'മോദിയുടെ പത്മവ്യൂഹത്തില്‍ അകപ്പെട്ട ഇന്ത്യയെന്ന രാജ്യം!', രാഹുലും തലയില്‍ കൈവെച്ച നിര്‍മ്മലയും

ഇന്ത്യയെ ഭയത്തിന്റെ ചക്രവ്യൂഹത്തില്‍ അകപ്പെടുത്തിയ താമര രൂപം.മോദി കാലത്തെ രാജ്യത്തിന്റെ അവസ്ഥയെ കുരുക്ഷേത്ര യുദ്ധത്തിലെ ചക്രവ്യൂഹത്തിനോട് ഉപമിച്ച് ജനങ്ങളെ അഭിമന്യുവിനോടും ഉപമിച്ച് രാഹുല്‍ ഗാന്ധി. ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പത്മ ചിഹ്നവുമായി രാജ്യത്ത് അധികാരത്തിലുള്ള ബിജെപി സര്‍ക്കാരിനെ മധ്യവര്‍ഗത്തേയും കര്‍ഷകരേയും യുവാക്കളേയും ചക്രവ്യൂഹത്തിലകപ്പെടുത്തിയ കൗരവശ്രേഷ്ഠരോടാണ് ഉപമിച്ചത്. ചക്രവ്യൂഹത്തിന് പത്മവ്യൂഹം എന്നൊരു പേരുണ്ടെന്നും അതിന്റെ ആകൃതി താമരയുടേതാണെന്നും ഓര്‍മ്മിപ്പിച്ചാണ് കുരുക്ഷേത്ര യുദ്ധത്തിലെ വന്‍ചതിയുടെ കഥ രാഹുല്‍ ഗാന്ധി ഇന്നിനോട് ബന്ധിപ്പിച്ചത്. ചക്രവ്യൂഹം നിയന്ത്രിച്ച് കേന്ദ്രസ്ഥാനത്തിരുന്ന് അഭിമന്യുവിനെ കൊന്ന ആറ് പേരുടെ പേരുകള്‍ എടുത്തുപറഞ്ഞ രാഹുല്‍ ഗാന്ധി അതുപോലെ വര്‍ത്തമാന ഇന്ത്യയില്‍ ചക്രവ്യൂഹം വിരിച്ചു ചതിയൊരുക്കിയ ആറ് പേരുകള്‍ കൂടി എടുത്തുപറഞ്ഞു.

സാധാരണക്കാരായ ഇന്ത്യക്കാരെ ചതിയുടെ പത്മവ്യൂഹത്തിലകപ്പെടുത്തി കൊന്നെടുക്കുന്ന ബിജെപി നയങ്ങളെ ചൂണ്ടിക്കാണിച്ചാണ് ആരാണ് അഭിനവ ഇന്ത്യയിലെ ദ്രോണ- കൃപാചാര്യര്‍മാരും കര്‍ണനും ശകുനിയും അശ്വത്ഥാമാവെന്നും രാഹുല്‍ പറഞ്ഞുവെയ്ക്കുന്നുണ്ട്. അഭിമന്യുവിനെ ചക്രവ്യൂഹത്തിലിട്ടു കൊന്ന ആ ആറ് പേരേ പോലെ ഇവിടെ ചതി നടപ്പാക്കുന്ന ആറ് പേരുകള്‍ ഇതാണെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കോര്‍പ്പറേറ്റുകളായ അംബാനി, അദാനി എന്നിവരാണ് മോദി ഭരണകാലത്തെ ചക്രവ്യൂഹത്തിലെ കേന്ദ്ര ബിന്ദുക്കളെന്നാണ് രാഹുല്‍ പേരെടുത്ത് പറഞ്ഞത്. ഇവര്‍ നിയന്ത്രിക്കുന്ന ഈ ചക്രവ്യൂഹത്തില്‍ രാജ്യത്തെ യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍, ചെറുകിട, ഇടത്തരം വ്യവസായങ്ങളെല്ലാം തളര്‍ന്നിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്തായാലും അദാനിയുടേയും അംബാനിയുടേയും പേര് കൂടി വന്നതോടെ ട്രഷറി ബെഞ്ചില്‍ പ്രസംഗം മുടക്കാനുള്ള ആരവം ഉയര്‍ന്നു. ചക്രവ്യൂഹത്തില്‍ കുടുങ്ങിയവരുടെ കാര്യങ്ങള്‍ പറയുന്നതോടൊപ്പം മോദി നെഞ്ചില്‍ അണിഞ്ഞിരിക്കുന്ന താമരചിഹ്നം ആ ചക്രവ്യൂഹത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് പറയാനും രാഹുല്‍ മടിച്ചില്ല. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ് ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നവരെ സംരക്ഷിക്കാനാണെന്നും കൂടി രാഹുല്‍ പറഞ്ഞതോടെ സഭ ബഹളത്തില്‍ മുങ്ങി.

