നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെ ഫോണും ഇമെയിലും ചോര്‍ത്തിയെടുക്കുകയാണോ?. വ്യക്തി സുരക്ഷയുടേയും പ്രൈവസിയുടേയും കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ആപ്പിള്‍ കമ്പനി തങ്ങളുടെ ഉപഭോക്താക്കളായ ഇന്ത്യയിലെ നേതാക്കളോട് പറയുകയാണ് …
state sponsered attackers may be targetting your iphone. Apple believes you are being targeted by state sponsored attackers who are trying to remotely compromise the iphone associated with your Apple ID.
ആപ്പിള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്, സ്്‌റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ചെയ്യുന്ന അക്രമികള്‍ നിങ്ങളുടെ ഫോണിനെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ആപ്പിള്‍ വിശ്വസിക്കുന്നുവെന്ന്. ഇനി ആരെയൊക്കെയാണ് മോദി സര്‍ക്കാരിന്റെ സൈബര്‍ അക്രമി സംഘം ലക്ഷ്യമിട്ടിരിക്കുന്നതെന്ന ചോദ്യം ഉയര്‍ന്നു വരുമ്പോള്‍ അവരെല്ലാം പ്രതിപക്ഷത്തെ മോദി വിമര്‍ശകരാണെന്നും കൂടി പറയേണ്ടി വരും. പെഗാസസ് ചാര സോഫ്റ്റ് വെയര്‍ വാങ്ങിയെന്ന് ആരോപണം നേരിട്ട അതേ മോദി സര്‍ക്കാരാണ് ആപ്പിളിന്റെ അലേര്‍ട്ടിലൂടെ വീണ്ടും പ്രതിസ്ഥാനത്തേക്ക് വരുന്നത്. രാജ്യസുരക്ഷയുടെ മറവില്‍ എല്ലാം അങ്ങ് ഒളിപ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പെഗാസസ് വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയ അതേ നരേന്ദ്ര മോദി സര്‍ക്കാരാണ് അടുത്ത ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലും വില്ലനാകുന്നത്.
രാഹുല്‍ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയുടെ ഓഫീസിലുള്ളവര്‍ക്കും ആപ്പിളിന്റെ അലര്‍ട്ട് കിട്ടിയെന്ന് രാഹുല്‍ ഗാന്ധി സ്ഥിരീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റേയും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയ്ത്രയുടേയും ആപ്പിള്‍ ഫോണുകളില്‍ വന്ന അലേര്‍ട്ട് മെസേജുകള്‍ അവര്‍ എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവര്‍ക്കും ആപ്പിള്‍ വാണിംഗ് അലര്‍ട്ട് കിട്ടിയിട്ടുണ്ട്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം രാജ്യസഭാ എംപി പ്രിയങ്ക ചതുര്‍വേദിയും കേന്ദ്രത്തിന്റെ ചോര്‍ത്തലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ആപ്പിളില്‍നിന്ന് അപായസന്ദേശം ലഭിച്ചെന്നും ഇതിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയെന്നും പറഞ്ഞ ശശി തരൂര്‍, എന്നെപ്പോലുള്ള നികുതിദായകരുടെ ചെലവില്‍ ജോലിയില്ലാത്ത ഉദ്യോഗസ്ഥര്‍ക്കു പണി നല്‍കുന്നതില്‍ സന്തോഷമുണ്ട്! ഇതിലും വലിയ കാര്യങ്ങള്‍ ഒന്നും ചെയ്യാനില്ലേ? എന്ന് കൂടി കേന്ദ്രസര്‍ക്കാരിനെ പരിഹസിക്കുന്നുണ്ട്. മോദി സര്‍ക്കാര്‍ എന്തിനാണ് ഇതു ചെയ്യുന്നതെന്ന ചോദ്യമാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടേത്.
ചോര്‍ത്തുന്നത് കള്ളന്മാരുടേയും ക്രിമിനലുകളുടേയും പ്രവൃത്തിയാണെന്നാണ് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ചോര്‍ത്തലിനെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്.
നരേന്ദ്രമോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നാമത് പ്രധാനമന്ത്രിയും രണ്ടാമത് അദാനിയും മൂന്നാമത് അമിത് ഷായും ആണ് എന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ ആ ധാരണ തെറ്റായിരുന്നു.
ഇന്ത്യയില്‍ ഒന്നാമന്‍ അദാനിയാണെന്ന് തിരിച്ചറിയുന്നെന്നും രാഹുല്‍ ഗാന്ധി പരിഹസിക്കുന്നുണ്ട്. അദാനിക്കു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് ചെയ്യുന്നത്. അദാനിക്കെതിരെ ആരെങ്കിലും മിണ്ടിയാല്‍ കേസെടുക്കും. അദ്ദേഹത്തിന്റെ ശബ്ദമാണ് പ്രധാനമന്ത്രി. വിമാനത്താവളങ്ങളും വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി.
രാജ്യത്തിന്റെ സ്വത്തുക്കള്‍ അദാനിക്ക് കീഴ്പ്പെടുത്തുന്ന പ്രവൃത്തികളാണ് നടക്കുന്നതെന്ന് പറയാനും രാഹുല്‍ ഗാന്ധി മടിച്ചില്ല. ഭയപ്പെട്ട് പിന്നോട്ടില്ലെന്നും എത്ര വേണമെങ്കിലും ചോര്‍ത്തിക്കോളൂ എന്നും പറയുന്ന രാഹുല്‍ ഗാന്ധി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഫോണ്‍ ചോര്‍ത്തല്‍ പ്രതിപക്ഷം ശക്തമായി ഉന്നയിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയാണ് നല്‍കിയത്.
നേരത്തെ പെഗാസസ് ചോര്‍ത്തലിലും ശക്തമായാണ് പ്രതിപക്ഷം സ്വരം ഉയര്‍ത്തിയത്. ഇസ്രയേല്‍ നിര്‍മിത ചാര സോഫ്‌റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, സുപ്രീംകോടതി ജഡ്ജിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്നൂറോളം പ്രമുഖരുടെ ഫോണുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തെന്ന റിപ്പോര്‍ട്ടുകള്‍ 2019 ഒക്ടോബറിലാണ് പുറത്തുവന്നത്. സൈബര്‍ ആയുധ വ്യാപാരികള്‍ എന്ന വിശേഷണമുളള എന്‍എസ്ഒയുടെ ഹാക്കിങ് സോഫ്റ്റ് വെയറുകളില്‍ ഏറെ കുപ്രസിദ്ധിയുളളതായിരുന്നു പെഗാസസ്. മാധ്യമപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളുമായ മോദി വിമര്‍ശകരായ ഇന്ത്യാക്കാരാണ് എന്‍എസ്ഒയുടെ പെഗാസസ് ഓപ്പറേഷനില്‍ ഇരയായത്. പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ അന്വേഷണം പോലും ഉണ്ടായി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മറ്റുളളവര്‍ക്കും ഇടയില്‍ പെഗാസസ് ഉപയോഗിച്ച് നടത്തുന്ന ചാരപ്പണി സ്വകാര്യതയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന്് അന്ന് ആംനെസ്റ്റി അടക്കം പ്രതികരിച്ചിരുന്നു.
മോദി സര്‍ക്കാരിന്റെ സ്വകാര്യതയിലുള്ള കടന്നു കയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തെമ്പാടും അന്ന് ഉണ്ടായത്. പെഗാസസ് സോഫ്റ്റ് വെയര്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങിയോ, ഉപയോഗിച്ചോ എന്ന ചോദ്യത്തിന് പോലും സുപ്രീം കോടതിയില്‍ മറുപടി നല്‍കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. വ്യക്തതയില്ലാതെ നിഷേധിച്ചത് കൊണ്ട് മാത്രം കേന്ദ്രസര്‍ക്കാരിനെതിരെ അന്വേഷണം വേണ്ടെന്ന് വെയ്ക്കാനാവില്ലെന്ന് പറഞ്ഞാണ് സുപ്രീം കോടതി പെഗാസസിനെതിരെ 2021 അന്വേഷണത്തിന് ഉത്തരവിട്ടത്.
ആരോപണങ്ങള്‍ ഉയരുമ്പോള്‍ ദേശസുരക്ഷയുടെ പേര് പറഞ്ഞ് എപ്പോഴും കേന്ദ്രസര്‍ക്കാരിന് അങ്ങനെ ഒഴിഞ്ഞുമാറാനാവില്ല എന്ന് സുപ്രീം കോടതി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ദേശസുരക്ഷ എന്ന് എപ്പോഴും ജപിച്ച് കോടതിയെ നിശബ്ദ നിരീക്ഷകനാക്കാനുള്ള ശ്രമം നടക്കില്ല എന്ന മുന്നറിയിപ്പും നല്‍കി. ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ച ടെക്‌നിക്കല്‍ കമ്മിറ്റി അന്വേഷണം നടത്തിയെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ നിസഹകരണത്തെ തുടര്‍ന്ന് പെഗാസസ് അന്വേഷണം എങ്ങുമെത്താതെ പോയി. 2022 ഓഗസ്‌റ്റോടെയായിരുന്നു ഇതിന്റെ ഒരു റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന് മുന്നിലെത്തിയത്.
ഒരു വര്‍ഷത്തിന് ശേഷം ഇതാ വീണ്ടും ഒരു ഫോണ്‍ ചോര്‍ത്തല്‍ മോദി ഭരണത്തില്‍ രാജ്യത്തെ ഞെട്ടിക്കുകയാണ്. സര്‍ക്കാരിന്റെ അറിവോടെ നടന്ന ഹാക്കിങിനെ കുറിച്ച് ഉപയോക്താക്കളെ അറിയിക്കാന്‍ ആപ്പിള്‍ രൂപകല്‍പ്പന ചെയ്ത സംവിധാനമാണ് ഇപ്പോള്‍ അപായ സന്ദേശമായി പലര്‍ക്കും കിട്ടിയത്. സൈബര്‍ ക്രിമിനലുകളില്‍ നിന്ന് വ്യത്യസ്തമായാണ് ഈ ഹാക്കിങ് എന്നും ചില പ്രത്യേക വ്യക്തികളുടെ വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ അറിവോടെ ചോര്‍ത്തുന്നതെന്നും ഇത് കണ്ടെത്താന്‍ മില്യണ്‍ ഡോളറുകളിലധികം ചെലവാക്കിയെന്നും ആപ്പിള്‍ അറിയിക്കുന്നുണ്ട്. ഐഫോണിലെ ഐ മെസേജിലൂടെ സന്ദേശം ലഭിച്ച ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് കാര്യം മനസിലായി. മറ്റ് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ചോര്‍ത്തല്‍ പോലും അറിയാന്‍ നിര്‍വാഹമില്ല. സര്‍ക്കാര്‍ വ്യക്തിയുടെ സ്വകാര്യതയില്‍ കൈകടത്തുന്നത് തിരിച്ചറിയാനാവാത്ത കാലത്തേക്ക് കൊണ്ടുപോകുകയാണ് രാജ്യത്തെ മോദി ഭരണകൂടം. റൈറ്റ് ടു പ്രൈവസി അഥവാ സ്വകാര്യത അവകാശം, മൗലിക അവകാശമാണെന്ന് ഊന്നി പറഞ്ഞ പരമോന്നത നീതിപീഠവും ഭരണഘടനയുമുള്ള രാജ്യത്താണ് ഒരു ഫോണ്‍ ചോര്‍ത്തല്‍ വിവാദം കൂടി മോദി കാലത്ത് കത്തിപുകയുന്നത്.