രാജസ്ഥാനില്‍ വമ്പന്‍ പ്രതീക്ഷകളുമായി തുടര്‍ഭരണം പ്രതീക്ഷിച്ച കോണ്‍ഗ്രസിനും അതുപോലെ മുഖ്യമന്ത്രി സ്ഥാനം കൊതിച്ച ബിജെപി മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്ക്കും തിരിച്ചടിയിയാരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസിന് തമ്മില്‍ തല്ലലിലും ഭരണവിരുദ്ധ വികാരത്തിലും തുടര്‍ഭരണം നഷ്ടപ്പെട്ടപ്പോള്‍ പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രി സ്ഥാനമാണ് വസുന്ധരയ്ക്ക് കൈമോശം വന്നത്. അമിത് ഷായും നരേന്ദ്ര മോദിയും ഉണ്ടാക്കിയെടുത്ത കേന്ദ്രീകൃത ഏകപക്ഷീയ പാര്‍ട്ടി രീതികളോട് പൊരുത്തപ്പെടാതെ നിന്നുവെന്നതായിരുന്നു വസുന്ധര രാജെ സിന്ധ്യ തഴയപ്പെടാനുള്ള കാരണം. മുഖ്യമന്ത്രി സ്ഥാനം തരാതെ തഴയപ്പെട്ടതിനുശേഷം രാജസ്ഥാന്‍ ബിജെപിയിലെ തന്റെ എതിരാളികള്‍ക്കെതിരെ വസുന്ധര രാജെ സിന്ധ്യ ഒളിഞ്ഞും തെളിഞ്ഞും അസ്ത്രങ്ങള്‍ തൊടുത്തിട്ടിണ്ട്. പരോക്ഷമായി സര്‍ക്കാരിന്റെ ബലഹീനതകള്‍ തുറന്നുകാട്ടാനും വസുന്ധര മടിച്ചില്ല. മധ്യപ്രദേശില്‍ ഒബിസി മുഖ്യമന്ത്രിയും രാജസ്ഥാനില്‍ ബ്രാഹ്‌മണ മുഖ്യമന്ത്രിയുമെന്ന നിലയില്‍ സമവാക്യങ്ങളൊരുക്കി ഭജന്‍ ലാല്‍ ശര്‍മ്മയെ മുഖ്യമന്ത്രിയാക്കിയ ബിജെപി നേതൃത്വത്തിനോട് പലകുറി തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ വസുന്ധര കലഹിച്ചു തുടങ്ങിയിരുന്നു.
രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിനെതിരായ വസുന്ധരയുടെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ജാല്‍വാറില്‍ വെളളം സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍. ജാല്‍വാര്‍ ജില്ലയിലെ കുടിവെള്ള പ്രതിസന്ധിയെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തണമെന്ന രാജസ്ഥാന്‍ ബിജെപിയുടെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെ ശബ്ദം സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. ഭജന്‍ ലാല്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിലെ ഉദ്യോഗസ്ഥവൃന്തത്തിന്റെ ദൗര്‍ബല്യം തുറന്നുകാട്ടിയ വസുന്ധരയുടെ സമീപനം വീണുകിട്ടിയ പിടിവള്ളിയാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്. ഉദ്യോഗസ്ഥരെ വസുന്ധര വിമര്‍ശിച്ചത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടലാണെന്ന് പറഞ്ഞു പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ കേന്ദ്ര ജലശക്തി മന്ത്രാലയം പോലും വിഷയത്തില്‍ ഇടപെട്ടു.
ജനങ്ങള്‍ക്ക് ദാഹമില്ലേ? നിങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ദാഹിക്കുന്നുള്ളോ? വേനല്‍ക്കാലത്ത് കുടിവെള്ള പ്രതിസന്ധി കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്, അതേസമയം ഉദ്യോഗസ്ഥര്‍ സംതൃപ്തരാണ്. വെള്ളം ജനങ്ങളുടെ ചുണ്ടുകളിലാണ് എത്തേണ്ടത് അല്ലാതെ കടലാസില്‍ മാത്രം ഒതുങ്ങരുത്. ജനങ്ങള്‍ കരയുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഉറങ്ങുകയാണ്.
