മുറിവേറ്റ മനുഷ്യർക്ക് മുകളിൽ പ്രതിഷ്ഠിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശ്രീകോവിൽ

ശാലിനി രഘുനന്ദനൻ

ചരിത്രവും കഥകളും പുരാണവും എല്ലാക്കാലത്തും ചർച്ചചെയ്യപ്പെടുന്നവയാണ്. എന്നാൽ മറന്നു പോകുന്ന ചിലതുണ്ട്. കൃത്യമായി ഏതുവഴിയിലൂടെ വ്യാഖ്യാനിക്കണം എന്നുപോലും വ്യക്തതയില്ലാത്ത കോടതിവിധിയും അതിന്റെ പിന്ബലത്തിൽ വർഗീയതയുടെ വിത്തുവിതച്ച് അധികാരം കൊയ്തെടുത്ത ഒരു ഭരണകൂടവും ചേർന്ന് അടിത്തറപാകി പണിതുയർത്തുന്ന ക്ഷേത്രത്തെക്കുറിച്ചല്ല. 1992 ഡിസംബർ ആറിന് ഈ മതേതരത്വം വിളിച്ചോതുന്ന നാട്ടിലെ ഹൈന്ദവതീവ്രവാദികൾ തകർത്ത ബാബറി മസ്ജിദെന്ന ചരിത്ര സ്മാരകത്തെക്കുറിച്ചുമല്ല. മറ്റേതൊരു തീവ്രവാദ സംഘടനയും തോറ്റുപോകുന്ന തരത്തിലൊരു ആക്രമണത്തിലൂടെ ഒരു രാജ്യത്തിന്റെ അടിത്തറയുലച്ച നരഭോജി രാഷ്ട്രീയത്തിന്റെ ഇരകളായ കുറേ മനുഷ്യരെക്കുറിച്ചാണ്.

തർക്കഭൂമി വാർത്തകളിൽ നിറയുമ്പോൾ,അവിടെ ഏകാധിപത്യത്തിന്റെ ശ്രീകോവിൽ പണിതുയർത്തുമ്പോൾ അതോടൊപ്പം നടന്നുകൊണ്ടിരിക്കുന്ന നെറികെട്ട രാഷ്ടട്രീയ ചതുരംഗത്തിലെ കരുക്കളായി മാറിയ അയോധ്യയിലെ സാധാരണ ജനങ്ങൾ. പണ്ട് വിഭജന സമയെത്തെന്നതുപോലെ പെട്ടെന്നൊരു ദിവസം കൊണ്ട് സ്വന്തം ജീവിതം ദുരന്തമായിത്തീർന്ന മനുഷ്യർ. സ്വന്തം പ്രദേശത്ത് രണ്ടാംകിട പൗരൻമാരായി ജീവിക്കേണ്ടി വന്ന ഒരു വിഭാഗം. ജനാധിപത്യ ഇന്ത്യയിലെ എറ്റവും വലിയ ദുര്യോഗം.

മൂന്നു നിലകൾ, ഉയരം 161 അടി, 392 തൂണുകൾ, സ്വർണത്തിൽ പൊതിഞ്ഞവ ഉൾപ്പെടെ 44 വാതിലുകൾ ജനുവരി 22-ന് പ്രാണ പ്രതിഷ്ടാ ചടങ്ങിനായി പണിതീർത്തുകൊണ്ടിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സവിശേഷതകളാണിവയെല്ലാം. കൂടാതെ ക്ഷേത്ര സമുച്ചയത്തില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ്, ജലശുദ്ധീകരണ പ്ലാന്റ്, അഗ്നി സുരക്ഷാ ജലവിതരണം, വൈദ്യുത നിലയം എന്നിവയെല്ലാമുണ്ട്.പിന്നെയും എവിടെയോ ഒരു പോരായ്മ തോന്നുന്നവരുണ്ടാകും. അവർ ചരിത്രം പഠിച്ചവരാകും, അല്ലെങ്കിൽ ഇന്ത്യൻ ചരിത്രത്തിലെ ഒരു കറുത്ത അധ്യായത്തെക്കുറിച്ച് അറിഞ്ഞവരാകും. അല്ലാതാരും ഈ മതരാഷ്ട്രീയത്തിന്റെ ഉത്സവ ചടങ്ങുകളിൽ നിന്ന് പുറം തിരിഞ്ഞ് നിൽക്കാൻ സാധ്യതയില്ല.

ബിജെപി- ആർഎസ്എസ് അജണ്ടയായ പ്രൊജക്റ്റ് രാമക്ഷേത്രം അയോധ്യയിൽ ഉയർന്നതിന് പിറകിൽ നരബലികൾ ഏറെ നടന്നിട്ടുണ്ട്. വർഗീയത മാത്രമായിരുന്നു ഈ പദ്ധതിയുടെ മൂലധനം. രാമജന്മഭൂമി മൂവ്‌മെന്റ് എന്ന ആശയത്തിലൂടെ വർഗീയ സംഘർഷങ്ങൾക്ക് വിത്തിട്ട ആസൂത്രണം. പിന്നീട് അയോധ്യയിൽ നിലനിന്നിരുന്ന ബാബറി മസ്ജിദ് പൊളിച്ച സംഭവം, കേവലം ഒരു പള്ളി പൊളിക്കല്ല മറിച്ച് ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് രാഷ്ട്രീയ അടിത്തറ പാകിയ ഏടാണെന്ന് അറിയാത്തവരല്ല ഇന്നത്തെ സ്തുതി പാഠകരിൽ ഏറിയ പങ്കും. ഇന്ന് ഏത് കോടതിവിധി പ്രകാരമാണെങ്കിലും പള്ളി പൊളിച്ച സ്ഥലത്ത് പണിതുയരുന്ന വിവാദ ക്ഷേത്രം ഭക്തജനങ്ങളുടെ പറുദീസയല്ല മറിച്ച് ഇന്ത്യയെന്ന ജനാധിപത്യ മതേതര രാഷ്ട്രത്തിന്റെ ശവപ്പറമ്പാണെന്ന് തെളിയാൻ ഈ ക്ഷേത്രോത്ഘടാനത്തിലൂടെ ബിജെപി ലക്ഷ്യമിടുന്ന ലോക്സഭ തെര‍ഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മതിയാകും.

ഇനി അയോധ്യയെ കുറിച്ച്, അവിടുത്തെ ജനങ്ങളെക്കുറിച്ച്. നാല് വർഷം മുൻ നടത്തിയ ഒരു അയോധ്യ യാത്രയുടെ ചില ഓർമ്മകൾ ഉണ്ട്.

2019 ൽ നടത്തിയ ഒരു ഉത്തരേന്ത്യൻ പര്യടനത്തിനിടെ അയോധ്യയിലേക്ക് വച്ച് പിടിച്ചിരുന്നു. പറഞ്ഞുകേട്ടതും വായിച്ചറിഞ്ഞതുമായുള്ള കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയുണ്ടെങ്കിലും അവിടെ ചെന്ന് ആളുകളോട് നിലവിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചറിയണം എന്നും കരുതിയിരുന്നു. എന്നാൽ ചോദിക്കാൻ ചെന്നിരുന്ന സമയത്തെത്തെല്ലാം അവരുടെ മുഖങ്ങളിൽ കണ്ടത് ഭയം മാത്രമായിരുന്നു. ഫൈസാബാദിൽ ട്രെയിനിറങ്ങി ഷെയർ ഓട്ടോ പിടിച്ച് അയോധ്യയിലേക്ക്. വണ്ടിയിലിരുന്നപ്പോൾ ശ്രുതി എന്നോടു പറഞ്ഞു നമ്മൾ പോകുന്നവഴിക്കാണോ ബാബറി മസ്ജിദിന്റെ സ്ഥലം എന്നു ചോദിക്കൂ. കേട്ടയുടൻ കൂടെയുണ്ടായിരുന്ന മറ്റാളുകൾ ഞെട്ടിത്തരിച്ചു. പിന്നെ പേടിയോടെ ഞങ്ങളുടെ മുഖത്തേക്കുനോക്കി. കൂടെവന്ന ഗവേഷകനായ വികാസ് ഞങ്ങളോട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. ഈ ജനാധിപത്യരാജ്യത്ത് ഭയമെന്ന വികാരത്തിന് ഇത്രയേറെ പ്രസക്തിയുണ്ടെന്ന് അന്നാണ് തിരിച്ചറിഞ്ഞത്.

അയോധ്യയിലെ ഒരു ചെറു വിപ്ലവകാരിയായ സഖാവ് ധീരജിന്റെ വീട്ടിലായിരുന്നു താമസം. നിലവിലെ സാഹചര്യം വിവരിക്കുന്നതിനിടയ്ക്ക് ധീരജ് പറഞ്ഞു. നിങ്ങളുടെ ചോദ്യങ്ങൾക്കെന്നല്ല ആരുടെ ചോദ്യങ്ങൾക്കും ഇവിടുത്തെ സാധാരണക്കാരന് മറുപടികാണില്ല. മറുപടിമാത്രമല്ല.സ്വന്തമായി അഭിപ്രായവും,പ്രതീക്ഷയും, പ്രതികരണവുമൊന്നും ഇവർക്കില്ല എന്നതാണ് സത്യം. സംസാരിക്കാനുള്ള ഭയം. പിന്നെ മരവിപ്പ്, പള്ളിയോ,അമ്പലമോ,എന്തേലും പണിത് അവസാനിപ്പിച്ച് പോകൂ എന്നൊരു ഭാവം. ഈ ഭയവും, മരവിപ്പും കലർന്ന നിസഹായവസ്ഥയാണ് ഒരു കൂട്ടർ ആ ജനങ്ങളുടെ വിശ്വാസവും, രാഷ്ട്രീയ നിലപാടും, പിന്തുണയുമെല്ലാം എന്ന പേരിൽ നേട്ടമുണ്ടാക്കി അധികാരസ്ഥാനങ്ങളിലെത്തി ഞെളിയുന്നത്. പുരാണം നോക്കി വിധി പറയുന്ന പരമോന്നത നീതിപീഠം നിലനിൽക്കുന്ന ഒരു നാട്ടിൽ ഏത് സാധാരണക്കാരനാണ് വായ് തുറക്കാൻ ധൈര്യപ്പെടുക.

പിന്നെ ദോഷം പറയരുതല്ലോ. നാറിയൊലിക്കുന്ന ഓടകളോട് ചേർന്ന്, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ മനുഷ്യർ പുഴുക്കളേപ്പോലെ കഴിയുന്ന തെരുവുകളും. ഇന്നും ഒരു മാറ്റവും വരുത്താതെ അതേപോലെ സംരക്ഷിച്ചു നിലനിർത്താനാകുക എന്നത് ഒരു നിസാരകാര്യമല്ല. അവയോട് ചേർന്ന് തന്നെ പുതിയ ആരാധാനാലയങ്ങളും മറ്റും നിർമ്മിച്ച് അതിലും മനോഹരമായി ആചാരസംരക്ഷണം നടത്താൻ കഴിയുക എന്ന മഹത്തായ പ്രക്രിയയെ പുകഴ്ത്താതിരിക്കാനുമാകില്ല. അതിന് തെളിവ് നമ്മൾ പലയിടത്തും നടന്നു കണ്ടിരുന്നു. ദുർഗന്ധം വമിക്കുന്ന ചാലുകളോട് ചേർന്ന് ദ്രവിച്ചുവീഴാറായ ചെറുകെട്ടിടങ്ങളിൽ താമസിക്കുന്ന മനുഷ്യർ. പ്രാഥമികാവശ്യങ്ങൾക്കുപോലും സൗകര്യമില്ലാത്ത ദയനീയാവസ്ഥ. സ്ത്രീകളുടേയും കുട്ടികളുടേയും സ്ഥിതി പറയാതിരിക്കലാണ് ഭേദം. പക്ഷെ അതിനോടി ചേർന്നുതന്നെ പലനിറങ്ങളിൽ മിനുക്കി മനോഹരമാക്കിയ ആരാധനാലയങ്ങളും, അണിയിച്ചൊരുക്കിയ പശുക്കളേയും കാണാനാകും. ഈ മതേതര രാഷ്ട്രം ഇന്ന് മനുഷ്യനേക്കാൾ ഏറെ വിലകൽപ്പിക്കുന്നത് മതത്തിനും ആചാരത്തിനും തന്നെയാണ്.

മുസ്ലീം വിഭാഗത്തിൽ പെടുന്നവർ ഏറെയൊന്നും ഇവിടെയില്ല. ആകെയുള്ള കുറച്ചുപേരാകട്ടെ പുറംലോകത്തെ ഭയന്ന് മാറിയാണ് കഴിയുന്നത്. മസ്ജിദിനെക്കുറിച്ച് ചോദിച്ചാൽ അവർ ഭയംകൊണ്ടുവിടർന്ന കണ്ണുകളാൽ നമ്മെ നോക്കും.പിന്നെ തൊഴുതുകാണിക്കും.നമുക്കൊന്നും പറയാനില്ലേയെന്ന്. പകൽ പോലെ തെളിവുനൽകിയിരുന്ന ചരിത്ര സത്യം പുരാണവും കെട്ടുകഥയും കൊണ്ട് തകർക്കപ്പെട്ടത് കണ്ടു നിന്നവരാണ്. അവിടെ ഇനിയൊരു നീതി അവർ പ്രതീക്ഷിക്കുന്നില്ല എന്നതിൽ തെറ്റുപറയാനാകില്ല. ഒരു കാലത്ത് തന്നോടൊപ്പം നടന്നിരുന്ന മുസ്ലീം കൂട്ടുകാരെ ഇപ്പോൾ നേരിൽ കണ്ട കാലം മറന്നെന്നാണ് ചായക്കടനടത്തുന്ന ഒരു മധ്യവയസ്കൻ പറഞ്ഞത്. നടത്തത്തിനിടയിൽ ഒരു ചിരിയോടെ മസ്ജിദ് തകർത്തയിടത്തേക്ക് നോക്കി. ഉയർത്തിക്കെട്ടിയ കമ്പിവേലികൾക്കിടയിലൂടെ ആദ്യം കണ്ടത് കാവൽനിൽക്കുന്ന സൈനികന്റെ തോക്കിൻ കുഴലാണ്. ഞങ്ങൾ പതുക്കെ തിരിഞ്ഞു നടന്നു.

വിശ്വാസികളായ ചിലരോടും സംസാരിച്ചിരുന്നു. അവരുടെ മറുപടിയാണ് അതിശയിപ്പിച്ചുകളഞ്ഞത്. രാമക്ഷേത്രം വന്നാൽ സന്തോഷമാണ് പക്ഷെ അതീപ്പറയുന്ന പുരാണകഥകൾ കേട്ട് പുളകം കൊണ്ടിട്ടൊന്നുമല്ല. . അത്ഭുതങ്ങളെക്കുറിച്ചൊന്നും അവർക്ക് യാതൊരറിവുമില്ലത്രേ. പ്രചരിക്കുന്ന കഥകളിൽ അത്രവിശ്വാസവും ഇല്ല. മുസ്ലീമിനെയെന്നല്ല മറ്റൊരു വിഭാഗത്തേയും അപമാനിച്ചോ വേദനിപ്പിച്ചോ ക്ഷേത്രം പണിയണമെന്ന് ഒരു താൽപര്യവും അവർക്കില്ല. മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് തങ്ങൾക്കറിയാവുന്ന അവിടുത്തെ മുസ്ലീമുകളോ വിശ്വാസികളോ ഏറ്റുമുട്ടിയതായും അവർക്കറിയില്ല. പിന്നെയേത് വിശ്വാസികൾക്ക് വേണ്ടിയാണ് ഇത്രമേൽ ശക്തമായ പ്രചരണവും അക്രമവും നടന്നതെന്നും അവർക്കറിയില്ല. ഈ നാട്ടിലെ യഥാർത്ഥ വിശ്വാസികളുടെ അവസ്ഥ ഇതാണ്.

