ആനന്ദ് ശര്‍മയും ഗൂലാം നബി ആസാദും കോണ്‍ഗ്രസ് വിടുന്നു?

ഗുലാം നബി ആസാദും ആനന്ദ് ശര്‍മ്മയും കോണ്‍ഗ്രസ് വിടുമോ? ശര്‍മ്മ ഹിമാചലില്‍ ബി ജെ പിയുടെ മുഖമായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രത്യക്ഷപ്പെടുമോ? ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടിയുണ്ടാക്കി ബി ജെ പി പിന്തുണയോടെ വീണ്ടും കാശ്മീരിന്റെ മുഖ്യമന്ത്രിയാകുമോ? ഈ വര്‍ഷം അവസാനം രണ്ട് സംസ്ഥാനങ്ങളിലേക്കും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ തുറപ്പ് ചീട്ടായിരിക്കുമോ ഈ രണ്ട് കോണ്‍ഗ്രസ് നേതാക്കളും? അതിന് സാധ്യതകള്‍ വളരെയേറെയുണ്ട് എന്ന് തന്നെയാണ് ഉത്തരം.

ഗുലാം നബി ആസാദും, ആനന്ദ് ശര്‍മയും നെഹ്‌റുകുടുംബത്തിന്റെ വിശ്വസ്തരായി അറിയപ്പെട്ടിരുന്നവരാണ്. രണ്ട് പേരും യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍മാര്‍, പലതവണ കേന്ദ്രമന്ത്രിമാരായിരുന്നവര്‍, ഗുലാം നബി ആസാദ് ഒരു തവണ കാശ്മീരിന്റെ മുഖ്യമന്ത്രി പദവുമലങ്കരിച്ചിരുന്നു.രണ്ടര വര്‍ഷം അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവ് ജമ്മു കാശ്മീരിന്റെ സുവര്‍ണ്ണകാലമായാണ് അറിയപ്പെടുന്നത്്.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കൈപ്പിടിയില്‍ കോണ്‍ഗ്രസ് അമരുകയും കെ സി വേണുഗോപാലിനെപ്പോലുള്ളവര്‍ നിയാമകശക്തികളാവുകയും ചെയ്തതോടെ പഴയ പടക്കുതിരകള്‍ കിതച്ചു തുടങ്ങി. രാഹുല്‍ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്ത സമയത്ത് മുതിര്‍ന്ന നേതാക്കളാരും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കാനും ഇ ഡിക്കെതിരെ പ്രക്ഷോഭം നടത്താനും ഡല്‍ഹിയിലുണ്ടായില്ലന്നോര്‍ക്കണം. ഗുലാം നബി ആസാദ് ഒരു കാലത്ത്് അറിയപ്പെട്ടിരുന്നത് തന്നെ പാര്‍ട്ടിയുടെ ട്രബിള്‍ ഷൂട്ടര്‍ എന്നായിരുന്നു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങിനെ ചലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നതും ഗുലാം നബി ആസാദായിരുന്നു.

എന്നാല്‍ ആ കാലമെല്ലാം പോയി. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനമോ രാഷ്ട്പതി സ്ഥാനമോ ഒക്കെ അലങ്കരിക്കാന്‍ അര്‍ഹതയും കഴിവും ഉള്ള തന്നെപ്പൊലൊരാളെ രാഹുല്‍ ബ്രിഗേഡ് അവഗണിക്കുകയാണ് എന്ന തോന്നലിലാണ് അദ്ദേഹം ബി ജെ പിയുമായി അടുക്കാന്‍ തുടങ്ങിയത്്. രാഹുലിന്റെ നേതൃത്വത്തിനെതിരെ കലാപക്കൊടിയുയര്‍ത്തിയ നേതൃസംഘമായ ജി- 23 യുടെ പിന്നിലെ ബുദ്ധി കേന്ദ്രവും ആസാദായിരുന്നു. അത് കൊണ്ട് ഗുലാം നബി ആസാദിനോട് ക്ഷമിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും കഴിയില്ല. ഇതറിഞ്ഞ് കൊണ്ടാണ് 45 കൊല്ലം താന്‍ സേവിച്ച പാര്‍ട്ടിയോട് വിടപറയാന്‍ ഗുലാം നബി ആസാദ് ആലോചിക്കുന്നത്.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എന്‍ എസ് എയുവിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ആനന്ദ് ശര്‍മ്മ. യു പി എ സര്‍ക്കാരില്‍ വിദേശകാര്യ- വാണിജ്യ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ആ സര്‍ക്കാരിലെ ഏറ്റവും പ്രഗല്‍ഭനായ മന്ത്രിമാരില്‍ ഒരാള്‍ എന്ന് പേരെടുത്തയാള്‍. എന്നിട്ടും രാഹുല്‍ ബ്രിഗേഡിന്‍െ കണ്ണില്‍ അദ്ദേഹവും ചതുര്‍ത്ഥിയായി.

ഈരണ്ട് സീനിയര്‍ നേതാക്കള്‍ക്കും രാജ്യസഭാ സീറ്റ് നല്‍കേണ്ട എന്ന തിരുമാനം കോണ്‍ഗ്രസ് എടുത്തതോടെ ബി ജെ പി ക്ക് കാര്യങ്ങള്‍ എളുപ്പമായി. ആനന്ദ് ശര്‍മയും ബി ജെ പി അഖിലേന്ത്യാ പ്രസിഡന്‍് ജെ പി നദ്ദയും ഒരേ നാട്ടുകാരും സുഹൃത്തുക്കളുമാണ്. ബി ജെ പിക്ക് ഹിമാചലില്‍ അവതരിപ്പിക്കാന്‍ പറ്റിയ മുഖവുമാണ് ആനന്ദ് ശര്‍മ. ഗുലാം നബി ആസാദ് ബി ജെ പിയോട് ചായ്‌വ് പ്രകടിപ്പിക്കുക എന്നാല്‍ ബി ജെ പിയുടെ കാശ്മീര്‍ നയത്തിന് അത് വലിയ അംഗീകാരമാവുക എന്നാണ് അര്‍ത്ഥം.

ഏതായാലും ബി ജെ പി ക്യാമ്പ് വളരെ സന്തോഷത്തിലാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ വളരെ തന്ത്രപരമായി അവര്‍ വിഭജിച്ചു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും എന്ത് ചെയ്യണമെന്നറിയാതെ പ്രതിപക്ഷം ഉഴലുമ്പോള്‍ ബി ജെ പി നേതൃത്വം ഒഴിഞ്ഞ ഗോള്‍ പോസ്റ്റിലേക്ക് ഗോളുകള്‍ അടിച്ചുകൊണ്ടേയിരിക്കുന്നു. ആസാദിനെയും ശര്‍മയെയും പോലുള്ള കോണ്‍ഗ്രസിലെ അതിപ്രഗല്‍ഭരായ നേതാക്കളെക്കൂടി കുടക്കീഴില്‍ കൊണ്ടുവരുമ്പോള്‍ 2024 പൊതു തിരഞ്ഞെടുപ്പ് തങ്ങളുടെ കൈവെള്ളയിലെ മധുരനാരങ്ങയാണന്ന് ബി ജെ പി കേന്ദ്ര നേതൃത്വം ഉറപ്പിക്കുകയാണ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്