തല കയ്യില്‍ താങ്ങിയും എന്തൊരു കഷ്ടമിതെന്ന മട്ടില്‍ നെറ്റിയിലടിച്ചും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാഹുലിന്റെ വാക്കുകളില്‍ ഭാവപ്രകടനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ബിജെപി സര്‍ക്കാര്‍ രാജ്യത്ത് ഭയം പടര്‍ത്തുകയാണെന്നും കര്‍ഷകര്‍, തൊഴിലാളികള്‍, യുവജനങ്ങള്‍ തുടങ്ങി എല്ലാവരേയും ചക്രവ്യൂഹത്തിലകപ്പെടുത്തി ഭയപ്പെടുത്തുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മോദി ഭരണത്തില്‍ സ്വപ്‌നം കാണാന്‍ പോലും സാധാരണക്കാര്‍ക്ക് അവകാശമില്ലെന്നും അദാനി- അംബാനിമാര്‍ക്കാണ് സ്വപ്‌നം കാണാന്‍ അവസരമുള്ളതെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മറ്റ് മന്ത്രിമാര്‍ക്ക് പോലും ഭയമാണെന്നും ഇത് വകുപ്പുകളുടെ പ്രവര്‍ത്തനത്തെ വരെ ബാധിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ ബഹളംവെയ്ക്കുകയായിരുന്നു ഭരണപക്ഷ ബെഞ്ച്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ധനമന്ത്രിയുടെ ബജറ്റില്‍ എന്തുണ്ടായിരുന്നുവെന്ന ചോദ്യത്തിന് നിര്‍മ്മല സീതാരാമന്‍ ചിരിക്കുകയായിരുന്നു. ചിരി കൊണ്ടൊന്നും കാര്യമില്ലെന്ന് പറഞ്ഞു രാഹുല്‍ ഗാന്ധി ധനമന്ത്രി ഹല്‍വ ഉണ്ടാക്കുന്നതിന്റെ ഫോട്ടോ ഉയര്‍ത്തി ഇതില്‍ പിന്നാക്കക്കാരനായ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനുണ്ടോയെന്ന് ചോദിച്ചപ്പോഴും തലയില്‍ കൈവെയ്ക്കുന്നതായിരുന്നു നിര്‍മ്മലയുടെ ഭാവം. ഈ ചിത്രത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള ആരുമില്ലെന്നും ബജറ്റില്‍ ജാതിയുണ്ടെന്നും രാഹുല്‍ തുറന്നടിച്ചു. പിന്നാക്ക വിഭാഗക്കാര്‍ തങ്ങള്‍ക്ക് എന്തുണ്ടെന്ന് ചോദിക്കുന്നുവെന്നും ഇത് വെറും തമാശയല്ലെന്നും ഗുരുതരമായ വിഷയമാണെന്നും രാഹുല്‍ പറയുമ്പോള്‍ ബഹളത്തില്‍ രാഹുലിന്റെ വാചകങ്ങള്‍ ഇല്ലാതാക്കാനാണ് ഭരണപക്ഷം ശ്രമിച്ചത്.

മോദി – അദാനി – അംബാനിമാരുടെ ചക്രവ്യൂഹത്തെ ശക്തിപ്പെടുത്താനുള്ളതായിരുന്നു നിര്‍മ്മലാ സീതാരാമന്റെ ഏഴാമത്തെ ബജറ്റെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു പറഞ്ഞു. ഇന്ത്യയെ അകപ്പെടുത്തിയ ചക്രവ്യൂഹത്തിന് പിന്നില്‍ മൂന്ന് ശക്തികളുണ്ട്. ഒന്ന്് കുത്തക മൂലധനത്തിന്റെ ആശയമാണെന്നും അത് രണ്ട് പേര്‍ക്ക് ഇന്ത്യന്‍ സമ്പത്ത് മുഴുവന്‍ സ്വന്തമാക്കാന്‍ അനുവദിക്കണമെന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എ1 എ2 എന്നാണ് അംബാനിയേയും അദാനിയേയും രാഹുല്‍ ഗാന്ധി വിളിച്ചത്. മോദിയുണ്ടാക്കിയ ചക്രവ്യൂഹത്തിന്റെ ഒരു ഘടകം സാമ്പത്തിക ശക്തിയുടെ കേന്ദ്രീകരണത്തില്‍ നിന്നാണെന്നും രണ്ടാമത്തേത് ഭരണഘടന സ്ഥാപനങ്ങളും സിബിഐ, ഇഡി, ആദായ നികുതി വകുപ്പ് അടക്കമുള്ള ഏജന്‍സികളാണ്. മൂന്നാമത് പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവെന്ന അധികാര വര്‍ഗമാണ്. ഈ മൂന്ന് ശക്തികളും പിന്നിലുള്ള ചക്രവ്യൂഹം രാജ്യത്തെ തകര്‍ത്തിരിക്കുകയാണ്. ചക്രവ്യൂഹത്തിന്റെ പാരമ്പര്യമല്ല ഭാരതത്തിന്റേത്. നിങ്ങള്‍ക്ക് ഹിന്ദു ധര്‍മ്മത്തെ കുറിച്ചറിയില്ലെന്നും നിങ്ങള്‍ ചക്രവ്യൂഹം ഉണ്ടാക്കുന്നവരാണെന്നും ബിജെപിക്കാരോട് പറഞ്ഞ രാഹുല്‍ ഗാന്ധി ഈ ചക്രവ്യൂഹത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും കൂട്ടിച്ചേര്‍ത്തു.

Latest Stories

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും