യുപിയില്‍ എന്തുകൊണ്ട് തോറ്റു?, ബിജെപിയുടെ മാര്‍ക്കിടല്‍!; ജൂണ്‍ 25ന് റിപ്പോര്‍ട്ട് ബിജെപി മേശപ്പുറത്തെത്തും

ഉത്തര്‍പ്രദേശില്‍ താമര പാര്‍ട്ടിയെ ജനങ്ങള്‍ തഴഞ്ഞതിന് പിന്നിലെന്ത്?. കാലാകാലങ്ങളായി മുറവിളി കൂട്ടി പറഞ്ഞു തഴമ്പിച്ച രാമക്ഷേത്രം പ്രാവര്‍ത്തികമാക്കിയിട്ടും പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നതെവിടെ?. ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിഞ്ഞതിന്റെ ക്ഷീണം പാര്‍ലമെന്റില്‍ മൂന്നാം മോദി സര്‍ക്കാരിന് അനുഭവിക്കേണ്ടി വരുമെന്നിരിക്കെ തലപുകയ്ക്കുകയാണ് ബിജെപി. കേവലഭൂരിപക്ഷം ഉറപ്പാക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിയാതെ പോയതിന് പിന്നില്‍ ഉത്തര്‍പ്രദേശിലെ പതമമാണെന്നിരിക്കെ അതിന് പിന്നിലെ ചാരം ചികയാന്‍ ബിജെപി മുതിര്‍ന്ന നേതാക്കളെ അടക്കം കളത്തിലിറക്കിയാണ് അന്വേഷണം നടത്തുന്നത്. ജൂണ്‍ 25ന് പാര്‍ട്ടി നിയോഗിച്ച 40 നേതാക്കളുടെ ടാസ്‌ക് ഫോഴ്‌സ് നിര്‍ണായകമായേക്കാവുന്ന കണ്ടെത്തലുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ചാണക്യന്‍ അമിത് ഷായ്ക്കും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്കും മുന്നിലെത്തും.

2024ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 33 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ, 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 29 സീറ്റുകള്‍ കുറഞ്ഞു, ബിജെപിയുടെ സംസ്ഥാന ഘടകം പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സ്ഥിതിയുണ്ടായി. കാരണം മൂന്നാം മോദി സര്‍ക്കാരിന് കൂട്ടുകക്ഷി മന്ത്രിസഭ ഉണ്ടാക്കേണ്ടി വന്നത് ഇന്ത്യ സഖ്യമുണ്ടാക്കിയ വന്‍മുന്നേറ്റത്തിലാണെന്ന് പാര്‍ട്ടി നേതൃത്വത്തിനറിയാം. തൂക്കുമന്ത്രിസഭയെന്ന ഗതികേടിലേക്ക് പാര്‍ട്ടി പോയത് ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും നല്‍കിയ തിരിച്ചടിയിലാണെന്ന് ബിജെപിക്കാര്‍ വിശ്വസിക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം ഓരോ സീറ്റിലേയും തോല്‍വിയെ കുറിച്ച് പഠിക്കുന്നത്.

വാരാണസിയും ലഖ്നൗവും ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും അവലോകനം നടക്കും. വാരണാസിയില്‍ വോട്ട് കുറഞ്ഞതിനെ കുറിച്ച് പാര്‍ട്ടിയ്ക്ക് ആവലാതി ഇല്ലാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായതിനാലാവും. ഭൂരിപക്ഷം ഒന്നര ലക്ഷത്തിലേക്ക് താഴ്ന്നത് കൂടുതല്‍ ചര്‍ച്ചയാക്കിയാല്‍ മോദി ഇമേജിന് വീണ്ടും ഡാമേജ് ഉണ്ടാവുമെന്ന് കണ്ടാകും പാര്‍ട്ടി ടാസ്‌ക് ഫോഴ്‌സ് വാരണാസി ഒഴിവാക്കിയത്. ലഖ്‌നൗവാകട്ടെ പാര്‍ട്ടി മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിംഗ് മല്‍സരിച്ച മണ്ഡലമാണ്. ഇവിടേയും നേതാക്കളെ കൊണ്ടൊരു അവലോകനം പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല.

മുദ്രവച്ച കവറില്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്ന് അഭിപ്രായം തേടുന്നതിന് പുറമെ, 78 സീറ്റുകളിലെ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്താന്‍ 40 നേതാക്കളുടെ ടാസ്‌ക് ഫോഴ്സാണ് ബിജെപി രൂപീകരിച്ചിട്ടുള്ളത്. ഗ്രൗണ്ട് റിപ്പോര്‍ട്ട് ജൂണ്‍ 25നകം സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിക്കാനാണ് 40 അംഗ പാര്‍ട്ടി നേതാക്കളുടെ കമ്മിറ്റിയോട് പറഞ്ഞിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ കെ എല്‍ ശര്‍മ്മയോട് അമേഠിയില്‍ പരാജയപ്പെട്ടതിനെ കുറിച്ച് ഉത്തര്‍പ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ചൗധരിയാണ് അവലോകനം ചെയ്യുന്നത്. അമേഠി, അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ബല്ലിയ എന്നീ മൂന്ന് ഹൈ പ്രൊഫൈല്‍ മണ്ഡലങ്ങളിലെ തോല്‍വിയുടെ കാരണങ്ങളാണ് ചൗധരി അന്വേഷിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ട്രെന്‍ഡ് എന്‍ഡിഎയിലും അനുഭാവികളിലും രാഷ്ട്രീയ നയതന്ത്രജ്ഞന്മാരിലും ഞെട്ടലുളവാക്കിയിരുന്നു. വലിയ കാര്യത്തില്‍ വന്‍ഭൂരിപക്ഷത്തില്‍ മോദിയ്ക്ക് വിജയെ പ്രഖ്യാപിച്ച സ്ട്രാറ്റജിസ്റ്റുകളില്‍ പലരും പുറത്തുവന്ന ഫലം കണ്ടു പണിനിര്‍ത്തിയെന്ന് പറയേണ്ട അവസ്ഥയുണ്ടായി. എക്സിറ്റ് പോള്‍ പ്രവചനങ്ങളുമായി തികച്ചും വ്യത്യസ്തമായ ഫലം വന്നത് ബിജെപിയേയും ഞെട്ടിച്ചു. അതിനാല്‍ ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം കണ്ടെത്താനാണ് മണ്ഡലത്തിലെ അവലോകനം ബിജെപി നടത്തുന്നത്.

സ്ഥാനാര്‍ത്ഥികള്‍ക്ക് പൊതുജനങ്ങളുമായി എത്രത്തോളം നല്ല ബന്ധമുണ്ടായിരുന്നു? ഭരണഘടന മാറ്റുമെന്ന പ്രചാരണവും സംവരണത്തെ കുറിച്ചുമുള്ള പ്രചാരണം തോല്‍വിയില്‍ എന്ത് സ്വാധീനം ചെലുത്തി? സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും തീരുമാനങ്ങള്‍ തോല്‍വിയ്ക്ക് കാരണമായോ? ഈ ചോദ്യങ്ങളെല്ലാം 40 അംഗ ടാസ്‌ക് ഫോഴ്‌സ് പരിശോധിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ സിറ്റിംഗ് എംപിമാര്‍ വരെയുള്ള നിസ്സഹകരണം, സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍, ഭരണഘടന മാറ്റുമെന്ന തെറ്റായ വിവരണം എന്നിവയാണ് ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥികളുടേയും പാര്‍ട്ടിയുടേയും മോശം പ്രകടനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അഖിലേഷ് യാദവ് യാദവ ഇതര ഒബിസി വോട്ടുകളിലേക്ക് ചുവടുമാറ്റാന്‍ കഠിനമായി പരിശ്രമിച്ചത് വിജയം കണ്ടുവെന്നും പൊതുവേ വിലയിരുത്തലുണ്ട്. യാദവ സമുദായത്തില്‍ നിന്ന് അഞ്ച് സ്ഥാനാര്‍ത്ഥികളെ മാത്രമാണ് സമാജ് വാദി പാര്‍ട്ടി മത്സരിപ്പിച്ചത്. അഖിലേഷിന്റെ കുടുംബത്തില്‍ നിന്നടക്കം അഞ്ച് യാദവ സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് സമാജ് വാദി പാര്‍ട്ടിയുടെ 62 സീറ്റുകളില്‍ മല്‍സരിച്ചത്. ഒപ്പം യുപി കെ ലട്‌കെ ട്രെന്‍ഡില്‍ അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും ജ്വലിച്ചു നിന്നതും ബിജെപി തോല്‍വി രുചിക്കാന്‍ കാരണമായി. ഒപ്പം ബിജെപിയ്ക്കുള്ളില്‍ മോദി – യോഗി പോരാണ് ഉത്തര്‍പ്രദേശിലെ ബിജെപി പതനത്തിന് പിന്നിലെ പ്രധാന കാരണമായി തിരഞ്ഞെടുപ്പ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