ഇല്ലായ്മ 'കളെ ആഘോഷിക്കുന്നവർ ശ്രദ്ധിക്കുക

കെ. സഹദേവൻ
‘ഇല്ലായ്മ’കളുടെ ആഘോഷമാണല്ലോ എങ്ങും.

കഴിഞ്ഞ ദിവസം തൻ്റെ ബാല്യകാല ‘ഇല്ലായ്മ’കളെക്കുറിച്ച് നരേന്ദ്ര മോദി സ്വയം മാധ്യമങ്ങളോട് സംസാരിക്കുന്നത് നാം കണ്ടു. പുതിയ ഷൂസ് വാങ്ങാൻ കാശില്ലാത്തതിനാൽ ചോക്കു പൊടി കൊണ്ട് ഷൂ വെളുപ്പിച്ചത് തൊട്ടുള്ള ‘ഇല്ലായ്മ’കഥകളുടെ മലവെള്ളപ്പാച്ചിലായിരുന്നു. വീടില്ല, പണമില്ല, കാറില്ല, കടമില്ല, അങ്ങിനെ പോകുന്നു ഇല്ലായ്മ പട്ടിക…

”തൻ്റെ വീടു തരാം, പകരം താങ്കളുടെ വീട് രാജ്യത്തിന് സമ്മാനിക്കുമോ” എന്ന് രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുകയും ചെയ്തു മോദി.

മാധ്യമങ്ങളാകട്ടെ ഈ ‘ഇല്ലായ്മ’കളുടെ സമൃദ്ധി നന്നായി ആഘോഷിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ പ്രധാന മന്ത്രി പദത്തിലിരിക്കുന്ന നരേന്ദ്ര മോദിക്ക് വേറെയും ചില ‘ഇല്ലായ്മ’കളുണ്ട്. അത് മോദിയുടെ മാത്രം ഇല്ലായ്മകളല്ല. സംഘപരിവാർ ജനുസ്സിൽപ്പെട്ട, ആർ എസ് എസ് സ്കൂളിൽ പഠിച്ച സകലരുടെയുമാണ്.

ദാരിദ്ര്യത്തിൻ്റെ കഥ പറയേണ്ടി വരുമ്പോൾ സംഘപരിവാരങ്ങൾ ഇടക്കിടെ എടുത്തുപയോഗിക്കുന്ന മറ്റൊരു ‘ഇല്ലായ്മ’ക്കാരനെക്കുറിച്ച് പറയാം.

പേര്, പ്രതാപ് ചന്ദ്ര സാരംഗി
ഒഡീഷയിലെ നീലാൻഗിരി ലോക്സഭാ മണ്ഡലത്തിൽ നിന്നാണ്. കേന്ദ്ര വ്യവസായ സഹമന്ത്രിയായും ഇരുന്നിട്ടുണ്ട്. കുടിലിൽ ആയിരുന്നു താമസം. സൈക്കിൾ മാത്രമേ ഉപയോഗിക്കുമായിരുന്നുള്ളൂ. കീറിയ ജുബ്ബയും മറ്റും. ഇല്ലായ്മകൾ പൂത്തു നിറഞ്ഞ മനുഷ്യൻ.

കന്ധമാലിൽ ക്രിസ്ത്യൻ സമൂഹത്തെ പച്ചയക്ക് വെട്ടിയരിഞ്ഞപ്പോഴും മാന്യ ദേഹത്തിൻ്റെ ‘ഇല്ലായ്മകൾ ‘ പൂത്തുലഞ്ഞു. കന്ധമാൽ കലാപത്തിന് നേരിട്ട് നേതൃത്യം വഹിച്ച മഹാനിൽ മനുഷ്യത്വത്തിൻ്റെയോ കാരുണ്യത്തിൻ്റെയോ കണിക പോലും ഇല്ലായിരുന്നു.

1999ൽ ഒഡീഷയിലെ കേവുംഝാറിൽ വെച്ച് ഗ്രഹാം സ്റ്റെൻ എന്ന ക്രിസ്ത്യൻ പാതിരിയെയും ഭാര്യയെയും അവരുടെ പിഞ്ചു കുഞ്ഞുങ്ങളെയും ബജ്രംഗ്ദൾ പ്രവർത്തകർ ജീവനോടെ ചുട്ടെരിച്ചപ്പോഴും അക്കാലത്ത് ബജ്രംഗ്ദൾ സംസ്ഥാന നേതാവായിരുന്ന പ്രതാപ് സാരംഗിയിലെ മനുഷ്യത്വം ‘ഇല്ലായ്മ’ തന്നെയാണ് പുറമേക്ക് ചാടിയത്. ഈ ‘ഇല്ലായ്മ ‘ യ്ക്ക് കിട്ടിയ പ്രത്യുപകാരമായിരുന്നു കേന്ദ്ര സഹമന്ത്രി പദവി.

മോദി അടക്കമുള്ള സംഘപരിവാരങ്ങൾക്ക് യഥാർത്ഥത്തിലുള്ള ‘ഇല്ലായ്മകൾ’ ഇവയാണ്;

ഭരണഘടനയോട് കൂറില്ലായ്മ,
ജനാധിപത്യത്തിൽ വിശ്വാസമില്ലായ്മ,
മാനവികതയോട് ആദരവില്ലായ്മ,
ഇതര മതങ്ങളോട് സഹിഷ്ണുതയില്ലായ്മ,
മതനിരപേക്ഷതയെ അംഗീകരിക്കായ്ക ,
ഫെഡറൽ സംവിധാനങ്ങളെ അംഗീകരിക്കായ്ക,
വൈവിധ്യങ്ങളെ ഉൾക്കൊള്ളായ്ക…

ഈ ‘ഇല്ലായ്ക’കളാണ് രാജ്യത്തിനും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാകുന്നത്. സംഘപരിവാരത്തെ രാജ്യത്തു നിന്ന് തൂത്തെറിയേണ്ടതും ഇതുകൊണ്ടുതന്നെ….