ജനകീയ മുന്നേറ്റങ്ങളിലെ സഹപോരാളികള്‍ക്ക് ഒരു തുറന്ന കത്ത്

കേരളത്തിലെ ജനകീയ പ്രക്ഷോഭങ്ങളിലെ സംഘപരിവാര്‍ സാന്നിദ്ധ്യത്തെക്കുറിച്ച് പല അവസരങ്ങളില്‍ മുന്നറിയിപ്പ് നല്‍കുകയും പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. കീഴാറ്റൂരില്‍, ആറന്മുളയില്‍, കെ-റെയില്‍ പ്രക്ഷോഭത്തില്‍ ഒക്കെയും ലജ്ജയേതുമില്ലാതെ കടന്നുവരുന്ന ഈ അധമവര്‍ഗ്ഗം ജനകീയ സമരങ്ങളുടെ അന്തഃസത്ത കെടുത്തുക എന്ന ആസൂത്രിത ലക്ഷ്യമാണ് ഇതുവഴി പൂര്‍ത്തിയാക്കുന്നത് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രതിഷേധങ്ങള്‍.

സുരേഷ് ഗോപിയെന്ന ഓണപ്പൊട്ടനെ കരുവാക്കിക്കൊണ്ട് നടത്തുന്ന ഈ നാടകം കളി കേരളത്തില്‍ വളരെ ആസൂത്രിതമായിത്തന്നെയാണ് സംഘപരിവാരങ്ങള്‍ നടത്തിപ്പോരുന്നത്. മേല്‍സൂചിപ്പിച്ച എല്ലാ ജനകീയ സമരങ്ങളും ആത്യന്തികമായി ആശയപരമായി എതിര്‍നില്‍ക്കുന്നത് നിലവിലുള്ള കേന്ദ്ര ഭരണത്തിന്റെ നയപരിപാടികളോടു കൂടിയാണ് എന്നത് അവര്‍ക്ക് നന്നായറിയാവുന്നതാണ്.

എങ്കില്‍ക്കൂടിയും കേരളത്തിന്റെ സവിശേഷ രാഷ്ട്രീയ മുന്നണിബന്ധങ്ങളെയും ചേരുവകളെയും തിരിച്ചറിഞ്ഞുകൊണ്ട് അവര്‍ക്കിടയില്‍ സ്പര്‍ദ്ധ സൃഷ്ടിക്കാനും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയുകയും അവരെ അകറ്റിനിര്‍ത്തുകയും ചെയ്യുക എന്നതായിരിക്കണം ജനകീയ മുന്നേറ്റങ്ങളുടെ, പ്രസ്ഥാനങ്ങളുടെ പ്രഥമ പരിഗണന.

കേരളത്തിലെ ജനകീയ പ്രസ്ഥാനങ്ങള്‍ എതിര്‍ത്തുപോരുന്ന ഓരോ ജനവിരുദ്ധ പദ്ധതികളുടെയും ആസൂത്രകര്‍ അടിസ്ഥാനപരമായി കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ ഭരണകൂടം തന്നെയാണെന്നത് മറന്നുകൂടാ. ബിസിനസ് ഒളിഗാര്‍ക്കികള്‍ക്ക് വേണ്ടി മാത്രമായി തയ്യാറാക്കപ്പെടുന്ന വ്യവസായ നയങ്ങളും, കര്‍ഷകരെയും തൊഴിലാളി വര്‍ഗ്ഗങ്ങളെയും നാശത്തിലേക്ക് നയിക്കുന്ന നിയമ നിര്‍മ്മാണങ്ങളും നിരന്തരമെന്നോണം അവര്‍ നടത്തിപ്പോരുന്നത് നാം മറക്കരുത്. തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും കവര്‍ന്നെടുത്തുകൊണ്ട് പുതിയ ലേബര്‍ കോഡുകള്‍ രൂപീകരിച്ച കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി തൊഴിലാളികളുടെ അവകാശസമരപ്പന്തലിലേക്ക് ലജ്ജയേതുമില്ലാതെ കടന്നുവരുന്നതിനപ്പുറം അശ്ലീലം മറ്റെന്തുണ്ട്?

ഏത് അധമ മാര്‍ഗ്ഗങ്ങളിലൂടെയായാലും അധികാരത്തിലേക്ക് കടന്നുകയറുക എന്നത് മാത്രമാണ് തീവ്ര വലതുപക്ഷത്തിന്റെ-സംഘപരിവാരത്തിന്റെ- ആത്യന്തിക ലക്ഷ്യം. മനുഷ്യ മനസ്സുകളില്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്തുകള്‍ പാകി, മനുഷ്യരെ മതത്തിന്റെ പേരില്‍ വിഭജിച്ച്, സംഘപരിവാരങ്ങള്‍ നടത്തുന്ന രാഷ്ട്രീയ പേക്കുത്തുകള്‍പ്പുറം ജനവിരുദ്ധമായ മറ്റെന്തുണ്ട്?

ഈ തിരിച്ചറിവില്ലാതെ നടത്തപ്പെടുന്ന എല്ലാ ജനകീയ പ്രക്ഷോഭങ്ങളും ആത്യന്തികമായി സംഘപരിവാറിന്റെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് കരുവാക്കപ്പെടുന്നവ മാത്രമായിരിക്കും.

Read more

ജനകീയ പ്രക്ഷോഭങ്ങളിലെ താല്‍ക്കാലിക വിജയങ്ങള്‍ക്കും ആശ്വാസ നടപടികള്‍ക്കും അപ്പുറം സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അന്തസ്സാര ശൂന്യതയെത്തന്നെ ചോദ്യം ചെയ്യുന്ന ഘടകങ്ങള്‍ ആന്തരികമായി ഉള്‍ക്കൊള്ളുന്നതായിരിക്കണം ജനകീയ മുന്നേറ്റങ്ങള്‍. തീര്‍ച്ചയായും ജനാധിപത്യ ഇടപെടലുകള്‍ക്കിടയില്‍ സംഭവിക്കാനിടയുള്ള ഇടര്‍ച്ചകളെ, വഴിതെറ്റലുകളെ തിരിച്ചറിഞ്ഞുകൊണ്ട്, ജനവിരുദ്ധമായ സംഘപരിവാര്‍ രാഷ്ട്രീയത്തെ തള്ളിക്കളയുന്ന വിശാല രാഷ്ട്രീയം നിലവിലുള്ളതും വരാനിരിക്കുന്നതുമായ ജനകീയ മുന്നേറ്റങ്ങളുടെ അന്തസ്സത്തയില്‍ ഉണ്ടായിരിക്കും എന്ന പ്രതീക്ഷയോടെ.