മൊത്തത്തില്‍ വിഴുങ്ങാന്‍ വന്ന ബിജെപിയോട് വിനീത വിധേയരായിരുന്ന അണ്ണാഡിഎംകെ പതുക്കെ ബിജെപിക്കെതിരെ ശക്തമായി തിരിച്ചടിച്ച് തല്‍ക്കാലം സഖ്യത്തിനില്ലെന്ന് പറയേണ്ടി വന്നത് തമിഴ് മണ്ണില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വേരൂന്നല്‍ അത്ര ശക്തമായതിനാലാണ്. അതൊരു പരുവപ്പെടലിന്റെ ഭാഗമാണ്, തമിഴ് മണ്ണില്‍ ഉറച്ചുപോയ ദ്രാവിഡ രാഷ്ട്രീയ ബോധമാണ് ബിജെപിയോട് വിനീത വിധേയരായിരുന്ന അണ്ണാഡിഎംകെകാരെ കൊണ്ട് ‘ഹിന്ദുത്വ’ത്തിന്റെ പതാകവാഹകര്‍ ഈ മണ്ണില്‍ ഒന്നുമല്ലെന്ന് വിളിച്ചു പറയിപ്പിക്കുന്നത്. തങ്ങളെ ഭരിക്കുന്ന രാഷ്ട്രീയത്തിന്റെ തുടക്കവും ഒടുക്കവും ദ്രാവിഡമാണെന്ന് അണ്ണായുടെ പാര്‍ട്ടിയെ ഓര്‍മ്മിപ്പിക്കാന്‍ അണ്ണാദുരെയുടെ പേര് തന്നെ വേണ്ടിവന്നുവെന്നത് മറ്റൊരു കാര്യം. അണ്ണാദുരൈയും പെരിയോറുമെല്ലാം ഊട്ടിഉറപ്പിച്ച് ദ്രാവിഡമായതിനെ ഹിന്ദുത്വത്തിന്റെ കാവി പൂശിയെടുക്കുക അത്ര എളുപ്പമല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇപ്പോള്‍ അണ്ണാഡിഎംകെ- ബിജെപി പോര്.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മാരില്‍ ഒരാളാ അണ്ണാദുരൈയെ വിമര്‍ശിച്ച തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയെ ശക്തിയുക്തം എതിര്‍ത്ത് അണ്ണാഡിഎംകെ നേതാക്കള്‍ രംഗത്ത് വന്നതും ഒരു പരുവപ്പെടലിന്റെ ഭാഗമായാണ്. പെരിയോര്‍ ഇ വി രാമസ്വാമിയും അണ്ണാദുരൈയുമെല്ലാം തമിഴ് മണ്ണില്‍ വിതച്ച ദ്രാവിഡ മുന്നേറ്റത്തില്‍ വേരൂന്നിയ മണ്ണില്‍ കാവി രാഷ്ട്രീയം മാത്രം പറഞ്ഞാല്‍ നിലനില്‍പ്പില്ലെന്ന് വ്യക്തമായതിന്റെ പരുവപ്പെടലാണ്, ബിജെപിയോട് നിങ്ങള്‍ക്ക് ഈ മണ്ണില്‍ കാലുകുത്താന്‍ പറ്റില്ലെന്ന് എഐഎഡിഎംകെ നേതാവ് ഡി ജയകുമാര്‍ പറഞ്ഞതിന്റെ കാര്യം.
ജയലളിതയ്ക്ക് ശേഷം തമ്മില്‍ തല്ലി പിരിഞ്ഞ് മൂന്ന് ഭാഗങ്ങളായ അണ്ണാഡിഎംകെയില്‍ അധികാരത്തര്‍ക്കങ്ങള്‍ ഇന്നും ശമനമില്ലാതെ തുടരുന്നുണ്ട്. എടപ്പാടി പളനിസാമിയും പനീര്‍ശെല്‍വവും ടിടിവി ദിനകരനുമെല്ലാം പലവഴിക്ക് നിന്ന് ചരടുവലി നടത്തുന്നുമുണ്ട്. ഈ ചക്കിളത്തിപ്പോരിനിടയില്‍ ഔദ്യോഗിക പക്ഷമായ എടപ്പാടി പളനിസാമി വിഭാഗത്തെ ഒപ്പം നിര്‍ത്തി ദ്രാവിഡ മണ്ണില്‍ മുന്നേറ്റത്തിന് ബിജെപി കളമൊരുക്കുകയായിരുന്നു. തോളില്‍ കയറിയിരുന്ന് വേതാളമായി അണ്ണാഡിഎംകെ വിഴുങ്ങാനുള്ള ബിജെപി തന്ത്രം തമിഴ്‌നാട്ടില്‍ വിജയിക്കുമെന്ന് കരുതിയിരുന്നവര്‍ ഒട്ടനവധിയാണ്. ഒപ്പം നിന്ന് ഒടുവില്‍ പ്രാദേശിക പാര്‍ട്ടികളെ വിഴുങ്ങി ആ സ്ഥാനം കയ്യടക്കുന്ന ബിജെപി തന്ത്രം തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയുടെ കാര്യത്തിലും പതിവ് രീതിയില്‍ മുന്നോട്ട് നീങ്ങുമ്പോഴാണ് ഇരുകൂട്ടര്‍ക്കും ഇടയില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നത്.
തമിഴ്‌നാട്ടില്‍ ബിജെപിയുടെ ഹിന്ദുത്വത്തെ ഉറപ്പിച്ച് നിര്‍ത്താന്‍ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി വാക്‌പോരുമായി ഇറങ്ങിയ തീപ്പൊരി നേതാവ് അണ്ണാമലൈയുടെ ഉദയമാണ് ബിജെപി- എഐഎഡിഎംകെ പോര് കലശലാക്കിയത്. ദ്രാവിഡ പാര്‍ട്ടികളിലൊന്ന് കോണ്‍ഗ്രസിനൊപ്പമുള്ള പ്രതിപക്ഷ ചേരിയില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ അവര്‍ക്കെതിരായ കടുത്ത ആക്രമണത്തില്‍ ഇപ്പുറത്തുള്ളതും ദ്രാവിഡ വേരൂന്നിയ പാര്‍ട്ടിയാണെന്ന് ബിജെപി നേതൃത്വം മറന്നു. ദ്രാവിഡ നേതാക്കളെ കടന്നാക്രമിച്ച് അണ്ണാമലൈ എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ പലതും ഒരേ ലക്ഷ്യസ്ഥാനത്താണെങ്കിലും രണ്ടിടങ്ങളിലാണ് പതിക്കുന്നതെന്ന് ബിജെപി ഓര്‍ത്തില്ല.
സി എന്‍ അണ്ണാദുരൈ എന്ന ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായന്‍ തന്നെയാണ് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റേയും അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ അണിയത്തും ഉണ്ടായിരുന്നതെന്ന് കാവി പാര്‍ട്ടി ഓര്‍ത്തില്ല. ഹിന്ദുത്വ രാഷ്ട്രീയത്തെ പുകഴ്ത്തി പറയാനായി ദ്രാവിഡ നേതാക്കളെ താഴ്ത്തിക്കെട്ടുമ്പോള്‍ സഖ്യത്തില്‍ ഉള്ളതിനാല്‍ മിണ്ടാതിരിക്കുമെന്ന് കരുതിയതിലാണ് ബിജെപിക്ക് തിരിച്ചടി കിട്ടിയത്. ആദ്യം ജയലളിതയെ കുറിച്ച് പറഞ്ഞപ്പോള്‍ പ്രമേയം പാസാക്കി പ്രതിഷേധിച്ചവര്‍ ഇനിയും അതൊക്കെ തന്നെ തുടരുമെന്ന് കണ്ടാണ് അണ്ണാമലൈ വീണ്ടും ദ്രാവിഡ നേതാക്കളെ വായില്‍ തോന്നിയതെല്ലാം പറഞ്ഞത്. എന്നാല്‍ ആ കഥ കൂടി വിഴുങ്ങാന്‍ തയ്യാറല്ലെന്ന് പറയുകയാണ് അണ്ണായുടെ പിന്‍തലമുറയിലെ വഴിതെറ്റിപ്പോയ ചിലര്‍.
