ഒടുവില്‍ ആര്‍ട്ടിക്കിള്‍ 370ല്‍ സുപ്രീം കോടതിയുടെ തീര്‍പ്പ്, കാശ്മീരിന് പ്രത്യേക പദവിയില്ല

ജമ്മു കാശ്മീരിന്റെ പ്രത്യേക ഭരണഘടനയും പദവിയുമെല്ലാം എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സുപ്രീം കോടതിയും ശരിവെച്ചിരിക്കുകയാണ്. ജമ്മു കശ്മീരിന് ആര്‍ട്ടിക്കിള്‍ 370 അനുസരിച്ചുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ 2019ലെ രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീം കോടതി ശരിവച്ചതോടെ നരേന്ദ്ര മോദി സര്‍ക്കാര്‍, ബിജെപിയും അതിന്റെ മുന്‍ഗാമികളായ ജനസംഘവും കാലങ്ങളായി കൊണ്ടുനടന്ന ഒരു സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാക്കിയെടുത്തത്. ജനസംഘകാലം മുതല്‍ എതിര്‍ത്ത ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയെന്ന ആശയത്തെ റദ്ദാക്കിയെടുത്തിരിക്കുകയാണ് കാലങ്ങള്‍ക്കിപ്പുറം സംഘ പിന്തുടര്‍ച്ചക്കാര്‍. ബിജെപിയുടെ ആദ്യരൂപമെന്ന് വിളിപ്പേരുള്ള ജനസംഘത്തിന്റെ സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജിയാണ് പ്രത്യക്ഷത്തില്‍ ആദ്യമായി കശ്മീരിന്റെ പ്രത്യേക പദവിയ്‌ക്കെതിരെ രംഗത്തുവന്നത്. രാജ്യം റിപ്പബ്ലികായതിന് പിന്നാലെ തന്നെ ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക എന്ന മുദ്രാവാക്യമുയര്‍ത്തി മുഖര്‍ജി രംഗത്തെത്തി. ഈ മുദ്രാവാക്യം ഉപയോഗിച്ച് ആര്‍ട്ടിക്കിള്‍ 370നെതിരെ ശക്തമായ പ്രചാരണമാരംഭിച്ചെങ്കിലും അന്നൊന്നും സാധ്യമാകാതിരുന്ന ഭരണഘടനാപരമായ സാധൂകരണം ബിജെപിയ്ക്ക് പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം കിട്ടിയപ്പോള്‍ അവര്‍ നടത്തിയെടുത്തു. ആര്‍എസ്എസും പല കാലഘട്ടങ്ങളിലായി ഈ ആവശ്യം മുന്നോട്ടുവെയ്ക്കുകയും വാദിക്കുകയും ചെയ്തതാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനാ വ്യവസ്ഥകള്‍ ഒഴിവാക്കുമെന്നത് ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നുവെന്ന് കൂടി ഇതിനോട് കൂട്ടിച്ചേര്‍ത്ത് വായിക്കണം. ബിജെപി വാഗ്ദാനങ്ങളിലെ രാമക്ഷേത്രവും ആര്‍ട്ടിക്കള്‍ 370ന്റെ റദ്ദാക്കലുമെല്ലാം പാര്‍ലമെന്റിലെ വന്‍ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ അവര്‍ സാധ്യമാക്കിയെടുക്കുകയാണ്. ഇനി ഏകീകൃത സിവില്‍കോഡാണ് അവരുടെ പരമ പ്രധാന ലക്ഷ്യങ്ങളില്‍ ബാക്കിയുള്ളത്.

2019 ഓഗസ്റ്റ് അഞ്ചിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എന്‍ഡിഎ സര്‍ക്കാര്‍ ഭരണഘടനയിലെ 370ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്നത് റദ്ദ് ചെയ്തത്. ഒപ്പം ജമ്മുകശ്മീര്‍, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35എ വകുപ്പു പ്രകാരം നല്‍കിയിരുന്ന പ്രത്യേക അവകാശവും റദ്ദാക്കി. രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ് കശ്മീരിന്റെ പ്രത്യേക പദവികള്‍ എടുത്തു കളഞ്ഞത്. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവിയും എടുത്തുകളഞ്ഞു. ഒക്ടോബര്‍ 31നു ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. കേന്ദ്രഭരണ പ്രദേശങ്ങളുടെ രീതിയില്‍ ജമ്മു കശ്മീരില്‍ അധികാര പദവി ഗവര്‍ണറില്‍നിന്നു ലഫ്. ഗവര്‍ണറിലേക്കു മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലായി.

