അരിയില്‍ ഷുക്കൂര്‍ വധക്കേസ്, കുഞ്ഞാലിക്കുട്ടി പി. ജയരാജന് വേണ്ടി ഇടപെട്ടോ?

അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ അന്ന് സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ പേരില്‍ നിന്ന് കൊലക്കുറ്റം ഒഴിവാക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന് സൂചിപ്പിച്ച് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ ടി പി ഹരീന്ദ്രനിട്ട ഫേസ് ബുക്ക് പോസ്റ്റ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ഈ വിവാദത്തെ ഇപ്പോള്‍ ജ്വലിപ്പിച്ച് നിര്‍ത്തിയത് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനാണ്. പി കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകന്റെ ഈ ആരോപണം അതീവ ഗൗരവമുള്ളതാണെന്നും അന്വേഷണം വേണമെന്നുമാണ് കെ സുധാകരന്‍ പ്രതികരിച്ചത് ഉടന്‍ തന്നെ മുസ്‌ളീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം അതേറ്റുപിടിക്കുകയും സുധാകരന്റെ ആരോപണം യു ഡി എഫില്‍ ഉന്നയിക്കുമെന്ന് പറയുകയും ചെയ്തു.

ഒരു കാലത്ത് കെ സുധാകരന്റെ എല്ലാ കേസുകളും എന്നുവച്ചാല്‍ എടക്കാട് തിരഞ്ഞെടുപ്പ് കേസുള്‍പ്പെടെ കൈകാര്യം ചെയ്തിരുന്ന വക്കീലാണ് ടി പി ഹരീന്ദ്രന്‍. ഒരിക്കല്‍ അദ്ദേഹത്തെ സി പി എമ്മുകാര്‍ മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുയും ചെയ്തു. കെ സുധാകരന്റെ അടുത്തയാളാണ് ടി പി ഹരീന്ദ്രന്‍ എന്നത് കൊണ്ട് തന്നെ ചെറിയ രാഷ്്ട്രീയ മാനങ്ങളില്ല ഈ വെളിപ്പെടുത്തലിന് പിന്നിലുള്ളതെന്ന് സംശയിക്കുന്നുവരുമുണ്ട്.

2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എംഎസ്എഫ് പ്രാദേശിക നേതാവുമായിരുന്ന അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. അന്ന് സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന ഇ പി ജയരാജനും , കല്യാശേരി എം എല്‍ എ ആയിരുന്ന ടി വി രാജേഷും ഈ കേസില്‍ 32 ഉം 33 ഉം പ്രതികളായിരുന്നു. മാത്രമോ ഇപ്പോഴത്തെ സി പി എം സംസ്ഥാന സെക്രട്ടറി എ വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തും ഈ കേസില്‍ പ്രതിയാണ്. മുസ്‌ളീം ലീഗ് പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ട സി പി എം പ്രവര്‍ത്തകരെ കാണാന്‍ പോകും വഴി പി ജയരാജനും, ടി വി രാജേഷും സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കപ്പെട്ടു. ആക്രമിച്ചവരില്‍ അരിയില്‍ ഷൂക്കുറടങ്ങുന്ന സംഘവുമുണ്ടായിരുന്നുവെന്നാണ് സി പി എം കേന്ദ്രങ്ങള്‍ ആരോപിച്ചത്. രണ്ട് മണിക്കൂര്‍ ബന്ദിയാക്കപ്പെട്ട് ഫോട്ടോയെടുത്ത് അയച്ച് കൊടുത്ത് ജയരാജന്റെ കാര്‍ ആക്രമിച്ചത് ഷൂക്കൂര്‍ ആണെന്ന് അക്രമികള്‍ ഉറപ്പ് വരുത്തിയത്രെ, അതിന് ശേഷമാണ് ആ പാവം ചെറുപ്പക്കാരനെ നിഷ്ഠൂരമായി വധിച്ചത്

2014-ല്‍ ഷുക്കൂറിന്റെ ഉമ്മയുടെ ആവശ്യപ്രകാരം സിബിഐ അന്വേഷണത്തിന് അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. 2019 ജനുവരിയില്‍ ജയരാജനും രാജേഷിനുമെതിരെ ക്രിമിനല് ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തുന്ന അനുബന്ധ കുറ്റപത്രം സി ബി ഐ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

പ്രസ്തുത കേസ് അട്ടിമറിക്കപ്പെടുമെന്ന് മുസ്‌ളീം ലീഗിലെ ചില പ്രമുഖ നേതാക്കള്‍ക്കെല്ലാം അന്ന് സംശയമുണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് കെ എം ഷാജി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ഈ കേസിന്റെ പിറകെ തന്നെ കൂടുകയും കേസ് സി ബി ഐ വിടുന്നതായി വിവധി തലങ്ങളില്‍സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തത്. സി പി എം നേതൃത്വമാകട്ടെ പി ജയരാജനും, ടി വി രാജേഷും പ്രതികളായത് കൊണ്ട് എന്ത് വില കൊടത്തും ഈ കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

മുസ്‌ളീം ലീഗില്‍ പി കെ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസില്‍ കെ സുധാകരനും രാഷ്ട്രീയമായ ഒറ്റപ്പെടല്‍ അനുഭവിക്കുയാണ് . വി ഡി സതീശനും സംഘത്തിനും കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം. പി കെ കുഞ്ഞാലിക്കുട്ടിക്കാണെങ്കില്‍ മുസ്‌ളീം ലീഗിനെ ഇടതു മുന്നണിയിലേക്ക് കൊണ്ടു പോകണം. മുസ്‌ളീം ലീഗിനെ നിരന്തരമായി ചൊറിഞ്ഞു കൊണ്ടിരുന്നാല്‍ അത് യു ഡി എഫില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താവന യു ഡി എഫില്‍ ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. പി കെ കുഞ്ഞാലിക്കുട്ടിക്കാകട്ടെ യു ഡി എഫില്‍ എന്ത് പ്രതിസന്ധിയുണ്ടാകുന്നതും വളരെ സന്തോഷപ്രദമായ കാര്യമാണ്. കാരണം ലീഗിനെ ഇടതുമുന്നണിയിലേക്കു കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന് വേഗം വര്‍ധിക്കാന്‍ അത് സഹായകമാകും. പി കെ കുഞ്ഞാലിക്കുട്ടി അത്തരത്തിലൊരു നിലപാട് എടുക്കുന്നത് കെ സുധാകരനും സന്തോഷകരമാണ്. കാരണം മുസ്‌ളീം ലീഗ് ഇടതുമുന്നണിയിലേക്ക് പോവുക എന്നാല്‍ പിന്നെ യു ഡി എഫിന്റെ ഇടപാട് തീരുക എന്നാണര്‍ത്ഥം. തന്നെ ഒതുക്കാന്‍ ശ്രമിക്കുന്ന സതീശന്‍ ഗ്യാംഗിന് അത് നല്ല തിരിച്ചടിയായിരിക്കുമെന്ന് കെ എസ് കരുതുന്നു.

ചുരുക്കത്തില്‍ പ്രസ്തുത അഭിഭാഷകന്റെ ഫേസ് ബുക്ക് പോസ്റ്റിന് കോണ്‍ഗ്രസിലും മുസ്‌ളീം ലീഗിലും തദ്വാരാ യു ഡി എഫിലും ചലങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നുറപ്പാണ്. പി കെ കുഞ്ഞാലിക്കുട്ടി പി ജയരാജന് വേണ്ടി പൊലീസില്‍ സമ്മര്‍ദ്ധം ചെലുത്തിയെന്ന അഭിഭാഷകന്റെ വാദത്തിന് തെളിവ് നിരത്താന്‍ തല്‍ക്കാലം ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. എന്നാല്‍ യു ഡി എഫ് യോഗത്തില്‍ സുധാകരന്റെ പ്രസ്താവന ഗൗരവമായി തങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പി എം എ സലാം പറഞ്ഞത് ഏതായാലും വെറുതെ ആവില്ലന്നുറപ്പിക്കാം.

Latest Stories

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം