ആന്റണിയ്ക്ക് 'പൈശാചികമായ' പത്തനംതിട്ട ഐസക്കിന്റെ സ്വപ്നം; നിലവില്‍ വന്ന കാലം തൊട്ട് ആന്റോ ആന്റണി എന്ന ഒറ്റ പേര്, മാറുമോ മണ്ഡലം?

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം നിലവില്‍ വന്നതിന് ശേഷം നടന്നത് മൂന്ന് തിരഞ്ഞെടുപ്പുകള്‍, മൂന്നിലും കോണ്‍ഗ്രസ്. വിജയിച്ച സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി. നാലാമതും പത്തനംതിട്ടയില്‍ നിന്ന് ആന്റോ ആന്റണി മല്‍സരത്തിന് ഇറങ്ങുമ്പോള്‍ കടുത്ത പോരാട്ടത്തിന് സിപിഎം മുതിര്‍ന്ന നേതാവ് തോമസ് ഐസക്കിനെയാണ് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഇടങ്ങളെ നിയന്ത്രിക്കുന്ന കെപിസിസി ഐടി സെല്‍ തലവനായിരുന്ന അനില്‍ ആന്റണിയാണ് ഇപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്. എകെ ആന്റണിക്ക് ഇതുപോലെ മനസ്താപവും മനക്ലേശവും നിറഞ്ഞ പൈശാചികമായ മറ്റൊരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടുണ്ടാവില്ല. പത്തനംതിട്ട കോണ്‍ഗ്രസ് നിലനിര്‍ത്തണമെന്ന് എകെ ആന്റണിയെന്ന കോണ്‍ഗ്രസുകാരന്‍ വിചാരിച്ചാലും മകന്‍ മല്‍സരിക്കുന്ന മണ്ഡലത്തില്‍ ആന്റോ ആന്റണിക്ക് വേണ്ടി ഇറങ്ങാനുള്ള മനസ് ആന്റണിയെന്ന അച്ഛന് ഉണ്ടാകുമോയെന്ന ചോദ്യം ബാക്കിയാണ്.

പത്തനംതിട്ടയെ ചര്‍ച്ചയില്‍ നിലനിര്‍ത്തുന്ന ഒരു ഘടകം മകനെതിരെ അച്ഛന്‍ പ്രചാരണത്തിന് ഇറങ്ങുമോയെന്നത് തന്നെയാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് എത്തിയതിന്റെ ആവേശത്തില്‍ അനില്‍ കെ ആന്റണി, ചാണ്ടി ഉമ്മനെതിരെ ശക്തമായ പ്രചാരണത്തിന് ഇറങ്ങിയപ്പോള്‍ അന്ന് എകെ ആന്റണിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വയ്യായ്ക മാറ്റിവെച്ച് ഇറങ്ങിയിരുന്നു. അത്തരത്തില്‍ ഒന്ന് ഇക്കുറി ഉണ്ടാവുമോയെന്ന ചോദ്യത്തിന് തന്റെ ആരോഗ്യ സ്ഥിതി പോലെ കാര്യങ്ങള്‍ ചെയ്യുമെന്ന ഒഴുക്കന്‍ മട്ടിലായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനം കേന്ദ്രീകരിച്ചായിരിക്കുമേ്രത തന്റെ പ്രവര്‍ത്തനമെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞപ്പോള്‍ തന്നെ ഇനി മകന്റെ രാഷ്ട്രീയ ചുവടുമാറ്റത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന ആദ്യത്തെ പ്രതികരണത്തിന് ശേഷമുള്ള എകെ ആന്റണിയുടെ നിലപാട് കോണ്‍ഗ്രസുകാര്‍ക്കടക്കം മനസിലായിട്ടുണ്ട്.