ആര്‍ട്ടിക്കള്‍ 370ന്റെ റദ്ദാക്കലിന് നിയമസാധുത നേടിയെടുക്കാന്‍ രാഷ്ട്രപതിയുടെ ഉത്തരവും പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷവും കൃത്യമായ സ്ട്രാറ്റജിയിലാണ് ബിജെപി ഉപയോഗിച്ചത്. ആദ്യം ജമ്മു കാശ്മീരിലെ സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതോടെ മെഹബൂബ മുഫ്തിയുടെ പിഡിപി സര്‍ക്കാര്‍ 2018 ജൂണില്‍ വീണു. പിന്നാലെ ഗവര്‍ണര്‍ ഭരണം, നവംബര്‍ 2018ല്‍ ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണറെ അറിയിച്ചിട്ടും 2018 ഡിസംബര്‍ 20ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. പിന്നാലെ ജമ്മു കശ്മീര്‍ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ലെ 1ാ വകുപ്പ് പ്രകാരം ബിജെപി കാര്യങ്ങള്‍ നീക്കി. 370 ാം വകുപ്പിലെ വ്യവസ്ഥകള്‍ റദ്ദാക്കണമെങ്കില്‍, ജമ്മു കശ്മീരിലെ ഭരണഘടനാ സഭയുടെ ശുപാര്‍ശ വേണമെന്നു ആര്‍ട്ടിക്കിള്‍ 370ലെ ക്ലോസ് (3) പറയുന്നുണ്ട്. ഭരണഘടനാ സഭ നിലവിലില്ലാത്തതിനാല്‍ ഭരണഘടനയില്‍ പറയുന്ന ഭരണഘടനാ സഭയെന്നു പ്രയോഗത്തെ സംസ്ഥാന നിയമസഭ എന്നു രാഷ്ട്രപതിയുടെ ഉത്തരവിലൂടെ മാറ്റുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. നിയമസഭയും പിരിച്ചുവിട്ടതിനാല്‍ പാര്‍ലമെന്റിനെ ഭരണഘടനാ സഭയായി കാണണമെന്നായി ഇതോടെ കേന്ദ്ര നയം. ഇത്തരത്തില്‍ പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ഗവര്‍ണറുടെ ശുപാര്‍ശപ്രകാരം രാഷ്ട്രപതി നല്‍കിയ ഉത്തരവ് പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വന്നപ്പോള്‍ പാസാക്കിയെടുത്തു മോദി സര്‍ക്കാര്‍.

രാഷ്ട്രപതിയുടെ ഉത്തരവു സംബന്ധിച്ച പ്രമേയവും കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചുള്ള സംസ്ഥാന പുനഃസംഘടനാ ബില്ലും രാജ്യസഭ 2019 ഓഗസ്റ്റ് 5ന് പാസാക്കി. ലോക്‌സഭയിലും ബില്‍ പാസായത് ബിജെപിയ്ക്ക് സഭയിലൂള്ള മൃഗീയ ഭൂരിപക്ഷം കൊണ്ടാണ്. രാജ്യസഭയിലും പ്രതിപക്ഷത്തെ ഭിന്നിപ്പിച്ച് ബില്ല് പാസാക്കിയെടുക്കുന്നതില്‍ കൗശലം പ്രയോഗിച്ച് പലകുറി വിജയിച്ച ബിജെപി ഇക്കാര്യത്തിലും അതേ പോലെ പ്രവര്‍ത്തിച്ചു.

കേന്ദ്രസര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിലേക്ക് ഹര്‍ജികള്‍ പോയതോടെ നിയമ പോരാട്ടം തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി ജമ്മു കാശ്മീര്‍ എന്ന സംസ്ഥാനത്തെ മാറ്റിയതിനെ ചോദ്യംചെയ്തുകൊണ്ടും നിരവധി ഹര്‍ജികളാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എത്തിയത്. ആര്‍ട്ടിക്കള്‍ 370 എടുത്തുകളഞ്ഞതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങള്‍. മൂന്ന് വിധിന്യായങ്ങള്‍ വന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ അപാകതയില്ലെന്ന് സുപ്രീം കോടതി ഐകകണ്‌ഠേനെയാണ് പ്രസ്താവിച്ചത്. ഇന്ത്യന്‍ യൂണിയന്റെ ഭാഗമായതോടെ ജമ്മു കാശ്മീരിന് പ്രത്യേക പരമാധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമാണ് കാശ്മീര്‍. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച സുപ്രീം കോടതി വ്യക്തമാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വാദിച്ചതുപോലെ ആര്‍ട്ടിക്കിള്‍ 370 (3) പ്രകാരം 370ാം അനുച്ഛേദം റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന് തന്നെയാണ്. ഇതിനെതിരെ തീരുമാനമെടുക്കാന്‍ സുപ്രീം കോടതിക്കാവില്ലെന്ന് കൂടി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ലെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത അധികാരം ജമ്മു കാശ്മീരിനില്ലെന്നും സുപ്രീം കോടതി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭരണസമയത്ത് പാര്‍ലമെന്റിന് തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി തീരുമാനത്തെ ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകീര്‍ത്തിക്കുമ്പോള്‍ നിയമവശങ്ങള്‍ക്കെല്ലാം അപ്പുറത്ത് ഇന്റര്‍നെറ്റും ടെലഫോണും അടക്കം നിരോധിക്കപ്പെട്ട വീട്ടുതടങ്കലിലാക്കപ്പെട്ട നേതാക്കന്മാരും ജനങ്ങളും നിറഞ്ഞ ഒരു താഴ്‌വര മുന്നിലുണ്ട്. സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും 2024 സെപ്തംബറിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും കോടതി ഉത്തരവിട്ടിട്ടുള്ളത് കേന്ദ്രസര്‍ക്കാര്‍ എങ്ങനെ നടപ്പിലാക്കിയെടുക്കുമെന്ന ചോദ്യവും ആശങ്കയും മുന്നിലുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം