എതിരിടാന്‍ ഉറച്ചവര്‍ ഇറങ്ങിയപ്പോള്‍ ഗൂഢാലോചന കഥയുമായി മുന്‍ ബിജെപി എംപി; അവസാന മത്സരത്തിന് മുമ്പുള്ള അവളുടെ അയോഗ്യത 'ദൈവം നല്‍കിയ ശിക്ഷയെന്ന് ബ്രിജ് ഭൂഷണ്‍

തനിക്കെതിരെ ഡല്‍ഹിയെ വിറപ്പിച്ച് സമരം ചെയ്ത ഗുസ്തി താരങ്ങളില്‍ രണ്ട് പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ഞെരിപിരി കൊള്ളുന്ന തനി ഗുണ്ടാത്തലവനായി വീണ്ടും ഇറങ്ങിയിരിക്കുകയാണ് മുന്‍ ബിജെപി എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ്. ഹരിയാനയില്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങുമെന്ന് ഉറപ്പായതോടെ ഇരിക്കപ്പൊറുതിയില്ലാതെ ഗൂഢാലോചന തിയറിയുമായി ബ്രിജ്ഭൂഷണ്‍ കളത്തിലിറങ്ങി. തനിക്കെതിരെ ഉണ്ടായ ലൈംഗികപീഡന പരാതികളെല്ലാം കോണ്‍ഗ്രസ് ഗൂഢാലോചനയാണെന്നും പറഞ്ഞാണ് ബിജെപി എല്ലാ ഘട്ടത്തിലും പൊതിഞ്ഞുപിടിച്ച ഹരിയാനയിലെ ഗുണ്ടാത്തലവന്‍ രംഗത്തെത്തിയിരിക്കുന്നത്.

തനിക്കെതിരെ നട്ടെല്ല് വളയാതെ നിന്ന ഗുസ്തി താരങ്ങളില്‍ സമരത്തിന്റെ മുന്‍പന്തിയില്‍ തന്നെ ഉറച്ചു നിന്ന വിനേഷ് ഫോഗട്ടിനോടുള്ള മുന്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്റെ പക വാക്കുകളില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. വിനേഷിന്റെ കോണ്‍ഗ്രസ് പ്രവേശനം വ്യക്തമാക്കുന്നത് തനിക്കെതിരെ ഉണ്ടായ എണ്ണമില്ലാത്ത ലൈംഗിക അധിക്ഷേപ പരാതികള്‍ ഗൂഢാലോചനയാണെന്ന് വ്യക്തമാക്കുന്നതായി പറയാനും ഈ ബിജെപി നേതാവ് മടിച്ചില്ലെന്നതാണ്. ഒരു സങ്കോചം പോലും തോന്നാതെ യുക്തിയില്ലാത്ത ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ ബിജെപിക്കാര്‍ക്ക് ഒരു ഉളുപ്പും തോന്നില്ലെന്നതിന്റെ മറ്റൊരു ഉദാഹരണം മാത്രമാണ് ഇന്നത്തെ ബ്രിജ് ഭൂഷണിന്റെ പ്രതികരണം.

ഇതൊന്നും പോരാതെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ഒളിമ്പിക്‌സ് സംഗത്തെ നയിച്ച കമ്മിറ്റിയും ഇന്ത്യയുടെ കായികമന്ത്രാലയവുമെല്ലാം തലതാഴ്ത്തി നില്‍ക്കുന്ന ഒളിമ്പിക്‌സിലെ ആ ‘വന്‍ ചതി’ പോലും ബ്രിജ് ഭൂഷണ്‍ വിനേഷിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്തതിന്റെ പകയുടെ ബാക്കി പത്രമെന്ന് നാട്ടിലെ ജനങ്ങള്‍ക്ക് സംശയം തോന്നിയ വിഷയത്തില്‍ ബ്രിജ് ഭീഷണിന്റെ പ്രതികരണം വ്യക്തമാക്കുന്നുണ്ട് എന്താണ് ബിജെപിയ്ക്ക് ആ ഒളിമ്പിക് മെഡല്‍ നഷ്ടത്തിലെ നിലപാടെന്ന്.

ദൈവം നല്‍കിയ തിരിച്ചടിയാണ് ഒളിമ്പിക്‌സിലെ വിനേഷ് ഫോഗട്ടിന്റെ സ്വര്‍ണമെഡല്‍ നഷ്ടമെന്ന്. ഒരേ ദിവസം ഒളിമ്പിക്സിനായി രണ്ട് വ്യത്യസ്ത വെയ്റ്റ് വിഭാഗങ്ങളില്‍ മല്‍സരിക്കാന്‍ പരീക്ഷിച്ച് വിനേഷ് ഫോഗട്ട് നിയമങ്ങള്‍ ലംഘിച്ചുവെന്ന് കൂടി മുന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചീഫ് ആരോപിക്കുന്നുണ്ട്.

