദീര്‍ഘനാളായി ഇഡി- സിബിഐ റഡാറിലായിരുന്ന കൈലാഷ് ഗെഹ്ലോട്ട് സ്വന്തം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞിത് എങ്ങോട്ടാണെന്ന് വ്യക്തമായത് അദ്ദേഹം നടത്തിയ ‘ശീശാമഹല്‍’ പ്രയോഗത്തോടെയാണ്.

മുഖ്യമന്ത്രിയുടെ വസതി നവീകരണവുമായി ബന്ധപ്പെട്ട് ബിജെപി ആംആദ്മി പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ ഉപയോഗിച്ച വാക്കാണ് ‘ശീശാമഹല്‍’. അതായത് ചില്ലുമേട. ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയുടെ നവീകരണത്തിന് 45 കോടിയെടുത്തുവെന്നതാണ് ഈ ചില്ലുമേട പ്രയോഗത്തിന് ആധാരം. ദീര്‍ഘകാലമായി ഇഡിയും സിബിഐയും പുറകേ നടന്ന് കഷ്ടപ്പെടുത്തി ഒടുവില്‍ കൈലാഷ് ഗെഹ്ലോട്ട് മറുകണ്ടം ചാടിയെന്നും ഉടന്‍ ബിജെപിയില്‍ ചേരുമെന്നുമാണ് പരസ്യമായ രഹസ്യം.

ഇത്തരത്തില്‍ ഇഡിയെ ഇറക്കി കളിച്ച് അഴിമതി കേസുകളില്‍ പെടുത്തി പലരേയും വിലയ്ക്ക് വാങ്ങിയ മോദി- ഷാ കാലത്തെ ബിജെപി തന്ത്രം രാജ്യം കഴിഞ്ഞ കുറച്ചുനാളുകളില്‍ ഒരുപാട് കണ്ടതാണ്. ഇത്തരത്തില്‍ വേട്ടയാടപ്പെട്ട് സ്വന്തം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് അപ്പുറത്ത് ചെല്ലുന്നവര്‍ക്ക് ബിജെപിയില്‍ ചേര്‍ന്ന് കഴിഞ്ഞാല്‍ ഇഡിയുടേയും സിബിഐയുടേയും കേസുകളില്‍ ക്ലീന്‍ ചിറ്റ് കിട്ടും. ഈ സാങ്കേതികതയെ പരിഹസിച്ച് ഉയര്‍ന്നുവന്ന വാക്കാണ് മോദി വാഷിംഗ് പൗഡറും മോദി വാഷിംഗ് മെഷീനും. എന്തായാലും കൈലാഷിന്റെ ആംആദ്മി വിടല്‍ ബിജെപിയില്‍ എത്തി നില്‍ക്കാനുള്ള സാധ്യത തന്നെയാണ് നിലവിലുള്ളത്. ബിജെപി ആംആദ്മി പാര്‍ട്ടിയെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ചൂണ്ടിക്കാട്ടിയുള്ള രാജിക്കത്തും ടാക്‌സ് കേസുമെല്ലാം വിരല്‍ ചൂണ്ടുന്നത് അങ്ങോട്ട് തന്നെയാണ്.

രാജി വാര്‍ത്ത വന്നയുടനെ ബിജെപി വക്താവ് ചാടിക്കയറി പറഞ്ഞത് കൈലാഷ് പറഞ്ഞതുപോലെ ആപ് ജനങ്ങളോടുള്ള വാഗ്ദാനങ്ങളെല്ലാം മറന്ന് സാധാരണക്കാരുടെ പാര്‍ട്ടിയെന്ന ആംആദ്മി പാര്‍ട്ടിയെന്നത് മാറി അരവിന്ദ് ആദ്മി പാര്‍ട്ടി ആയെന്നാണ്. ഷെഹ്‌സാദ് പൂനേവാല പിന്നെയും പറഞ്ഞു കൈലാഷ് ഗെഹ്ലോട്ട് ആംആദ്മിപാര്‍ട്ടിയുടെ ശരിയായ മുഖം തുറന്നുകാട്ടുകയായിരുന്നുവെന്ന്.

50 വയസുകാരനും മുന്‍ സുപ്രീം കോടതി- ഹൈക്കോടതി വക്കീലുമെല്ലാമായ കൈലഷ് ഗെഹ്ലോട്ടിന് 16 വര്‍ഷത്തെ ലീഗല്‍ പ്രാക്ടീസിന്റെ ചരിത്രമുണ്ട്. 2015ലാണ് ഡല്‍ഹിയിലെ നജാഫ്ഗഡില്‍ മല്‍സരിച്ച് ആപ് എംഎല്‍എയായി രാഷ്ട്രീയത്തില്‍ തുടക്കം കുറിച്ചത്. ആഭ്യന്തരം, ധനകാര്യം, ഗതാഗതം, ഐടി തുടങ്ങിയ വകുപ്പുകളിലെല്ലാം മന്ത്രിയായി. ഇതിന് പിന്നാലെയാണ് 2018ല്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റ് കൈലാഷിനെതിരെ നടപടിയുമായി വന്നതും അദ്ദേഹവുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം റെയ്ഡ് നടത്തി വലച്ചതും. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഓടിമടുത്താണ് കൈലാഷിന്റെ ചാട്ടമെന്നാണ് ആംആദ്മി പാര്‍ട്ടി പറയുന്നത്. ബിജെപിയുടെ വൃത്തികെട്ട രഷ്ട്രീയവും കെട്ടിച്ചമച്ച കേസുകളും വിവാദങ്ങളുമാണ് കാര്യങ്ങള്‍ ഇത്തരത്തില്‍ കൊണ്ടുവന്നെത്തിച്ചതെന്നാണ് ആപ് എംപി സഞ്ജയ് സിങ് പറയുന്നത്.

