ഉദ്ദവോ ഷിന്‍ഡേയോ? ആരെ തള്ളും ആരെ കൊളളും മറാത്താഭൂമി; താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

1966ല്‍ ആദ്യം രാഷ്ട്രീയ താല്‍പര്യം ഇല്ലാത്ത സംഘടനയായി ബാല്‍ താക്കറെ രൂപീകരിച്ച ശിവസേന മറാത്ത വാദവും തീവ്രഹിന്ദുത്വ വലതുപക്ഷ നിലപാടുമായി മഹാരാഷ്ട്രയില്‍ ശക്തിപ്രാപിച്ചു വന്നതാണ്. ബിജെപിയുടെ നിലപാടിനോട് സമാനമായ അതിദേശീയതാവാദവും തീവ്രവലതുപക്ഷ ഹിന്ദുത്വ നിലപാടുമെല്ലാം ശിവസേനയെ ബിജെപിയോടും ബിജെപിയുടെ ആദിരൂപമായ ജനസംഘിനോടും ചേര്‍ന്നുപോകുന്നതാക്കി. മറാത്താവാദവുമായി വന്ന പാര്‍ട്ടിയ്ക്ക് രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനത്ത് വളരെ വേഗത്തില്‍ വേരാഴ്ത്താനായി. രൂപം കൊണ്ടതിന് പിന്നാലെ നടന്ന തിരിഞ്ഞെടുപ്പില്‍ തന്നെ മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ചലനം സൃഷ്ടിക്കാനായിരുന്നു. താന മുന്‍സിപ്പാലിറ്റി പിടിച്ചാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പോരിന് ശിവസേന കളമൊരുക്കിയത്.

പിന്നീട് 80കളില്‍ ബിജെപി രൂപീകൃതമാവുകയും 90കളില്‍ തഴയ്ക്കുകയും ചെയ്തപ്പോഴേക്ക് ശിവസേന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കാലുറപ്പിച്ചു നിര്‍ത്തിയിരുന്നു. മറാത്താവാദത്തില്‍ തുടക്കത്തില്‍ താക്കറേയ്ക്ക് ജനസംഘിനോടൊണ്ടായിരുന്ന എതിര്‍പ്പെല്ലാം കാലക്രമേണെ മാറി അതൊരു സംഘപരിവാര സംവിധാനത്തിലേക്ക് വന്നിരുന്നു. 90കള്‍ മുതല്‍ ബിജെപിയേക്കാള്‍ സീറ്റ് മഹാരാഷ്ട്രയില്‍ നേടി ശിവസേന കരുത്തുകാട്ടിയിരുന്നു. അതായത് മഹാരാഷ്ട്രയില്‍ ബിജെപിയ്ക്ക് മേലായിരുന്നു ശിവസേനയുടെ സ്ഥാനം. 98ല്‍ എന്‍ഡിഎ മുന്നണി ഉണ്ടാവുമ്പോള്‍ സ്ഥാപക അംഗമായി ജ്വലിച്ചു നിന്ന ശിവസേനയ്്ക്ക് ഒരു വല്യേട്ടന്‍ ഭാവം അപ്പോഴേക്കും കല്‍പ്പിച്ചു കിട്ടിയിരുന്നു മഹാരാഷ്ട്രയില്‍.

1995ല്‍ മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും ചേര്‍ന്ന് ആദ്യമായി സര്‍ക്കാരുണ്ടാക്കി. കോണ്‍ഗ്രസായിരുന്നു അതുവരെ മഹാരാഷ്ട്രയിലെ എതിരില്ലാ വമ്പന്‍മാര്‍. പിന്നീട് കോണ്‍ഗ്രസിലെ പടല പിണക്കവും ശരദ് പവാര്‍ പാര്‍ട്ടു വിട്ടു എന്‍സിപി ഉണ്ടാക്കിയതുമെല്ലാം കോണ്‍ഗ്രസ് ശക്തി ക്ഷയിപ്പിച്ചു. പക്ഷേ 95ലെ വിജയത്തിന് ശേഷം 99 മുതല്‍ വീണ്ടും കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്ര പിടിച്ചു. അപ്പോഴെല്ലാം ബിജെപിയ്ക്ക് മേലെ സീറ്റുമായി ശിവസേന എന്‍ഡിഎ മുന്നണിയില്‍ ഒന്നാമനായിരുന്നു.

2009ല്‍ കോണ്‍ഗ്രസും എന്‍സിപിയും ഭരണം പിടിച്ചെങ്കിലും ആദ്യമായി ബിജെപി, ശിവസേനയ്ക്ക് മേലെ സീറ്റ് പിടിച്ചു. അവിടം കൊണ്ടാണ് ശിവസേനയും ബിജെപിയും തമ്മിലുള്ള മൂപ്പിളമ തര്‍ക്കം പ്രത്യേക ഘട്ടത്തിലേക്ക് നീങ്ങുന്നത്. തങ്ങള്‍ക്കൊപ്പം നിന്ന് കളം പിടിച്ചവര്‍ തങ്ങള്‍ക്ക് മേലെ വരുന്നത് ശിവസേന നോക്കി നില്‍ക്കേണ്ടി വന്നു. 2014 ആയപ്പോഴേക്കും സീറ്റ് വിഭജനം കീറാമുട്ടിയായി. ബിജെപിയുമായുള്ള 25 വര്‍ഷത്തെ സഖ്യത്തിന് 2014ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ അടിതെറ്റി. ഗുജറാത്തില്‍ നിന്നുള്ള മോദി ഗ്യാരന്റിയിലെത്തിയ ബിജെപി സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള മറാത്ത പാര്‍ട്ടിയുടെ വാദങ്ങളൊന്നും വിലവെച്ചില്ല. തമ്മില്‍തല്ലല്‍ ഒടുവില്‍ ഇരുവരും സ്വതന്ത്രമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വരെയെത്തി. 2014ലെ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ഏറ്റവും വലിയ കക്ഷിയായതോടെ ശിവസേന തങ്ങളുടെ നിലനില്‍പ്പില്‍ ഭയക്കേണ്ട സ്ഥിതിയെത്തി.

ബിജെപിയാകട്ടെ പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി അവരുടെ വോട്ടുപിടുങ്ങുന്ന രാഷ്ട്രീയം മഹാരാഷ്ട്രയില്‍ വിജയിപ്പിച്ചെടുത്തതിന്റെ ആവേശത്തില്‍ പലയിടത്തും പിന്നാലെ പയറ്റി വിജയിപ്പിച്ചു. ഒന്നാമനായിരുന്ന ശിവസേന രണ്ടാമതായതോടെ ബിജെപിയെ ഭീഷണിയായി തന്നെ കണ്ടു. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിയുടെ രണ്ടാംതരക്കാരനാകാന്‍ ഉദ്ദവ് താക്കറെ മടിച്ചു. അന്തരിച്ച ബാല്‍ താക്കറെയുടെ കാലം മുതല്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ സേന ഒരിക്കലും ഒരു ജൂനിയര്‍ പങ്കാളിയുടെ വേഷം ചെയ്തിട്ടില്ല. എന്‍സിപി തലവന്‍ ശരദ് പവാറിന്റെ സില്‍വര്‍ ഓക്ക് വസതിയും ബാല്‍ താക്കറെയുടെ മാതോശ്രീ വസതിയുമായിരുന്നു ദീര്‍ഘകാലമായി സംസ്ഥാനത്തെ രണ്ട് പവര്‍ഹൗസുകളായി നിലനിന്നത്. എന്നാല്‍ 2014ലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും ദേശീയ രാഷ്ട്രീയത്തിലെ പിടിച്ചടക്കലും പഴയ രാഷ്ട്രീയ ഭൂപടം പാടേ തകര്‍ത്തു.

ബിജെപി എന്ന ദേശീയ പാര്‍ട്ടി ശിവസേനയെപ്പോലുള്ള പ്രാദേശിക പാര്‍ട്ടികളെ ഒരു മൂലയിലേക്ക് ഒതുക്കി സഹവര്‍ത്തിത്വത്തിന്റെ അവസരം ഇല്ലാത്ത രാഷ്ട്രീയമുണ്ടാക്കാന്‍ ശ്രമം തുടങ്ങി. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ മഹാരാഷ്ട്ര സര്‍ക്കാരില്‍ ശിവസേനയ്ക്ക് അപ്രധാന വകുപ്പുകള്‍ മാത്രമാണ് ലഭിച്ചത്. പാര്‍ട്ടി മന്ത്രിമാരുടെ വകുപ്പുകളുടെ ഫയലുകള്‍ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഓഫീസ് സ്ഥിരമായി സ്തംഭിപ്പിക്കുകയോ ചോദ്യങ്ങളോടെ തിരിച്ചയയ്ക്കുകയോ ചെയ്തു. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സേന ഒറ്റയ്ക്ക് 68 സീറ്റുകള്‍ നേടിയപ്പോള്‍, 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും 56 സീറ്റുകള്‍ മാത്രമാണ് നേടാനായത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപി കാലുറപ്പിച്ചപ്പോള്‍ ശിവസേനയുടെ നില ഓരോ തിരഞ്ഞെടുപ്പിലും പരുങ്ങലിലായി.

