ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കുര്‍സി കുമാര്‍ എന്ന പേര് രാഷ്ട്രീയ ലോകത്ത് ലഭിച്ചത് കസേരയ്ക്ക് വേണ്ടി എന്ത് ചെയ്യാനും അധാര്‍മ്മികമായി നീങ്ങാനും മടിയില്ലാത്തതിനാലാണ്. പ്രതിപക്ഷത്തിനൊപ്പം നിന്ന് ഒരു സഖ്യത്തിന്റെ മുന്‍നിര പോരാളിയായിട്ട് രായ്ക്ക്‌രാമായനം ഭരണപക്ഷത്തിനൊപ്പം പോയ രാഷ്ട്രീയ വഞ്ചകന്‍ കൂടിയായിരുന്നു പലപ്പോഴും നിതീഷ് കുമാര്‍. അങ്ങനെ കസേരകളിയില്‍ ചാടി ചാടി ഒടുവില്‍ ബിഹാറില്‍ ബിജെപിയേക്കാള്‍ സീറ്റ് കുറവ് നേടി ആ സഖ്യത്തില്‍ മുഖ്യമന്ത്രിയായി ഇരിക്കുന്ന നിതീഷ് കുമാറിന് ബിജെപിയുടെ വല്ല്യേട്ടന്‍ മനോഭാവം ഇപ്പോള്‍ പുത്തരിയല്ല. തന്റെ ജെഡിയു ഏറ്റവും വലിയ ഒറ്റകക്ഷിയായും ബിഹാറിലെ മുന്‍നിര പാര്‍ട്ടിയായും നിന്നിടത്ത് നിന്ന് ചാട്ടവും കാലുവാരലുമെല്ലാം നടത്തി ദീര്‍ഘനാള്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന നിതീഷ് കുമാര്‍ തന്റെ പാര്‍ട്ടി ജെഡിയുവിനെ ബിജെപി വിഴുങ്ങുന്നത് ശ്രദ്ധിച്ചില്ല. 2020 തിരഞ്ഞെടുപ്പില്‍ ജെഡിയുവിനും ആര്‍ജെഡിയ്ക്കും സീറ്റില്‍ ഇടിവുണ്ടായപ്പോള്‍ 24 സീറ്റ് അധികം നേടി വളര്‍ന്ന ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വീതംവെപ്പില്‍ ജെഡിയുവിനെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞിരുന്നു. ഇതിനെല്ലാം ഇടയിലും സീറ്റ് കുറഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ ബിജെപി നല്‍കിയ അവസരത്തില്‍ മതിമറന്ന നിതീഷ് കുമാറിന് മുന്നില്‍ അടുത്ത തിരഞ്ഞെടുപ്പ് ആസന്നമായിട്ടുണ്ട്.
2025ല്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ ബിജെപി ലക്ഷ്യമിടുന്നത് സംസ്ഥാനം ഒറ്റയ്ക്ക് പിടിക്കാനാണ്. വാജ്‌പേയ് അനുസ്മരണത്തില്‍ മറകൂടാതെ ബിജെപിയുടെ ഉപമുഖ്യമന്ത്രി അക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. കാര്യം ലക്ഷ്യം ഒറ്റയ്ക്ക് മഹാരാഷ്ട്രയിലേത് പോലൊരു ക്ലീന്‍ സ്വീപ്പാണെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പ് ഇത് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ വിളിച്ചു പറഞ്ഞത് ബിജെപി കേന്ദ്രനേതൃത്വത്തിനും രസിച്ചിട്ടില്ല. അന്തരിച്ച ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമാ അടല്‍ ബിഹാര്‍ വാജ്പേയുടെ സ്മരണാര്‍ഥം നടത്തിയ ചടങ്ങിലാണ് ബിജെപിയുടെ ബിഹാര്‍ മോഹം സിന്‍ഹ വെളിപ്പെടുത്തിയത്. തങ്ങള്‍ക്ക് ഇവിടെ ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കണമെന്ന മോഹം.
പ്രതിപക്ഷത്തുള്ള ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയെ ലക്ഷ്യമിട്ടായിരുന്നു ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ പ്രയോഗമെങ്കിലും അത് ബൂമറാങ് പോലെ വന്നടിച്ചത് സഖ്യത്തില്‍ ഒപ്പമുള്ള ജെഡിയുവിന്റെ നെഞ്ചത്തു. ‘ജംഗിള്‍ രാജ്’ എന്ന് വിളിച്ച് ആര്‍ജെഡിയെ കളിയാക്കി കൊണ്ടാണ് സിന്‍ഹയുടെ വാചകം തുടങ്ങിയത്. അത് ഇപ്രകാരമായിരുന്നു.
ഇന്നും ‘ജംഗിള്‍ രാജ്’ ആളുകള്‍ ബീഹാറിന്റെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ബിഹാറിന് ഒരു സുപ്രധാന സ്ഥാനമുണ്ട്. ആ ഉത്സാഹം വീണ്ടും ഉണര്‍ത്തേണ്ട സമയമാണിത്. ഓരോ ബിഹാരിയും അതില്‍ അഭിമാനിക്കേണ്ട സമയം. ബീഹാറില്‍ നമ്മുടെ സര്‍ക്കാര്‍ വരുമ്പോള്‍ അത് അടല്‍ ബിഹാരി വാജ്പേയിക്കുള്ള യഥാര്‍ത്ഥ ആദരാഞ്ജലിയാകും, ഓരോ ബിജെപി പ്രവര്‍ത്തകനും അപ്പോള്‍ അതില്‍ അഭിമാനിക്കും.
ബിജെപിക്കാരെയെല്ലാം ആ വാക്കുകള്‍ പുളകം കൊള്ളിച്ചെങ്കിലും വരുന്ന വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുമ്പിലുള്ളപ്പോള്‍ ജെഡിയുവിന് അത് അത്ര സുഖമുള്ള വാക്കുകളല്ല. ബിജെപി- ജെഡിയു ബന്ധം ഉലച്ചിലുകളിലാണ് പലപ്പോഴുമെന്നിരിക്കെ ഒറ്റയ്‌ക്കൊരു സര്‍ക്കാരെന്ന കേന്ദ്രപാര്‍ട്ടിയുടെ മോഹം നിതീഷ് കുമാറിനും കൂട്ടര്‍ക്കും ആശങ്കയാണ്. 2025 തിരഞ്ഞെടുപ്പില്‍ 43 സീറ്റുള്ള തങ്ങളോ അതോ 74 സീറ്റുള്ള ബിജെപിയോ നെടുനായകത്വം വഹിക്കുമെന്ന സംശയത്തിലിരിക്കുമ്പോഴാണ് ബിജെപി സര്‍ക്കാരിനെ കുറിച്ചുള്ള ഉപമുഖ്യമന്ത്രിയുടെ ആഗ്രഹം വെളിപ്പെടുന്നത്. കഴിഞ്ഞ ദിവസം ബിഹാറില്‍ നിതീഷ് തന്നെ നയിക്കുമെന്ന് ബിജെപി വ്യക്തമാക്കിയെങ്കിലും രണ്ടുകൂട്ടര്‍ക്കും പരസ്പര വിശ്വാസം കുറവാണ്. ആ സാഹചര്യത്തിലുള്ള സിന്‍ഹയുടെ വാക്കുകള്‍ എന്‍ഡിഎ സഖ്യത്തെ അസ്വസ്ഥമാക്കി കഴിഞ്ഞു.
കാര്യങ്ങള്‍ കപ്പിനും ചുണ്ടിനും ഇടയിലാണെന്ന് വ്യക്തമായ ബോധ്യമുള്ള ബിജെപി നേതാക്കള്‍ വേഗം അനുനയശ്രമത്തിന് ഇറങ്ങി. വിജയ കുമാര്‍ സിന്‍ഹ പാര്‍ട്ടി സമ്മര്‍ദ്ദത്തില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ വീഡിയോ ഇറക്കി. ബിഹാറിന്റെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെ 2025 നിയമസഭാ തിരഞ്ഞെടുപ്പിന് എന്‍ഡിഎ ഇറങ്ങുമെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു സിന്‍ഹ. ജംഗല്‍രാജുകാര്‍ക്ക് രണ്ടാമതൊരു അവസരം ഇനി കിട്ടില്ലെന്ന് പറഞ്ഞായിരുന്നു ബിജെപി-ജെഡിയു ബന്ധം ഓര്‍മ്മിപ്പിച്ച ഫോട്ടോയുടെ പശ്ചാത്തലത്തിലുള്ള വീഡിയോ.
നേരത്തെ ക്രിസ്തുമസിന് തലേദിവസം ജെഡിയു പുറത്തിറക്കിയ പോസ്റ്ററില്‍ പ്രധാനമന്ത്രി മോദിയ്‌ക്കൊപ്പം നില്‍ക്കുന്ന നിതീഷ് കുമാറായിരുന്നു. അതിലെ വാചകങ്ങള്‍ പക്ഷേ ഇങ്ങനെയായിരുന്നു.
ബിഹാറിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ നിതീഷ് കുമാര്‍ മാത്രമാണ് ഒറ്റപ്പേര്.
ജെഡിയുവിന്റെ തിരഞ്ഞെടുപ്പ് സന്ദേശങ്ങളിലെല്ലാം ഏകശ്രദ്ധ നിതീഷ് കുമാര്‍ എന്ന പേരിലേക്കാണ്. എന്നാല്‍ ബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ മല്‍സരിക്കുന്ന ബിജെപിയടക്കം പാര്‍ട്ടികള്‍ എന്തുപറയുമ്പോഴും നിതീഷിനെ കൂടെ ചേര്‍ത്താണ് പ്രചാരണം നടത്തുന്നത്. 2025 ബിജെപി ലക്ഷ്യം വെയ്ക്കുന്നത് മഹാരാഷ്ട്രയില്‍ ശിവസേനയേയും എന്‍സിപിയേയും അപ്രസക്തമാക്കിയ പോലൊരു സ്‌ട്രൈക്കാണ്. തിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും നിതീഷ് കുമാറിന്റെ വഴിക്ക് തന്നെ നീങ്ങി ഒടുവില്‍ 2020ലേതിനേക്കാള്‍ മേലില്‍ ആര്‍ജെഡിയെ വീഴ്ത്തി ഏറ്റവും വലിയ ഒറ്റകക്ഷിയാകുക എന്നത്. നിലവില്‍ നിതീഷിനൊപ്പം ബിജെപി എന്നത് മാറ്റി ബിജെപിയുടെ സര്‍ക്കാരില്‍ നിതീഷ് എന്ന സാധ്യത ബിഹാറില്‍ തുറക്കുകയാണ് ലക്ഷ്യം. മറ്റ് പല സംസ്ഥാനങ്ങളിലും ഒപ്പം നിന്നവരെ വിഴുങ്ങി വലുതായ അതേ സ്ട്രാറ്റജിയില്‍ ബിഹാറിലും ബിജെപി കൊഴുക്കുമ്പോള്‍ നിതീഷ് എവിടെ ഇനി എത്തുമെന്ന ചോദ്യമാണ് 2025ല്‍ ഏവരും ഉറ്റുനോക്കുക. കസേര കാക്കാന്‍ എന്‍ഡിഎയ്‌ക്കൊപ്പമോ പ്രതിപക്ഷത്തുള്ള ഇന്ത്യ മുന്നണിയിലെ ആര്‍ജെഡിയ്‌ക്കൊപ്പമോ ചാടന്‍ നിതീഷ് ഒട്ടൊന്ന് ആലോചിക്കുക പോലുമില്ല, ഭരണത്തിലെത്താനും ആ മുഖ്യമന്ത്രി കസേരയില്‍ ഉറച്ചല്ലെങ്കില്‍ പോലും ഇരിക്കാനും ആര് അവസരം നല്‍കിയാലും താന്‍ റെഡിയെന്ന മട്ടിലാണ് നിതീഷിന്റെ കണക്കുകൂട്ടലും സ്ട്രാറ്റജിയും. പക്ഷേ 71ല്‍ നിന്ന് 43ലേക്ക് 2020ല്‍ വീണ വീഴ്ച വീണ്ടും ആവര്‍ത്തിച്ചാല്‍ ചതിച്ച് പലപ്പോഴും ചാടിപ്പോയ നിതീഷിന് മുന്നില്‍ വാതിലുകള്‍ കൊട്ടിയടയാന്‍ കാലതാമസമുണ്ടാവില്ല.