നായിക- വിജയശ്രീ, പ്രശ്‌നമില്ലെന്ന് സമര്‍ത്ഥിക്കുന്നവര്‍ക്ക് മുന്നില്‍ 50 കൊല്ലത്തിലും തീരാത്ത നോവായും സമസ്യയായും മലയാള സിനിമയില്‍ ഒരു വിജയശ്രീ ഉണ്ട്. അഴകളവുകളില്‍ ഒരു കാലത്ത് അഭ്രപാളികളെ വിസ്മയിപ്പിച്ചവള്‍, മരണത്തിന് 50 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും പക്ഷേ വിജയശ്രീ വലിയൊരു ചോദ്യ ചിഹ്നമായി നമുക്ക് മുന്നിലുണ്ട്. വാണിജ്യ വിജയത്തിനായി ഒരു സ്ത്രീശരീരം എങ്ങനെ ഉപയോഗിക്കാമെന്ന് മലയാള സിനിമ അല്‍പം പോലും മനസാക്ഷിയില്ലാതെ കാണിച്ചു തന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് വിജയശ്രീയുടെ മരണം. അതൊരു ആത്മഹത്യയെന്ന് പറയുമ്പോള്‍ പോലും കൊലപാതകമെന്ന് കൂടി പറയാതെ നിര്‍ത്താനാവാത്ത വിധം ഒരു സംവിധാനം ഇല്ലാതാക്കിയതാണ് ആ ജീവിതം. മലയാള സിനിമയിലെ ആണ്‍കോയ്മ കൊന്നുകളഞ്ഞ 21 വയസുകാരിയാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ വിജയശ്രീ. പക്ഷേ എന്നെങ്കിലും അവരുടെ മരണത്തിന് കാരണക്കാരനായെന്ന് പരോക്ഷമായി പറയപ്പെടുന്ന ബാന്നറോ നിര്‍മ്മാതാവ് മുതലാളിയോ ചോദ്യചിഹ്നത്തിന് മുമ്പില്‍ നില്‍ക്കുന്ന കണ്ടിട്ടുണ്ടോ?.
1974 മാര്‍ച്ച് 21ന് തന്റെ 21ാം വയസില്‍ വിജയശ്രീ പലരും പറയുമ്പോലെ ആത്മഹത്യ ചെയ്യുമ്പോള്‍ പൊന്നാപുരം കോട്ടയിലെ നീരാട്ട് രംഗങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. ഉദയാ എന്ന വമ്പന്‍ ബാന്നറിന്റെ എല്ലാമെല്ലാമായിരുന്ന കുഞ്ചാക്കോ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച പൊന്നാപുരം കോട്ടയില്‍ ഒരു നടി അവഹേളിക്കപ്പെടുന്നതിന്റെ അങ്ങേയറ്റം അബദ്ധത്തില്‍ സംഭവിച്ച ഒരു പിഴവിനെ തുടര്‍ന്ന് വിജയശ്രീ അനുഭവിച്ചു. അബദ്ധമോ അതോ ചിലരുടെ തിരക്കഥയോ എന്ന് സംശയം തോന്നിപ്പിക്കും വിധമാണ് പിന്നീട് ഒരു നീരാട്ട് മലയാള സിനിമയില്‍ മറക്കാനാകാത്ത കളങ്കമായത്.
മാദകത്വം നിറഞ്ഞ വിജയശ്രീയുടെ അംഗവടിവ് മലയാള സിനിമ അവരുടെ ചുരുങ്ങിയ അഭിനയ കാലയളവില്‍ ഉപയോഗിക്കാവുന്നതിന്റെ പരമാവധി ഉപയോഗിച്ചതിന് ശേഷമാണ്, അവര്‍ അരുതെന്ന് ആവശ്യപ്പെട്ടിട്ടും പൊന്നാപുരം കോട്ടയെന്ന ചിത്രത്തില്‍ അഴിഞ്ഞുപോയ അവരുടെ ഒറ്റമുണ്ട് തീയേറ്ററില്‍ ആളുകളെ കയറ്റാനുള്ള തന്ത്രമായി ഉപയോഗിക്കപ്പെട്ടത്. സിനിമ ചിത്രീകരണത്തിനിടയില്‍ വിവസ്ത്രയാക്കപ്പെട്ട ഒരു നടി പകച്ചു നിന്ന നിമിഷം സൂം ലെന്‍സ് ഉപയോഗിച്ച് ചിത്രീകരിച്ച പ്രമുഖ സംവിധായകന്‍ അവരുടെ അപേക്ഷ കൈക്കൊള്ളാതെ ആ ദൃശ്യങ്ങള്‍ ഉപയോഗിച്ചത്രേ. ആ സംവിധായകനും നിര്‍മ്മാണ കമ്പനിയ്ക്കും ബാന്നറിനും പേരുണ്ട്. പക്ഷേ വിക്കീപീഡിയയില്‍ പോലും സംവിധായകന്റെ പേരില്ല, പകരം പ്രമുഖനാണ്.
എന്തായാലും വിജയശ്രീയുടെ അഴിഞ്ഞുപോയ ഒറ്റമുണ്ട് സംഭവവും ആ നീരാട്ട് ചിത്രീകരിച്ചിരിക്കുന്ന സിനിമയും പൊന്നാപുരം കോട്ടയാണെന്നും, ആ ചിത്രത്തിന്റെ നിര്‍മ്മാതാവിന്റേയും സംവിധായകന്റേയും പേര് എം കുഞ്ചാക്കോ എന്നാണെന്നും ആ സിനിമ പിടിച്ച ബാന്നര്‍ ഉദയയാണെന്നും അറിയുന്നവര്‍ കൂടി പക്ഷേ ഈ സംഭവത്തോട് ചേര്‍ത്ത് കുഞ്ചാക്കോ എന്ന വലിയ പടം പിടുത്തക്കാരന്റെ പേര് പറയാറില്ല. വിജയശ്രീ പക്ഷേ മരണത്തിന് ഒരു വര്‍ഷം മുമ്പ് 1973ല്‍ ഒരു സിനിമ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എങ്ങനെയാണ് താന്‍ ഈ ചിത്രീകരണത്തിന് ശേഷം ബാധിക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. തന്നെ ഈ വീഡിയോ ക്ലിപ്പുകള്‍ കാട്ടി നിരന്തരം ചിലര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്.
വിജയശ്രീ 1974 മരിക്കുമ്പോള്‍ 21 വയസിനിടയില്‍ 65 സിനിമകളാണ് ചെയ്തുതീര്‍ത്തിരുന്നത്. 1953 ജനുവരി 8ന് തിരുവനന്തപുരത്ത് മണക്കാട് വാസുപിള്ള- വിജയമ്മ ദമ്പതികളുടെ മകളായാണ് അവര്‍ ജനിച്ചത്. അവര്‍ മരിച്ചതിന് ശേഷവും അവരുടെ ജനപ്രീതി കണക്കിലെടുത്ത് അവസാനം അഭിനയിച്ച രണ്ട് സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയാക്കി ഇറക്കി അത് വമ്പന്‍ ഹിറ്റായതും ചരിത്രമാണ്.
മലയാളത്തിന്റെ മര്‍ലിന്‍ മണ്‍റോയെന്നും സെക്‌സ് ബോംബ് എന്നുമൊക്കെ വിജയശ്രീ വിളിക്കപ്പെടുമ്പോഴും അനുവാദമില്ലാതെ ചിത്രീകരിച്ച അവരുടെ നഗ്നദൃശ്യം ലാഭേച്ഛയോടെ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചവര്‍ നല്ല പിള്ളയായി. ആ ദൃശ്യങ്ങള്‍ തിയേറ്ററിലെത്താതിരിക്കാന്‍ അവള്‍ നേരിടേണ്ടി വന്ന സഹനവും യാചനയുമെല്ലാം സിനിമയിലെ ആണ്‍കോയ്മ മാച്ചെടുത്തു. അന്ന് വലിയ വാക്ക് തര്‍ക്കങ്ങള്‍ക്കും, അപേക്ഷകള്‍ക്കും ഒടുവില്‍ ആ ദൃശ്യങ്ങള്‍ സിനിമയില്‍ നിന്ന് മുറിച്ചു മാറ്റപ്പെടുമ്പോഴേക്കും കേരളത്തിലെ തിയേറ്ററുകളില്‍ പത്ത് ദിനങ്ങള്‍ പൊന്നാപുരം കോട്ട പിന്നിട്ടിരുന്നു. ആദ്യദിനങ്ങളില്‍ തിയേറ്ററില്‍ ആളെ കയറ്റാന്‍ ഒരു വമ്പന്‍ നിര്‍മ്മാണ ബാന്നറും ആളുകളും ചെയ്ത പ്രവര്‍ത്തികള്‍ക്കൊടുവില്‍ ഒരു കൊല്ലം പിന്നിടുമ്പോഴേക്കും വിജയശ്രീ ജീവനൊടുക്കി. ചിലര്‍ പറഞ്ഞു മലയാള സിനിമയിലെ അന്നത്തെ പവര്‍ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇരയാക്കപ്പെട്ട് നിവര്‍ത്തിയില്ലാതെ അവര്‍ ജീവനൊടുക്കുകയായിരുന്നുവെന്ന്. നേരിട്ട ബ്ലാക്ക് മെയിലിങുകളും അനീതികളും അവര്‍ വിളിച്ചു പറയുമെന്ന ഘട്ടത്തില്‍ അവര്‍ നിശബ്ദയാക്കപ്പെട്ടുവെന്ന് മറ്റ് ചിലര്‍ വിശ്വസിക്കുന്നു.
വിജയശ്രീയുടെ കൂട്ടുകാരിയായ ശ്രീലത നമ്പൂതിരി ഒരിക്കല്‍ പറഞ്ഞത് അവള്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു. അവള്‍ക്കൊരു ഇഷ്ടമുണ്ടായിരുന്നുവെന്നും ആ പുള്ളിയെ കല്യാണം കഴിക്കാനായിരുന്നു അവള്‍ ആഗ്രഹിച്ചതെന്നും ശ്രീലത പറയുന്നുണ്ട്. ബാംഗ്‌ളൂരില്‍ ഒരു ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് വിജയശ്രീ ആത്മഹത്യ ചെയ്തുവെന്ന് അറിയുന്നതെന്നും അന്ന് കേട്ടിരുന്നത് വിജയശ്രീ ഒരു ചായ കുടിച്ചു, അതുകഴിഞ്ഞപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നുമാണ് അവര്‍ പറഞ്ഞത്.
2011ല്‍ ജയരാജ് സംവിധാനം ചെയ്ത നായിക എന്ന ചിത്രത്തില്‍ പൊന്നാപുരം കോട്ടയിലെ ആ കുപ്രസിദ്ധ വിഷയം പ്രമേയമാകുന്നുണ്ട്. സിനിമയില്‍ സരയൂ അഭിനയിച്ച വാണിയെന്ന കഥാപാത്രമാണ് വിജയശ്രീയെ ഓര്‍മ്മിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ വസ്ത്രം അഴിഞ്ഞുവീഴുന്നതും അത് സൂം ലെന്‍സ് ഉപയോഗിച്ച് പകര്‍ത്തുന്നതും ബ്ലാക്ക് മെയില്‍ ചെയ്യുന്നതുമെല്ലാം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഒടുവില്‍ ആ കഥാപാത്രം കൊല ചെയ്യപ്പെടുന്നതും അത് തെളിയുന്നതുമാണ് നായിക പറഞ്ഞുവെയ്ക്കുന്നത്.
എന്തായാലും വിജയശ്രീ അപമാനിക്കപ്പെട്ട പൊന്നാപുരം കോട്ടയില്‍ വമ്പന്‍മാരായ ഒത്തിരി താരങ്ങള്‍ അണിനിരന്നിരുന്നു. പക്ഷേ തങ്ങളുടെ ഒപ്പമുള്ള ഒരു താരം ക്യാമറയ്ക്ക് മുന്നില്‍ ഭീകരമായ അന്യായം നേരിട്ടപ്പോള്‍ അവര്‍ക്ക് വേണ്ടി മുന്നോട്ട് വരാന്‍ ആരും ഉണ്ടായില്ല. ഇന്നും ഈ സ്ഥിതി സിനിമയില്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് വ്യക്തമാക്കുകയാണ് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും വെളിപ്പെടുത്തലുകളും. തങ്ങളുടെ സഹജീവി ആക്രമിക്കപ്പെടുമ്പോള്‍ നോക്കുകുത്തിയാകുന്നവരും തനിക്ക് താഴെയുള്ളവരെ അടിച്ചമര്‍ത്തുന്നവരും ഇംഗിത പൂര്‍ത്തീകരണത്തിന് അവസരത്തെ മറയാക്കുന്നവരും ഭീഷണിപ്പെടുത്തി നിശബ്ദരാക്കുന്നവരും നിര്‍ബാധം വിഹരിക്കുന്ന ഇടത്ത് ചൂണ്ടുവിരലുകള്‍ ഉയരുമ്പോള്‍ കോട്ടകള്‍ ഇളകുകയാണ്. വിജയശ്രീമാര്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ 50 വര്‍ഷങ്ങള്‍ക്കപ്പുറത്ത് ഒടുങ്ങിയ ഒരു ജീവന്‍ കാലത്തിന്റെ കണക്കുപുസ്തകത്തില്‍ സ്വയം അടയാളപ്പെടുത്തുകയാണ്.