ഇത്രയും വസുന്ധര രാജെ സിന്ധ്യ പറഞ്ഞുവെച്ചതോടെ ബാക്കികാര്യങ്ങള്‍ ഭജന്‍ലാല്‍ സര്‍ക്കാരിനെതിരെ പോരാട്ടത്തിനായി കോണ്‍ഗ്രസ് ഏറ്റെടുത്തു. രണ്ടുതവണ രാജസ്ഥാന്‍ ഭരിച്ച മുന്‍മുഖ്യമന്ത്രി വസുന്ധരയുടെ ചോദ്യത്തിന് ജാല്‍വാറിലെ റായ്പൂരിലെ ഉദ്യോഗസ്ഥര്‍ക്ക് വെള്ള വിഷയത്തില്‍ മറുപടി ഇല്ലായിരുന്നു. ഏപ്രിലില്‍ ഇങ്ങനെയാണെങ്കില്‍ വരുന്ന ചൂടുമാസങ്ങളിലെ സ്ഥിതി എന്താകുമെന്നും വസുന്ധര ചോദിച്ചിരുന്നു. ജല്‍ ജീവന്‍ മിഷണില്‍ പ്രധാനമന്ത്രി 42,000 കോടിയാണ് നല്‍കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ പണം തന്നിട്ടും നിങ്ങളെന്ത് ചെയ്യുകയാണെന്നാണ് വസുന്ധര ചോദിച്ചത്. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് അവര്‍ മുന്നറിയിപ്പ് നല്‍കി.
വസുന്ധരയുടെ പരാമര്‍ശം മുതലെടുത്ത് കോണ്‍ഗ്രസ് ഉടന്‍ തന്നെ ഭജന്‍ ലാല്‍ ശര്‍മ്മ സര്‍ക്കാരിനെതിരായ വിമര്‍ശംനം ശക്തമാക്കി. ‘രാജസ്ഥാനിലെ ജനങ്ങളെ നിഷ്‌ക്രിയമായ ബിജെപി സര്‍ക്കാരിനെക്കുറിച്ചുള്ള സത്യം അറിയിച്ചതിന് വസുന്ധര രാജെ ജിക്ക് നന്ദി, എന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോതസ്ര പറഞ്ഞു. ഭജന്‍ ലാല്‍ സര്‍ക്കാരിന്റെ പരാജയങ്ങളെക്കുറിച്ച് ഈ പ്രഭാഷണം നടത്തുന്നത് ഒരു പ്രതിപക്ഷ നേതാവല്ല, മറിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയാണ് എന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് വിഷയം ചര്‍ച്ചയാക്കിയത്. രാജസ്ഥാനിലെ പ്രതിപക്ഷ നേതാന് ടിക റാമും പ്രതികരണവുമായെത്തിയതോടെ സച്ചിന്‍ പൈലറ്റിന്റേയും അശോക് ഗെഹ്ലോട്ടിന്റേയും നേതൃത്വത്തില്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് ചടുലമായ രാഷ്ട്രീയ വിമര്‍ശനങ്ങളോടെ വിഷയം കൂടുതല്‍ ചര്‍ച്ചയാക്കി. ടികാ റാമിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
‘ബിജെപി സര്‍ക്കാരിന്റെ സത്യം തുറന്നുകാട്ടാന്‍ ഇതിനപ്പുറം ഇനിയൊന്നും വേണ്ട. സ്വന്തം പാര്‍ട്ടി അധികാരത്തിലിരിക്കെ കുടിവെള്ളം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മുന്‍ മുഖ്യമന്ത്രിക്ക് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സംസാരിക്കേണ്ടി വരുന്നത് എത്ര നിര്‍ഭാഗ്യകരമാണ്.
ജാല്‍വാര്‍ വസുന്ധരയുടെ കോട്ടയാണ്. മൂന്നര പതിറ്റാണ്ടായി എംപിയായും എംഎല്‍എയായും വിരാജിച്ച വസുന്ധരയുടെ സ്വന്തം തട്ടകമാണ് ഹഡോടി മേഖലയില്‍ ജാല്‍വാര്‍. ജാല്‍വാറില്‍ നിന്നാണ് വസുന്ധര നിയമസഭയിലും ലോക്സഭയിലുമെല്ലാം പലകുറി ജയിച്ചുകയറിയത്. തന്റെ കോട്ടയില്‍ കാര്യമായ വികസനവും അടിസ്ഥാന സൗകര്യവും ഇല്ലാതെ അവഗണിക്കുന്നുവെന്ന തോന്നലാണ് വസുന്ധരയെ ചൊടിപ്പിച്ചത്. ജനുവരിയില്‍ ജോധ്പൂര്‍ സന്ദര്‍ശന വേളയില്‍ തന്റെ അമ്മയും ഗ്വാളിയോറിലെ രാജ്മാതയുമായിരുന്ന ബിജെപിയുടെ ആദ്യകാല നേതാവ് വിജയ രാജെ സിന്ധ്യയുടെ പ്രതിമയുടെ ശോച്യാവസ്ഥ കണ്ടും രാജെ രോഷം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയ്ക്കുള്ളില്‍ താന്‍ വളര്‍ത്തിയവരുടെ കാലുമാറ്റവും വസുന്ധരയെ പ്രകോപിപ്പിച്ചു. വിശ്വസ്തതയുടെ ആ പഴയ കാലഘട്ടം വ്യത്യസ്തമായിരുന്നു എന്നും ഇന്ന്, നടക്കാന്‍ പഠിച്ച അതേ വിരല്‍ പിടിച്ചുവെച്ച് മുറിക്കാന്‍ ശ്രമിക്കുന്ന വ്യക്തികളാണ് പലരും എന്നൊരു പ്രയോഗം അവര്‍ നടത്തിയിരുന്നു. ഒപ്പം കേന്ദ്രത്തിലെ നേതാക്കളെ അടക്കം ഉന്നംവെച്ച് വസുന്ധര ഇങ്ങനെ പറഞ്ഞു
മറ്റുള്ളവരെ വേദനിപ്പിക്കുന്നവരും, മാനസിക വേദന ഉണ്ടാക്കുന്നവരും, കുറച്ചു കാലത്തേക്ക് സന്തോഷിച്ചേക്കാം, പക്ഷേ അവസാനം അവര്‍ മറ്റുള്ളവരെ കൊണ്ടുപോകാന്‍ ശ്രമിച്ച അതേ പാതയിലൂടെ കടന്നുപോകേണ്ടിവരും… നിങ്ങള്‍ വിതയ്ക്കുന്നത് നിങ്ങള്‍ കൊയ്യും.
പ്രതിപക്ഷം ഉള്‍പ്പെടെ വിവിധ കോണുകളില്‍ നിന്നും ബിജെപിക്കുള്ളില്‍ നിന്നുപോലും ഭജന്‍ ലാല്‍ സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും രാജെയുടെ ജാല്‍വര്‍ പരാമര്‍ശം മറ്റെന്തിനേക്കാള്‍ രാജസ്ഥാനില്‍ ചര്‍ച്ചയായി കഴിഞ്ഞു. ശര്‍മ്മ സര്‍ക്കാരിലെ ഉദ്യോഗസ്ഥവൃന്ദത്തെ ലക്ഷ്യം വച്ചാണ് വസുന്ധര അസ്ത്രം തൊടുത്തതെങ്കിലും കൊണ്ടത് ശര്‍മ്മയ്ക്കാണ്. ഒപ്പം ഭരണപരാജയം ചൂണ്ടിക്കാട്ടാനായി പ്രതിപക്ഷം വസുന്ധരയുടെ വാക്കില്‍ പിടിച്ചതോടെ സംസ്ഥാനത്ത് പ്രതിരോധത്തിലായി കേന്ദ്രത്തിന്റെ ‘ആര്‍എസ്എസ്’ മുഖ്യമന്ത്രി.