കൈലാഷ് ഗെഹ്ലോട്ടിന്റെ രാജി ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെയും വിവാദത്തിന്റെയും ഭാഗമാണ്. ഇഡി-സിബിഐ റെയ്ഡുകളിലൂടെ കൈലാഷ് ഗെഹ്ലോട്ടിനെ സമ്മര്‍ദ്ദത്തിലാക്കി, ബിജെപിയുടെ സ്‌ക്രിപ്റ്റ് അനുസരിച്ചാണ് അദ്ദേഹം ഇപ്പോള്‍ സംസാരിക്കുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി മോദി വാഷിംഗ് മെഷീന്‍ സജീവമാക്കിയിരിക്കുന്നു.ഇനി ഇപ്പോള്‍ നിരവധി നേതാക്കളേയും ഈ വാഷിംഗ് മെഷീന്‍ പദ്ധതിയിലൂടെ ബിജെപിയിലേക്ക് എടുക്കും,’

നിരവധി മാസങ്ങളായി കൈലാഷ് ഗെഹ്ലോട്ട് ഇഡിയുടേയും ഇന്‍കം ടാക്‌സിന്റേയും വേട്ടയാടലിലായിരുന്നു. മറ്റൊരു തീരുമാനം എടുക്കാനാകാതെ സമ്മര്‍ദ്ദത്തില്‍പ്പെട്ടാണ് ഈ ചാട്ടമെന്ന് ആംആദ്മി പാര്‍ട്ടി തന്നെ തുറന്നുസമ്മതിക്കുന്നു. എന്തായാലും കൈലാഷിന് ആശ്വസിക്കാം, ഇത്തരത്തില്‍ പൊറുതിമുട്ടി മുമ്പേ ചാടിയവരെല്ലാം ഇപ്പോള്‍ കേസുകളില്‍ നിന്ന് വിടുതല്‍ നേടി ബിജെപി ഭരിക്കുന്നിടങ്ങളില്‍ മന്ത്രിസ്ഥാനങ്ങളില്‍ അമര്‍ന്നിരിക്കുന്നുണ്ട്. അസമിലെ മുന്‍ കോണ്‍ഗ്രസുകാരന്‍ ഹിമന്ത ബിശ്വ ശര്‍മ്മ ഇപ്പോള്‍ ബിജെപി മുഖ്യമന്ത്രിയാണ്, അഴിമതി കേസില്‍ നെട്ടോട്ടമോടിയിരുന്ന ശരദ് പവാറിന്റെ അനന്തരവന്‍ അജിത് പവാര്‍ ബിജെപിയോട് ചേരാന്‍ എന്‍സിപി പിളര്‍ത്തി ചെന്നപ്പോള്‍ മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയാക്കി ബിജെപി. ഭാര്യയുടേയും സ്വന്തം പേരിലുമുള്ള അഴിമതി കേസുകളെല്ലാം അവസാനിക്കുകയും ചെയ്തു. ഒപ്പം പോയ പ്രഫൂല്‍ പട്ടേലിനും കിട്ടി സിബിഐയുടെ ക്ലീന്‍ചിറ്റ്. കൈലാഷിന് ഇനി ഇഡിയേയും സിബിഐയേയും പേടിക്കാതെ ഡല്‍ഹിയില്‍ ജീവിക്കാം. ഇനി അഥവാ ബിജെപി 2025ല്‍ അധികാരത്തില്‍ വന്നാല്‍ മന്ത്രികസേര ഉറപ്പായിട്ടുണ്ടാകും ഈ ഡീലില്‍ എന്ന കാര്യത്തിലും വലിയ സംശയം ആര്‍ക്കുമില്ല.

Latest Stories

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്

എന്റെ പിള്ളേരുടെ ഫോട്ടോ..., വിമാനത്തലവളത്തിൽ കട്ടകലിപ്പിൽ വിരാട് കോഹ്‌ലി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു

BGT 2024: മഞ്ഞുരുകി തുടങ്ങിയതേ ഉള്ളു, ഒന്നിന് പുറകെ ഒന്നായി ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് വിരമിക്കൽ വാർത്തകൾ; റിപ്പോർട്ട് ഇങ്ങനെ