ഡിഎംകെയുടെ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മം തുടച്ചുനീക്കണമെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ഹിന്ദുത്വ രാഷ്ട്രീയവും ദ്രാവിഡ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തമിഴ് നാട്ടില്‍ തുടങ്ങിയിരുന്നു. ഡിഎംകെയെ എതിരിടുമ്പോഴും അണ്ണാഡിഎംകെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ബിജെപി കാണിച്ച ആവേശം കാണിച്ചില്ല. പിന്നാലെ അണ്ണാദുരെയ്‌ക്കെതിരെ അണ്ണാമലെയുടെ പരാമര്‍ശമെത്തി.
സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ഡിഎംകെ മന്ത്രി പി.കെ. ശേഖറിനെതിരെയുള്ള പ്രതിഷേധത്തിനിടെ അണ്ണാമലെ പറഞ്ഞ വാക്കുകളാണ് വിവാദമായത്. 1956ല്‍ മധുരയില്‍ പൊതുസമ്മേളനത്തില്‍ ഹിന്ദു വിശ്വാസത്തിനെതിരെ അണ്ണാദുരെ സംസാരിച്ചുവെന്നും സ്വാതന്ത്ര്യ സമര സേനാനി പശുപൊന്‍ മുത്തുമാരലിംഗ തേവര്‍ അത് ശക്തമായി എതിര്‍ത്തുവെന്നും പറഞ്ഞു. സംഭവം ഇങ്ങനെയാണ് അണ്ണാമലെ പറഞ്ഞത്.
മധുരയിലെ മീനാക്ഷി ക്ഷേത്രത്തില്‍ ഒരു കുട്ടി അണ്ണാദുരൈയ്ക്കുവേണ്ടി സംഘകാലത്തിലെ ഒരു ഗാനം ആലപിച്ചു. കുട്ടി നന്നായി പാടിയെന്ന് അണ്ണാദുരൈ പറഞ്ഞു. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവളുടെ കഴിവ് പ്രകടമായിരുന്നെങ്കില്‍ ഒരു കഥ തന്നെ ഉണ്ടാവുമായിരുന്നെന്നും ഉമൈയാവല്‍ ദേവി നല്‍കിയ വിശുദ്ധ പാല്‍ കഴിച്ചതിനാലാണ് അവള്‍ക്ക് ദിവ്യമായി പാടാന്‍ കഴിഞ്ഞതെന്ന് ആ കഥയിലുണ്ടാവുമായിരുന്നെന്നും അണ്ണാദുരെ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് ഇപ്പോള്‍ സാമാന്യ ബുദ്ധി ഉള്ളതിനാല്‍ ഈ കെട്ടുകഥകളൊന്നും വിശ്വസിക്കില്ലെന്നും അണ്ണാദുരെ അന്ന് പറഞ്ഞിരുന്നു. ഇതില്‍ അപ്പോള്‍ തന്നെ സ്വാതന്ത്ര്യ സമര സേനാനി പശുപൊന്‍ മുത്തുമാരലിംഗ തേവര്‍ പ്രതിഷേധം അറിയിക്കുകയും പിറ്റേ ദിവസം ഇതിനെതിരായി സംസാരിക്കുകയും ചെയ്തുവെന്ന് ബിജെപി നേതാവ് അണ്ണാമലെ പറയുന്നു.
ദൈവത്തില്‍ വിശ്വസിക്കാത്ത ആരെങ്കിലും വിശ്വസിക്കുന്നവരെ മോശമായി പറഞ്ഞാല്‍ മീനാക്ഷി അമ്മന് പാല് അഭിഷേകത്തിന് പകരം രക്താഭിഷേകം നടത്തുമെന്നും തേവര്‍ സമുദായാഗമായ മുത്തുരാമലിംഗ പറഞ്ഞുവെന്ന് അണ്ണാമലെ പറയുന്നു. ഇതേ തുടര്‍ന്ന് അണ്ണാദുരൈയെ മധുരയില്‍ ഒളിയിടത്തില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നുവെന്നും മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് രക്ഷപ്പെട്ടു പോന്നതെന്നുമാണ് ബിജെപി നേതാവ് പറഞ്ഞുവെച്ചത്.
ഇതാണ് അണ്ണാഡിഎംകെ നേതാക്കളെ ചൊടിപ്പിച്ചത്. തങ്ങളുടെ അതികായനെതിരെ ഇത്തരത്തിലൊരു പരാമര്‍ശം ഡി ജയകുമാര്‍ അടക്കമുള്ള എഐഎഡിഎംകെ നേതാക്കളെ ചൊടിപ്പിച്ചു. എടപ്പാടി പളനിസാമിയെന്ന അണ്ണാഡിഎംകെയുടെ കാര്യക്കാരന്‍ മൗനം പാലിച്ചപ്പോഴും ജയകുമാറും എംപിയായ സി വി ഷണ്‍മുഖവുമെല്ലാം പേരരിഞ്ജര്‍ അണ്ണായ്ക്കായി കളത്തിലിറങ്ങി.
അണ്ണാഡിഎംകെ എംപി ഷണ്‍മുഖന്‍ പറഞ്ഞതിങ്ങനെ,
ദ്രാവിഡ പ്രസ്ഥാനമാണ് നമുക്കെല്ലാവര്‍ക്കും ജീവന്‍ നല്‍കിയത്. അണ്ണാ എല്ലാവര്‍ക്കും അവസരങ്ങളും സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങളും നല്‍കി. ഈ സംസ്ഥാനത്തിന് തമിഴ്‌നാട് എന്ന പേര് നല്‍കി. അണ്ണാമലൈ നിങ്ങള്‍ക്ക് അണ്ണയെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ല. സഖ്യത്തിലായിരുന്ന സമയത്തും പേരറിഞ്ജര്‍ അണ്ണനെക്കുറിച്ച് അണ്ണാമലൈ മോശമായി സംസാരിക്കുകയാണ്. നേരത്തെ അമ്മയെയും നിങ്ങള്‍ മോശമായി അവതരിപ്പിച്ചു.
ഇത് ഇനിയും അംഗീകരിക്കാനാവില്ലെന്നാണ് ഷണ്‍മുഖം പറയുന്നത്. കുറച്ചു കൂടി കടുത്ത ഭാഷയിലാണ് സഖ്യത്തിനിനി തല്‍ക്കാലം ഇല്ലെന്ന് പറഞ്ഞ ഡി ജയകുമാറിന്റെ പ്രതികരണം.
തങ്ങളുടെ പ്രവര്‍ത്തകര്‍ ഒരിക്കലും അണ്ണാദുരൈയ്‌ക്കെതിരായി ഒരു വാക്ക് അനുചിതമായത് കേട്ടാല്‍ ക്ഷമിക്കില്ല. ഞങ്ങളുടെ നേതാക്കളെ പരിഹസിക്കുന്നത് ഞങ്ങള്‍ കേള്‍ക്കേണ്ട കാര്യമെന്താണ്. ഞങ്ങളെന്തിന് നിങ്ങളെ ചുമക്കണം, ബിജെപിയ്ക്ക് ഇവിടെ ഒറ്റയ്ക്ക് കാലുകുത്താനാവില്ല. നിങ്ങളുടെ വോട്ട് ബാങ്ക് എന്താന്നൊക്കെ ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ കാരണമാണ് ഇവിടെ നിങ്ങള്‍ അറിയപ്പെടുന്നത് പോലും.
അണ്ണാഡിഎംകെ നേതാവ് ജയകുമാര്‍ ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ അജണ്ടയാണ് ഈ പ്രസ്താവനയില്‍ തുറന്നു കാട്ടുന്നത്. നിങ്ങള്‍ക്ക് ഏതെങ്കിലും പാര്‍ട്ടിയുടെ തോളില്‍ കയറിയാലെ ഇവിടെ വോട്ടുകിട്ടൂ, അല്ലാതെ നിങ്ങള്‍ക്ക് ഇവിടെയൊന്നുമില്ലെന്ന് ഓര്‍മ്മ വേണം. ഇത്രയും ഡി ജയകുമാര്‍ ബിജെപി ഓര്‍മ്മിപ്പിക്കുന്നുണ്ട്. പക്ഷേ അത് എന്തുകൊണ്ടാണ് ഇതുവരേയും അണ്ണാഡിഎംകെകാര്‍ മറന്നതെന്ന ചോദ്യം കൂടി അവിടെ ഉയരുന്നുണ്ട്. എന്തിന് ബിജെപിയെ തോളിലേറ്റി അവര്‍ക്കൊരു വോട്ട് ബാങ്കിനായി ദ്രാവിഡ പാര്‍ട്ടികളിലൊന്ന് മുതലെടുപ്പിന് നിന്നു കൊടുത്തുവെന്ന്?