ഒപ്പം നിന്ന് കാലുവാരുന്ന സ്ഥിരം ശൈലി, മാറ്റമില്ലാതെ നിതീഷ്!

‘പല്‍ടു റാം’, ‘പല്‍ടു കുമാര്‍’, ‘കുര്‍സി കുമാര്‍’ വിളിപ്പേര് ഒരുപാടുണ്ട് നിതീഷ് കുമാറിന്. രാഷ്ട്രീയത്തില്‍ നേരിന്റെ കണിക പോലും ഇല്ലാതെ ഏത് വശത്തേക്കും കസേരയ്ക്കായി ചാടാന്‍ മടിക്കാത്തവന്‍ എന്നാണ് ഈ പേരുകളുടെ ആകെ തുക. കൊല്ലങ്ങളായി ഇത്തരത്തില്‍ ബിഹാറിലെ മുഖ്യമന്ത്രികസേരയ്ക്കും സ്ഥാനമാനങ്ങള്‍ ഉറപ്പിച്ചു നിര്‍ത്താനുമായി മുന്നണികളെ ഒന്നിപ്പിക്കാനും ഭിന്നിപ്പിക്കാനും തവളച്ചാട്ടം ചാടിക്കാനും നിതീഷ് കുമാര്‍ കാണിച്ചിട്ടുള്ള മിടുക്ക് ഓന്തുകളെ നിറംമാറ്റത്തില്‍ നാണിപ്പിക്കുന്ന തരത്തിലാണ്. ഇത്രയും നാള്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ടത് ഇന്ത്യയുടെ നിലനില്‍പ്പിന് ആവശ്യമാണെന്ന് പറഞ്ഞു ഒരു പ്രതിപക്ഷ മുന്നണി ഉണ്ടാക്കാന്‍ മുന്നില്‍ നിന്ന നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം നിലനില്‍ക്കെ ബിജെപിയ്ക്ക് കൈകൊടുക്കാനായി കരുക്കള്‍ നീക്കുകയാണ്.

ബിഹാറില്‍ നേരത്തെ സഖ്യസര്‍ക്കാരുണ്ടാക്കി എംഎല്‍എമാരുടെ എണ്ണം കുറവായിട്ടും ആര്‍ജെഡിയുടെ വിട്ടുവീഴ്ചയില്‍ മുഖ്യമന്ത്രി കസേരയില്‍ ഉറച്ചിരുന്ന നിതീഷ് വാക്കുപറഞ്ഞതു പോലെ കസേര കുറച്ചു നാള്‍ ലാലുവിന്റെ പാര്‍ട്ടിക്ക് നല്‍കാനുള്ള മടി കൊണ്ടാണ് എന്‍ഡിഎയ്‌ക്കൊപ്പം പോകുന്നത്. വാക്ക് പാലിക്കാനും കസേര വിട്ടു കൊടുക്കാനും ജെഡിയു അധ്യക്ഷന് മടി. അപ്പോള്‍ ഇത്രയും നാളും ശത്രുപക്ഷത്ത് നിന്നവരെ സ്വന്തക്കാരാക്കി ഒപ്പം നിന്നവര്‍ക്ക് പണി കൊടുക്കാമെന്നായി കുര്‍സി കുമാര്‍.

ചടുല നീക്കങ്ങളുമായി ബിഹാറില്‍ നിതീഷ് കുമാര്‍ അടുത്ത ചാട്ടത്തിനുള്ള കോപ്പു കൂട്ടുമ്പോള്‍ ഒപ്പം നിന്നവന്റെ ചതി മറികടന്നു സഖ്യസര്‍ക്കാരിനെ എങ്ങനെ നിലനിര്‍ത്താമെന്ന ആലോചനയിലാണ് ഇന്ത്യ മുന്നണിയിലെ മറ്റു കക്ഷികള്‍. പ്രത്യേകിച്ച് കോണ്‍ഗ്രസും ലാലുവിന്റെ ആര്‍ജെഡിയും. നിതീഷിന്റെ ജനതാദള്‍ യുണെറ്റഡിനെ ഒഴിവാക്കി ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയുമോയെന്ന കാര്യം നോക്കുന്നതിന് പിന്നില്‍ കുറച്ചു കാര്യമുണ്ട്. ജെഡിയു പിന്മാറിയാല്‍ നിലവിലെ നിയമസഭാ അംഗബലമനുസരിച്ചു മഹാസഖ്യത്തിനു കേവല ഭൂരിപക്ഷം തികയ്ക്കാന്‍ 7 എംഎല്‍എമാരുടെ കുറവേയുള്ളു. ബിഹാറിലെ 243 അംഗ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്കും കോണ്‍ഗ്രസ് അടക്കമുള്ള സഖ്യകക്ഷികള്‍ക്കും കൂടി 115 സീറ്റുണ്ട്. നിതീഷിന്റെ ജെഡിയുവിന് 45 സീറ്റ് മാത്രമാണുള്ളത്. സഖ്യകക്ഷികളുടെ വിട്ടുവീഴ്ചയിലാണ് മുഖ്യമന്ത്രി കസേരയെന്ന് ചുരുക്കം. ജെഡിയുവില്ലാതെ തന്നെ ആര്‍ജെഡിക്കും സഖ്യകക്ഷികള്‍ക്കും കേവലഭൂരിപക്ഷത്തിന് 7 സീറ്റുകള്‍ മാത്രമാണ് കുറവ്. കേവലഭൂരിപക്ഷത്തിന് 122 ആണ് ബിഹാര്‍ നിയമസഭയില്‍ വേണ്ടത്. 243 അംഗ സഭയില്‍ എന്‍ഡിഎയ്ക്ക് 82 എംഎല്‍എമാരുണ്ട്. ജെഡിയുവിന് 45ഉം.

