മഹാരാഷ്ട്ര പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ബിജെപി ചിന്തകള്‍!

മഹാരാഷ്ട്ര കയ്യില്‍ നിന്ന് പോകാതിരിക്കാനുള്ള തിരക്കുപിടിച്ച ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലുമാണ് ഭാരതീയ ജനതാ പാര്‍ട്ടിയും സഖ്യകക്ഷികളും. കഴിഞ്ഞ വര്‍ഷങ്ങളില്‍ മഹാരാഷ്ട്രയില്‍ നടന്ന രാഷ്ട്രീയ ഗൂഢാലോചനകളും പാര്‍ട്ടി പിളര്‍ത്തലും കുതുകാല്‍ വെട്ടലുമെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതിനാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ വലിയ സന്നാഹത്തിലാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും സഖ്യവും മഹാരാഷ്ട്രയില്‍ ഒരുങ്ങുന്നത്. പിളര്‍ത്തിയെടുത്ത് കൊണ്ടുവന്നവരുടെ താല്‍പര്യത്തിനനുസരിച്ച് ഭരണം പോകാതിരിക്കാന്‍ മുഖ്യമന്ത്രി കസേരയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നതിന്റെ കുറവ് നികത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന മുഖം തന്നെ മതിയോ മഹാരാഷ്ട്രയില്‍ ഇനിയുമെന്ന ചോദ്യം ബിജെപിയിലുണ്ട്. ആര്‍എസ്എസ് അടക്കം ദേവേന്ദ്ര ഫഡ്‌നാവിസിനെ ശക്തമായി പിന്തുണയ്ക്കുമ്പോള്‍ ബിജെപിയ്ക്ക് മുന്നില്‍ രണ്ട് ചോദ്യമാണ് ഉള്ളത്.

ദേവേന്ദ്ര ഫഡ്‌നാവിസിനെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി കൂടുതല്‍ ചുമതല നല്‍കേണ്ടതില്ലേയെന്നും സംസ്ഥാന രാഷ്ട്രീയത്തിനപ്പുറത്തേക്ക് ഫഡ്‌നാവിസിന്റെ ചുമതല വളര്‍ത്തേണ്ടതില്ലേ എന്നുമാണ് ബിജെപി നേതൃത്വത്തിന്റെ ചിന്ത. എന്നാല്‍ മഹാരാഷ്ട്രയില്‍ ബിജെപിയുടെ മുഖം ഫഡ്‌നാവിസ് ആണെന്നും ഫഡ്‌നാവിസിനെ മാറ്റിയാല്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയുണ്ടാവുന്നുമെന്നും ആര്‍എസ്എസില്‍ നിന്ന് ഒരു വിഭാഗം ശക്തിയുക്തം വാദിക്കുന്നു. ഫഡ്‌നാവിസിനെ ജെപി നഡ്ഡയ്ക്ക് പകരം ദേശീയ അധ്യക്ഷനാക്കണമെന്ന് വാദിക്കുന്നവരും ബിജെപിയിലും ആര്‍എസ്എസിലുമുണ്ട്. മഹാവികാസ് അഘാഡിയ്‌ക്കെതിരെ മല്‍സരിക്കുന്ന ശിവസേന- ഷിന്‍ഡെ പക്ഷവും എന്‍സിപി അജിത് പവാര്‍ പക്ഷവുമെല്ലാം ചേര്‍ന്ന മഹായുതി സംഘത്തിന്‍ മേലുള്ള വിശ്വാസമില്ലായ്മയും ഈ വാദത്തിന് പിന്നിലുണ്ട്. കാരണം ഭരണം തുടരാന്‍ ബിജെപി സഖ്യത്തിന് കഴിഞ്ഞാലും മുമ്പത്തേത് പോലെ സഖ്യത്തിന് വേണ്ടി മുഖ്യമന്ത്രി കസേര ഒഴിയേണ്ടി വരുമോയെന്ന പേടി സംസ്ഥാന ബിജെപി നേതാക്കള്‍ക്കുണ്ട്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഇല്ലാതെ വീണ്ടും നില്‍ക്കേണ്ടി വരുന്ന തരത്തിലേക്ക് ഫഡ്‌നാവിസിനെ ഇടിച്ചു താഴ്ത്താന്‍ ഒരു വിഭാഗം താല്‍പര്യപ്പെടുന്നില്ലെന്നതാണ് വസ്തുത.

പക്ഷേ ദേവേന്ദ്ര ഫഡ്‌നാവിസില്‍ അവിശ്വാസമുള്ള ഒരു വിഭാഗവും ബിജെപിയിലുണ്ടെന്നുള്ളതാണ് രസകരമായ വസ്തുത. പാര്‍ട്ടിയെ മഹാരാഷ്ട്രയില്‍ വല്ലാത്ത അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടതില്‍ ഭൂരിഭാഗവും ഫഡ്‌നാവിസിന്റെ കഴിവ് കേടെന്ന് കരുതുന്നവരുമുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നില്‍ നിന്ന് 13ലേക്ക് ഉയര്‍ന്ന് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായത് ചെറുതായൊന്നുമല്ല ബിജെപിയെ ആശങ്കയിലാക്കിയിട്ടുള്ളത്. 2019ല്‍ 23 എംപിമാരുണ്ടായ ഇടത്ത് നിന്ന് 9ലേക്കുണ്ടായ വീഴ്ച ഫഡ്‌നാവിസിന്റെ കഴിവുകേടായി കാണുന്നവരും മഹാരാഷ്ട്ര ബിജെപിയിലും കേന്ദ്രത്തിലുമുണ്ട്.

പക്ഷേ സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള ബി.ജെ.പി മുഖമാണ് ഫഡ്‌നാവിസിന്റേതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഫഡ്‌നാവിസിന് പിന്നില്‍ യുവത്വനിര അണിനിരക്കുന്നുണ്ടെന്നതും ആര്‍എസ്എസിന് ഫഡ്‌നാവിസില്‍ വലിയ വിശ്വാസമുണ്ടെന്നതും ശക്തമായ ഒരു എതിര്‍പ്പ് ഫഡ്‌നാവിന് നേരെ ഉണ്ടാവില്ലെന്നത് ഉറപ്പാക്കുന്നുണ്ട്. എല്ലാത്തിനുമപ്പുറം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫഡ്‌നാവിസിനോടുള്ള പ്രത്യേക താല്‍പര്യങ്ങള്‍ പാര്‍ട്ടിയ്ക്കുള്ള ഫഡ്‌നാവിസിനെ സുരക്ഷിതനാക്കുന്നുണ്ട്. പക്ഷേ ഫഡ്‌നാവിസിനെ സഖ്യത്തിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുന്ന കേന്ദ്ര തീരുമാനം മഹാരാഷ്ട്രയിലെ ഫഡ്‌നാവിസ് അനുകൂലികളുടെ രോഷത്തിന് ഇടയാക്കുന്നുണ്ട്.

Read more

288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ മഹായുതി ഭൂരിപക്ഷം നേടിയാല്‍ 40 സീറ്റുകളെങ്കിലുമുണ്ടെങ്കില്‍ ഷിന്‍ഡെയുടെ ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാമെന്ന വാഗ്ദാനം കേന്ദ്രം നല്‍കിയിട്ടുണ്ടെന്ന വാര്‍ത്തയും മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് അുകൂലികളെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഫഡ്‌നാവിസിനെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി മികച്ച പദവി നല്‍കണമെന്ന് ഒരു കൂട്ടര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് ഫഡ്‌നാവിസിനെ മുന്‍നിരയില്‍ നിന്ന് മാറ്റി കേന്ദ്രത്തിലേക്ക് കൊണ്ടുപോയാല്‍ പാര്‍ട്ടി സംസ്ഥാനത്ത് തകര്‍ച്ചയിലേക്ക് പോകുമെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ഇതിനെല്ലാം അപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇന്ത്യ മുന്നണിയുടെ പ്രകടനം മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി ആവര്‍ത്തിച്ചാല്‍ ഫഡ്‌നാവിസിന് മേലുണ്ടാകുന്ന പഴി ചെറിയതാവില്ലെന്ന് കരുതി നീക്കം നടത്തുന്നവരും ബിജെപിയിലുണ്ട്. ആകെ മൊത്തത്തില്‍ ഫഡ്‌നാവിസിന് മേല്‍ വലിയൊരു ചോദ്യ ചിഹ്നമായാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നില്‍ക്കുന്നത്.