അയോധ്യയിലെ തെരുവുകളിൽ നിരവധി പുസ്തകക്കടകളുണ്ട്. പുരാണ കഥകൾ മാത്രമാണ് അവിടെ വിൽക്കുന്നത്. മറ്റ് പുസ്തകങ്ങൾ ഉണ്ടോയെന്നന്വേഷിച്ചു. ഇല്ലെന്നുമാത്രമല്ല. കൃഷ്മനും രാമനുമല്ലാതെ മറ്റു ദൈവങ്ങളോ പുരാണമല്ലാതെ മറ്റാശയങ്ങളോ അവിടെ വിറ്റഴിക്കുന്നുവോയെന്ന് പരിശോധിക്കാൻ പലരും അവിടെ ചുറ്റിനടപ്പുണ്ടത്രേ. ഒരു കടയിലുണ്ടായിരുന്ന സ്ത്രീ മറഞ്ഞിരുന്നു പത്രം വായിച്ചിരിക്കുന്നു, ആരോ അടുത്തുചെന്നപ്പോൾ അവരുടൻ തന്നെ പത്രം ഒളിപ്പിച്ചു. താനെന്തോ അപരാധം ചെയ്തപോലായിരുന്നു അവരുടെ അപ്പോഴത്തെ മുഖഭാവം. ഏതായാലും സിഡികളൊന്നും കണ്ടില്ല. പുസ്തക കച്ചവടം നടത്തുന്ന ഒരു വൃദ്ധനോട് ഞങ്ങൾ ചോദിച്ചു. ഈ തർക്കവും അമ്പലം പണിയാനുള്ള അഹ്വാനവുമൊക്കെ നടക്കുന്നതിനിടയിൽ ഇവിടെക്കഴിയുന്ന നിങ്ങളേപ്പോലുള്ള മനുഷ്യരുടെ സ്ഥിതി വളരെ കഷ്ടമല്ലേ. അത് പരിഹരിക്കാനെന്തെങ്കിലും പദ്ധതികൾ നടക്കുന്നുണ്ടോയെന്ന്. അതിനയാൾ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. അതിന് ആരാണ് ഞങ്ങളെ മനുഷ്യരായി കാണുന്നത്?

ഇന്ന് തെരുവുകൾ ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. മാലിന്യങ്ങളും, ദുർഗന്ധവും പാടെ നീക്കി തുടച്ച് വൃത്തിയാക്കി മുഖം മിനുക്കിയിരിക്കുന്നു. കോടികൾ ചെലവഴിച്ച് വികസനപ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നു. രാമക്ഷേത്രത്തിനൊപ്പം അയോധ്യയും മുഖം മിനുക്കുകയാണ്. ആഗോള തീര്‍ത്ഥാടന നഗരമെന്ന ലക്ഷ്യത്തിനുവേണ്ടി ചെലവഴിക്കുന്നത് 85000 കോടി രൂപയാണ്. രാമക്ഷേത്ര നിര്‍മാണത്തോടെ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സൗന്ദര്യവൽക്കരണമാണ് ഈ പ്രദേശത്ത് നടന്ന് കൊണ്ടിരിക്കുന്നത്. ഇന്നിപ്പോള്‍ 35 പുതിയ ഹോട്ടലുകള്‍, 600 ഹോം സ്റ്റേകള്‍, ഒരു അന്താരാഷ്ട്ര വിമാനത്താവളം, ഒരു റെയില്‍വേ സ്റ്റേഷന്‍, വിശാലമായ റോഡുകള്‍, അലങ്കരിച്ച കെട്ടിടങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്ന വിശാലമായ ഒരു നഗരമായി അയോധ്യ മാറിക്കഴിഞ്ഞു.

നഗരങ്ങൾ മനോഹരമാകുന്നത് നല്ലതുതന്നെ , ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഏതൊരു വികസന മാതൃകകളും സ്വാഗതം ചെയ്യപ്പെടുകതന്നെ വേണം. അപ്പോഴും ചരിത്രമറിയാവുന്ന, മുറിവേറ്റുപോയ കുറേ മനുഷ്യരുണ്ട്. ഈ നഗരത്തിലും, സമീപപ്രദേശങ്ങളിലും. സ്വന്തം രാജ്യത്ത് രണ്ടാം കിട പൗരൻമാരായി ജീവിക്കേണ്ടി വന്ന കുറേയധികം മനുഷ്യർ. ഒരു രാജ്യത്തെ  കാർന്നു തിന്നുന്ന നരഭോജി രാഷ്ട്രീയത്തിന്റെ ഇരകളായ കുറേ മനുഷ്യർ. അവരെ കൂടി ഓർത്തുകൊണ്ടാല്ലാതെ ഈ പ്രതിഷ്ഠാ കർമ്മത്തെ അടയാളപ്പെടുത്താനാകില്ല. ലോകത്തിനു മുന്നിൽ ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ മുറുകെ പിടിച്ച് തല ഉയർത്തി നിന്ന ഒരു രാജ്യം വർഗീയ രാഷ്ട്രീയത്തിന്റെ ഇരയായി മാറിയ ഗതികേടിനെ ഓർത്തുകൊണ്ടല്ലാതെ ഈ ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണോത്സവത്തെ കണ്ടു നിൽക്കാനുമാകില്ല.

Latest Stories

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി