മുന്നണിയില്‍ വിട്ടുവീഴ്ച കോണ്‍ഗ്രസിന്റെ മാത്രം ബാധ്യതയാകുന്നോ?

പ്രതിപക്ഷ ഐക്യത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ വല്ലാതെ വലയ്ക്കുന്നുണ്ടോ?. സമ്മര്‍ദ്ദതന്ത്രം കൊണ്ട് ചില സംസ്ഥാനങ്ങളില്‍ അര്‍ഹിക്കുന്നതിലധികം സീറ്റുകള്‍ മുന്നണി സംവിധാനത്തിന്റെ ഭാഗമായി ചോദിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമം പ്രാദേശിക പാര്‍ട്ടകളില്‍ നിന്നുണ്ടാവുന്നത് കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നുണ്ട്. 2018ല്‍ അധികാരം പിടിച്ചിട്ടും കയ്യില്‍ നിന്ന് ഓപ്പറേഷന്‍ ലോട്ടസില്‍ നഷ്ടമായ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേതിലും സീറ്റ് പ്രതീക്ഷിക്കുമ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും പലതും ലക്ഷ്യമിട്ടൊരു കൂട്ടുകെട്ടില്‍ ഒത്തുചേരുന്നുണ്ട്.

ഇപ്പോള്‍ കോണ്‍ഗ്രസിന് മേല്‍ ആരോപണം ഉന്നയിച്ച് സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് വരുന്നത് ഇന്ത്യ മുന്നണിക്കുള്ളില്‍ കോണ്‍ഗ്രസിനെ ഞെരുക്കാന്‍ ലക്ഷ്യമിട്ടാണ്. സമ്മര്‍ദ്ദത്തിലാക്കി കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തി മധ്യപ്രദേശില്‍ മുന്നേറാനുള്ള വഴി തുറക്കാനുള്ള അഖിലേഷ് യാദവിന്റെ ശ്രമങ്ങള്‍ ചെുതല്ല. സംസ്ഥാന തലത്തില്‍ ഈ മുന്നണി സംവിധാനം ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തങ്ങള്‍ ഇന്ത്യ മുന്നണിയുമായി ഇത്തരത്തിലൊരു തുറന്ന നിലപാടില്‍ നില്‍ക്കില്ലായിരുന്നുവെന്നാണ് അഖിലേഷിന്റെ പരാമര്‍ഷം. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയ്ക്ക് അനുകൂലമായി കാര്യങ്ങള്‍ നീങ്ങാത്തതില്‍ അല്ല മറിച്ച് മധ്യപ്രദേശില്‍ ഒരു സിറ്റിംഗ് എംഎല്‍എ മാത്രമുള്ള സമാജ് വാദി പാര്‍ട്ടിക്ക് ആറ് സീറ്റെങ്കിലും വേണമെന്ന കടുംപിടുത്തത്തിന് പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ കാര്യം പുനരാലോചനയ്ക്ക് വിധേയമാക്കുമെന്ന അഖിലേഷിന്റെ ഭീഷണി.

കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളെ ‘വിഡ്ഢികളാക്കുന്നു’ എന്ന് കുറ്റപ്പെടുത്തുന്ന അഖിലേഷ് യാദവ് പ്രതിപക്ഷ ഐക്യത്തിന്റെ ആശയത്തില്‍ കല്ലുകടിയുണ്ടെന്ന് വ്യക്തമാക്കുകയാണ്. ദേശീയ തലത്തില്‍ സഖ്യത്തിലുള്ള എസ്പി മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെതിരെ 18 ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥിനോട് സംസാരിച്ചിരുന്നുവെന്നും എവിടെയൊക്കെ സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍എമാര്‍ ഉണ്ടായിരുന്നുവെന്നും എവിടെയൊക്കെ തങ്ങള്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നുവെന്നതടക്കം കാര്യങ്ങള്‍ കമല്‍നാഥിനോട് സംസാരിച്ചിരുന്നുവെന്നും യാദവ് പറയുന്നു.

കോണ്‍ഗ്രസ് മധ്യപ്രദേശില്‍ തങ്ങള്‍ക്ക് ആറ് സീറ്റ് നല്‍കാമെന്ന് ഉറപ്പ് പറഞ്ഞിട്ടും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടപ്പോള്‍ ഒന്നില്‍ പോലും എസ്പിയ്ക്കുള്ള സീറ്റിനെ കുറിച്ച് പറഞ്ഞില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തുന്നു. സംസ്ഥാനങ്ങളില്‍ സഖ്യമില്ലെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടു ചര്‍ച്ച നടത്തേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോയെന്നും അഖിലേഷ് ചോദിക്കുന്നുണ്ട്.

230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് 17ാം തിയ്യതി നവംബര്‍ നടക്കാനിരിക്കെ 144 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പിന്നാലെ 22 സ്ഥാനാര്‍ത്ഥികളുടെ പട്ടിക സമാജ് വാദി പാര്‍ട്ടിയും പുറത്തുവിട്ടു. മധ്യപ്രദേശില്‍ വലിയ സ്വാധീനമില്ലാത്ത സമാജ് വാദി പാര്‍ട്ടി ഇത്തരത്തില്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ സീറ്റ് നേടാന്‍ ശ്രമിക്കുന്നതും 18 സീറ്റുകളില്‍ കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും കോണ്‍ഗ്രസിനുള്ളിലും കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.

മധ്യപ്രദേശില്‍ ഗ്രൗണ്ട് സപ്പോര്‍ട്ടില്ലാത്ത സമാജ് വാദി പാര്‍ട്ടി അവിടെ മല്‍സരിക്കാതിരിക്കുന്നതാണ് നല്ലതെന്നും അങ്ങനെയാണെങ്കില്‍ ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും മല്‍സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുമെന്ന് കോണ്‍ഗ്രസ് യുപി അധ്യക്ഷന്‍ അജയ് റായ് പറയുകയും ചെയ്തു. ഇതോടെ അഖിലേഷ് യാദവ് കുപിതനായി കോണ്‍ഗ്രസിന്റെ ചെറുനേതാക്കള്‍ എസ്പിയെ കുറിച്ച് സംസാരിക്കരുതെന്ന് യാദവ് താക്കീത് നല്‍കി.

സമാജ് വാദി പാര്‍ട്ടിയുടെ മുട്ടാപ്പോക്ക് ന്യായങ്ങളെ കമല്‍നാഥ് തള്ളിക്കളയുന്നത് പ്രാക്ടിക്കല്‍ തിരഞ്ഞെടുപ്പ് വശങ്ങള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ്. സംസ്ഥാനതല സഖ്യം സംബന്ധിച്ച് എസ്പിയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് പറയുന്ന കമല്‍നാഥ് ഈ ചര്‍ച്ചകളില്‍ ‘പ്രായോഗിക തകരാറുകള്‍’ ഉണ്ടെന്ന് വ്യക്തമാക്കുന്നുമുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ എസ്പി ചിഹ്നത്തില്‍ നിര്‍ത്താന്‍ തയ്യാറാണെന്ന് അഖിലേഷ് യാദവിന്റെ പാര്‍ട്ടി പറഞ്ഞാലും എസ്പി തിരഞ്ഞെടുപ്പ് ചിഹ്നത്തില്‍ മത്സരിക്കാന്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ തയ്യാറല്ലെന്നും കമല്‍നാഥ് വ്യക്തമാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങള്‍ എന്തുചെയ്യുമെന്നും കമല്‍നാഥ് സമാജ് വാദി പാര്‍ട്ടി ആവശ്യങ്ങളോട് പ്രതികരിച്ചു കൊണ്ട് വ്യക്തമാക്കി.

ബിജെപിയെ തോല്‍പ്പിക്കാന്‍ സജ്ജനായി നില്‍ക്കുന്ന അഖിലേഷ് യാദവ് അക്കാര്യത്തില്‍ തങ്ങളെ സഹായിക്കുകയാണ് വേണ്ടതെന്നും കമല്‍നാഥ് പറയുന്നു. 230 നിയമസഭാ സീറ്റുകള്ളു മധ്യപ്രദേശില്‍ 116 എന്നതാണ് കേവലഭൂരിപക്ഷം. 2018ല്‍ 230 സീറ്റുകളില്‍ 114 സീറ്റുകളില്‍ കോണ്‍ഗ്രസും 109 സീറ്റുകളില്‍ ബിജെപിയും ജയിച്ചു. വെറും അഞ്ച് സീറ്റെന്നതാണ് ഇരുവര്‍ക്കും ഇടയിലുണ്ടായ വ്യത്യാസം. മായാവതിയുടെ ബിഎസ്പിക്ക് 2 സീറ്റും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് ഒരു സീറ്റും കിട്ടിയ മധ്യപ്രദേശില്‍ നാല് സ്വതന്ത്രരും വിജയിച്ചിരുന്നു. ഈ സാധ്യത കണ്ടാണ് ഇപ്പോള്‍ കൂടുതല്‍ സീറ്റ് ആവശ്യത്തിലേക്ക് സമാജ് വാദി പാര്‍ട്ടി കണ്ണെറിയുന്നത്.

3000ല്‍ താഴെ ഭൂരിപക്ഷത്തില്‍ വിജയിച്ച 30 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ഉണ്ടായിരുന്നത്. ഈ സാഹചര്യം കൂടി മുതലെടുത്ത് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി സീറ്റ് ഒപ്പിക്കാനാണ് പ്രാദേശിക പാര്‍ട്ടിയായ എസ്പിയുടെ ശ്രമം. അതായത് കുറഞ്ഞ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മല്‍സരം നടക്കുന്ന ഇടങ്ങളില്‍ തങ്ങള്‍ വോട്ട് പിടിച്ചാല്‍ അത് തോല്‍വിക്ക് കാരണമാകുമെന്ന ബോധ്യമുണ്ടാക്കി കൂടുതല്‍ സീറ്റുകള്‍ നേടി അവിടെ കോണ്‍ഗ്രസ് ബലത്തില്‍ ജയിച്ചു കയറുകയാണ് തന്ത്രം. നിലവില്‍ ഒറ്റ സീറ്റ് മാത്രമുള്ള അഖിലേഷിന്റെ പാര്‍ട്ടിക്ക് മധ്യപ്രദേശില്‍ നല്ല വോട്ട് ബാങ്കുള്ള കോണ്‍ഗ്രസിലെ മുതലാക്കി ആറ് സീറ്റിലേക്ക് എത്താനാണ് മോഹം. ഇതിനാണ് ‘ഇന്ത്യ’ മുന്നണിയില്‍ കോണ്‍ഗ്രസിനെ ഞെരുക്കി സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമം.

സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയിലെത്താനുള്ള ശ്രമങ്ങളില്‍ കല്ലുകടിയായി
ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ഉപതിരഞ്ഞെടുപ്പ് കൂടി കാരണമാണ്. ഉത്തര്‍പ്രദേശില്‍ എല്ലാവരില്‍ നിന്നും പങ്കുപറ്റി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച എസ്പി ബാഗേശ്വരില്‍ കുറഞ്ഞ മാര്‍ജിനിലെ കോണ്‍ഗ്രസ് തോല്‍വിക്ക് കാരണമായെന്നൊരു വികാരം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. ബാഗേശ്വറില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. 2500ല്‍ താഴെ വോട്ടുകളിലാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. ഈ സീറ്റില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. എന്നാല്‍ ഇതേ സമയം യുപിയിലെ ഖോസിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഖോസിയില്‍ അഖിലേഷിന്റെ പാര്‍ട്ടി ജയിക്കുകയും ചെയ്തു. ഇത്തരത്തില്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത് നേടുകയും കോണ്‍ഗ്രസിനെ ചവിട്ടുകയും ചെയ്യുന്നതില്‍ പാര്‍ട്ടിയിലെ സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.

കോണ്‍ഗ്രസിന് എക്‌സിറ്റ് പോളുകള്‍ പോലും വിചയം പ്രവചിക്കുന്ന മധ്യപ്രദേശില്‍ ഇന്ത്യ മുന്നണിയിലെ പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെതിരെ പോരാടാനിറങ്ങുന്നതും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും കോണ്‍ഗ്രസിനെ കലുഷിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് അത്ര സ്വാധീനം ഒന്നുമില്ലാത്ത ആംആദ്മി പാര്‍ട്ടി വരെ ആദ്യം തന്നെ കയറി 10 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് അങ്ങ് പ്രസിദ്ധീകരിച്ചതും സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ് ചെലവില്‍ കൂടുതല്‍ സീറ്റ് ലക്ഷ്യമിട്ട് സമ്മര്‍ദ്ദത്തിനൊരുങ്ങുന്നതും ഇന്ത്യ മുന്നണിക്കുള്ളില്‍ കോണ്‍ഗ്രസിനെ ഞെരുക്കുന്നുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലും ഇതുതന്നെയാണ് ആംആദ്മിയുടെ സമീപനമെന്ന് കൂടി ഓര്‍ക്കണം. തങ്ങള്‍ക്ക് നിലനില്‍പ്പുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഹായം വേണമെന്ന് ശഠിക്കുകയും അപ്പുറത്ത് കോണ്‍ഗ്രസിന്റെ കഞ്ഞിയില്‍ പറ്റാവുന്ന രീതിയിലൊക്കെ പാറ്റയാവുകയും ചെയ്തിട്ട് ഇതാണോ മുന്നണി മര്യാദയെന്ന് ചോദിക്കുന്ന പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് ഇന്ത്യാ മുന്നണിയില്‍ ബാധ്യതയാകുന്നുണ്ട്.

Latest Stories

ആ താരത്തെ എടുത്തില്ലെങ്കിൽ ഐപിഎൽ ടീമുകൾ മണ്ടന്മാർ, അവനെ എടുക്കുന്നവർക്ക് ലോട്ടറി; ഉപദേശവുമായി റോബിൻ ഉത്തപ്പ

രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്

ചെങ്കൊടിയും ഡീസലുമായി കോര്‍പ്പറേഷന്‍റെ കവാട ഗോപുരത്തിന് മുകളില്‍; ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍

കേരളത്തില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴ; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കൂടുതൽ സന്തോഷിക്കേണ്ട, സഞ്ജുവിനിട്ട് ആ രണ്ട് താരങ്ങൾ പണിയും; വമ്പൻ വെളിപ്പെടുത്തലുമായി ആർപി സിംഗ്

ഞാന്‍ ഇനി എന്തിനാണ് മസില്‍ കാണിക്കുന്നത്, ഇപ്പോള്‍ ലോകത്തിന് എന്റെ ശക്തി അറിയില്ലേ?

മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൻ തീപിടുത്തം; യുപിയിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം, 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരം

ഇവിടെ ഓരോ ഇതിഹാസങ്ങൾ 100 മത്സരങ്ങൾ കളിച്ചിട്ട് പറ്റുന്നില്ല, അപ്പോഴാണ് വെറും 37 ഇന്നിങ്സിൽ സഞ്ജു തകർപ്പൻ നേട്ടത്തിൽ എത്തിയത്; ചെക്കൻ ടി 20 യെ മാറ്റി മറിക്കും; പുകഴ്ത്തലുമായി ജഡേജ

ഒരാള്‍ ഒരു പുസ്തകം എഴുതിയാല്‍ അതിന്റെ പ്രകാശനം അറിയേണ്ടെ; ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ ഇപിക്കെതിരെ വാര്‍ത്ത നല്‍കിയതില്‍ പ്രത്യേക ലക്ഷ്യം; പിന്തുണച്ച് മുഖ്യമന്ത്രി

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്ററും ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