അവസാന മത്സരത്തിന് മുമ്പുള്ള അവളുടെ അയോഗ്യത ‘ദൈവം നല്‍കിയ ഫലം’ ആണ്.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുസ്തി താരങ്ങളുടെ സന്ധിയില്ലാ സമരത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സീറ്റ് നഷ്ടമായതിന്റെ രോഷം പലവിധത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്് ബ്രിജ്ഭൂഷണ്‍. ഗുസ്തിക്കാരുടെ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നിന്ന വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ തനിക്കെതിരേയും തന്നെ സംരക്ഷിച്ച പാര്‍ട്ടിയ്‌ക്കെതിരേയും ജനവികാരം മാറുമെന്ന പേടിയില്‍ വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയുകയാണ് പഴയ എംപി. ജുലാന അസംബ്ലി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഫോഗട്ട് ഉണ്ടാകുമെന്ന് വ്യക്തമായതോടെ വിനേഷിനെ എങ്ങനേയും തോല്‍പ്പിക്കുക എന്നതാണ് ബ്രിജ് ഭൂഷണ്‍ ലക്ഷ്യം വെയ്ക്കുന്നത്. ഓള്‍ ഇന്ത്യ കിസാന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായി ബജ്‌റംഗ് പൂനിയയും നിയമിതനായതോടെ കര്‍ഷക സമരം കത്തിപ്പടര്‍ന്ന ഹരിയാനയില്‍ മൂന്നാം വിജയം എളുപ്പത്തില്‍ നടപ്പിലാവില്ലെന്ന് മനസിലാക്കിയിട്ടുണ്ട് ബിജെപി.

ഹരിയാനയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഭൂപീന്ദര്‍ ഹൂഡയും മകന്‍ ദീപേന്ദര്‍ ഹൂഡയും ചേര്‍ന്നാണ് ഗുസ്തിതാരങ്ങളുമായി ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നാണ് ബ്രിജ് ഭൂഷണിന്റെ വാദം. ലൈംഗികാരോപണ പരാതിയ്ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹൂഡയുമായി ചേര്‍ന്ന് തനിക്കെതിരെ ആരോപണം ഉയര്‍ത്തിവിടുകയായിരുന്നുവെന്നാണ് ബ്രിജ് ഭൂഷണ്‍ പറയുന്നത്.

ആരോപണങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍, മൂന്ന് തവണ ബിജെപി എംപിയായ ബ്രിജ്ഭൂഷണിന് ഉത്തര്‍പ്രദേശിലെ കൈസര്‍ഗന്റിന്റെ സീറ്റില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് നിഷേധിച്ചിരുന്നു. പകരം ബ്രിജ് ഭൂഷണിന്റെ മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങിനെ രംഗത്തിറക്കി വിജയിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം മുന്‍ ബിജെപി എംപിക്കെതിരായ പോരാട്ടം തുടരുമെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കിയതാണ് ബ്രിജ് ഭൂഷണിനെ ചൊടിപ്പിച്ചത്. സിംഗിനെതിരായ പ്രതിഷേധത്തില്‍ ബിജെപി ഒഴികെ എല്ലാ പാര്‍ട്ടികളും ഗുസ്തിക്കാര്‍ക്കൊപ്പം നിന്നെന്നും ഫോഗട്ട് പറഞ്ഞിരുന്നു.
തന്റെ ഗുസ്തി കരിയറില്‍ കന്നെ പിന്തുണച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അവരുടെ പ്രതീക്ഷയ്ക്കൊത്ത് താന്‍ ജീവിക്കുമെന്ന് കോണ്‍ഗ്രസ് അംഗത്വമെടുത്ത് വിനേഷ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് നന്ദി പറയാന്‍ താന്‍ ആഗ്രഹിക്കുന്നു. കാരണം സമയം മോശമാകുമ്പോള്‍ മാത്രമേ നമുക്കൊപ്പം ആരൊക്കെയുണ്ടെന്ന് തിരിച്ചറിയാനാകൂവെന്നും ഞങ്ങള്‍ റോഡില്‍ വലിച്ചിഴക്കപ്പെട്ടപ്പോള്‍ ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഞങ്ങളുടെ വേദനയും കണ്ണീരും മനസ്സിലാക്കിയെന്നും വിനേഷ് പറഞ്ഞു. ബിജെപിയെ നേരിടുക എന്ന ലക്ഷ്യത്തില്‍ തന്നെയാണ് ഹരിയാനയിലെ ഗോദയില്‍ വളര്‍ന്ന ചങ്കുറപ്പുള്ള ഒരു പെണ്‍കുട്ടി രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നതെന്ന് ആ വാക്കുകളില്‍ വ്യക്തമാണ്.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