ജി. പി രാമചന്ദ്രന്‍
ഞാന്‍ നയതന്ത്ര വിദഗ്ദ്ധനോ നിയമപണ്ഡിതനോ അല്ല. അതിനാല്‍ ഇവിടെ ഉന്നയിക്കുന്ന കാര്യങ്ങള്‍ കേവലം ഒരു സാംസ്‌കാരികാന്വേഷകന്റെ തുറന്ന അഭിപ്രായങ്ങള്‍ മാത്രമായി എടുത്താല്‍ മതി.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ്, സംസ്ഥാന മന്ത്രി കെ. ടി ജലീലുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മണ്ഡലത്തിലും പുറത്തും റമസാന്‍ കിറ്റുകള്‍ വിതരണം ചെയ്തത്; അവകാശലംഘനമാണെന്നും ഡിപ്ലോമാറ്റിക് കുറ്റകൃത്യമാണെന്നുമൊക്കെയുള്ള രൂക്ഷമായ അഭിപ്രായങ്ങള്‍ ടെലിവിഷന്‍ ചര്‍ച്ചകളിലും മറ്റും ഉയര്‍ന്നു കേട്ടു. ഇതിനു പിറകിലുള്ള രാഷ്ട്രീയ, വര്‍ഗീയ ദുഷ്ടലാക്ക് പ്രകടമാണെന്നതു കൊണ്ട് അതു വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു വീക്ഷണ-നിലപാട് അവതരിപ്പിക്കാനാണീ കുറിപ്പ്.
ലോകത്തെ മിക്ക രാജ്യങ്ങളിലും മറ്റു വിദേശ രാഷ്ട്രങ്ങളുടെ എംബസികളും കോണ്‍സുലേറ്റുകളും ഹൈക്കമ്മീഷനുകളും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. അതാതു രാഷ്ട്രത്തെ പൗരന്മാര്‍ക്ക് വിദേശങ്ങളിലേക്ക് സഞ്ചരിക്കാനും മറ്റുമുള്ള പതിവു ജോലികള്‍ക്കു പുറമെ; തങ്ങളുടെ വിപുലമായ ചരിത്ര സംസ്‌കാര ആവിഷ്‌കാരങ്ങള്‍ എംബസികളും കോണ്‍സുലേറ്റുകളും ഹൈക്കമ്മീഷനുകളും സ്ഥാപിക്കപ്പെട്ടിട്ടുള്ള രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും വിദ്യാഭ്യാസം നല്‍കുകയും അതുവഴി രാജ്യാന്തര സാംസ്‌കാരിക വിനിമയം വിപുലീകരിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വം കൂടി മിക്കവാറും വിദേശരാജ്യ പ്രതിനിധികളും ഓഫീസുകളും നിര്‍വഹിക്കുന്നുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങള്‍ക്ക് ഇതിനായി പ്രത്യേകം സാംസ്‌കാരിക വിഭാഗങ്ങള്‍ തന്നെയുണ്ട്. മാക്‌സ് മുള്ളര്‍ ഭവന്‍(ജര്‍മ്മനി), ബ്രിട്ടീഷ് ലൈബ്രറി (യു കെ), ഗോര്‍ക്കി ഭവന്‍ (യുഎസ്എസ് ആര്‍/ഇപ്പോഴില്ല), ഫ്രഞ്ച് കള്‍ച്ചറല്‍ വിഭാഗം എന്നിവയെല്ലാം എല്ലാവര്‍ക്കുമറിയാവുന്ന ചില സംരംഭങ്ങള്‍ ആണ്. ഡല്‍ഹിയിലുള്ള എംബസികള്‍ക്കു പുറമെ മറ്റു നഗരങ്ങളില്‍ ഈ സ്ഥാപനങ്ങളുടെ വിവിധ ഓഫീസുകള്‍ ഉണ്ട്. സിനിമാപ്രദര്‍ശനങ്ങള്‍, ഗ്രന്ഥശാലകള്‍, ഭാഷാ ക്ലാസുകള്‍ തുടങ്ങി പല പരിപാടികളും ഇവര്‍ നടത്തി വരുന്നു. വ്യക്തിപരമായി ഇത്തരം പല പരിപാടികളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഇനി അതൊക്കെ നിയമലംഘനമാകുമോ എന്നറിയില്ല. ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ജൂറിയായും പ്രതിനിധിയായും പങ്കെടുക്കവെ, മാക്‌സ്മുള്ളര്‍ ഭവന്റെ വിരുന്ന് അവിടത്തെ പ്രതിനിധിയായ ജര്‍മ്മന്‍ സായിപ്പിന്റെ വീട്ടില്‍ വെച്ചായിരുന്നു നടത്തിയത്. എന്തൊരു സ്‌നേഹോഷ്മളതയായിരുന്നു അവിടെ പകര്‍ന്നു കിട്ടിയത്! നിരവധി മലയാള സിനിമാക്കാരും അവിടെയെത്തിയിരുന്നു. തിരുവനന്തപുരത്തെ ഗോര്‍ക്കിഭവനിലും പിന്നീട് പേരു മാറ്റി റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലും പല സിനിമാപ്രദര്‍ശനങ്ങള്‍ക്കും പോയിട്ടുണ്ട്. ഇവിടത്തെ ഹാള്‍ മറ്റു സാംസ്‌കാരിക പരിപാടികള്‍ക്കും വിട്ടു നല്‍കാറുണ്ടെന്നു തോന്നുന്നു. ബ്രിട്ടീഷ് ലൈബ്രറിയില്‍ അംഗത്വമെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നടന്നില്ല. പിന്നീട് അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു എന്നു തോന്നുന്നു.
ഇതിന്റെയെല്ലാം അപ്പുറത്താണ്, എംബസികളില്‍ നിന്ന് ഫിലിം സൊസൈറ്റികള്‍ക്കുള്ള സിനിമാ വിതരണങ്ങള്‍. യൂറോപ്പിലെ വിവിധ രാജ്യങ്ങളുടെ എംബസികള്‍ കയറിയിറങ്ങി, അവര്‍ തരുന്ന സിനിമാപെട്ടികള്‍ ശേഖരിച്ച് രാജ്യത്തുടനീളം പല മാര്‍ഗ്ഗത്തില്‍ എത്തിച്ച് പലയിടത്തും പ്രദര്‍ശിപ്പിച്ച് തിരിച്ചെത്തിക്കുന്ന രീതിയായിരുന്നു എഴുപതുകള്‍ മുതല്‍ പല പതിറ്റാണ്ടുകള്‍ ഫിലിം സൊസൈറ്റിക്കാര്‍ ചെയ്തു വന്നിരുന്നത്. സിഡിയും ഡിവിഡിയും ബ്ലൂറേയും ടോറന്റും ടെലഗ്രാമും ഓണ്‍ലൈനും എല്ലാം വരുന്നതിനു മുമ്പ് സാര്‍വദേശീയതയും സാംസ്‌കാരികാവബോധവും ചലച്ചിത്രപരിചയവും ഇന്ത്യയിലെമ്പാടുമുള്ള ആയിരക്കണക്കിന് ആസ്വാദകരും കലാസ്‌നേഹികളും സ്വായത്തമാക്കിയത് ഈ മാര്‍ഗത്തിലൂടെയായിരുന്നു. അതെല്ലാം നിര്‍ബാധം നടന്നു പോന്നു. ഇന്ത്യയിലെ സിനിമകള്‍, വിദേശ രാജ്യങ്ങളിലെ എംബസികള്‍ മുഖാന്തിരം അതാതു രാജ്യങ്ങളിലെത്തിച്ച് അവിടെയും പ്രദര്‍ശിപ്പിച്ചു. നമ്മുടെ വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും നാം അവിടങ്ങളിലെല്ലാമെത്തിച്ചു. ഇതൊന്നുമില്ലാതെ എന്തു ലോകം?
യുഎഇ, രാജഭരണം നിലനില്‍ക്കുന്ന ഇസ്ലാം മതത്തിന് അതീവ പ്രാമുഖ്യമുള്ള ഒരാധുനിക രാഷ്ട്രമാണ്. ഇന്ത്യയുമായും കേരളവുമായും അവര്‍ക്കും തിരിച്ചങ്ങോട്ടുമുള്ള ബന്ധം വിവരിച്ചാലും വിവരിച്ചാലും മതിയാവില്ല. അങ്ങിനെയിരിക്കെ, മുസ്ലിങ്ങള്‍ക്ക് മതപരമായും വിശ്വാസപരമായും ആചാരപരമായും സാംസ്‌ക്കാരികമായും ഏറ്റവും പ്രാധാന്യമുള്ള റമസാന്‍ നോയമ്പിനും ഈദുല്‍ഫിത്തറിനും അതിന്റെ അടിസ്ഥാനത്തിലുള്ള ചില സാംസ്‌കാരിക വിനിമയങ്ങള്‍ അവര്‍ക്കു പ്രിയപ്പെട്ട കേരളത്തില്‍ നടത്തുന്നതില്‍ എന്താണ് തെറ്റുള്ളത്? സക്കാത്ത് എന്നത് റമസാന്‍ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ഒരു സല്‍ക്കര്‍മ്മമല്ലേ. അതു നടത്താന്‍ സഹായിക്കുക എന്നത് മതവിശ്വാസിയും അധ്യാപകനുമായ മന്ത്രി ചെയ്യുക എന്നതും സല്‍ക്കര്‍മമല്ലാതെ മറ്റെന്താണ്?
ഇതിനെയൊക്കെ, സാങ്കേതിക നിയമാവലികള്‍ ഉദ്ധരിക്കുന്നു എന്ന വ്യാജേന ആക്ഷേപിക്കുന്നത് ലോകത്തെങ്ങും മനുഷ്യര്‍ ഇടകലര്‍ന്ന് ജീവിക്കുകയും പരസ്പരം സാംസ്‌കാരിക വിനിമയങ്ങള്‍ നടത്തുകയും ചെയ്യുന്നതിനെ ഭയക്കുന്നവര്‍ക്കു മാത്രമേ സാധ്യമാവൂ.