അതിദേശീയതാവാദവും വലതുപക്ഷ തീവ്ര നിലപാടും രണ്ടുകൂട്ടര്‍ക്കും ഒരുപോലെയായതിനാല്‍ മറാത്തവാദം മാത്രമായിരുന്നു ശിവസേനയെ പൊതുമധ്യത്തില്‍ വേറിട്ടുനിര്‍ത്തിയ സംഗതി. ദേവേന്ദ്ര ഫഡ്‌നാവിസെന്ന മറാത്തക്കാരനെ കൊണ്ട് ബിജെപി സമര്‍ത്ഥമായി ആ സാധ്യത ഉയരാനുള്ള അവസരമുണ്ടാക്കിയില്ല. ബിജെപി സഖ്യം വിട്ടു പഴയ പവര്‍ഹൗസ് ശരദ് പവാറുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തി ശിവസേന തങ്ങള്‍ക്ക് ഭീഷണിയായ ഹിന്ദുത്വക്കാരനെ വീഴ്ത്താനിറങ്ങി വിജയിച്ചു. ഗുജറാത്തി ലോബിയ്ക്ക് മുന്നില്‍ വീഴാന്‍ തയ്യാറാവാത്ത ഉദ്ദവ് താക്കറേയുടെ മറാത്താ ബോധം തന്നെയാണ് ബിജെപി- ശിവസേന പോരില്‍ പലപ്പോഴും തെളിഞ്ഞു കണ്ടത്. ഗുജറാത്തില്‍ നിന്നെത്തിയ നരേന്ദ്ര മോദി- അമിത് ഷാ ടീമിന് മുന്നില്‍ അവര്‍ പറയുന്നതെല്ലാം ഏറാന്‍മൂളി നില്‍ക്കാന്‍ മറാത്താവാദക്കാര്‍ക്ക് പറ്റുമായിരുന്നില്ല. അതായിരുന്നു ശിവസേന- ബിജെപി പിരിയലിന്റെ ഒരു കാരണം.

പക്ഷേ തങ്ങളെ വിട്ടുപോയവരെ പിരിച്ചു വേര്‍പെടുത്തി രണ്ടാക്കിയാണ് ബിജെപി തങ്ങളുടെ ‘വിഭജന രാഷ്ട്രീയം’ കൊണ്ട് മറാത്തയെ ഞെട്ടിച്ചത്. ഏക്‌നാഥ് ഷിന്‍ഡേയേയും കൂട്ടരേയും പിളര്‍ത്തിയെടുത്ത് മഹാവികാസ് അഘാഡി സര്‍ക്കാരിനെ വീഴ്ത്തി ബിജെപി മഹാരാഷ്ട്ര ഭരിച്ചു. എതിരിട്ട ശിവസേനയെ പിളര്‍ത്തിയെടുത്ത മോദി- ഷാ ബുദ്ധി കൂര്‍മ്മത ശിവസേനയുടെ ഇല്ലായ്മയില്‍ അവസാനിക്കുമോയെന്ന ചോദ്യമാണ് ബാക്കി. തമ്മിലടിപ്പിച്ച് തങ്ങള്‍ക്ക് പ്രതിസന്ധിയാകുമായിരുന്ന ഒരു സംഘത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയമാണ് മഹാരാഷ്ട്രയില്‍ ബിജെപി പയറ്റിയത്. ചിഹ്നവും പാര്‍ട്ടി കൊടിയുമെല്ലാം ഷിന്‍ഡേയ്ക്ക് ഒപ്പമെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളാണ് കരുത്തരെന്ന് തെളിയിച്ച ഉദ്ദവ് താക്കറെ വിഭാഗത്തിന് യഥാര്‍ത്ഥ സേനയെന്ന് തെളിയിക്കുന്നതിന് നിയമസഭാ തിരഞ്ഞെടുപ്പ് ഒരു ചൂണ്ടുപലകയാണ്. നവംബര്‍ 20ന് ശിവസേന വേഴ്‌സസ് ശിവസേന യുബിടി 49 ഇടങ്ങളില്‍ നേരിട്ടാണ്. ആരാണ് സേനയെന്ന് തെളിയിക്കലാണ് ഗര്‍ജ്ജിക്കുന്ന കടുവ ചിഹ്നവുമായി തുടങ്ങിയ താക്കറേയുടെ ഇളമുറ സംഘങ്ങളുടെ പ്രധാന ലക്ഷ്യം. ബിജെപിയാകട്ടെ മഹാരാഷ്ട്രയില്‍ തങ്ങള്‍ തന്നെയാണ് ഒന്നാമത് എന്നുറപ്പിക്കാനുള്ള പോരാട്ടത്തിലും. ഒപ്പം ഒരു സേനയും തങ്ങള്‍ക്ക് മേലെയല്ല എന്ന് പരിഹാസത്തോടെ ചൂണ്ടിക്കാണിക്കാന്‍ പിളര്‍ത്തി ഇല്ലാതാക്കിയതിന്റെ അവസാന അടയാളം ചൂണ്ടിക്കാണിക്കാനുള്ള തയ്യാറെടുപ്പിലും.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