കഴിഞ്ഞ കുറി ശബരിമല സുവര്‍ണാവസരമാക്കി നേട്ടം കൊയ്യാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന പി എസ് ശ്രീധരന്‍ പിള്ളയുടെ ആഹ്വാനത്തില്‍ നിലവിലത്തെ ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനായിരുന്നു പത്തനംതിട്ടയിലിറങ്ങിയത്. 56,000 വോട്ട് മാത്രം അതുവരെയുള്ള രണ്ട് തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ ഇടത്ത് 2,97000 വോട്ടാണ് ബിജെപി പിടിച്ചത്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും ശക്തമായി അരങ്ങത്തിറങ്ങിയതോടെ ത്രികോണ മല്‍സരമായിരുന്നു പത്തനംതിട്ടയില്‍ നടന്നത്. ആ മല്‍സരത്തിന്റെ തുടര്‍ച്ചയ്ക്കായാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് പൊക്കിയ മുതിര്‍ന്ന നേതാവിന്റെ മകനെ അമിത് ഷായും നരേന്ദ്ര മോദിയും പത്തനംതിട്ടയിലിറക്കിയത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രത്യേക സാഹചര്യമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെങ്കില്‍ ഇക്കുറി ഇടതിനേയും വലതിനേയും വീഴത്താന്‍ മോദി ഗ്യാരന്റിയുമായാണ് അനില്‍ ആന്റണിയുടെ പ്രചാരണം. സീറ്റില്‍ കണ്ണുംവെച്ചിരുന്ന പുതിയ ബിജെപിക്കാരന്‍ തന്നെയായ പൂഞ്ഞാര്‍ രാജാവ് പി സി ജോര്‍ജ് സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് തുടക്കം അനില്‍ ആന്റണിയെ കുറ്റിചൂലിനോട് വരെ ഉപമിച്ചെങ്കിലും അനില്‍ ആന്റണി വന്നു കെട്ടിപ്പിടിച്ചു അനുഗ്രഹം തേടി പ്രശ്‌നം ഒഴിവാക്കി. പി സി ജോര്‍ജ് യുഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ പല നേതാക്കളേയും തെറി വിളിച്ചു നടന്നത് പോലെ സീറ്റ് കിട്ടാഞ്ഞപ്പോള്‍ ബിജെപിയ്ക്ക് ഒപ്പം നില്‍ക്കുന്ന ബിഡിജെഎസിനേയും ചീത്തവിളിച്ചു നോക്കിയതാണ്. പക്ഷേ ഒരു പരാതി മോദി- ഷാ കേന്ദ്രത്തിലേക്ക് തുഷാര്‍ വെള്ളാപ്പള്ളിയും ടീമും കൊടുത്തതോടെ പിസി ജോര്‍ജ്ജ് സൈലന്റായി. പത്തനംതിട്ടയിലെന്നല്ല കോട്ടയത്തെ സീറ്റുപോലും പിന്നീട് ചര്‍ച്ചയാക്കാന്‍ പി സി നിന്നില്ല. അനില്‍ ആന്റണിയുടെ പ്രചാരണം കടുക്കുമ്പോഴും ഒരിക്കലും കൈവിടാത്ത മണ്ഡലത്തിന്റെ ഉറപ്പിലാണ് കോണ്‍ഗ്രസിന്റെ ആന്റണിയുടെ പ്രചാരണം.

ഇടതുപക്ഷമാകട്ടെ ആലപ്പുഴയെ ഉള്ളം കയ്യില്‍ കൊണ്ടുനടന്ന മുന്‍ മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ തോമസ് ഐസക്കിനെ ഇറക്കി മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ്. മസാല ബോണ്ട് വിവാദങ്ങള്‍ ഒരുവശത്ത് തുടരുമ്പോഴും ഇഡി ആരോപണങ്ങളെ ചോദ്യം ചെയ്ത് ദേശീയ രാഷ്ട്രീയത്തില്‍ തന്റെ ശബ്ദമെത്തിക്കാനുള്ള ശ്രമത്തിലാണ് തോമസ് ഐസക്ക്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ കുറി മല്‍സരിപ്പിക്കാതെ പാര്‍ട്ടി കേഡര്‍ ഒതുക്കിയെങ്കിലും ലോക്‌സഭയില്‍ ആദ്യമായി പത്തനംതിട്ട പാര്‍ട്ടി പേരിലാക്കാനുള്ള ചുമതലയാണ് ഐസക്കിന് സിപിഎം നല്‍കിയിരിക്കുന്നത്. ആന്റോ ആന്റണി പത്തനംതിട്ടയില്‍ നിന്ന് തുടര്‍ച്ചയായ നാലാം എംപി സ്ഥാനം ലക്ഷ്യമിട്ട് പോരിനിറങ്ങുമ്പോള്‍ 2019ല്‍ കെ സുരേന്ദ്രന്‍ പിടിച്ച വോട്ടുകള്‍ മറികടക്കുകയാണ് അനില്‍ ആന്റണിയുടെ മുന്നിലുള്ള വെല്ലുവിളി. ആറന്മുളയില്‍ 2016ല്‍ ജയിച്ച വീണ ജോര്‍ജ് ഓര്‍ത്തഡോക്‌സ് വോട്ടുകളുടെ പിന്തുണയില്‍ ജയിക്കുമെന്ന് കരുതി 2019ല്‍ മല്‍സരിക്കാന്‍ ഇറങ്ങിയിട്ടും ആന്റോ ആന്റണിക്ക് മുന്നില്‍ പരാജയപ്പെട്ടതിന്റെ പേര് ദോഷം മാറ്റുകയാണ് തോമസ് ഐസക്കിന്റെ മുന്നിലുള്ള ലക്ഷ്യം.

ഇനി തിരഞ്ഞെടുപ്പ് ചരിത്രത്തിലേക്ക് വന്നാല്‍ പത്തനംതിട്ടയിലെ തിരുവല്ലയും റാന്നിയും ആറന്‍മുളയും കോന്നിയും അടൂരും ഒപ്പം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം. 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ രൂപീകൃതമായ മണ്ഡലമാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം. 2009 മുതല്‍ ഹാട്രിക് അടിച്ചു നില്‍ക്കുകയാണ് നിലവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി. കോട്ടയം ഡിസിസി പ്രസിഡന്റായിരുന്ന ഇടത്തുനിന്നാണ് പത്തനംതിട്ടയിലെത്തി മണ്ഡലം പിടിച്ചത്. 2009ല്‍ സിപിഎമ്മിന്റെ കെ അനന്ത ഗോപനെ 1,11,206 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആന്റോ ആന്റണി തോല്‍പ്പിച്ചത്. യുഡിഎഫിന് 51 ശതമാനം വോട്ട് ഷെയറും എല്‍ഡിഎഫിന് 37 ശതമാനം വോട്ട് ഷെയറും കിട്ടിയപ്പോള്‍ ബിജെപിയ്ക്ക് കിട്ടിയത് 7 ശതമാനം വോട്ട് ഷെയറാണ്. 2014 ആയപ്പോള്‍ ആന്റോ ആന്റണി വീണ്ടും ജയിച്ചത് 56,191 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. 41 ശതമാനമായി വോട്ട് ഷെയര്‍ യുഡിഎഫിന് കുറഞ്ഞു. എല്‍ഡിഎഫ് പിന്തുണയില്‍ മല്‍സരിച്ച സ്വതന്ത്രന്‍ പീലിപ്പോസ് തോമസ് 34 ശതമാനം വോട്ട് നേടി.ബിജെപിയ്ക്കായി മല്‍സരിച്ച എംടി രമേശ് 16 ശതമാനം വോട്ട് നേടി ബിജെപിയ്ക്ക് സാധ്യതകള്‍ തുറന്നു. 2019ല്‍ അങ്ങനെ ശബരിമല വിവാദത്തിലാക്കാന്‍ ഇറങ്ങി കളിച്ച കെ സുരേന്ദ്രന്‍ എത്തിയതോടെ ബിജെപി വോട്ട് ശതമാനം 29 ആയി. കോണ്‍ഗ്രസിന്റേത് 37 ശതമാനവും സിപിഎമ്മിന്റെ വീണ ജോര്‍ജ്ജിന് കിട്ടിയ വോട്ട് 32 ശതമാനവുമാണ്. 44 243 ലേക്ക് ആന്റോ ആന്റണിയുടെ ഭൂരിപക്ഷം വീണു.

