സി.ബി.ഐ എന്തറിഞ്ഞു?

സെബാസ്റ്റ്യന്‍ പോള്‍

കൃത്യം നടന്ന് ഇരുപത്തിയെട്ടാം വര്‍ഷം ലക്‌നൗവിലെ സിബിഐ കോടതി ഒരു സത്യം കണ്ടെത്തി: അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തത് സാമൂഹ്യവിരുദ്ധരാണ്. കര്‍സേവകര്‍ക്ക് അങ്ങനെയും ഒരു പേരുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ആക്രമണാസക്തരായ കര്‍സേവകരെ പിന്തിരിപ്പിക്കാനാണ് എല്‍ കെ അദ്വാനിയും കൂട്ടരും ശ്രമിച്ചതെന്ന് കോടതിക്ക് മനസ്സിലായി. നിയന്ത്രണത്തിന്റെ ഭാഗമായി ഉമാഭാരതി നിയന്ത്രണം വിട്ട് മുരളി മനോഹര്‍ ജോഷിയെ ആലിംഗനം ചെയ്യുന്ന കാഴ്ച അന്നു നമ്മള്‍ കണ്ടതാണ്. പിന്നെ എന്തിനാണ് സിബിഐ ഇവരെയൊക്കെ പ്രതികളാക്കിയത് എന്നറിഞ്ഞു കൂടാ.

അന്നത്തെ യജമാനന്‍ പറഞ്ഞപ്പോള്‍ എല്ലാവരെയും പ്രതികളാക്കി; ഇന്നത്തെ യജമാനന്‍ പറയാതെ തന്നെ കേസ് തോറ്റുകൊടുത്തു. അപ്പോള്‍ ഇത്രയേ ഉള്ളു സിബിഐ. ഇതറിയാതെയാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും സിബിഐയില്‍ വിശ്വാസമര്‍പ്പിച്ച് കഴിയുന്നത്. നേരറിയാന്‍ സിബിഐയുടെ പടിപ്പുര വരെ പോകുന്നത് വെറുതെ. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു എന്ന് കോടതി സമ്മതിച്ചതു തന്നെ വലിയ കാര്യം. മസ്ജിദ് അവിടെ ഉണ്ടായിരുന്നുവെന്നതിന് കോടതി തെളിവ് ചോദിച്ചിരുന്നുവെങ്കില്‍ സിബിഐ ചുറ്റിപ്പോകുമായിരുന്നു. ആകെ അവരുടെ കൈയിലുണ്ടായിരുന്ന തെളിവ് നെഗറ്റീവില്ലാത്ത കുറേ ഫോട്ടോകളും എഡിറ്റ് ചെയ്ത വീഡിയോയും ആയിരുന്നു. ആ തെളിവുകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞത് ശരി.

ഇങ്ങനെയാണ് പ്രീമിയര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നതെങ്കില്‍ സിബിഐയെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് അധികം മെനക്കെടേണ്ടതില്ല. ഇനി അപ്പീല്‍ പോകുമെന്നാണ് പറയുന്നത്. അസ്ഥിവാരമില്ലാത്ത കേസുമായി അപ്പീല്‍ പോയിട്ടെന്തു കാര്യം? ഇപ്പോള്‍ പറഞ്ഞത്രയും പറയുന്നതിന് 27 വര്‍ഷവും 2,000 ഷീറ്റ് കടലാസും വേണ്ടി വന്നു. അപഹൃതവസ്തു അപഹര്‍ത്താവിന് അളന്നു കൊടുത്ത വിധിയില്‍ മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീംകോടതി ആവശ്യമില്ലാതെ പറഞ്ഞു. അതുകൊണ്ടാണ് മസ്ജിദ് തകര്‍ത്തത് സാമൂഹിക വിരുദ്ധരാണ് എന്നെങ്കിലും ജഡ്ജി എസ് കെ യാദവിനു പറയേണ്ടിവന്നത്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി ഇനിയൊരു കാല്‍ നൂറ്റാണ്ടു കൂടി കറങ്ങി വരുമ്പോള്‍ അവശേഷിക്കുന്ന പ്രതികളില്‍ എത്ര പേര്‍ അവശേഷിക്കുമെന്ന് പറയാനാവില്ല.

അയോദ്ധ്യ ആര്‍ക്കാണ് ഗുണം ചെയ്തതെന്ന ചോദ്യം അവശേഷിക്കുന്നു. മസ്ജിദ് പൊളിക്കാന്‍ മൗനസമ്മതം നല്‍കിയ പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്ക് അത് ഗുണം ചെയ്തില്ല. കോണ്‍ഗ്രസിന് വീണ്ടും അധികാരത്തില്‍ വരുന്നതിന് 2004 വരെ കാത്തിരിക്കേണ്ടി വന്നു. അതും ഇടതുപക്ഷത്തിന്റെ സഹായത്തോടെ. 2014-ല്‍ ബിജെപി അധികാരത്തില്‍ വന്നത് 32 ശതമാനം വോട്ടോടെയാണ്. ബാക്കി ഹിന്ദുക്കളെ എന്തു കൊണ്ട് അയോദ്ധ്യ ആകര്‍ഷിച്ചില്ല? 2019-ല്‍ ആറോ ഏഴോ ശതമാനം വോട്ടു കൂടിയത് ബദലിന്റെ അഭാവത്തിലായിരുന്നു ദുര്‍ബലമായ കോണ്‍ഗ്രസിനേക്കാള്‍ ബലവാനായ മോദിയെ ജനങ്ങള്‍ സ്വീകരിച്ചുവെന്നു മാത്രം.

പള്ളി പോയി; ക്ഷേത്രത്തിനു കല്ലുമിട്ടു. സംഘപരിവാറിന്റെ ദുഷ്ടമായ ഹിന്ദുത്വ അജണ്ടയില്‍ വല്ല മാറ്റവും വരുമോ എന്നാണ് ഇനി അറിയേണ്ടത്. മതനിരപേക്ഷതയുടെ അടിസ്ഥാനത്തില്‍ ഒരു തീവ്ര വലതുപക്ഷ പാര്‍ട്ടിയാകാനുള്ള സാദ്ധ്യത ബിജെപിക്കുണ്ട്. നയമില്ലാത്ത കോണ്‍ഗ്രസിന് ബിജെപിയുടെ പിന്നില്‍ നില്‍ക്കാനേ കഴിയൂ. പക്ഷേ അയോദ്ധ്യയില്‍ നിന്ന് സംഘപരിവാര്‍ നോക്കുന്നത് മഥുരയിലേക്കാണ്. അവിടെ ശ്രീകൃഷ്ണ ജന്മഭൂമിക്കു വേണ്ടി ഈദ്ഗാഹ് പൊളിക്കണമെന്നാണ് ആവശ്യം. ഇടങ്ങള്‍ മാറിമാറി ജന്മഭൂമികള്‍ക്ക് സ്ഥലം തിരക്കി നടക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന വിധിയാണ് ലക് നൗവില്‍ നിന്നുണ്ടായത്.

Latest Stories

'മകനെ രക്ഷപ്പെടുത്താനായി നാടിന്റെ ഹൃദയത്തെ കീറിമുറിക്കാതിരിക്കൂ; ഗുരുദേവന്റെ നാമത്തിലുള്ള പൂണ്ടുവിളയാട്ടം ലജ്ജിപ്പിക്കുന്നത്; കസേരയില്‍ നിന്ന് താഴെയിറങ്ങി സംസാരിക്കുക'

ഹജ്ജ് 2025: ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്ക് താത്കാലിക വിസ നിരോധനം ഏർപ്പെടുത്താൻ സൗദി അറേബ്യ

IPL 2025: ഷമിയോ ഷമിയൊക്കെ തീർന്നു, ഇനി ഇന്ത്യൻ ടീമിൽ അവന്റെ സ്ഥാനത്ത് ആ താരമാണ്; അമ്മാതിരി പ്രകടനമാണ് അയാൾ നടത്തുന്നത് : ഇയാൻ ബിഷപ്പ്

ഐഎൻടിയുസിയെ സർക്കാർ വിലാസം സംഘടനയാക്കാൻ അനുവദിക്കില്ല; ആശാ സമരത്തിൽ ഓണറേറിയം വർധിപ്പിക്കാൻ സർക്കാരിന് കഴിയുമെന്ന് കെ മുരളീധരൻ

മമ്മൂക്കയുടെ ചികിത്സ ഏകദേശം കഴിഞ്ഞു, സീരിയസ് പ്രശ്‌നങ്ങളില്ല: ബാദുഷ

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്റെ ഹർജി ഹൈക്കോടതി തള്ളി

IPL 2025: അന്ന് നീ അവനെ പുച്ഛിച്ചു, ഇപ്പോൾ ഇയാൾക്കുള്ള അടിയാണ് ആ താരം നൽകുന്നത്; രോഹിത്തിനെതിരെ നവ്‌ജോത് സിംഗ് സിദ്ധു

‘കേന്ദ്രം ന്യൂനപക്ഷ വിഭാഗത്തെ ആക്രമിക്കുന്നു, വഖഫ് നിയമം മുനമ്പം പ്രശ്‌നം പരിഹരിക്കില്ല’; വിമർശിച്ച് എം എ ബേബി

ആണവ സുരക്ഷിതത്വത്തെ അപകടത്തിലാക്കുന്ന മോദി സര്‍ക്കാര്‍

IPL 2025: ഉള്ളത് പറയാമല്ലോ അത് എനിക്ക് ദഹിക്കാൻ പ്രയാസമായിരുന്നു, ആ വാർത്ത കേട്ടപ്പോൾ സങ്കടമായി; വെളിപ്പെടുത്തലുമായി മുഹമ്മദ് സിറാജ്