മോദിക്ക് ശേഷം യോഗി, ആര്‍.എസ്.എസ് തിരുമാനിച്ചു

നരേന്ദ്രമോദിക്ക് ശേഷം യോഗി അദിത്യനാഥ് ബി ജെ പിയുടെ ദേശീയ മുഖമാകും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്ന അഞ്ചംഗ ഉന്നത തല സംഘത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടുത്തിയ ഏക ബി ജെ പി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ആഭ്യന്തര മന്ത്രി അമിത്ഷാ, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് തുടങ്ങിയവരാണ് മറ്റ് നാല് നേതാക്കള്‍. ആര്‍ എസ് എസിന്റെ കൂടി അഭിപ്രായം കേട്ടശേഷമാണ് യോഗി അദിത്യ നാഥിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്.ഇതോടെയാണ് മോദിക്ക് ശേഷം യോഗി ബി ജെ പിയെ നയിക്കുമെന്ന സൂചനകള്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുണ്ടായത്.

നരേന്ദ്രമോദിയും യോഗി ആദിത്യനാഥും തമ്മിലുള്ള ബന്ധം അത്ര നല്ലതൊന്നുമായിരുന്നില്ല. എന്നാല്‍ മോദിയുടെ പിന്‍ഗാമിയായി ആര്‍ എസ്എസ് ആഗ്രഹിക്കുന്നത് യോഗി ആദിത്യനാഥിനെയാണെന്ന് അവര്‍ ബി ജെ പി നേതൃത്വത്തെ അറിയിച്ചപ്പോള്‍ തന്നെ മോദി പഴയ തന്റെ സ്വരചേര്‍ച്ചയില്ലായ്്മ മാറ്റി വച്ചുകൊണ്ട് യോഗിയെ പിന്തുണക്കാന്‍ തിരുമാനിക്കുകയായിരുന്നു. നരേന്ദ്രമോദിയെപ്പോലെ ആര്‍ എസ് എസ് പ്രചാരകല്ലങ്കിലും ആര്‍ എസ് എസ് നേതൃത്വത്തിന് വളരെ താല്‍പ്പര്യമുള്ള നേതാവാണ് യോഗി ആദിത്യ നാഥ്. അതന്റെ പ്രധാന കാരണങ്ങളിലൊന്ന് ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ്. മറ്റൊന്ന് വിവാഹമോ കുടുംബ ജീവിതമോ അദ്ദേഹത്തിനില്ലന്നതാണ്. പൊതുവെ ആര്‍ എസ് എസ് പ്രചാരകര്‍ക്കുള്ള ഒരു രീതിയാണത്. രണ്ടാം തവണയും മുഖ്യമന്ത്രിയായതോടെ ഭരണത്തെക്കുറിച്ചുള്ള കൃത്യമായ അവഗാഹം അദ്ദേഹം നേടിയെന്ന് സംഘകുടുംബം വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ മോദിക്ക് ശേഷം യോഗിയെന്ന് മുദ്രാവാക്യം സംഘകുടുംബം ഉയര്‍ത്തിപ്പിടിക്കുകയാണ്.

്‌യോഗി ആദിത്യനാഥിലൂടെ ആര്‍ എസ് എസ് ദീര്‍ഘകാല പദ്ധതിക്കാണ് ലക്ഷ്യമിടുന്നത്. 2029 നപ്പുറത്തേക്ക് നീളുന്ന ആ പദ്ധതികളുടെ ആസൂത്രണം നാഗ്പൂരില്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ 24 ലെ ലോക്ഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ വീണ്ടും അധികാരത്തിലേറ്റുക എന്നതിനാണ് സംഘപരിവാര്‍ മുന്‍ തൂക്കം നല്‍കുന്നത് എന്നത് കൊണ്ട് തന്നെ ആ പദ്ധതിയുടെ വിശദാംശങ്ങള്‍ അവര്‍ പുറത്ത് വിടുന്നില്ലന്ന് മാത്രം. 2025 ല്‍ ആര്‍ എസ് എസ് രൂപീകരണത്തിന്റെ നൂറാം വാര്‍ഷികമാണ്. അതിനോടനുബന്ധിച്ചായിരിക്കും തങ്ങളുടെ രാഷ്ട്രീയ കാര്യപരിപാടിയുടെ ബ്‌ളൂ പ്രിന്റ് ആര്‍ എസ് എസ് പുറത്ത് വിടുക.

