ജമ്മുകശ്മീരിലെ 'ഹിന്ദുക്കളെ ഉണര്‍ത്താനുള്ള' തന്ത്രങ്ങള്‍!; അയോദ്ധ്യ പോലൊരു നഷ്ടം താങ്ങില്ല, വൈഷ്‌ണോ ദേവിയില്‍ മോദിയുടെ പൂഴിക്കടകന്‍

നമ്മുടെ വിശ്വാസത്തേയും സംസ്‌കാരത്തേയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരാണ് നമുക്ക് ഇവിടെ വേണ്ടത്.

ജമ്മു കശിമീരിലെ ഹിന്ദുക്കളെ ഉണര്‍ത്താന്‍ ഓടി നടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുമ്പോള്‍ പറഞ്ഞ വാക്കുകളില്‍ ഒന്നാണിത്. ലക്ഷ്യം വൈഷ്‌ണോ ദേവി അസംബ്ലി സീറ്റ്. അയോധ്യ കൈവിട്ടു പോയതുപോലൊരു പോക്ക് വൈഷ്‌ണോ ദേവില്‍ ഉണ്ടാവരുതെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ബിജെപി അരയും തലയും മുറക്കി തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ രംഗത്തിറങ്ങിയത്. തിരഞ്ഞെടുപ്പിന് മുമ്പ് അതായത് പോളിംഗ് ബൂത്തിലേക്ക് ആളെത്തും മുമ്പ് രണ്ട് തവണയാണ് ജമ്മുവിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പറന്നിറങ്ങിയത്. ഇതിലൊന്ന് വൈഷ്‌ണോ ദേവി നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ കത്‌റയിലായിരുന്നു.

സെപ്തംബര്‍ 19ന് പ്രധാനമന്ത്രി ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് ഭക്തരെത്തുമ്പോള്‍ തങ്ങുന്ന ബേസ് ക്യാമ്പിനടുത്താണ് റോഡ് റാലിയുമായെത്തിയത്. അവിടെയാണ് നമ്മുടെ വിശ്വാസത്തെ ബഹുമാനിക്കുകയും സംസ്‌കാരത്തെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്ന സര്‍ക്കാരാണ് ഇവിടെ വേണ്ടതെന്ന് ഹിന്ദുസമൂഹത്തെ ഉദ്‌ബോധിപ്പിച്ചത്. ജമ്മു കശ്മീരിലെ പ്രബലമായ രണ്ട് പ്രാദേശിക പാര്‍ട്ടികളുടെ തലപ്പത്തുള്ളവരുടെ മതത്തെ കൂടെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് പ്രചാരണമത്രയുമെന്ന് ചുരുക്കം. മെഹബൂബ മുഫ്തിയുടെ പിഡിപിയും ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സുമാണ് ബിജെപിയുടെ സംസ്ഥാനത്തെ പ്രധാന എതിരാളികള്‍. ഇന്ത്യ സഖ്യത്തില്‍ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സുമെല്ലാം കോണ്‍ഗ്രസിനൊപ്പം സഖ്യത്തിലുണ്ടെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഗ്രസുമാണ് തിരഞ്ഞെടുപ്പിന് മുമ്പേ കൈകൊടുത്തിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് അടക്കം ഇന്ത്യ സഖ്യം വിറപ്പിച്ചതിന്റെ ഓര്‍മ്മയിലാണ് ജമ്മുവില്‍ ബിജെപി സീറ്റുകള്‍ എങ്ങനേയും പിടിക്കണമെന്ന് വാശിയില്‍ ഇറങ്ങിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യ രാമക്ഷേത്രം ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ ഫൈസാബാദ് സീറ്റിലെ തോല്‍വിക്ക് ശേഷം ബിജെപി തങ്ങളുടെ അടിസ്ഥാന വോട്ട് സമീകരണത്തിലുണ്ടായ ഇടിവില്‍ ആശങ്കാകുലരാണ്. ഹിന്ദുമത വിശ്വാസത്തിന്റെ മറപറ്റി തളിര്‍ക്കുന്ന താമരപാര്‍ട്ടിയ്ക്ക് അയോധ്യയ്ക്ക് പിന്നാലെ ഹിന്ദുവിശ്വാസത്തില്‍ പ്രകടമായ സ്വാധീനമുള്ള ‘ശ്രീ മാതാ വൈഷ്‌ണോ ദേവി ആരാധാനാ കേന്ദ്രമുള്ള സീറ്റില്‍ ഒരു തോല്‍വി ചിന്തനീയമല്ല. അയോധ്യ കൈവിട്ടത് പോലെ വൈഷ്‌ണോദേവിയും പോയാല്‍ അടിസ്ഥാനപരമായി തങ്ങളെ തഴച്ചു വളര്‍ത്തുന്ന ഹിന്ദുത്വയെന്ന ആശയത്തിന് പഴയ സ്വീകാര്യത കിട്ടുന്നില്ലെന്ന് തുറന്നുകാട്ടപ്പെടുമെന്ന് ബിജെപി ഭയക്കുന്നുണ്ട്.

മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് വൈഷ്‌ണോദേവി ക്ഷേത്രം എപ്പോഴും പ്രാധാന്യമുള്ള ഒന്നുതന്നെയായിരുന്നുവെന്നത് മറ്റൊരു കാര്യം. 2014 ലെ ലോക്സഭാ പ്രചാരണത്തിന് മുമ്പ് പാര്‍ട്ടിയുടെ അന്നത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദി ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചിരുന്നു. പിന്നാലെ വിജയവും ഒടുവില്‍ സംഘത്തിന്റെ പ്രഖ്യാപിത നയമായിരുന്ന ആര്‍ട്ടിക്കള്‍ 370 റദ്ദാക്കലുമെല്ലാം ബിജെപി നടത്തിയെടുത്തിരുന്നു. ഇതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തങ്ങളുടെ നടപടി ശരിയെന്ന് വാദിക്കാന്‍ വിജയം അനിവാര്യമാണ്.

2022ലെ ഡീലിമിറ്റേഷനുശേഷം റിയാസി, ഉധംപൂര്‍ അസംബ്ലി മണ്ഡലങ്ങളില്‍ നിന്ന് വിഭജിച്ച് ശ്രീ മാതാ വൈഷ്‌ണോ ദേവി നിയമസഭാ സീറ്റ് ഉണ്ടായിട്ടുള്ളതിനാല്‍ ഇത്തവണ ബിജെപിയ്ക്ക് ഈ സീറ്റിലെ വിജയത്തിന്റെ പ്രാധാന്യം ഇരട്ടിയായി മാറിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ബുധനാഴ്ച ഇവിടുത്തെ വോട്ടെടുപ്പ് നടന്നു കഴിഞ്ഞു. ഇനി കാത്തിരിപ്പാണ് പ്രധാനമന്ത്രിയടക്കം ഓടിനടന്ന് നടത്തിയ ഹിന്ദുത്വയുടെ പരമപ്രകാശനത്തില്‍ ഹിന്ദു ഉണര്‍ന്നോയെന്ന് അറിയാന്‍.

ജമ്മുവിലെ 90 നിയമസഭാ സീറ്റുകളില്‍ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആര്‍ക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ അരക്ഷിതമായി മാറിയ താഴ്‌വാരത്തില്‍ അതിര്‍ത്തി നിര്‍ണയം നടത്തി സുപ്രീം കോടതി ഉത്തരവ് പ്രകാരം തിരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്. സെപ്തംബര്‍ 18, 25 എന്നീ ദിവസങ്ങളിലായി രണ്ട് ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞു. ഒക്ടോബര്‍ ഒന്നിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ 8ന് വോട്ടെണ്ണല്‍ നടക്കും.

Latest Stories

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