ഭരണഘടന - സുപ്രീം കോടതി, നേതാക്കളെ കൊണ്ട് പൊറുതിമുട്ടി പങ്കപ്പാടില്‍ ബിജെപി; കിട്ടിയ അവസരത്തില്‍ കടന്നാക്രമണത്തിന് കോണ്‍ഗ്രസ്

സുപ്രീം കോടതി വിധികള്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കും തിരിച്ചടിയാകുമ്പോള്‍ കോടതിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത് തിരിച്ചടിക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഇറങ്ങുന്നു. ഒളിഞ്ഞും തെളിഞ്ഞും ആദ്യം ഭരണഘടന പദവികളില്‍ ഇരിക്കുന്നവര്‍ സുപ്രീം കോടതി നടപടികളെ ചോദ്യം ചെയ്യുന്നു. ബിജെപിയുടെ മുന്‍നിര നേതാക്കള്‍ മൗനം പാലിക്കുമ്പോള്‍ വേട്ടയ്ക്കായി പാര്‍ട്ടിയ്ക്കായി സ്ഥിരം പോരിന് ഇറങ്ങുന്ന വിവാദ മുഖങ്ങള്‍ പരമോന്നത നീതിപീഠത്തിനെതിരെ ജനങ്ങളെ തിരിക്കാന്‍ കോപ്പുകൂട്ടുന്നു. ഒടുവില്‍ പ്രതിപക്ഷമടക്കം ഏവരും ഒന്നായി വിമര്‍ശനത്തിനും കടന്നാക്രമണത്തിനും ഇറങ്ങിയപ്പോള്‍ പിടിച്ചുനില്‍ക്കാനായി ബിജെപി തങ്ങളുടെ പോരാളികളെ തള്ളിക്കളയുന്നു. കോടതിയലക്ഷ്യ നടപടികള്‍ തലയ്ക്ക് മുകളിലെത്തുമെന്ന് കണ്ടപ്പോള്‍ എംപിയായ നിഷികാന്ത് ദുബേയേയും ഉത്തര്‍പ്രദേശിലെ ബ്രാഹ്‌മിണ മുഖം ദിനേശ് ശര്‍മ്മയേയും ബിജെപി ദേശീയ അധ്യക്ഷന്‍ തള്ളിപ്പറഞ്ഞു.

താക്കീത് നല്‍കി ഇരുവരേയും ഒതുക്കിയെങ്കിലും ബിജെപി എംപിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും എതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ക്ക് അനുമതി തേടി അറ്റോര്‍ണി ജനറലിന് അഭിഭാഷകരുടെ കത്തുകള്‍ എത്തി തുടങ്ങിയതോടെ ബിജെപി വീണ്ടും പ്രതിസന്ധിയിലായി. അവസരം കൃത്യമായി മനസിലാക്കിയ കോണ്‍ഗ്രസാകട്ടെ വിഷയത്തില്‍ കൂടുതല്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമവും തുടങ്ങി. ഭരണഘടനയെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമങ്ങളുടെ ‘മുന്നറിയിപ്പ്’ എന്നാണ് നിഷികാന്ത് ദുബെയുടെ സുപ്രീം കോടതിയ്ക്ക് എതിരായ പരാമര്‍ശങ്ങളെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിശേഷിപ്പിച്ചത്.ജുഡീഷ്യറിക്കെതിരെ ബിജെപി ‘ഒരു പോര്‍മുഖം തുറക്കുന്നു’ എന്ന് പവന്‍ ഖേരയും ആരോപിച്ചു.

സുപ്രീം കോടതി രാജ്യത്തെ അരാജകത്വത്തിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് വഖഫ് ഭേദഗതി ബില്ലിലെ കോടതി സമീപനത്തെ കുറിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിര്‍ദേശിച്ച സുപ്രീംകോടതി വിധിക്കെതിരെ സുപ്രീംകോടതി നിയമം നിര്‍മിക്കുകയാണെങ്കില്‍ പാര്‍ലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്ന് വരെ നിഷികാന്ത് ദുബെ പറഞ്ഞിരുന്നു. സംഭവത്തില്‍ വ്യാപകരോഷം ഉയരുകയും നിഷികാന്ത് ദുബെയ്ക്കെതിരേ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് അഭിഭാഷകനായ അനസ് തന്‍വീര്‍ കത്തയയ്ക്കുകയും ചെയ്തു. അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിക്ക് ബിജെപി എംപിയുടെ നടപടി കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് കത്തെഴുതുകയും ദുബെ നടത്തിയ പരാമര്‍ശം ഏറെ അപകീര്‍ത്തികരവും അപകടകരമാംവിധം പ്രകോപനപരവുമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ രാജ്യസഭ എംപി ദിനേശ് ശര്‍മ്മയുടെ പ്രതികരണം കൂടിയായതോടെ ബിജെപി ഇതെല്ലാം വ്യക്തിപരമായ അഭിപ്രായ പ്രകടനം മാത്രമാണെന്ന് പറഞ്ഞു തടിതപ്പാനുള്ള ശ്രമത്തിലാണ്.

ഇതിന് പിന്നാലെ ഉപരാഷ്ട്രപതിയ്‌ക്കെതിരേയും കോടതിയലക്ഷ്യ നടപടി ആവശ്യം ഉയര്‍ന്നു. മലയാളി അഭിഭാഷകന്‍ സുഭാഷ് തീക്കാടനാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനെതിരെ നടപടി ആവശ്യപ്പെട്ട് എജിയ്ക്ക് കത്തയച്ചത്. രാഷ്ട്രപതി എന്ത് ചെയ്യണമെന്ന് കോടതികള്‍ നിര്‍ദ്ദേശിക്കുന്ന ഒരു സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും സുപ്രീം കോടതിക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 ഒരു ആണവ മിസൈലായി ജനാധിപത്യ ശക്തികള്‍ക്കെതിരെ 24 മണിക്കൂറും ജുഡീഷ്യറിയുടെ പക്കല്‍ ഉണ്ടെന്നുമാണ് രാജ്യസഭ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി പറഞ്ഞത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ സുപ്രീം കോടതി വിധിയില്‍ കോടതിയെ ചോദ്യം ചെയ്തിരുന്നു.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജുഡീഷ്യല്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനും പൊതുജനങ്ങളില്‍ കോടതിക്കെതിരേ എതിര്‍പ്പുണ്ടാക്കാനും സമൂഹത്തില്‍ അക്രമവും അശാന്തിയും സൃഷ്ടിക്കാനും ബിജെപി ശ്രമിക്കുന്നുവെന്ന ആക്ഷേപം ഇതോടെ ശക്തമായി. ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ് രാജ്യത്ത് നടക്കുന്നതെന്ന് പറഞ്ഞു കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. മറ്റ് പ്രതിപക്ഷ കക്ഷികളും ശക്തമായി രംഗത്ത് വന്നതോടെയാണ് കോടതിയ്‌ക്കെതിരായ പടയൊരുക്കം പാതിവഴിയില്‍ നിര്‍ത്തി നേതാക്കന്‍മാര്‍ക്ക് താക്കീത് നല്‍കി മുഖംരക്ഷിക്കല്‍ നടപടിയിലേക്ക് ബിജെപി കടന്നത്.

സംവിധാന്‍ ബച്ചാവോ ക്യാമ്പെയ്‌നുമായി കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഇറങ്ങാന്‍ കൂടി തീരുമാനിച്ചതോടെ ഭരണമുന്നണി പ്രതിരോധത്തിലായി. ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളെ ‘ജുഡീഷ്യറിക്കെതിരെ ഒരു കഥയുണ്ടാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചന’ എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് രാഷ്ട്രീയമായി തന്നെ ബിജെപിയെ നേരിടാന്‍ വിഷയം കൂടുതല്‍ ഗൗരവമായി ഉയര്‍ത്തുകയാണ്. ജുഡീഷ്യറിക്ക് നേര്‍ക്കുള്ള ഭീഷണികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വരും ദിവസങ്ങളില്‍ സംവിധാന്‍ ബച്ചാവോ കാമ്പെയ്നിലൂടെ ജനങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജുഡീഷ്യറിയെ ലക്ഷ്യം വച്ചുകൊണ്ട് ഭരണഘടനാ തത്വങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നതിനെ ചെറുക്കാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

സുപ്രീം കോടതിയും വിഷയം കാര്യഗൗരവത്തോടെ തന്നെ നോക്കി കാണുന്നുവെന്ന് വ്യക്തമാക്കി അടുത്ത മാസം ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കാനിരിക്കുന്ന ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ ഒരു പരാമര്‍ശവും പുറത്തുവന്നിരുന്നു. പശ്ചിമ ബംഗാളിലെ സമീപകാല അക്രമ സംഭവങ്ങളെക്കുറിച്ച് നടപടികളെടുക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഒരു അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴാണ് ജസ്റ്റിസ് ബിആര്‍ ഗവായ് സമീപ ദിവസങ്ങളിലെ കേന്ദ്രനേതാക്കളുടെ നിലപാടിനെ സൂചിപ്പിച്ചു മറുപടി നല്‍കിയത്. കോടതി ‘എക്‌സിക്യൂട്ടീവ് പരിധിയില്‍ കടന്നുകയറ്റം നടത്തിയെന്ന’ ആരോപണം ഇപ്പോള്‍ നേരിടുന്നുണ്ടെന്നാണ് ജസ്റ്റിസ് ബിആര്‍ ഗവായ് പറഞ്ഞത്. അടുത്ത മാസം ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാനിരിക്കുന്ന മുതിര്‍ന്ന ജഡ്ജിയുടെ പരാമര്‍ശം ജുഡീഷ്യറിക്കെതിരായ ഭരണകക്ഷി നേതാക്കളില്‍ ഒരു വിഭാഗം നടത്തിയ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സൂചിപ്പിക്കുന്നത് കൂടിയാണ്.

Read more