1972 ജൂണ്‍ 5 ന് ഉത്തര്‍ പ്രദേശിലെ പൗരി ഗര്‍വാള്‍ ജില്ലയിലെ പഞ്ചൂര്‍ ഗ്രാമത്തിലാണ് അജയ്‌മോഹന്‍ സിംഗ് ബിഷ്ത് എന്ന യോഗി ആദിത്യ നാഥ് ജനിക്കുന്നത്. ഹേമാവതി നന്ദന്‍ ബഗുഗുണ സര്‍വ്വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം നാഥ് സന്യാസി പരമ്പരയില്‍ പെട്ട ഗൊരക് പൂരിലുളള പ്രശസ്തമായ ഗോരക് നാഥ് മഠത്തില്‍ ചേര്‍ന്നു. ചരിത്ര പ്രസിദ്ധമായ ഗോരക് നാഥ് ക്ഷേത്രം ഈ സന്യാസി മഠത്തിന്റേതാണ്. ഗോരക് നാഥ് മഠാധിപതിയായിരുന്ന മഹന്ത് അവൈദ്യനാഥ് രാമജന്‍മ്മഭൂമി പ്രക്ഷോഭത്തിന്റെയും മുന്‍നിരയിലുണ്ടായിരുന്നു. മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യരില്‍ പ്രധാനിയായിരുന്നു യോഗി ആദിത്യനാഥ്. അങ്ങിനെയാണ് അദ്ദേഹം സംഘപരിവാറുമായി അടുക്കുന്നത്. ആര്‍ എസ് എസുകാരന്‍ ആകാതെ തന്നെ സംഘപരിവാറിന്റെയും ബി ജെ പിയുടേയും മുന്‍ നിരനേതാവായി അദ്ദേഹം മാറി. മഹന്ത അവൈദ്യ നാഥും അതിനുമുമ്പ് ഗോരക്‌നാഥ് മഠത്തിന്റെ അധിപതിയായിരുന്ന ദിഗ്വിജയ് നാഥും ഹിന്ദുമഹാസഭയുടെ നേതാക്കളായിരുന്നു. അയോധ്യ വിഷയത്തിന്റെ കാലത്താണ് മഹന്ത് അവൈദ്യ നാഥ് ബി ജെ പിയുടെ ഭാഗമായിരുന്നത്.

ആര്‍ എസ് എസ് – ബി ജെ പി നേതൃത്വത്തോട് എപ്പോഴും ഉടക്കി നിന്നയാളാണ് യോഗി ആദിത്യനാഥ് . മഹന്ത് അവൈദ്യനാഥിന്റെ മരണത്തിന് ശേഷം ഗോരകനാഥ് മഠത്തിന്റ അധിപതിയായത് യോഗി ആദിത്യനാഥായിരുന്നു. ആര്‍ എസ് എസിനും ബദലായി ഹിന്ദു യുവവാഹിനി എന്നൊരു പ്രസ്ഥാനം തന്നെ ഗോരക്‌നാഥ് മഠത്തിന് കീഴില്‍ അദ്ദേഹം സൃഷ്ടിച്ചു. എന്നാല്‍ യോഗിയുടെ സ്വാധീന ശക്തിയെ അവഗണിക്കാന്‍ ബി ജെ പിക്കും സംഘപരിവാറിനും കഴിയില്ലായിരുന്നു. 1998 ല്‍ 26ാമത്തെ വയസില്‍ അദ്ദേഹം ആദ്യമായി ബി ജെ പിടിക്കറ്റില്‍ പാര്‍ലമെന്റിലെത്തി. 2014 വരെ അഞ്ച് ടേമുകളില്‍ അദ്ദേഹം എം പിയായി തുടര്‍ന്നു. ലോക്‌സഭയില്‍ 77 ശതമാനം ഹാജരുള്ള എം പിയായിരുന്നു ആദിത്യ നാഥ്.

2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പലരെയും ഞെട്ടിച്ചു കൊണ്ടാണ് യോഗി ആദിത്യനാഥ് യു പി മുഖ്യമന്ത്രിയായത്. ഈ നീക്കത്തിന് പിന്നില്‍ ആര്‍ എസ് എസ് തന്നെയായിരുന്നു. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ച് ആര്‍ എസ് എസിന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടെന്ന് മനസിലായതും യോഗിയുടെ വരവോടെയായിരുന്നു.

സമാജ് വാദി പാര്‍ട്ടിയുടെ കാലത്ത് യു പിയില്‍ ഗുണ്ടാരാജായിരുന്നുവെന്നാണ് പരക്കെയുള്ള ആക്ഷേപം. എന്നാല്‍ യോഗി വന്നതോടെ ഗുണ്ടകളെ മുഴുവന്‍ നിര്‍ദാക്ഷണ്യം അടിച്ചമര്‍ത്തി. ഒരു ദിവസം മിനിമം നാല് പൊലീസ് എന്‍കൗണ്ടറുകളെങ്കിലും യു പി യില്‍ ഉണ്ടാകുമായിരുന്നു. ഗുണ്ടകള്‍ മുഴുവന്‍ തുടച്ച് നീക്കപ്പെട്ടതോടെ 2022 ലെ തിരഞ്ഞെടുപ്പില്‍ യോഗിയുടെ പ്രധാന പ്രചാരണം ഭദ്രമായ ക്രമസമാധാന നിലയയായിരുന്നു. അത് ശരിക്കും ഏറ്റു. ബി ജെ പി നേതാക്കളെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് യോഗി ആദിത്യ നാഥ് രണ്ടാം തവണയും യു പി മുഖ്യമന്ത്രിയായി.

മോദിയെപ്പോലെ തന്നെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഹിന്ദുത്വ ആശയങ്ങള്‍ക്ക് വേണ്ടി നിലകൊളളുമെന്നതാണ് യോഗി ആദിത്യ നാഥ് ആര്‍ എസ് എസിന് പ്രിയപ്പെട്ടവനാകാന്‍ കാരണം. അത് കൊണ്ട് തന്നെ മോദി മാറുമ്പോള്‍ യോഗി വരട്ടെ എന്ന നിലപാടാണ് ആര്‍ എസ് എസിനുള്ളത്. അങ്ങിനെ ആര്‍ എസ് എസ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതേ സംഭവിക്കു. കാരണം സംഘകുടുബത്തിന്റെ അവസാനവാക്ക് എന്നും നാഗപ്പൂരില്‍ നിന്നാണ്.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി