'മോദി തന്നെ മൂന്നാം വട്ടവും, ഒറ്റയ്ക്ക് ഞങ്ങള്‍ 370 തികയ്ക്കും', പ്രതിപക്ഷ ബെഞ്ച് അവര്‍ക്കായി കാത്തിരിക്കുകയാണെന്ന് അമിത് ഷാ; തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും

സിഎഎ നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറയുക മാത്രമല്ല 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്. നരേന്ദ്ര മോദി തന്നെ തുടര്‍ച്ചയായ മൂന്നാം വട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ അമിത് ഷാ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകളില്‍ വിജയിക്കുമെന്നും പറഞ്ഞുവെച്ചു. എന്‍ഡിഎ 400 സീറ്റുകളില്‍ അധികം നേടുമെന്ന് ഉറപ്പിച്ചു പറയാനും ബിജെപിയുടെ ചാണക്യന്‍ മടിച്ചില്ല.

ഒരു സസ്‌പെന്‍സിനും 2024ല്‍ വകയില്ലെന്നാണ് അമിത് ഷായുടെ നിരീക്ഷണം. കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇക്കുറിയും പ്രതിപക്ഷത്ത് തന്നെ ഇരിക്കണമെന്ന് അറിയാം. പ്രതിപക്ഷ ബെഞ്ച് അവര്‍ക്കായി കാത്തിരിക്കുകയാണെന്ന് പറയാനും ഷായ്ക്ക് മടിയുണ്ടായില്ല.

ഞങ്ങള്‍ മുന്‍ സംസ്ഥാനമായ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരുന്നു. അതിനാല്‍ രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പിയെ 370 സീറ്റുകളും എന്‍ഡിഎയെ 400-ലധികം സീറ്റുകളും നല്‍കി അനുഗ്രഹിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഇതിനൊപ്പം പൗരത്യ ഭേദഗതിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കാനായി ഉണ്ടാക്കിയതാണെന്നാണ് അമിത് ഷാ പറയുന്നത്. സിഎഎയുടെ പേരില്‍ നമ്മുടെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പലരുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നും കൊടിയ പീഡനകാലത്തിനു ശേഷം ഇന്ത്യയിലെത്തിയവര്‍ക്കു പൗരത്വം നല്‍കാന്‍ മാത്രമാണു സിഎഎ ഉദ്ദേശിക്കുന്നതെന്നും ഇതു ആരുടെയും ഇന്ത്യന്‍ പൗരത്വം തട്ടിയെടുക്കാനുള്ളതല്ലെന്നും ബിജെപി നേതാവ് പറയുന്നു.

ബിജെപി അയോധ്യ രാമക്ഷേത്രത്തിന് ശേഷം തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ അജണ്ടയായി കാണുന്ന ഏകീകൃത സിവില്‍ കോഡും കേന്ദ്ര ആഭ്യന്തര മന്ത്രി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും മറ്റുള്ളവരും ഒപ്പിട്ട ഭരണഘടനാപരമായ കാര്യമാണിതെന്നാണ് അമിത് ഷാ വിശദീകരിക്കുന്നത്. പ്രീണന രാഷ്ട്രീയം മൂലം കോണ്‍ഗ്രസ് ഇത് അവഗണിക്കുകയായിരുന്നുവെന്നാണ് ഷായുടെ നിരീക്ഷണം.

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയത് ഒരു സാമൂഹിക മാറ്റമാണെന്നും ഒരു മതേതര രാജ്യത്തിനു മതാധിഷ്ഠിത സിവില്‍ കോഡുകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അമിത് ഷാ പറഞ്ഞു. ഇതിനൊപ്പം തന്നെ ബിജെപി തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ഏതറ്റം വരേ പോകുമെന്നുള്ള കാര്യം തങ്ങളുടെ വോട്ട് ബാങ്കിന് ഉറപ്പു നല്‍കുകയാണ് അമിത് ഷാ. അയോധ്യ തന്നെയാണ് ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ധ്രൂവീകരണത്തിന് ബിജെപി ഉപയോഗിക്കുന്നത്. 500-550 വര്‍ഷങ്ങളായി രാമ ജന്മ സ്ഥലമായി രാജ്യത്തെ ആളുകള്‍ കാണുന്ന അയോധ്യയില്‍ ക്ഷേത്രം ഉണ്ടാക്കാനാകാത്തത് കോണ്‍ഗ്രസിന്റെ പിടിപ്പുകേടാണെന്ന് വരുത്തുകയാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതും നടപ്പാക്കുന്നതും.

പ്രീണന രാഷ്ട്രീയം മൂലം എല്ലാം തടഞ്ഞത് കോണ്‍ഗ്രസാണെന്ന രീതിയിലാണ് പ്രസംഗത്തില്‍ അമിത് ഷാ കാര്യം അവതരിപ്പിക്കുന്നത്. അതുവഴി ഭൂരിപക്ഷ സമുദായം ആഗ്രഹിക്കുന്നതെല്ലാം നടപ്പാക്കാന്‍ പ്രാപ്തിയുള്ള ഞങ്ങളെ തന്നെ ഇനിയും തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് കൊള്ളാമെന്നതാണ് അമിത് ഷായുടെ ലൈന്‍. എന്തായാലും 2024ല്‍ വെറുപ്പിന്റെ കടയിലേക്കാണോ വോട്ട് കൂടുതല്‍ എന്നത് മാത്രം നോക്കിയാല്‍ അറിയാം മതേതര ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്ന്!.