പണ്ടും ബിജെപിയ്‌ക്കൊപ്പം കസേരയ്ക്കായി കൈകോര്‍ത്ത നിതീഷ് കുമാര്‍ ഗഡ്ബന്ധനും മഹാസഖ്യവുമെല്ലാം പൊളിച്ച് ബിജെപിയ്‌ക്കൊപ്പം ചാടുകയും ബിജെപി തന്റെ പാര്‍ട്ടിയെ വിഴുങ്ങുമെന്ന് കണ്ട് തിരിച്ചു ചാടുകയുമെല്ലാം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യ മുന്നണിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയം കണ്ട ഞെട്ടലിലും 2024 ബിജെപി കൊണ്ടുപോകുമെന്ന സര്‍വ്വേ വെളിപ്പെടുത്തലുകളിലുമെല്ലാം കണ്ണെറിഞ്ഞാണ് നിതീഷ് കുമാറിന്റെ ചാട്ടം. പ്രധാനമന്ത്രി കസേരയിലേക്ക് ഇന്ത്യ മുന്നണിയില്‍ മറ്റുപലരുടേയും പേര് ഉയര്‍ന്ന് കേട്ടതും കോണ്‍ഗ്രസിന്റെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ ചെയര്‍മാനാക്കിയതുമെല്ലാം നിതീഷ് കുമാറിന്റെ മലക്കം മറിച്ചിലിന് കാരണമാണ്.

അടുത്തിടെ ജെഡിയു ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ലല്ലന്‍ സിങിനെ മാറ്റി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും സ്വയം അവരോധിച്ചതും ബിഹാറിലെ രാഷ്ട്രീയ നീക്കത്തിന് മുന്നോടിയായിരുന്നു. തന്റെ വിശ്വസ്തനായിരുന്ന ലല്ലന്‍ സിങിന് ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായി അടുപ്പം വര്‍ധിച്ചപ്പോള്‍ നിതീഷ് പേടിച്ചു. ആര്‍ജെഡിയുടെ ഉപമുഖ്യമന്ത്രിയായ് തേജസ്വി യാദവിനെ മുഖ്യമന്ത്രി പദത്തിലെത്തിക്കാന്‍ ലല്ലന്‍ ശ്രമിക്കുമോയെന്ന ഭയം കൂടിയുണ്ട് മഹാസഖ്യത്തെ ചതിച്ചതിന് പിന്നില്‍. ജെഡിയുവിന്റെ 45 എംഎല്‍എമാരില്‍ 7 പേര്‍ മഹാസഖ്യത്തിനൊപ്പം നിന്നാല്‍ തേജസ്വിയ്ക്ക് മുഖ്യമന്ത്രിയാകാമെന്നതും ലല്ലന്‍ സിംഗ് ദേശീയ അധ്യക്ഷ സ്ഥാനത്തുണ്ടെങ്കില്‍ എംഎല്‍എമാരുടെ കൂറുമാറ്റം അയോഗ്യതയക്ക് കാരണമാവില്ലെന്നും കണ്ടാണ് ലല്ലനെ മാറ്റി ദേശീയ അധ്യക്ഷനായത്. ആഴ്ചകള്‍ക്ക് പിന്നാലെയാണ് ബിജെപി ബാന്ധവത്തിനുള്ള കരാര്‍ നിതീഷ് ഒരുക്കിയതും.

ഞായറാഴ്ച മഹാസഖ്യം പൊളിച്ച് എന്‍ഡിഎയുമായി കൈകോര്‍ത്ത് 7ാം തവണ മുഖ്യമന്ത്രിയാകാന്‍ പാതിവഴിയിലൊരു സര്‍ക്കാരിനെ താഴെയിടാന്‍ ഒരുങ്ങുകയാണ് നിതീഷ് കുമാര്‍. ഇപ്പോള്‍ നിയമസഭ പിരിച്ചുവിടില്ലെന്നും വോട്ടെടുപ്പ് നടത്തില്ലെന്നും ഉറപ്പാണ്. അടുത്ത വര്‍ഷം ബീഹാര്‍ പോളിംഗ് ബൂത്തിലേക്ക് പോകും, അതിനാല്‍ ബിജെപിയും ജെഡിയുവും ലക്ഷ്യം വെയ്ക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിലാണ്. 2024ഉം 25ഉം മുന്നില്‍ കണ്ടാണ് രാഷ്ട്രീയത്തിലെ നിതീഷിന്റ് സ്ഥിരം മലക്കം മറിയല്‍. 2022ല്‍ ബിജെപിയുടെ എന്‍ഡിഎയില്‍ നിന്ന് ചാടിയാണ് ആര്‍ജെഡിയ്‌ക്കൊപ്പം സര്‍ക്കാരുണ്ടാക്കിയത്. അതിന് മുമ്പ് മഹാഗഡ്ബന്ധന്‍ പൊട്ടിച്ചാണ് 2017ല്‍ ബിജെപി കൂട്ടിലേക്ക് ചാടിയത്. എന്തായാലും നിതീഷിന്റെ ഘര്‍വാപ്പസിയാണ് ദേശീയ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