മൂന്ന് തിരഞ്ഞെടുപ്പിലും പടവലങ്ങ പോലെ കീഴോട്ടാണ് യുഡിഎഫ് ഭൂരിപക്ഷമെന്നതിലാണ് ഇടത് പക്ഷം കണ്ണുവെയ്ക്കുന്നത്. പിസി ജോര്‍ജ്ജ് ഫാക്ടര്‍ ഇടങ്ങേറിലാക്കുമെന്ന പേടി ബിജെപിയ്ക്ക് എന്തായാലും ഇല്ല. കോണ്‍ഗ്രസ് ജില്ലാ കേന്ദ്രത്തില്‍ സര്‍വ്വസമ്മതനല്ലാ എന്നതാണ് നാലാം അങ്കത്തിന് ഇറങ്ങുന്ന ആന്റോ ആന്റണിക്ക് മുന്നിലുള്ള വിഷയം. ഇത് തന്നെയാണ് പത്തനംതിട്ട എല്‍ഡിഎഫ് ക്യാമ്പിലെ വിഷയവും.സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പോരെന്ന് ചൂണ്ടിക്കാട്ടിയാണ്. ഒരു വിഭാഗം തോമസ് ഐസക്കിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നു. ആന്റോ ആന്റണിയും തോമസ് ഐസക്കും പാര്‍ട്ടിയ്ക്കുള്ളിലെ ചിലരെ കൂടി നേരിട്ടാണ് മല്‍സര രംഗത്തുള്ളതെന്ന് ചുരുക്കം. പത്തനംതിട്ട ആദ്യമായി ഇടത്തോട്ട് ചെരിയുമോ അതോ ആന്റോ ആന്റണിയ്ക്കുമേലുള്ള വിധേയത്വത്തില്‍ തന്നെ നില്‍ക്കുമോ?. ചാടിപ്പോയി താമര ചേരിയിലായ അനില്‍ ആന്റണിയ്ക്ക് പത്തനംതിട്ട സുവര്‍ണാവസരം നല്‍കുമോ?

Latest Stories

വയനാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്

സൂപ്പര്‍ താരങ്ങള്‍ പുറത്ത്!, പെര്‍ത്ത് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍

എന്നെ നൈസായി ഒഴിവാക്കി, പ്രത്യേകിച്ച് അപ്ഡേറ്റുകൾ ഒന്നും ഗംഭീർ തന്നിട്ടില്ല; തുറന്നടിച്ച് ശാർദുൽ താക്കൂർ

ഇത് പകപോക്കല്‍, ധനുഷ് നീചനായ വ്യക്തി.. 3 സെക്കന്‍ഡ് രംഗത്തിന് 10 കോടി ആവശ്യപ്പെട്ടു; ആഞ്ഞടിച്ച് നയന്‍താര

മുട്ടാന്‍ മാത്രമല്ല, വേണ്ടി വന്നാല്‍ ആഞ്ഞടിക്കാനും അറിയാം; 'കലിപ്പന്‍' രാഹുല്‍

സംസ്ഥാനത്തെ ഭരണ രംഗത്ത് ഇനി മുതൽ 'ടിയാരി' വേണ്ട; സർക്കുലർ ഇറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്

ഇസ്രായേലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു; ഗാസയില്‍ വംശഹത്യ തുടരുന്നവരുമായി ഇനി ചര്‍ച്ചയുമില്ല; ഭാവിയിലും മാറ്റമുണ്ടാകില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍

എന്റെ പൊന്ന് മോനെ നിന്നെ ഇന്ത്യക്ക് വേണം, പെട്ടെന്ന് വാടാ ടീമിലോട്ട്; സൂപ്പർ താരത്തിനോട് അഭ്യർത്ഥനയുമായി രവി ശാസ്ത്രി; പോസ്റ്റ് നോക്കാം

'സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ്.. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തതാണ് എന്റെ തെറ്റ്'; സന്ദീപ് വാര്യര്‍

സഞ്ജുവിനെ തഴഞ്ഞ് അവനെ വളർത്താൻ ഇന്ത്യക്ക് എങ്ങനെ തോന്നി, മലയാളി താരത്തെ വാഴ്ത്തിയും സൂപ്പർ താരത്തെ കൊട്ടിയും ഷോൺ പൊള്ളോക്ക്