കണക്കാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് അടുക്കുന്ന കാലങ്ങളിലെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നിലെ പ്രധാന ഘടകം. വോട്ട് കിട്ടാന്‍ സാധ്യതയുള്ള എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ പിടിക്കാന്‍ കഴിയാത്ത എതിര്‍കക്ഷിയുടെ വോട്ടുള്ള മേഖലകളില്‍ പുത്തന്‍ പ്രഖ്യാപനങ്ങളും ധനസഹായ പാക്കേജുകളും എറിഞ്ഞ് വോട്ട് പിടിക്കാന്‍ ഭരണകക്ഷിയെന്ന നിലയില്‍ ബിജെപിയുടെ മിടുക്ക് ചെറുതല്ല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ ഗോത്രമേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ 15,000 കോടിയുടെ വെല്‍ഫയര്‍ ഫണ്ട് പ്രഖ്യാപനത്തിന് പിന്നില്‍ വോട്ട് ശതമാനവും സീറ്റുകളും തമ്മില്‍ ചെറുതല്ലാത്ത ബന്ധമുണ്ട്.
ബൈഗ, ഭരിയ, സഹാരിയ ട്രൈബുകള്‍ക്ക് 15000 കോടിയുടെ ക്ഷേമ ഫണ്ട് ദുര്‍ബല വിഭാഗമെന്ന പേരില്‍ പ്രധാനമന്ത്രി വന്ന് പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ 230 അംഗ നിയമസഭയില്‍ നിര്‍ണായകമായ 47 സീറ്റുകള്‍ ഈ എസ്ടി വിഭാഗങ്ങളുടെ കയ്യിലാണെന്ന് അറിഞ്ഞാണ്. അതിലും ബിജെപിയെ ആശങ്കപ്പെടുത്തുന്നത് ഈ 47 പട്ടിക വര്‍ഗ സീറ്റുകളില്‍ 30ഉം 2018ല്‍ കോണ്‍ഗ്രസാണ് ജയിച്ചതെന്ന ഓര്‍ത്തിട്ടാണ്.
മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 15000 കോടിയുടെ ക്ഷേമ പദ്ധതി പ്രഖ്യാപിച്ചത് ദുര്‍ബല വിഭാഗങ്ങളായ ബൈഗ, ഭരിയ, സഹരിയ ആദിവാസി വിഭാഗക്കാരെ തിരഞ്ഞെടുപ്പില്‍ ലക്ഷ്യമിട്ടായിരുന്നു. മധ്യപ്രദേശില്‍ അധികാരത്തില്‍ വരുകയാണെങ്കില്‍ ഈ ക്ഷേമഫണ്ട് ഉപയോഗിച്ച് സ്‌പെഷ്യല്‍ മിഷന്‍ ബിജെപി നടത്തുമെന്നായിരുന്നു വോട്ട് ലക്ഷ്യമിട്ടുള്ള ആ വാഗ്ദാനം. ഈ മൂന്ന് ട്രൈബല്‍ വിഭാഗങ്ങളെ പര്‍ട്ടിക്കുലര്‍ലി വള്‍നറബിള്‍ ട്രൈബല്‍ ഗ്രൂപ്പ് എന്നാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വിളിക്കുന്നത്.
മോദിയുടെ മധ്യപ്രദേശിലെ ആദിവാസി ക്ഷേമ പ്രഖ്യാപനത്തിന് പിന്നില്‍ ഈ മൂന്ന് വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ സംസ്ഥാനത്തെ ആകെ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ 8 ശതമാനമാകുമെന്ന തിരിച്ചറിവുണ്ട്. മധ്യപ്രദേശിലെ ആകെ ഗോത്രവര്‍ഗ ജനസംഖ്യ 21 ശതമാനമാണെന്നിരിക്കെ ഈ വോട്ട് ലക്ഷ്യം വെച്ചാണ് പ്രഖ്യാപനങ്ങളധികവും. കാരണം 2018ലെ കോണ്‍ഗ്രസ് ജയിച്ച് അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പില്‍ ഗോത്ര മേഖലയിലെ 47 സീറ്റുകളില്‍ 30ഉം കോണ്‍ഗ്രസിനൊപ്പമായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയെ ചാടിച്ചു കൊണ്ടുപോയി കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം കയ്യാളിയ ബിജെപിയ്ക്ക് ഗോത്ര മേഖലയില്‍ കിട്ടിയ 17 സീറ്റുകള്‍ ഒരു വിങ്ങലായിരുന്നു.
കൂടുതല്‍ സീറ്റുകള്‍ ആദിവാസി മേഖലകളില്‍ ഉറപ്പിച്ചു നിര്‍ത്താനാണ് ഗോത്ര വിഭാഗങ്ങളുടെ ഐക്കണുകളായ റാണി ദുര്‍ഗാവതി, ശങ്കര്‍ ഷാ മകന്‍ രഘുനാഥ് ഷാ എന്നിവരെ ആഘോഷിക്കാന്‍ ബിജെപി സമയം കണ്ടെത്തിയത്.
ബൈഗ ഗോത്ര വിഭാഗക്കാര്‍ കിഴക്കന്‍ മധ്യപ്രദേശിലെ മഹാകോശാല്‍ മേഖലയിലാണ് താമസം. ആദിവാസി വിഭാഗമായ ഇവരുടെ ജനസംഖ്യ 4 ലക്ഷത്തിലധികമാണ്. വനവിഭവങ്ങളാണ് ഇവരുടെ ജീവിതവൃത്തിയുടെ ആധാരം. ഭരിയ ഗോത്രവിഭാഗക്കാര്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ ഉറച്ച കോട്ടയായ ചിന്ത്വാരയിലെ പടാല്‍ക്കോട് ജില്ലയിലാണ്. 1.9 ലക്ഷമാണ് ജനസംഖ്യ. സഹാരിയ ഗോത്രവിഭാഗം വടക്കന്‍ മധ്യപ്രദേശിലാണ് താമസം. ഗ്വാളിയോര്‍, ഭിണ്ഡ് മേഖലയിലെല്ലാം ഇവരുണ്ട്. 6.1 ലക്ഷമാണ് ഇവരുടെ ജനസംഖ്യ. ഇതില്‍ മഹാകോശാല്‍ മേഖലയാണ് ബിജെപി കൂടുതലായി ലക്ഷ്യമിടുന്നത്. കാരണം കമല്‍നാഥിന് കൂടുതല്‍ ആധിപത്യം ഉള്ള ഈ മേഖലയില്‍ 2018ല്‍ 24 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ബിജെപിയ്ക്ക് കിട്ടിയത് 13 സീറ്റ്. 2013ല്‍ ബിജെപിയ്ക്ക് 24 സീറ്റുകള്‍ കിട്ടിയിരുന്നു ഈ മേഖലയില്‍. ഇതിനപ്പുറത്തേക്ക് പിടിക്കാനാണ് ബിജെപി ശ്രമം മുഴുവന്‍.
ഇത് കണ്ടറിഞ്ഞാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മോദിയുടെ ആദിവാസി സ്‌നേഹത്തെ വിമര്‍ശിച്ച് ആദിവാസി ക്ഷേമത്തിനുള്ള നിയമങ്ങള്‍ മോദി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തിയത്. ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് വ്യവസായികളായ സുഹൃത്തുക്കള്‍ക്ക് നല്‍കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തുന്നുണ്ട്.