സ്ത്രീവേഷങ്ങള്‍ ദുര്‍ബ്ബലങ്ങളോ ?

നമ്മുടെ സമൂഹം ഓരോ ദിവസവും മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. എത്രയെല്ലാം പിന്നോട്ടടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നാലും കാലം പിന്നോട്ടു പോകാത്തതുകൊണ്ടുതന്നെ നമ്മള്‍ പുരോഗമനത്തിലേക്കേ നീങ്ങുന്നുള്ളൂ. ജെന്‍റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കേണ്ടത് വലിയൊരു പ്രഖ്യാപനത്തോടെയല്ല. സ്വാഭാവികമായി സംഭവിക്കുന്ന ഒരു പരിണാമം എന്ന് പോതുസമൂഹത്തിന് തോന്നുന്നതുപോലെയാണ് അതു ചെയ്യേണ്ടത്.

സ്ത്രീകള്‍ ഒരുപടി താഴെയാണെന്നുള്ള ചിന്തയെല്ലാം മാറിയിട്ട് കുറേ കാലമായി. നിയമപരമായും ധാര്‍മ്മികമായും തുല്യത ഉറപ്പുവരുത്തുന്ന ഒരു സമൂഹത്തില്‍ത്തന്നെയാണ് നമ്മള്‍ ജീവിക്കുന്നത്. അതിനോട് സമരസപ്പെടാന്‍ സാധിക്കാത്ത ആളുകളും നമ്മുടെ കൂടെയുണ്ടാകും. അതിന്‍റെ കാരണം അവരുടെ വ്യക്തിപരമായ പോരായ്മയല്ലാതെ മറ്റൊന്നുമല്ല. അത്തരക്കാര്‍ക്ക് കൂട്ടം ചേരാനും പുരോഗതിക്കെതിരായി കോലാഹലമുണ്ടാക്കാനും അവസരം കൊടുക്കുകയാണ് ‘ഞങ്ങളിതാ വലിയൊരു മാറ്റം വരുത്താന്‍ പോകുന്നു’ എന്ന രീതിയിലുള്ള പ്രഖ്യാപനങ്ങളില്‍ക്കൂടി സംഭവിക്കുന്നത്.

പെണ്‍കുട്ടികള്‍ക്ക് ആണ്‍വേഷം കൊടുക്കുമ്പോള്‍ ഇതുവരെ ആണ്‍വേഷമായിരുന്നു മഹത്തരമെന്നെ ശക്തം എന്നോ എല്ലാമുള്ള അര്‍ത്ഥം വരുന്നില്ലേ എന്നൊരു ചോദ്യമുണ്ട്. വേഷം രൂപപ്പെടുന്നത് രൂപത്തിനനുസരിച്ചാണ്. അക്കൂട്ടത്തില്‍ അനുകരണവും. ആണിന് ആണ്‍ രൂപത്തിനനുസരിച്ചും പെണ്ണിന് പെണ്‍ രൂപത്തിനനുസരിച്ചും അത് സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും വളര്‍ന്നുവരുമ്പോള്‍ അവര്‍ കാണുന്ന ചുറ്റുപാടിനനസരിച്ചാണ് വസ്ത്രസങ്കല്‍പ്പവും അവരില്‍ വളരുന്നത്. സ്തീകള്‍ അവരുടെ വസ്ത്രങ്ങള്‍ അല്പം വര്‍ണ്ണവൈവിധ്യമുള്ളതായിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഇനി അതൊന്നും പറ്റില്ല എന്നു പറയുന്നതും അക്രമമാണ്. അവരുടെ ഇഷ്ടത്തിനാണ് പ്രാധാന്യം.

ഒരു നാട്ടിലെ ആണ്‍കുട്ടികള്‍ മുണ്ടും ഷര്‍ട്ടും പെണ്‍കുട്ടികള്‍ പാവാടയും ബ്ലൗസും ധരിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. അതില്‍ ഒന്ന് ശക്തവും മറ്റേത് ദുര്‍ബ്ബലവുമാണെന്ന തോന്നലുണ്ടാകുമ്പോഴാണ് യൂണിഫോം ഏകീകരിക്കേണ്ടിവരുന്നത്. ആ തോന്നലില്‍ വസ്ത്രത്തിനുള്ള പങ്ക് കുറവാണ്. വ്യക്തിത്വത്തെ അംഗീകരിക്കാനുള്ള പരിശീലനമാണ് ആദ്യം കൊടുക്കേണ്ടത്. ചിന്തയില്‍, പ്രവൃത്തിയില്‍, നിലപാടുകളിലെല്ലാമാണ് സമത്വചിന്ത ആദ്യം വളര്‍ത്തിയെടുക്കേണ്ടത്.  അതില്ലാത്തതുകൊണ്ടാണല്ലോ വസ്ത്രത്തിലൂടെയെങ്കിലും അത് മാറ്റിയെടുക്കാന്‍ ശ്രമിക്കേണ്ടിവരുന്നത്.  ഇനി വസ്ത്രം ഒന്നായതുകൊണ്ടു മാത്രം ബോധ്യങ്ങള്‍ മാറാനും പോകുന്നില്ല. അത് സ്വന്തം വീട്ടില്‍നിന്നുമാണ് തുടങ്ങേണ്ടത് അതിനുശേഷം പള്ളിക്കൂടത്തിലും.

ഒരു ബോളിവുഡ് നടന്‍ തന്‍റെ മകനോട് വീട്ടിലും മേലുടുപ്പ് അഥവാ ടീഷര്‍ട്ട് ധരിച്ചുകൊള്ളണം എന്നു ശാസിക്കാന്‍ അദ്ദേഹം പറഞ്ഞ കാരണം. അരക്കു മുകളില്‍ നഗ്നരായി നടക്കാന്‍ പെണ്‍കുട്ടികള്‍ക്കു കഴിയാത്തതിനാല്‍ ആ സ്വാതന്ത്ര്യം, പ്രിവിലേജ് ആണ്‍കുട്ടികളും ഉപയോഗിക്കരുത് എന്നാണ്. ആ ചിന്ത പ്രത്യക്ഷത്തില്‍ ഉന്നതമാണെന്നു തോന്നിച്ചെങ്കിലും അദ്ദേഹം പറഞ്ഞതില്‍ അതിമഹത്തരമായി ഒന്നും കണ്ടില്ല. സ്ത്രീക്ക് സ്ത്രീശരീരവും പുരുഷന് പുരുഷ ശരീരവുമാണുള്ളത്. സ്ത്രീശരീരമുള്ള സഹജീവിയുടെ വ്യക്തിത്വത്തെ വേണ്ടവണ്ണം മാനിച്ചാല്‍ അത്തരം ചിന്തകള്‍ക്കൊന്നും വലിയ സ്ഥാനമില്ല. മലയാള സിനിമയിലും ഇത്തരമൊരു ആശയസംഘട്ടനം നടന്നിരുന്നു. സിക്സ് പാക്ക് നടന്‍മാര്‍ മാറുകാട്ടി പോസ് ചെയ്യുന്നത് അശ്ലീലമല്ലെങ്കില്‍ സ്ത്രീ അങ്ങനെ ചെയ്താലും അശ്ലീലമല്ല എന്നായിരുന്നു അത്. മാറു മറയ്ക്കാന്‍ സമരം ചെയ്യേണ്ടിവന്ന നാട്ടില്‍ ഇനി മാറുതുറക്കല്‍ സമരത്തിനാകുമോ സാക്ഷ്യം വഹിക്കേണ്ടിവരിക എന്നുവരെയായി ഒരു ഘട്ടത്തില്‍.

പുരുഷന്‍മാരെപ്പോലെ അരയില്‍ ഒറ്റവസ്ത്രമുടുത്തു നടക്കാന്‍ ഉത്ക്കടമായി ആഗ്രഹിക്കുന്ന സ്ത്രീകളെ കാണാന്‍ കഴിഞ്ഞിട്ടില്ല. സ്കൂളില്‍ ജെന്‍റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുമ്പോള്‍ ആ കുട്ടികള്‍ ഭാവിയിലും അതുതന്നെ തുടരുമോ അതോ ജെന്‍റര്‍ വസ്ത്രങ്ങള്‍ അണിയുമോ ? അത് തരം താഴലായി അവര്‍ക്കു തോന്നുമോ എന്നൊന്നും ചിന്തിക്കാതിരിക്കാനും കഴിയില്ല. ഏറ്റവും സൗകര്യവും ശക്തവുമായ വസ്ത്രങ്ങളണിഞ്ഞ് ജോലിക്കു പോകുകയും ഒരിക്കല്‍ വിവാഹ ഫങ്ക്ഷന് സാരി ഉടുക്കാന്‍ തീരുമാനിക്കുമ്പോള്‍ ‘ഞാനിന്ന് ദുര്‍ബ്ബലരുടെ വസ്ത്രമണിഞ്ഞാണ് പോകുന്നത്’ എന്ന് ഒരു പെണ്‍കുട്ടിക്ക് പറയേണ്ടിവരുമോ ?

ഈ ചിന്തകളെല്ലാം വരുന്നത് അസമത്വബോധം കൊണ്ടാണ്. പെണ്‍കുട്ടി അവള്‍ക്കിഷ്ടപ്പെട്ട സാരിയോ സല്‍വാറോ ധരിക്കണമെന്നു പറഞ്ഞാല്‍ അവള്‍ തരംതാഴ്ന്ന പ്രവൃത്തിയെന്തോ ചെയ്യാന്‍ പോകുന്നു എന്നാണോ അര്‍ത്ഥം ? അല്ല. എന്തുകൊണ്ട് അല്ല എന്ന് നമുക്കെല്ലാം അറിയാം. സ്ത്രീയുടെ സ്ഥാനം താഴെയല്ലാത്തതുകൊണ്ടുതന്നെ. ആ സ്ത്രീവസ്ത്രങ്ങള്‍ ദുര്‍ബ്ബലതയുടേയോ അടിമത്തത്തിന്‍റെയോ അടയാളമാണെന്നുള്ള തോന്നല്‍ എപ്പോഴുണ്ടാകുന്നോ അപ്പോള്‍ പുരുഷവസ്ത്രം ധരിക്കാന്‍ അല്ലെങ്കില്‍ ധരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു.

ഏതായാലും ചിന്തകളെല്ലാം അങ്ങനെ നില്‍ക്കട്ടെ. കുറച്ചുപേര്‍ വിലകൂടിയ വസ്ത്രവും മറ്റുള്ളവര്‍ വിലകുറഞ്ഞ വസ്ത്രവും ധരിക്കേണ്ടിവരിക എന്ന സ്ഥിതിവിശേഷം ഒഴിവാക്കാനാണ് പള്ളിക്കൂടങ്ങളില്‍ യൂണിഫോം ഏര്‍പ്പാടാക്കിയത്. അതിന്‍റെ ഒരു തുടര്‍ച്ചയെന്നോണം അതുപോലെതന്നെ ഉന്നതമായ ഒരുദ്ദേശ്യത്തിനുവേണ്ടിയായതിനാല്‍ ജെന്‍റര്‍ ന്യൂട്രല്‍ ഡ്രസ്സ് കോഡിനെ നമുക്ക് സ്വാഗതം ചെയ്യാം. ആ മാറ്റം അതിന് ചെയ്യാന്‍ കഴിയുന്നത് ചെയ്യട്ടെ. അതോടൊപ്പംതന്നെ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍കൂടി മനസ്സിലാക്കി വസ്ത്രത്തിലുപരി ബാല്യം മുതലുള്ള സ്വഭാവരൂപീകരണത്തില്‍ അതിലേറെ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

Latest Stories

ഓസ്ട്രേലിയ ഒകെ ഒന്ന് കാണിക്കാൻ ടീം അവനെ ടൂർ കൊണ്ടുപോയതാണ്, മുൻവിധികളോടെ മാനേജ്മെന്റ് അദ്ദേഹത്തെ ചതിച്ചു: സഞ്ജയ് മഞ്ജരേക്കർ

അന്ന് ചടങ്ങ് അലങ്കോലമാക്കേണ്ടെന്ന് കരുതി ചിരിച്ചു നിന്നു.. പരാതി നല്‍കിയത് നിയമോപദേശം തേടിയ ശേഷം; ഹണിയുടെ പരാതി

ഉത്സവ, വിവാഹ ആഘോഷങ്ങള്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് കരുത്തേകി; വരുമാനക്കുതിപ്പില്‍ 39% വര്‍ദ്ധനവ്; ഇന്ത്യയിലും ഗള്‍ഫിലും മികച്ച നേട്ടം

ചരിത്രത്തിൽ ഇത് ആദ്യം; കത്തോലിക്കാ സഭയുടെ ഉന്നത പദവിയിൽ വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

ബോബി ചെമ്മണൂർ പൊലീസ് കസ്റ്റഡിൽ; നടപടി ഹണി റോസിന്റെ പരാതിയിൽ

സച്ചിനൊക്കെ സ്ലെഡ്ജിങ് നടത്തിയത് മറ്റ് താരങ്ങളുടെ സഹായത്തോട് കൂടി, മാന്യന്മാർ അല്ലാത്ത രണ്ട് താരങ്ങൾ ഞാനും അവനും മാത്രം; തുറന്നടിച്ച് സൗരവ് ഗാംഗുലി

ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍; ഹണി റോസിന്റെ പരാതിയില്‍ നടപടി

പെരിയ ഇരട്ട കൊലപാതക കേസ്; മുൻ എംഎൽഎ അടക്കമുള്ള 4 പ്രതികളുടെ ശിക്ഷക്ക് സ്റ്റേ

'ബന്ദികളെ മോചിപ്പിക്കാൻ സ്ഥാനാരോഹണം വരെ സമയം'; എല്ലാ നരകങ്ങളും തകർക്കപ്പെടുമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി ട്രംപ്

'ജനുവരി 20നകം എല്ലാ ബന്ദികളെയും മോചിപ്പിക്കണം'; ഹമാസിന് അന്ത്യശാസനം നൽകി ഡൊണാൾഡ് ട്രംപ്